കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയ സംഭവത്തില്‍ സംവിധായകന്‍ സമീര്‍ താഹിറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. തുടർന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ഫ്ലാറ്റിലെ ലഹരി ഉപയോഗം തൻ്റെ അറിവോടെ അല്ലെന്ന് സമീർ മൊഴി നൽകി. ഇന്ന് ഉച്ചയോടെ അഭിഭാഷകനൊപ്പമാണ് സമീർ താഹിർ എക്സൈസ് ഓഫീസിലെത്തിയത്. സമീറിന്റെ പേരിലുള്ള ഫ്ളാറ്റില്‍ നിന്നായിരുന്നു സംവിധായകർ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം മൂന്നുപേര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരില്‍ കണ്ടെടുത്തു. അറസ്റ്റിന് ശേഷം ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ എന്നിവരെ കൂടാതെ പിടിയിലായ ഷാലിഫ് മുഹമ്മദ് എന്നയാള്‍ ഇവരുടെ സുഹൃത്താണ്.
അതേസമയം, ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ ഫ്ലാറ്റ് ഒഴിയണമെന്ന് സമീർ താഹിറിനോട് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. തൃശൂർ സ്വദേശിയാണ് സമീർ താഹിർ താമസിക്കുന്ന ആഡംബര ഫ്ളാറ്റിന്റെ ഉടമ. ഈ ഫ്ലാറ്റ് സമീർ താഹിറിന് വാടകയ്ക്ക് നൽകിയിരുന്നതാണ്.
ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത് തങ്ങൾക്കെല്ലാം നാണക്കേടുണ്ടാക്കിയെന്നും സംഭവം നടുക്കുന്നതാണെന്നും കാണിച്ചാണ് ഫ്ലാറ്റ് ഉടമയ്ക്ക് അസോസിയേഷൻ കത്തുനൽകിയത്.