Friday, January 3, 2025
Homeഅമേരിക്കശ്രീ കോവിൽ ദർശനം (47) മണ്ഡല വൃതവും, ശരണംവിളിയും, കറുപ്പും

ശ്രീ കോവിൽ ദർശനം (47) മണ്ഡല വൃതവും, ശരണംവിളിയും, കറുപ്പും

സൈമശങ്കർ മൈസൂർ.

മണ്ഡല വൃതവും, ശരണംവിളിയും, കറുപ്പും

ഭക്തരെ…!
മണ്ഡലവ്രതം 41ദിവസം ആയതിൻ്റെ കാരണം അറിയാമോ…?

മണ്ഡലകാലം 41 ദിവസമാണല്ലൊ . എന്താണീ 41 ന്റെ പ്രത്യേകത ? എന്തുകൊണ്ട് മണ്ഡലകാലവ്രതം 41 ദിവസമായി ? ഇത്തരം കാര്യങ്ങൾ എല്ലാ ഭക്തരും അറിയേണ്ടതാകുന്നു.ഭാരതത്തിലെ വ്രതങ്ങളിലും ഉത്സവത്തിലും ആചാരത്തിലും കൃത്യമായ ജ്യോതിശ്ശാസ്ത്രത്തിന്റെ പങ്കുണ്ട് . ജ്യോതിശ്ശാസ്ത്രവുമായി ബന്ധപ്പെട്ടുകൊണ്ടാണ് എല്ലാ വിധത്തിലുള്ള ഉത്സവങ്ങളും ആചാരങ്ങളും ഇവിടെ നടന്നുപോരുന്നത് . ജ്യോതിശ്ശാസ്ത്രത്തെ വേണ്ട രീതിയിൽ പരിഗണിച്ചുകൊണ്ടേ ആചാരങ്ങളെക്കുറിച്ചുള്ള പഠനം മുന്നോട്ടു കൊണ്ടുപോവാൻ സാധിക്കുകയുള്ളു .

ഉത്തരായണം യാഗങ്ങളുടെ ഒക്കെ ആരംഭം കുറിക്കുന്ന സമയമാണ് . ദക്ഷിണായനം പിതൃക്കളുടെ സമയമാണ് . കർക്കടകമാസത്തിൽ പിതൃക്കൾക്കു വേണ്ട സമസ്ത ആചാരങ്ങളും നടപ്പിലാകുന്നു . ഇനി എന്താണ് ഈ 41 ന്റെ പ്രത്യേകതയെന്നു നോക്കാം . ഭാരതത്തിൽ രണ്ടു തരത്തിലുള്ള കലണ്ടറുകളുണ്ട് . ഒന്ന് സൗരവർഷം . ഇത് 365 ദിവസമാണ് . ചാന്ദ്രവർഷം എന്നു പറയുന്ന ഒരു വാർഷികകാലഗണനകൂടി ഇവിടെ ഉണ്ടായിരുന്നു . അത് 27 നക്ഷത്രങ്ങളെ 12 മാസം കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ നോക്കുക . 324 ആയിരിക്കും ആ സംഖ്യ . ഈ സംഖ്യ 365 ദിവസങ്ങൾ അടങ്ങുന്ന സൗരവർഷത്തിൽ നിന്ന് കുറച്ചു നോക്കുക ; കിട്ടുന്ന സംഖ്യ 41 ആയിരിക്കും . അപ്പോൾ സൗരവർഷവും ചാന്ദ്രവർഷവും – രണ്ട് വർഷങ്ങൾ ഈ നാട്ടിൽ നടപ്പിലായിട്ടുണ്ട് . ഒരു സാധകൻ മുന്നാട്ടുപോകുന്നതിനനുസരിച്ച് സൗരവർഷത്തിന്റെയും ചാന്ദ്രവർഷത്തിന്റെയും ഇടയിൽ വരുന്ന 41 ദിവസത്തെ എങ്ങനെയാണ് പരിഗണിക്കേണ്ടത് എന്നൊരു ചോദ്യം ഉയർന്നുവരും . ഈ 41 ദിവസം സൗരചാന്ദ്ര വർഷങ്ങളുടെ ഇടയിലുള്ള സമയമായതുകൊണ്ട് ഒരു വൃത്തം ഉപയോഗിച്ചു വേണം ഇതിനെ പരസ്പരം യോജിപ്പിക്കാൻ . അതാണ് 41 ദിവസങ്ങൾ . വൃത്തം എന്നു പറയുന്നത് മണ്ഡലമാണ്. ഇതാണ് മണ്ഡലവ്രതമായ 41 ദിവസം . ഇതിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട് . അത് ആയുർവേദ ആചാര്യൻമാരുടെ കണ്ക്കനുസരിച്ചാണ് . നമ്മൾ കഴിക്കുന്ന ഭക്ഷണമാകട്ടെ , ജീവിതചര്യയാകട്ടെ , സമ്പ്രദായമാകട്ടെ ; ഫലവത്തായി മനുഷ്യശരീരത്തിലും മനസ്സിലും ബുദ്ധിയിലും മാറ്റം വരുത്തണമെങ്കിൽ 41 ദിവസം എടുക്കും . ഇങ്ങനെ നോക്കിക്കഴിഞ്ഞാൽ 41 എന്നു പറയുന്ന സംഖ്യയ്ക്ക് ഒരു സാധകനെ , തപസ്വിയെ ഒരു അയ്യപ്പനായി വളർത്തി സ്വാമിയാക്കി അയാളിലുള്ള ശാരീരികവും മാനസികവും ബൗദ്ധികവും ആയ മാറ്റം പൂർണമാകുന്നതിന് 41 ദിവസത്തെ വ്രതം ആവശ്യമാണ് .

സാധകനെ സംബന്ധിച്ചിടത്തോളം സൗരചാന്ദ്രവർഷങ്ങൾക്ക് ഇടയിലുള്ള കൃത്യമായി നഷ്ടപ്പെട്ടുപോകാൻ ഇടയുള്ള ദിവസത്തെ കണക്കാക്കിയാലും 41 ദിവസമാണ് . ഭാരതത്തിൽ 365 ദിവസവും എല്ലാവരും സാധന ചെയ്യണം എന്നാണ് പഠിപ്പിക്കുന്നത് . സാധന അഥവാ തപസ്സ് എല്ലാ ദിവസവും അനുഷ്ഠിക്കേണ്ടതാണ് . എന്നാൽ കാലാന്തരത്തിൽ സാധനയിൽ പലപ്പോഴും ചെറിയ ചെറിയ തടസ്സങ്ങൾ അനുഭവപ്പെടും . അങ്ങനെ തടസ്സം രൂപപ്പെടുമ്പോൾ അത് പരിഹരിക്കുന്നതിനു വേണ്ടിയാണ് കാലാകാലങ്ങളിൽ വിദ്യാരംഭത്തിനുവേണ്ടി നവരാത്രി എന്ന ഒരു ഉത്സവകാലം കൊണ്ടാടുന്നത് . വിഷു എന്നു പറയുന്ന മറ്റൊരു ഉത്സവം നമുക്ക് മുന്നോട്ടു വെക്കാനുണ്ട് . ഇവിടെ 41 ദിവസമെന്ന മണ്ഡലം ഒരു വൃത്തത്തെ പൂർത്തീകരിക്കുന്ന സാധനയുടെ കൃത്യമായ സമയമാണ് . ഇവിടെ സാധനയുടെ സമയക്രമമുണ്ടായി . അതോടൊപ്പം ആഹാരനീഹാരവിഹാരങ്ങൾകൊണ്ട് ഒരു അയ്യപ്പന് സ്വന്തം ശരീരത്തിൽ ക്രമാനുഗതമായ മാറ്റം ഉണ്ടാക്കാൻ പ്രാപ്തിയുള്ള സമയചക്രം കൂടിയാണ് 41 ദിവസം …..🙏🏻

ശരണം വിളിച്ച് മല ചവിട്ടുന്ന കാരണം

ശബരിമലയ്ക്ക് പോകുന്നെങ്കില്‍ വ്രതം നോക്കി പോയിട്ടേ കാര്യമുള്ളൂ. തലമൂത്തവര്‍ നിരന്തരം പിന്‍മുറക്കാരെ ഓര്‍മ്മിപ്പിക്കുന്ന കാര്യമാണിത്. ഉദ്ദിഷ്ട ഫലസിദ്ധിക്ക് വ്രതം നോക്കി തന്നെയാകണം മലചവിട്ടേണ്ടതെന്ന് അയ്യപ്പഭക്തന്മാരും കരുതുന്നുണ്ട്. വ്രതാനുഷ്ഠാനം, ഭക്തന്മാര്‍ക്ക് പ്രദാനം ചെയ്യുന്ന ആത്മസായൂജ്യം ജീവിതസമര്‍പ്പണത്തിനു പോലും അവരെ സജ്ജരാക്കുന്നതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഉച്ചത്തിലുള്ള ശരണം വിളികള്‍ ശാരീരിക വേദനകള്‍ക്ക് ആശ്വാസം പകരുന്നു. ശരീരത്തിന്‍റെ ക്ഷീണമകറ്റുന്നു. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ചു കൊണ്ടുള്ള ആഹാരരീതി മനുഷ്യശരീരത്തിലെ ആന്തരാവയവങ്ങളുടെ ഒരു പുനഃസൃഷ്ടിയാണ് നടത്തുന്നതെന്ന് പറയാം. അനാവശ്യമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് അലിഞ്ഞുപോകയും മല ചവിട്ടുന്നതിലൂടെയുള്ള വ്യായാമം ഉന്മേഷദായകമായി വര്‍ത്തിക്കുകയും ചെയ്യും.

ഉച്ചത്തിലുള്ള ശരണം വിളിയിലൂടെ വന്യമൃഗങ്ങളെ ഭയപ്പെടുത്തി അകറ്റുകയെന്ന ലക്‌ഷ്യമാണ് ഉണ്ടായിരുന്നതെങ്കിലും ഒരേ വാക്കുകള്‍ താളാത്മകമായി ആവര്‍ത്തിച്ചാല്‍ അതിലെ മായികത ഒരു പ്രത്യേക മാനസികാവസ്ഥയില്‍ എത്തിക്കുമെന്നും ഇത് വളരെ ആയാസമുള്ള കാര്യങ്ങളെപ്പോലും നിസ്സാരമായി ചെയ്യാന്‍ പ്രാപ്തരാക്കുമെന്നും ആധുനിക മനഃശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ആവര്‍ത്തിച്ചിട്ടുള്ള ശരണം വിളിയിലൂടെ സംഭവിക്കുന്നതും ഇതു തന്നെ.🙏

അയ്യപ്പ ഭക്തർ കറുത്ത വസ്ത്രം ധരിക്കുന്ന കാരണം

വ്രതത്തിൽ പ്രധാനപ്പെട്ടതാണ് കറുപ്പ് വസ്ത്ര ധാരണം. കലികാലത്തിലെ ദുരിതങ്ങൾക്ക് കാരണഭൂതനായ ശനി ദേവന് ഏറ്റവും പ്രിയങ്കരമാണ് കറുത്ത വസ്ത്രം. ആ ശനിശ്വരന്റെ ഉടയാട ധരിച്ചു ചെല്ലുന്ന ഭക്തനെ ശനിദേവൻ അതിവേഗം അനുഗ്രഹിക്കുമെന്നാണ് വിശ്വാസം. ശനിപ്രീതിക്ക് കടും നീലനിറമോ കറുപ്പു നിറമോ ഉളള വസ്ത്രങ്ങളാണ് ഉത്തമം.

എല്ലാ അയ്യപ്പന്‍മാരും ഒന്നുകില്‍ കറുപ്പ് അല്ലെങ്കില്‍ നീലനിറത്തോടുകൂടിയ വസ്ത്രങ്ങള്‍ ഉപയോഗിക്കും. എന്തിനാണ് ഈ കറുപ്പും നീലയും ഒക്കെ ഉപയോഗിക്കുന്നത്? എന്താണ് ഈ നിറങ്ങളുടെ പ്രത്യേകത എന്നറിയണ്ടേ?. പലപ്പോഴും നമ്മള്‍ പലതും അനുഷ്ഠിക്കുമ്പോള്‍ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് ചിന്തിക്കാറില്ല. വളരെ ഗൗരവത്തോടുകൂടി ചിന്തിച്ച് ഞാന്‍ ഇന്നതുകൊണ്ട് ഇന്നത് ചെയ്യുന്നു എന്ന് ചിന്തിച്ചു ചെയ്താലേ ഗുണം ലഭിക്കൂ. വേദങ്ങളില്‍ ഏറ്റവും കൂടുതല്‍ ശക്തമായി പറയുന്നത് അഗ്നിയെക്കുറിച്ചാണ്. അഗ്നി ഈശ്വരന്റെ പര്യായമാണ്.

‘അഗ്രണിര്‍ ഭവതി ഇതി അഗ്നി’

എന്ന് അഗ്നിയുടെ നിഷ്പത്തി. ഈശ്വരനാമമാണത്, ഈശ്വരന്റെ പര്യായമാണത്, ‘തീ’ . ആ അഗ്നിയെ സ്മരിച്ചുകൊണ്ടാണ് നമ്മള്‍ നിലവിളക്കു കത്തിക്കുന്നത്. അപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട ആ അഗ്നി നമ്മുടെ ജീവിതത്തില്‍ ഏതൊക്കെ തരത്തില്‍ പ്രാധാന്യത്തോടു കൂടി പ്രവര്‍ത്തിക്കുന്നുവെന്ന് ഋഷിമാര്‍ പറഞ്ഞുെവച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പ്രസ്താവന നീലഗ്രീവന്‍, ആഗ്നേയതത്ത്വത്തിന്റെ പ്രാധാന്യത്തോടുകൂടിയതാണ് എന്നതാണ്.

‘നീല ഗ്രീവാ ആഗ്നേയാ’

എന്നൊരു പ്രസ്താവനയുണ്ട് വേദങ്ങളില്‍. നീലഗ്രീവയില്‍ അഗ്നിതത്ത്വം കൂടുതലുണ്ട്. നീലനിറം അഥവാ കറുപ്പു നിറമുള്ളതിനു കാരണം അഗ്നിതത്ത്വമാണ്. അപ്പോള്‍ നീലനിറവും കറുപ്പു നിറവും അഗ്നിതത്ത്വത്തിന്റെ പ്രതിരൂപമാണ്. അഗ്നിയുടെ വര്‍ണഭേദത്തെക്കുറിച്ച് ഗവേഷണം നടത്തിയ നമ്മുടെ പ്രാചീന ഋഷിമാര്‍ അഗ്നി തന്നെയാണ് കറുപ്പുനിറം എന്ന നിഗമനത്തിലാണ് ചെന്നെത്തിയത്. അഗ്നി തന്നെയാണ് നീലനിറവും. അപ്പോള്‍ അയ്യപ്പഭക്തന്‍ ശബരിമലയാത്രക്ക് തയ്യാറെടുക്കുമ്പോള്‍ അഗ്നിവര്‍ണമായ കറുപ്പിനെ എടുത്താണ് അണിയുന്നത്. എന്നു പറഞ്ഞാല്‍ താന്‍ ഈശ്വരതുല്യനായി മാറിക്കൊണ്ടിരിക്കുന്നുവെന്നര്‍ഥം. ഭാരതത്തില്‍ ഋഷിമാര്‍ എല്ലാവരും പറഞ്ഞിട്ടുള്ളത് നിങ്ങള്‍ ഈശ്വരീയതയെ സാക്ഷാത്കരിക്കണം എന്നാണ്.

നമ്മുടെ എല്ലാ വ്രതങ്ങളുടെയും അടിസ്ഥാനം ഈശ്വരീയമായ ഭാവത്തിലേക്ക് ചെന്നെത്തുക എന്നു തന്നെയാണ്. അഗ്നിവര്‍ണമായ കറുപ്പിനെ എടുത്ത് അണിയുന്നതിലൂടെ താന്‍ സ്വയം അഗ്നി ആവാന്‍ ശ്രമിക്കുകയാണ്. സ്വയം ആഗ്നേയതത്ത്വത്തിലേക്ക് കടന്നുവരികയാണ്. അങ്ങനെ വസ്ത്രത്തില്‍ അഗ്നിനിറം വരുന്നതോടുകൂടി ഒരു സാധകനായി അയ്യപ്പന്‍ മാറുന്നു. ഇതിനുവേണ്ടിയാണ് വസ്ത്രങ്ങളുടെ നിറംപോലും നമ്മുടെ ഋഷിമാര്‍ ഭംഗിയായി ചിന്തിച്ചു സ്വീകരിച്ചത്. കാരണം, നാം കാണുന്നതൊക്കെ ഭദ്രമായിരിക്കണം എന്നു വേദങ്ങളില്‍ പറയുന്നുണ്ട്. ഒന്നാമതായി കാണുന്നത് വസ്ത്രം തന്നെയാണ്. നമ്മുടെ ശരീരത്തില്‍ അണിഞ്ഞിരിക്കുന്ന വസ്ത്രം നമ്മുടെ മനസ്സില്‍ മാറ്റം വരുത്തും. നാം ഏതു നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുവോ ആ വസ്ത്രത്തിന്റെ നിറം നമ്മുടെ മനസ്സിനെ സ്വാധീനിക്കുമെന്ന് വര്‍ണശാസ്ത്രജ്ഞന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
നാം ധരിക്കുന്ന വസ്ത്രങ്ങള്‍ ഏതു തരത്തിലുള്ളതായിരിക്കണം എന്നു വളരെ കൃത്യമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അയ്യപ്പഭക്തന്‍ കറുപ്പു നിറത്തിലുള്ള വസ്ത്രം ധരിക്കണം എന്നു പറയുന്നത്. ഗൗരവത്തോടുകൂടി ചിന്തിച്ചു കഴിഞ്ഞാല്‍ ഒരു സാധകനെ സംബന്ധിച്ചിടത്തോളം ഉയര്‍ന്നുപോകാനുള്ള ആദ്യപടിയാണ് ഇതെന്നു കാണാന്‍ സാധിക്കും. കാരണം, ഒരു സാധകന്റെ വളര്‍ച്ചയില്‍ നിരവധി ഘട്ടങ്ങളുണ്ട്. ഓരോ ഘട്ടങ്ങളിലും മാറ്റങ്ങള്‍ വരണം.
ആഹാരതലത്തിലെന്നപോലെത്തന്നെ നാവിന്റെ ഉച്ചാരണത്തില്‍ മാറ്റം വരുന്നു, വസ്ത്രത്തില്‍ മാറ്റം വരുന്നു, അങ്ങനെ കറുപ്പു നിറത്തിലൂടെ സ്വയം ശരീരത്തിനു മാറ്റം വരുത്തി, മനസ്സിന് മാറ്റം വരുത്തി, അയ്യപ്പനായി സ്വയം മാറാനുള്ള വഴിയാണ് കറുപ്പുടുക്കല്‍.

മറ്റോരു വിശ്വാസം 41 ദിവസത്തെ വ്രതശുദ്ധിയോടെ ശബരിമലക്ക് പുറപ്പെടാന്‍ തയ്യാറെടുക്കുന്ന ഭക്തന്‍ കറുപ്പ് ധരിച്ച് മാലയിടുന്നത് ”താന്‍ സ്വാമിയായി” എന്ന് അറിയിക്കുന്ന ഒരു നിശബ്ദ വിളംബരമാണ്. അയ്യപ്പന്‍ ബ്രഹ്മചാരിയായതുകൊണ്ട് ഈ സമയത്ത് രജസ്വലകളായ സ്ത്രീകള്‍ സ്വാമിമാരെ തിരിച്ചറിയാനുള്ള ഒരു അടയാളമാണ് കറുത്തവസ്ത്രം ധരിക്കല്‍.
പണ്ടുകാലത്ത് കൊടുംകാട്ടിലൂടെ നടന്നുവേണം മല കയറാന്‍. അവിടുത്തെ കൊടുംതണുപ്പിനെ നേരിടാന്‍ കറുപ്പിനേ കഴിയൂ എന്ന തിരിച്ചറിവാണ് കറുത്തവസ്ത്രം ധരിക്കല്‍ എന്നും
വിശ്വസിക്കുന്നു.🙏

അവതരണം: സൈമശങ്കർ മൈസൂർ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments