തിരുവനന്തപുരം പേരൂർക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരി വിനീതയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് ജഡ്ജ് പ്രസൂൺ മോഹനാണ് ശിക്ഷാവിധി പറഞ്ഞത്.
കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറിൽ രാജേന്ദ്രനാണ് പ്രതി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നുള്ള പ്രോസിക്യൂഷൻ വാദത്തെ തുടർന്ന്, കോടതി പ്രതിയെക്കുറിച്ചുള്ള വിവിധ റിപ്പോർട്ടുകൾ തേടിയിരുന്നു. ഈ റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചിരുന്നു.
പ്രതിക്ക് മാനസാന്തര സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രതി കൊടും കുറ്റവാളിയാണെന്നും കവർച്ചയ്ക്കായി തമിഴ്നാട്ടിലും കേരളത്തിലും നടത്തിയ 4 കൊലപാതകങ്ങളിൽ മൂന്നുപേരും സ്ത്രീകളായിരുന്നെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ പറഞ്ഞിരുന്നു. അതേസമയം, 70 വയസ്സുള്ള തന്റെ അമ്മയെ നോക്കണമെന്നാണ് പ്രതി രാജേന്ദ്രൻ കോടതിയെ അറിയിച്ചിരുന്നത്.
കേസിലെ ഏക പ്രതിയാണ് തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം സ്വദേശി രാജേന്ദ്രൻ. 2022 ഫെബ്രുവരി ആറിനാണ് തിരുവനന്തപുരം അമ്പലമുക്കിലെ അലങ്കാര ചെടിക്കടയില്‍ വച്ച് രാജേന്ദ്രന്‍ വിനീതയെ കുത്തിക്കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ ഉണ്ടായിരുന്ന നാലരപ്പവന്‍ സ്വര്‍ണമാല മോഷ്ടക്കുന്നതിനിടെ ആയിരുന്നു കൊലപാതകം.
കഴിഞ്ഞ 10 ന് പ്രതിക്കെതിരെ കുറ്റകരമായ വസ്തു കൈയ്യേറ്റം (447) കൊലപാതകം (302) മരണം ഉണ്ടാക്കിയുള്ള കവർച്ച (397) തെളിവ് നശിപ്പിക്കൽ (201) എന്നീ കുറ്റങ്ങൾക്ക് കുറ്റക്കാരനെന്ന് തിരുവനന്തപുരം ഏഴാം അഡിഷണൽ സെഷൻസ് കോടതി കണ്ടെത്തിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ചാണ് പ്രോസിക്യൂഷന്‍ കേസ് തെളിയിച്ചത്.
സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രൻ പണത്തിന് ആവശ്യം വരുമ്പോൾ കൊലപാതകങ്ങൾ നടത്തുകയായിരുന്നു. 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകൾ, ഡിവിഡികൾ എന്നിവയും നൂറുകണക്കിന് രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.