Saturday, May 18, 2024
Homeഅമേരിക്കവാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 04 | ശനി

വാർത്തകൾ ഒറ്റനോട്ടത്തിൽ – 2024 | മെയ് 04 | ശനി

കപിൽ ശങ്കർ

🔹സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയ പുതിയ പരിഷ്‌കാരങ്ങളില്‍ നേരിയ ഇളവുകള്‍ നല്‍കി സര്‍ക്കാര്‍. ഇവ സംബന്ധിച്ച സര്‍ക്കുലര്‍ ഗതാഗതവകുപ്പ് ഇന്ന് പുറത്തിറക്കും. നേരത്തേ പ്രതിദിനം 30 ടെസ്റ്റുകള്‍ എന്ന് നിജപ്പെടുത്തിയത് 40 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. ഇതിനുപുറമെ നിലവിലെ പല നിബന്ധനകളും നടപ്പാക്കുന്നതിന് കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇളവുകളിന്മേലുള്ള നിലപാട് ഡ്രൈവിങ് സ്‌കൂളുകള്‍ നാളെ അറിയിക്കും.

🔹ഐസിയു പീഡനക്കേസിലെ അതിജീവിത കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടത്തി വന്ന സമരം അവസാനിപ്പിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറാമെന്ന് രേഖാമൂലം ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് 13 ദിവസമായി തുടരുന്ന സമരം അവസാനിപ്പിച്ചത്.

🔹കൊച്ചിയിലെ ഫ്‌ളാറ്റില്‍നിന്ന് അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാതശിശു മരിച്ചത് തലയോട്ടി തകര്‍ന്നെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തിലാകെ ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉള്ളതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒരാളാണ് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.തൃശൂര്‍ സ്വദേശിയായ നര്‍ത്തകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്നാണ് യുവതി പ്രാഥമികമായി നല്‍കിയ മൊഴിയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാം ഗ്രാമില്‍ സജീവമായിരുന്ന യുവതി റീലുകള്‍ ചെയ്യുന്നതിനിടയിലാണ് തൃശൂര്‍ സ്വദേശിയായ നര്‍ത്തകനുമായി പരിചയപ്പെട്ടത്. ഇയാളില്‍ നിന്ന് ഗര്‍ഭിണിയായി എന്നും എന്നാല്‍ കുറേ മാസങ്ങളായി ഇയാളെക്കുറിച്ച് കാര്യമായ വിവരങ്ങളില്ലായിരുന്നു എന്നുമാണ് യുവതി മൊഴി നല്‍കിയത്. ഇതിനാല്‍ സംഭവത്തില്‍ ബലാത്സംഗത്തിനുകൂടി കേസെടുക്കാന്‍ പൊലീസിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ പീഡനത്തിനിരയായ വിവരം മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല. കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രക്ഷിതാക്കള്‍ക്ക് പങ്കില്ല. ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി ഫ്‌ളാറ്റിലെ ശുചിമുറിയില്‍ പ്രസവിക്കുന്നത്. അതിനുശേഷം ബാല്‍ക്കണിയില്‍ നിന്ന് അടുത്തുള്ള പറമ്പിലേക്ക് എറിയുകയായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം റോഡില്‍ വീണു.

🔹സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് 497 ഓളം കറവപ്പശുക്കള്‍ ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. ചൂട് കൂടുന്ന സാഹചര്യത്തില്‍ വളര്‍ത്തു മൃഗങ്ങളുടെ സംരക്ഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. പകല്‍ 11 മുതല്‍ വരെ 3 വരെ തുറസ്സായ സ്ഥലങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ മേയാന്‍ വിടരുത്. ഈ സമയം പശുക്കളെ പാടത്ത് കെട്ടിയിടുകയും ചെയ്യരുത് എന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി . ചത്ത കാലികള്‍ക്കുള്ള നഷ്ടപരിഹാം ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി ചിഞ്ചുറാണി അറിയിച്ചു.

🔹സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തനം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

🔹സംസ്ഥാനത്ത് മെയ് 4, 5, 6, 7 തീയതികളില്‍ ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ അറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.

🔹ഇടുക്കി ചിന്നക്കനാലില്‍ ഇരുചക്രവാഹനം നിയന്ത്രണംവിട്ടുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ബന്ധു ജെൻസി (21) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അ‍ഞ്ചിനാണ് അപകടം.

🔹കൊല്ലം കണ്ണനല്ലൂര്‍ മുട്ടയ്ക്കാവില്‍ മൂന്നുപേര്‍ വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി സബീര്‍ , ഭാര്യ സുമയ്യ, ബന്ധു സജീന എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ സജീന ചെളിയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപെടുത്താനിറങ്ങിയതായിരുന്നു സബീറും സുമയ്യയും. ഒരാഴ്ച മുന്‍പാണ് സബീറും കുടുംബവും വാടകയ്ക്ക് താമസിക്കാന്‍ മുട്ടയ്ക്കാവിലെത്തിയത്.

🔹കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേന്ദ്രസര്‍ക്കാര്‍ പ്രജ്വല്‍ രേവണ്ണയെ സംരക്ഷിക്കുകയാണെന്നും കേന്ദ്രസര്‍ക്കാരിന്റെ അറിവില്ലാതെ ആര്‍ക്കും വിദേശത്തേക്ക് യാത്ര ചെയ്യാനാവില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്താരാഷ്ട്ര യാത്ര നടത്തുമ്പോള്‍ എല്ലാവരുടെയും പാസ്‌പോര്‍ട്ടും വിസയും പരിശോധിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🔹പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദ ബോസിനെതിരായ പീഡന പരാതി ആശങ്കയുണ്ടാക്കുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്തു കൊണ്ട് നിശബ്ദത പാലിക്കുന്നുവെന്നും മമത ചോദിച്ചു. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.

🔹അബുദാബി: ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ (28) അബുദാബി മുസഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു. അബുദാബി മുസഫ വ്യവസായ മേഖലയിലായിരുന്നു താമസം.കഴിഞ്ഞ മാര്‍ച്ച് 31 ന് ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ റാസല്‍ഖൈമയിലുള്ള പിതാവിനെ വിവരമറിയിക്കുകയായിരുന്നു. അബുദാബി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിയമപരമായി അന്വേഷണങ്ങളും കെ.എം.സി.സി.സി ഉള്‍പ്പെടെയുള്ള സംഘടനങ്ങളും അന്വേഷണം ഊര്‍ജിതമായി നടത്തിയിരുന്നു.
പിതാവ് കാളത്ത് സലിം, മാതാവ് സെഫീനത്ത്. അവിവാഹിതനാണ്.

🔹ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍ അറിയിച്ചു. 17 ഇന്ത്യക്കാരുള്‍പ്പെടെ 24 ജീവനക്കാരെയാണു വിട്ടയച്ചത്.

🔹ലണ്ടന്‍: യുവ ഇംഗ്ലീഷ് ക്രിക്കറ്റ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൗണ്ടി ക്ലബ്ബ് വോര്‍സെസ്റ്റര്‍ഷെയറിന്റെ 20-കാരനായ സ്പിന്നര്‍ ജോഷ് ബേക്കറാണ് മരിച്ചത്. വ്യാഴാഴ്ച താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ക്ലബ്ബ് തന്നെയാണ് താരത്തിന്റെ മരണ വിവരം പുറത്തുവിട്ടത്. മരണകാരണം ലഭ്യമായിട്ടില്ല.ഇടംകൈയന്‍ സ്പിന്നറായ ബേക്കര്‍ 2021-ലാണ് വോര്‍സെസ്റ്റര്‍ഷെയറിനായി അരങ്ങേറിയത്. ഇത്തവണത്തെ സീസണില്‍ ക്ലബ്ബിനായി രണ്ടു മത്സരങ്ങള്‍ കളിക്കുകയും ചെയ്തു. ബുധനാഴ്ച സോമര്‍സെറ്റിനെതിരേ നടന്ന മത്സരത്തില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ എല്ലാ ഫോര്‍മാറ്റിലുമായി 47 മത്സരങ്ങളില്‍ നിന്ന് 70 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 താരം കൂടിയായിരുന്നു ബേക്കര്‍. താരത്തിന്റെ വിയോഗത്തില്‍ വോര്‍സെസ്റ്റര്‍ഷെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആഷ്‌ലി ജൈല്‍സ് ദുഃഖം രേഖപ്പെടുത്തി.

🔹മസ്‌കറ്റ്: സോഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സൊ ഹാറുമായി സഹകരിച്ചു ഒമാനിൽ ആദ്യമായി നാനൂറോളം കലാകാരികൾ പങ്കെടുക്കുന്ന മെഗാതിരുവാതിര സംഘടിപ്പിക്കുന്നു. മേയ് നാലിന് ശനിയാഴ്ച സുഹാറിലെ സല്ലാനിലുള്ള അൽ തരീഫ് ഫുട് ഫുട്ബോൾ ഗ്രൗണ്ടിൽ പരിപാടി അരങ്ങേറുമെന്ന് സൊഹാർ മലയാളി സംഘം ഭാരവാഹികൾ അറിയിച്ചു. പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ പഞ്ചവാദ്യത്തോടെ പരിപാടി ആരംഭിക്കും.ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള കൗമാരക്കാർ മുതൽ വിവിധ പ്രായക്കാരായ നാനൂറോളം നർത്തകിമാർ പങ്കെടുക്കുന്ന മെഗാതിരുവാതിര ഒമാനിലെ ഏറ്റവും വലിയ നൃത്ത പരിപാടി എന്ന നിലയിൽ റെക്കോർഡ് സൃഷ്ടിക്കുമെന്ന് മലയാളി സംഘം വിമൻസ് കോർഡിനേറ്റർ ജ്യോതി മുരളി പറഞ്ഞു.

🔹ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ 24 റണ്‍സിന് തോറ്റതോടെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കൊല്‍ക്കത്ത 19.5 ഓവറില്‍ 169ന് എല്ലാവരും പുറത്തായി. 70 റണ്‍സെടുത്ത വെങ്കടേഷ് അയ്യരായ മാന്യമായ ഒരു സ്‌കോര്‍ നേടാന്‍ സഹായിച്ചത്. മറുപടി ബാറ്റിംഗില്‍ മുംബൈ് 18.5 ഓവറില്‍ 145ന് എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് മുംബൈയെ തകര്‍ത്തത്. 35 പന്തില്‍ 56 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഈ ജയത്തോടെ 10 കളികളില്‍ നിന്ന് 14 പോയിന്റുമായി കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

🔹2023ലെ തമിഴിലെ വമ്പന്‍ വിജയം നേടിയ ചിത്രമാണ് രജനികാന്ത് നായകനായി എത്തിയ ജയിലര്‍. ബോക്സ് ഓഫീസില്‍ 650 കോടി രൂപയോളം കളക്ഷന്‍ നേടിയ ചിത്രം നെല്‍സണ്‍ ദിലീപ് കുമാര്‍ ആയിരുന്നു സംവിധാനം ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ നെല്‍സണ്‍ പുതിയൊരു വേഷത്തില്‍ എത്തുന്നു. നിര്‍മ്മാതാവായാണ് നെല്‍സന്റെ പുതിയ വേഷം. തന്റെ ഹോം പ്രൊഡക്ഷന്‍ ഹൗസായ ഫിലമെന്റ് ഫിലിംസിന്റെ ബാനറില്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ നെല്‍സണ്‍. നെല്‍സന്റെ സഹ സംവിധായകനായ ശിവബാലന്‍ മുത്തുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ബ്ലഡി ബെഗ്ഗര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. റെഡ്ഡിന്‍ കിംഗ്സ്ലിയും സെല്‍സണും അഭനയിച്ച പ്രമോ വീഡിയോ അടക്കമാണ് ടൈറ്റില്‍ പുറത്തുവിട്ടത്. രസകരമായ പ്രമേയമാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. ജെന്‍ മാര്‍ട്ടിനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. തമിഴകത്തെ ശ്രദ്ധേയനായ യുവതാരം കവിന്‍ ആണ് ചിത്രത്തിലെ നായകന്‍ റെഡ്ഡിന്‍ കിംഗ്സ്ലിയും പ്രധാന വേഷത്തില്‍ എത്തും.

തയ്യാറാക്കിയത്:
കപിൽ ശങ്കർ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments