Logo Below Image
Wednesday, May 21, 2025
Logo Below Image
Homeഅമേരിക്കമലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഇരുപത്തിയഞ്ചാം ഭാഗം) ശ്രീ. വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ✍ അവതരണം: പ്രഭാ ദിനേഷ്.

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (ഇരുപത്തിയഞ്ചാം ഭാഗം) ശ്രീ. വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ✍ അവതരണം: പ്രഭാ ദിനേഷ്.

പ്രഭാ ദിനേഷ്.

മലയാളി മനസ്സ് ലെ എല്ലാ പ്രിയപ്പെട്ട വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപൂക്കൾ എന്ന രചനയുടെ ഇരുപത്തിയഞ്ചാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏

മലയാളത്തിലെ പ്രശസ്തകവിയും, സാഹിത്യകാരനുമായ ശ്രീ. വെണ്ണിക്കുളം ഗോപാലക്കുറുപ്പ് ആണ് ഇന്നത്തെ നക്ഷത്രപൂവ്!

വെണ്ണിക്കുളം ഗോപാലക്കുറുപ്പ് (2️⃣5️⃣) (10/05/1902 – 20/08/1980)

‘അമ്മയെങ്ങമ്മയെങ്ങെന്നൊരുൽക്കണ്ഠയാ -ലമ്മണി പൈതലിന്നസ്വാസ്ഥ്യമെപ്പോഴും…….

മല്ലികയ്ക്കുണ്ടമ്മ മാലതിയ്ക്കുണ്ടമ്മ
കല്യാണ കൃഷ്ണനുമമ്മയുണ്ടത്ഭുതം!
ഭംഗിയില്ലാത്തൊരക്കാന്തിയ്ക്കു മുണ്ടമ്മ
ഗംഗയ്ക്കു മാത്രമില്ലെങ്കിൽ സഹിക്കുമോ?

പ്രശസ്തകവി വെണ്ണിക്കുളം ഗോപാലക്കുറിപ്പിനെ കുറിച്ചെഴുതാൻ തുടങ്ങിയപ്പോൾ മനസ്സിലേയ്ക്ക് കടന്നുവന്ന ഹൃദയസ്പർശിയായ കവിതയാണ് അമ്മയില്ലാത്ത ഗംഗ എന്ന കവിതയിലെ വരികൾ!

ഇന്നത്തെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽപ്പെട്ട വെണ്ണിക്കുളം എന്ന സ്ഥലത്തുള്ള ചെറുകാട്ടുമഠം വീട്ടിൽ 1902 മെയ് പത്താം തീയതിയാണ് ഇദ്ദേഹം ജനിച്ചത്. അച്ഛൻ ചെറുകാടുമഠത്തിൽ പത്മനാഭക്കുറുപ്പും അമ്മ ലക്ഷ്മിക്കുഞ്ഞമ്മയുമാണ്. സംസ്കൃതത്തിലും, ജ്യോതിശാസ്ത്രത്തിലും പണ്ഡിതനായിരുന്ന അച്ഛൻ പത്മനാഭക്കുറുപ്പായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യത്തെ ഗുരു. സിദ്ധരൂപം, അമരകോശം തുടങ്ങിയവ പഠിച്ചതിനു ശേഷമാണ് സ്ക്കൂളിൽ ചേർന്നത്.

മദ്രാസ് യൂണിവേഴ്സിറ്റിയുടെ മലയാളം വിദ്വാൻ പരീക്ഷ പാസ്സായതിനു ശേഷം വെണ്ണിക്കുളം സ്ക്കൂളിൽ അദ്ധാപകനായി. പിന്നീട് തിരുവല്ല എം.ജി.എം. ഹൈസ്ക്കൂളിൽ ജോയിൻ ചെയ്തു. ഈ സ്ക്കൂളിൻ്റെ മാനേജറായിരുന്ന ശ്രീ. കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള മലയാള മനോരമയിലെ കവിതാപരിശോധന ജോലിയും മറ്റും വെണ്ണിക്കുളത്തിനെ ഏല്പിച്ചു. ഈ ബന്ധം വെണ്ണിക്കുളത്തിൻ്റെ സാഹിത്യലോകത്തെ ഉയർച്ചയ്ക്ക് വളരെ സഹായിച്ചിട്ടുണ്ട്.

അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിച്ചതിനു ശേഷം തിരുവനന്തപുരം മാനുസ്ക്രിപ്റ്റ് ലൈബ്രറി (ഹസ്ത ലിഖിത ഗ്രന്ഥാലയം)യുടെ ഗവേഷണവുമായി ബന്ധപ്പെട്ട ജോലിയിൽ പ്രവേശിച്ചു. തുടർന്ന് മലയാളം ലക്സിക്കൺ ഓഫീസിൽ സൂപ്പർവൈസറായി ചേർന്നു.

പതിനാറാമത്തെ വയസ്സിൽ എഴുതിയ ഒരു ഈശ്വരപ്രാർത്ഥനയോടുകൂടിയാണ് വെണ്ണിക്കുളത്തിൻ്റെ സാഹിത്യസപര്യ ആരംഭിക്കുന്നത്. അടൂരിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘യുവജനമിത്രം’ വാരികയിലാണ് ഈ കവിത പ്രസിദ്ധീകരിച്ചത്. വള്ളത്തോൾ ശൈലിയുടെ സ്വാധീനം വെണ്ണിക്കുളത്തിൻ്റെ കവിതകളിൽ കാണാം.

ജീവിതദർശനത്തോടൊപ്പം ചുറ്റുപാടുമുള്ള മനുഷ്യരുടെ ജീവിതവും പ്രകൃതിയും അതിൽ നിഴലിച്ചു നില്ക്കുന്നു. പിതൃപുത്രബന്ധം, ഗുരുശിഷ്യബന്ധം, സാഹോദര്യം തുടങ്ങിയ ഉൽകൃഷ്ടമാനുഷിക മൂല്യങ്ങൾക്ക് മഹത്തായ സ്ഥാനം വെണ്ണിക്കുളത്തിൻ്റെ കവിതകളിൽ ഉണ്ട്! ലാളിത്യമാണ് വെണ്ണിക്കുളം കവിതകളുടെ മുഖമുദ്ര. ത്യാഗത്തിൻ്റെയും അഹിംസയുടെയും സന്ദേശം പ്രചരിപ്പിക്കുന്ന നിരവധി സ്വാതന്ത്ര്യ സമര ഗാനങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.

മാണിക്യവീണ, പുഷ്പവൃഷ്ടി, വെള്ളിത്താലം, മാനസപുത്രി, സരോവരം, വസന്തോത്സവം സൗന്ദര്യപൂജ, കേരള ശ്രീ,വെളിച്ചത്തിൻ്റെ അമ്മ,പൊന്നമ്പലമേട്, കാമസുരഭി തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന കവിതാ സമാഹാരങ്ങൾ. കദളീവനം എന്ന പേരിൽ അദ്ദേഹത്തിൻ്റെ തിരഞ്ഞെടുത്ത കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരമ്മേ ഗാന്ധി, രാജഘട്ടം,കർമ്മ ചന്ദ്രൻ, ഗാന്ധി മണ്ഡലം തുടങ്ങിയവ ഗാന്ധിജിയുമായി ബന്ധപ്പെട്ട കവിതകളാണ്. ഹിന്ദിയിൽ നിന്ന് രാമചരിതമാനസവും തമിഴിൽ നിന്ന് തിരുക്കുറലും, കൂടാതെ സുബ്രമണ്യഭാരതിയുടെ പല കവിതകളും അദ്ദേഹം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കഥാനക്ഷത്രങ്ങൾ, ജാതക കഥകൾ, തച്ചോളി ഒതേനൻ എന്നീ കഥാസമാഹാരങ്ങളും കാളിദാസൻ്റെ കണ്മണി, പ്രിയംവദ, ഭർത്തൃ പരിത്യക്തയായ ശകുന്തള തുടങ്ങിയ നാടകങ്ങളും, ആത്മരേഖ എന്ന ആത്മകഥയുമാണ് ഇദ്ദേഹത്തിൻ്റെ മറ്റു പ്രധാനകൃതികൾ.

തനിക്ക് ഒരു കുഞ്ഞ് ജനിക്കുന്നതായി സ്വപ്നം കാണുന ഒരു സ്ത്രീയുടെ മനോവികാരങ്ങൾ അതിമനോഹരമായി അവതരിപ്പിച്ചിട്ടുള്ളതാണ് ‘മാനസപുത്രി’ എന്ന സമാഹാരത്തിലെ ‘പൊൻകിനാവ്’ എന്ന കവിത.

മനുഷ്യമനസ്സിലെ വികാരങ്ങൾ ഹൃദയാവർജ്ജകമായ രീതിയിൽ അദ്ദേഹത്തിൻ്റെ പല കവിതകളിലും നിറഞ്ഞു നില്ക്കുന്നുണ്ട്. ഇതിനൊക്കെ അദ്ദേഹം ഉപയോഗിച്ചുള്ള ഭാഷ ഏറ്റവും ലളിതമാണ് എന്നുള്ളത് ഒരു പ്രത്യേകതയാണ്.

‘ആരാണമ്മേ ഗാന്ധി’ എന്ന കവിതയിൽ രാഷ്ട്രപിതാവായ ഗാന്ധിജിയെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്….

‘സത്യത്തെ ദൈവ മായ്ക്കണ്ടു പൂജിച്ച പുരുഷോത്തമൻ!
പങ്കം തീണ്ടാത്ത കർമ്മത്താൽ തങ്കം പോലെ വിളിങ്ങിയോൻ…. എന്നാണ്.

എത്ര ലളിതവും സത്യസന്ധവുമാണ് ഈ അവതരണം! ഇപ്രകാരം അർത്ഥ ഗർഭവും ലളിതവുമായ ശൈലി വെണ്ണിക്കുളം കവിതകളുടെ പ്രത്യേകതയാണ്.

1980 ആഗസ്റ്റ് ഇരുപതാം തീയതി കവി ഇഹലോകവാസം വെടിഞ്ഞു🙏🌹

അടുത്തലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕❣️

അവതരണം: പ്രഭാ ദിനേഷ്.

RELATED ARTICLES

2 COMMENTS

  1. വെണ്ണിക്കുളത്തെ വീണ്ടും ഓർമിക്കാൻ ഈ കവി പരിചയപംക്തി ഇടയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ