ഇന്നു ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത് വർദ്ധിച്ചുവരുന്ന ചൂടിൽ നിന്നും ശരീരത്തെ സംരക്ഷിക്കുവാൻ ആയുർവേദത്തിൽ വളരെ പ്രാധാന്യമുള്ളതും വ്യത്യസ്തങ്ങളായ ഔഷധഗുണങ്ങൾ ഉള്ളതുമായ ഒരു സസ്യത്തിന്റെ വേരിൽ നിന്നും എടുക്കുന്ന വളരെ സുഗന്ധം ഉള്ളതും രുചികരവുമായ നറുനീണ്ടി അല്ലെങ്കിൽ നന്നാറി ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കിടിലൻ സിറപ്പാണ് . ഈ സിറപ്പ് ഉപയോഗിച്ച് പലതരം രുചികളിലുള്ള സർബത്ത് അഥവാ ജ്യൂസ് തയ്യാറാക്കാവുന്നതാണ് .
ആദ്യം ഇതിൻറെ ഗുണങ്ങളെപ്പറ്റി അറിയാത്തവർക്കായി ഒന്ന് വിശദീകരിക്കാം. നറുനീണ്ടി അഥവാ നന്നാറി എന്നാണ് ഈ ഔഷധം അറിയപ്പെടുന്നത്. പുരാതന കാലം മുതൽ ആയുർവേദത്തിൽ ഈ അത്ഭുത സസ്യ വേരിൻ്റെ രോഗശാന്തി ശക്തിയെക്കുറിച്ച് അറിയുകയും വിവിധ രോഗങ്ങൾ ഭേദമാക്കുവാനായി ഇത് ഉപയോഗിക്കുകയും ചെയ്തു വരുന്നു.
ശരീരത്തെ തണുപ്പിക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും വയറുവേദന, ദഹനക്കേട്, മൂത്രാശയഅണുബാധ, വിയർപ്പ് മൂലം ഉണ്ടാകുന്ന ശരീരദുർഗന്ധം, ചർമ്മരോഗങ്ങൾ ഇവയെല്ലാം ശമിപ്പിക്കുവാൻ കഴിവുള്ള ഈ ഔഷധം തയ്യാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.
ആവശ്യമായ ചേരുവകൾ
**********
നറുനീണ്ടി അഥവാ നന്നാറി – 100 ഗ്രാം
പഞ്ചസാര – 1 കിലോ
വെള്ളം – മൂന്ന് ലിറ്റർ
ചെറുനാരങ്ങ – 1 എണ്ണം
ഉപ്പ് – കാൽ ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
———————————
നറുനീണ്ടി നന്നായി കഴുകി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് 15 മിനിറ്റ് കുതിർത്തു വെക്കുക.
അര കിലോ പഞ്ചസാര ചുവട് കട്ടിയുള്ള പരന്ന പാത്രത്തിലിട്ട് കാരമലൈസ് ചെയ്ത് ഗോൾഡ് കളർ ആകുമ്പോൾ അതിലേക്ക് രണ്ടര ലിറ്റർ വെള്ളം ഒഴിച്ച് തിളപ്പിച്ച് മാറ്റുക.
കുതിർത്തുവെച്ച നറുനീണ്ടി വെള്ളം കളഞ്ഞ് അമ്മിക്കല്ലിലൊ ഇടിഉരലിലൊ ഇട്ട് നല്ലതുപോലെ ചതച്ചതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് വീണ്ടും ചതച്ചെടുക്കുക (മിക്സിയുടെ ബ്ലയിഡിന് കേടുപാടുകൾ സംഭവിക്കാതിരിക്കാനും ജാറിനകത്ത് ഇത് ജാമാകാതിരിക്കാനും ആണ് നല്ലതുപോലെ ചതച്ചതിനു ശേഷം മിക്സിയിൽ ഇടുന്നത് ). അരലിറ്റർ വെള്ളം കുക്കറിൽ ഒഴിച്ച് ചതച്ചുവെച്ച നറുനീണ്ടി അതിൽ ഇട്ട് ആറു വിസിൽ വരുന്നതുവരെ വേവിക്കുക.
നേരത്തെ തയ്യാറാക്കി മാറ്റിവെച്ച കാരമൽ സിറപ്പിലേക്ക് കുക്കറിൽ വേവിച്ചെടുത്ത നറുനീണ്ടി വെള്ളത്തോടെ ഒഴിക്കുക. ഒപ്പം ബാക്കിയുള്ള അരകിലൊ പഞ്ചസാരയും കൂടി ചേർത്ത് 40 മിനിറ്റ് നന്നായി ഇളക്കി കുഴമ്പ് രൂപത്തിൽ ആക്കി അതിലേക്ക് ഒരു നാരങ്ങാനീരും ഉപ്പും ചേർത്ത് ഇളക്കി അരിച്ച് മാറ്റിവെക്കുക. ആറിയതിനുശേഷം ഒരു ചില്ലുകുപ്പിയിൽ ഒഴിച്ച് സൂക്ഷിച്ചു വെക്കാവുന്നതാണ്.
നല്ല സുഗന്ധമുള്ള ഈ സിറപ്പ് ഒരുപാട് നാൾ കേടുകൂടാതെ ഇരിക്കുന്നതും വിവിധതരം സർബത്ത് അഥവാ ജ്യൂസ് ഇതുകൊണ്ട് ഉണ്ടാക്കാവുന്നതുമാണ്.
വളരെയധികം ഔഷധഗുണമുള്ള ഈ സിറപ്പ് എല്ലാവരും തയ്യാറാക്കി കഴിയുമ്പോൾ ഇത് ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരു കിടിലൻ സർബത്തിൻ്റെ റസീപ്പിയുമായി അടുത്ത തവണ ഞാൻ എത്തുന്നതാണ്.