വിശ്വപ്രസിദ്ധ റഷ്യൻ സാഹിത്യകാരനും ചിന്തകനുമാണ് ലിയോ ടോൾസ്റ്റോയ്. യുദ്ധവും സമാധാനവും അദ്ദേഹത്തിന്റെ മറ്റൊരു മഹത്തായ കൃതിയാണ്.ഇവിടെ അദ്ദേഹം രചിച്ച ലോക സാഹിത്യത്തിലെ തന്നെ പ്രസിദ്ധിയാർജിച്ച അപൂർവ്വമായ സ്ത്രീ കഥാപാത്രങ്ങളിലൊരാൾ ” അന്നാ കരെനീന “യെ പരിചയപ്പെടാം. പുനരാഖ്യാനം തങ്കം നായർ നിർവഹിച്ചിട്ടുള്ളതുമാണ്.
ഭർത്താവും മകനും ഒരുമിച്ച് സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന അന്നാ കരെനീന, വേലക്കാരിയുമായി അവിഹിതബന്ധം പുലർത്തുന്നത് കണ്ടുപിടിച്ചതിനെ ചൊല്ലി സഹോദരനായ സ്റ്റെപ്പാൻ ഒബ്ലോന്സ്കിയുടേയും ഭാര്യ ഡോളിയും തമ്മിലുള്ള കുടുംബ പ്രശ്നം തീർക്കാനായി എത്തുന്നതോടെയാണ് കഥയുടെ ആരംഭം.അതോടുകൂടി അവരുടെ പ്രശ്നം അവസാനിച്ചു നല്ലൊരു കുടുംബ ജീവിതം അവർ ആരംഭിക്കുന്നു. എന്നാൽ അതോടുകൂടി അന്നയുടെ ജീവിതം ശിഥിലമാകുന്നതിനുള്ള തുടക്കവുമാകുന്നു.
ഡോളിയുടെ അനിയത്തി കിറ്റി യെ വിവാഹം കഴിക്കാൻ താല്പര്യമുള്ള അലെക്സി വ്രോൺസ്കി പ്രഭു അന്നയെ കാണുകയും അവളിൽ അനുരക്തനുമാവുന്നു. കിറ്റിയെ ലെവിനും ഇഷ്ടം ആണ്. വിവാഹം കഴിക്കാനും ആഗ്രഹം ഉണ്ട്.കിറ്റിയ്ക്ക് വ്രോൺസ്കി യോടുള്ള ഇഷ്ടം കാരണം ലെവിന്റെ വിവാഹഭ്യർത്ഥന അവൾ നിഷേധിക്കുന്നു. എന്നാൽ അന്നയും വ്രോൺസ്കിയും തമ്മിലുള്ള ബന്ധം നാൾക്ക്നാൾ വളർന്നു വരുന്നു. ഭർത്താവ് അന്നയെ ഈ ബന്ധത്തിന്റെ ദൂഷ്യവശത്തെ കുറിച്ച് ഉപദേശിച്ചെങ്കിലും അവൾ കേൾക്കാൻ കൂട്ടാക്കുന്നില്ല.അന്ന വ്രോൺസ്കിയിൽ നിന്നും ഗർഭിണിയാവുകയാണ്.
അന്നയുടെ ഭർത്താവ് അന്നയുമായുള്ള വിവാഹമോചനത്തിന് തയ്യാറാവാത്തത് കാരണം ഗർഭിണിയായ അന്നയ്ക്കുണ്ടായ അവസ്ഥയിൽ മാനസികമായി തകർന്ന് വ്രോൺസ്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അത് പരാജയപ്പെടുകയും ചെയ്തു. ഒരു മകളെ പ്രസവിക്കുകയും അന്ന വ്രോൺസ്കിയുടെ കൂടെ ഇറങ്ങി പോവുകയും ചെയ്യുന്നു. ലെവിന്റെ നന്മ തിരിച്ചറിഞ്ഞ കിറ്റി ഇതിനിടയിൽ ലെവിന്റെ വിവാഹഭ്യർത്ഥന സ്വീകരിക്കുകയും അവർ നല്ലൊരു കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്നു. എന്നാൽ വ്രോൺസ്കിയുടെ കൂടെ പോയെങ്കിലും അന്നയുടെ ജീവിതം ആകെ കലുഷിതമാകുകയാണ് ചെയ്തത്. മകനെ പിരിഞ്ഞതിന്റെ കുറ്റബോധവും സമൂഹം അംഗീകരിക്കാത്ത ഒരു ബന്ധത്തിന്റെ പരിഹാസവും എല്ലാം അവളെ ആത്മഹത്യയിലേക്ക് നയിക്കുകയാണ്.
റഷ്യൻ കുടുംബ ജീവിതത്തേയും കുടുംബം എന്ന സാമൂഹിക വ്യവസ്ഥയേയും മനഃശാസ്ത്രപരമായി സമീപിക്കുകയാണ് ” അന്നാ കരെനീന “യിൽ ടോൾസ്റ്റോയ് ശ്രമിച്ചത്. ദാമ്പത്യബന്ധത്തിലെ അസംതൃപ്തി കാരണം വിവാഹേതര ബന്ധത്തിലേക്ക് എത്തി ചേരുകയാണ് അന്നാ. സമൂഹത്തിൽ നിലനിൽക്കുന്ന സ്ത്രീകളോട് ഉള്ള അനീതിയാണ് അന്നയുടെ ദുരന്തത്തിന് കാരണം.
അന്നയെ മാത്രമേ സമൂഹം കുറ്റക്കാരിയായി കണക്കാക്കുന്നുള്ളു. വ്രോൺസ്കിയെയോ തെറ്റ് ചെയ്ത മറ്റ് പുരുഷ കഥാപാത്രങ്ങളെ ഒന്നും സമൂഹം തെറ്റുകാരായി ചൂണ്ടികാണിക്കുന്നുമില്ല.പുരുഷനും പുരുഷ നിർമ്മിതമായ നിയമ വ്യവസ്ഥയുടെയും സാമൂഹിക വ്യവസ്ഥയുടെയും വൈകാരിക ലോകത്തിന്റെയും പ്രസ്താവനയായി “അന്നാ കരെനീന ” മാറിയതതുകൊണ്ടാണ്.
അസംതൃപ്ത ജീവിതത്തിൽ നിന്നും സ്വാതന്ത്ര്യം എന്നവൾ കരുതിയ അന്ന് വരെ പിന്തുടർന്ന പരമ്പരാഗത സമൂഹനിയമത്തെ വെല്ലുവിളിച്ചു കൊണ്ടാണ് അന്നാ പുതിയ ജീവിതത്തിലേക്ക് ഇറങ്ങി പോയത്.പക്ഷെ ഇന്നത്തെ സമൂഹത്തിലും അന്ന ദുരന്തനായികായി തന്നെ തുടരുന്നു.