ശ്രീ സി രാധാകൃഷ്ണൻ – നോവലിസ്റ്റ്, കഥാകൃത്ത്, തിരകഥാകൃത്ത് ചലച്ചിത്ര സംവിധായകന്‍ എന്നീ നിലയില്‍ സാംസ്കാരിക ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന വ്യക്തി. 1939 ഫെബ്രുവരി 15 ന് മലപ്പുറം ജില്ലയിലെ ചമ്രവട്ടത്ത് ജനിച്ചു. മലയാളത്തിലെയും ഇംഗ്ലീഷിലെയും നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖകനായും പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ദേശീയ ചലച്ചിത്ര മേളയുടെ അവാര്‍ഡു കമ്മിറ്റി അംഗം, ഇന്ത്യന്‍ പനോരമ ചലച്ചിത്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പത്തോളം സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചു. നാല് സിനിമകള്‍ സംവിധാനം ചെയ്തു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, മൂര്‍ത്തീദേവി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. 2010 ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാഗംത്വം നല്കി ആദരിച്ചു. 2016 ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് അര്‍ഹനായി. തീക്കടല്‍ കടഞ്ഞ് തിരുമധുരം, ഉള്ളില്‍ ഉള്ളത്, ഇനിയൊരു നിറകണ്‍ചിരി, മുന്‍പേ പറക്കുന്ന പക്ഷികള്‍, കരള്‍ പിളരും കാലം, എല്ലാം മായ്ക്കുന്ന കടല്‍, ഇവിടെ എല്ലാവര്‍ക്കും സുഖം തന്നെ, സ്പന്ദമാപിനികളേ നന്ദി, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും തുടങ്ങി നാല്പതിലധികം കൃതികള്‍. മാധ്യമം ദിനപത്രത്തിന്‍റെ പത്രാധിപര്‍ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
തൊഴിൽരഹിതനായ അപ്പു എന്ന യുവാവിന് കുടുംബത്തിന്റെയും ഗ്രാമത്തിന്റെയും ആഗ്രഹം പോലെ വാന നിരീക്ഷണ ശാസ്ത്രജ്ഞനായി ജോലി ലഭിക്കുന്നു.തിന്മയുടെ പുള്ളിപ്പുലികളും നന്മയുടെ വെള്ളിനക്ഷത്രങ്ങളും വാഴുന്ന ഒരിടത്തേക്ക്. മിന്നിത്തിളങ്ങുന്ന വെള്ളിനക്ഷത്രങ്ങളേയും ചതിയും വഞ്ചനയും ക്രൂരതയുമായി പതിയിരിക്കുന്ന പുള്ളിപ്പുലികളെയും കാണാൻ സാധിക്കും നോവലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ.
അവിടെ അപ്പുവിന് കൂട്ടായി മേനോൻ.നക്ഷത്രങ്ങളെ ആരാധിച്ച ധീക്ഷണാശാലി .അവിടെയുള്ള പുള്ളിപുലികളിൽ നിന്നും രക്ഷപെടാനായി ദേവീ മാഹാത്മ്യം അദ്ദേഹം കൈയിൽ കരുതിയിട്ടുണ്ട്. ഡൽഹിയിലേക്ക് സ്ഥലം മാറിപോയപ്പോൾ കയ്യിലിരുന്ന ദേവീ മാഹാത്മ്യം അനുഗ്രഹത്തോടെ അപ്പുവിനെ ഏൽപ്പിച്ച് അദ്ദേഹം യാത്രയായി. കപടതയിലും ചതിയിലും മനസ് പതറാതെയിരിക്കാനാവാം.
അപ്പു വിന്റെയും മറ്റു പലരുടെയും ഗവേഷണ പ്രബന്ധങ്ങൾ തനിക്കും തനിക്കു പ്രിയമുള്ളവർക്കു വേണ്ടിയും സ്വന്തമാക്കി അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കുന്ന മേലധികാരി. ശാസ്ത്രഗവേഷണരംഗം പലപ്പോഴും മുരടിച്ചു പോകുന്നത് ഇത്തരം മേലധികാരികളുടെ പ്രവൃത്തി കൊണ്ടാണ്. സ്വന്തം അധ്വാനത്തിന്റെ ഫലം മേലുദ്യോഗസ്ഥൻ തട്ടിയെടുത്തത് സഹിക്കാൻ ആവാതെ അപ്പു.അതോടു കൂടി ശാസ്ത്ര പരീക്ഷണങ്ങളും അവൻ നിർത്തി. അതിന് അവനെ പ്രാപ്തനാക്കിയത് ഉള്ളിൽ അമർന്നു കിടന്ന കനലുകളാവാം.
തനിക്കു പിറന്ന പെൺകുഞ്ഞിനെ ഇലക്ട്രോണിക്സ് മെക്കാനിക്കായ സൈഗാളിനെ ഏൽപ്പിച്ച് സിസിലി എന്ന വെള്ളിനക്ഷത്രവും മറഞ്ഞു.
മായ സ്വയം മറഞ്ഞുപോകുവാൻ വേണ്ടി കളിച്ച കളി.അവളുടെ ജീവിത വഴികൾ അവളെ തളർത്തുകയല്ല മറിച്ച് കരുത്തേകുകയാണ് ചെയ്തത്. തമ്മിൽ കാണാതെ, കണ്ടുപിരിയുന്ന മനുഷ്യർ തന്നെയാണ്, വെള്ളി നക്ഷത്രങ്ങൾ.
കോഴിയെ പച്ചയ്ക്കു ചുട്ട് കടിച്ചു പറിച്ചുതിന്നുന്ന സൈഗാൾ,ദാദാ രാമലിംഗത്തെ അടിച്ചു തകർത്ത് സിസിലിയുടെ കുഞ്ഞിനെ നെഞ്ചേറ്റിയത് അയാളിൽ മറഞ്ഞുകിടന്ന നന്മ ഉയർത്തെഴുന്നേറ്റത് കൊണ്ടാവാം.
സുപ്പുലുവിന്റെ തമാശയെന്നറിഞ്ഞിട്ടും സമ്മതിക്കാതെ നോബൽ സമ്മാനം തനിക്കു കിട്ടിയെന്ന് ഉറച്ചു വിശ്വസിച്ച് ഉന്മാദത്തിലമർന്ന സുബ്രഹ്മണി.
തന്റെ തെറ്റിൽ പശ്ചാത്തപിച്ച് എല്ലാവരുടേയും കണക്കു തീർത്ത് ക്ഷമ ചോദിച്ച് ശാപം തലയിലേറ്റുവാങ്ങി മറഞ്ഞ സുപ്പുലു.
ഉദ്യോഗസ്ഥ
മേധാവിത്വമെന്ന പുള്ളിപ്പുലികളും, വിദ്യാഭ്യാസം കൊണ്ടും അറിവ് കൊണ്ടും അവരെക്കാൾ ഉന്നതരായ കുറച്ചു വെള്ളിനക്ഷത്രങ്ങളുടെയും ജീവിതം.