തീർഥാടകർ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ഒഴിവാക്കണം: മേൽശാന്തി
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം ഒരു മാസം പിന്നിടുമ്പോൾ ശബരീശ ദർശനത്തിന് എത്തുന്ന തീർത്ഥാടകർ വർദ്ധിച്ചിട്ടുണ്ട്.ശബരിമല പുണ്യ പൂങ്കാവനത്തിലേക്ക് പ്ലാസ്റ്റിക് കൊണ്ടു വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് ശബരിമല മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരി അഭ്യർത്ഥിച്ചു.
“ഏതാനും ദിവസങ്ങൾ കൊണ്ട് പ്ലാസ്റ്റിക് ഉപയോഗം നിശ്ശേഷം ഒഴിവാക്കാൻ സാധിക്കില്ല. പക്ഷേ, പരമാവധി പരിശ്രമിച്ചാൽ ഒന്നോ രണ്ടോ വർഷങ്ങൾക്കകം തന്നെ പ്ലാസ്റ്റിക്കിനെ പൂർണമായും പടി കടത്താം. ഭഗവാന്റെ പൂങ്കാവനം പുണ്യമാണ്. പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കാൻ എല്ലാവരും മനസുവെക്കണം,” അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് തിരക്ക് കൂടി വരുന്ന പശ്ചാത്തലത്തിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ള തീർത്ഥാടകർ
സൂക്ഷിച്ചുവേണം ഭഗവദ് ദർശനത്തിന് എത്തേണ്ടത്.
മണ്ഡലകാലം തുടങ്ങി 41 ദിവസത്തിലേക്ക് അടുക്കുമ്പോൾ ഏറ്റവും വിശേഷപ്പെട്ട മണ്ഡലപൂജയ്ക്ക് ഉള്ള ഒരുക്കങ്ങൾ നടക്കുകയാണ്. അയ്യപ്പന് ഏറ്റവും വിശേഷപ്പെട്ട മണ്ഡലപൂജയിൽ എല്ലാവരും പങ്കെടുത്ത്, നാമജപത്തോടെ മണ്ഡലപൂജ ഭംഗിയായി നടക്കാൻ ഏവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും മേൽശാന്തി പറഞ്ഞു