മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന രചനയുടെ ഇരുപത്തിനാലാം ഭാഗത്തിലേയ്ക്ക് സ്വാഗതം
മലയാള സാഹിത്യത്തിലെ പ്രശസ്ത കവയിത്രി സിസ്റ്റർ. മേരി ബനീഞ്ജ (മേരി ജോൺ തോട്ടം) ആണ് ഇന്നത്തെ നക്ഷത്രപ്പൂവ്!
സിസ്റ്റർ. മേരി ബനീഞ്ജ (മേരി തോട്ടം) 

(06/11/1899 – 21/05/1985)
സ്ത്രീകൾ, പ്രത്യേകിച്ച് ക്രിസ്തുമതത്തിൽപ്പെട്ട സ്ത്രീകൾ സാഹിത്യരംഗത്തേക്ക് അധികമായി കടന്നുവന്നിട്ടില്ലാത്ത കാലഘട്ടത്തിൽ സധൈര്യം ഈ രംഗത്തേയ്ക്ക് വന്ന കവയിത്രിയാണ് സിസ്റ്റർ മേരിബനീഞ്ജ അഥവാ മേരി ജോൺ തോട്ടം!
കോട്ടയം ജില്ലയിലെ ഇലഞ്ഞി എന്ന സ്ഥലത്ത് തോട്ടം കുടുംബത്തിൽ 1899 നവംബർ ആറാം തീയതിയാണ് കവയിത്രി ജനിച്ചത്. അച്ഛൻ ഉലഹന്നാൻ. അമ്മ പാട്ടാശ്ശേരിൽ മറിയാമ്മ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മാന്നാനം, മൂത്തോലി, കൊല്ലം തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു. വടക്കൻ പറവൂർ സെൻ്റ് തോമസ് പ്രൈമറി സ്ക്കൂളിൽ അദ്ധ്യാപികയായി. പിന്നീട് കുറവിലങ്ങാട് കോൺവെൻ്റ് സ്ക്കൂളിൽ ആദ്യം അദ്ധ്യാപികയായും പിന്നീട് പ്രഥമാദ്ധ്യപികയായും ജോലി ചെയ്തു. കർമ്മലീത്താ സന്യാസിനി സഭ യിൽ അംഗമായതോടുകൂടി സിസ്റ്റർ മേരി ബനീഞ്ജ എന്ന പേര് സ്വീകരിച്ചു.
മേരി ജോൺ തോട്ടം എന്ന പേരിലാണ് കവിതകൾ എഴുതിയിരുന്നത്. ആദ്യത്തെ കവിതാ സമാഹാരം ‘ഗീതാവലി’ ആയിരുന്നു. കവയിത്രി എന്ന നിലയിൽ പ്രസിദ്ധി നേടുവാൻ ഈ കൃതി സഹായിച്ചു. കവിതാരാമം, ഈശപ്രസാദം, വിധിവൈഭവം, ആത്മാവിൻ്റെ സ്നേഹഗീതം, ചെറുപുഷ്പ സ്മരണകൾ, ആദ്ധ്യാത്മിക ഗീത, ഭാരതമഹാകാവ്യം തുടങ്ങിയവയാണ് പ്രധാനകൃതികൾ. തോട്ടം കവിതകൾ എന്ന പേരിൽ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാനമ്പാടി എന്നാണ് ആത്മകഥയുടെ പേര് .
“ജനിച്ചനാൾ തുടങ്ങിയെന്നെയോമനിച്ചു
തുഷ്ടിയോടെ-
നിക്കുവേണ്ടതൊക്കെ നൽകിയാദരിച്ച ലോകമേ,
നിനക്കുവന്ദനം, പിരിഞ്ഞു പോയിടട്ടെ ഞാനിനി-
ശ്ശനിക്കുഴപ്പമേശിടാത്ത ഭാവിയെ വരിക്കുവാൻ”
“സമർത്ഥനായ സീസറും, പ്രസിദ്ധനായ ഹോമറും,
സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും
പോയി കാലചക്രവിഭ്രമത്തിലെങ്കിലീ-
നമുക്കു പിന്നെയെന്തുശങ്ക? മാറ്റമൊന്നുമില്ലിതിൽ” ( കവിതാരാമം)
കവയിത്രി കന്യകാലയ പ്രവേശനത്തിനു തൊട്ടു മുൻപ് ഭൗതീക ജീവിതത്തോടും, ഈ ലോകത്തോടു തന്നെയും യാത്ര പറയുന്നതായി സങ്കല്പിച്ചു കൊണ്ട് എഴുതിയ ‘ലോകമേ യാത്ര’ യിലെ ഈ പദ്യങ്ങൾ അന്ന് ഏറെ പ്രസിദ്ധി നേടിയിരുന്നു. സഹോദരങ്ങളോടും മാതാപിതാക്കളോടും ഗുരുജനങ്ങളോടും യാത്ര പറയുന്ന ഭാഗങ്ങൾ വികാരനിർഭര ങ്ങളാണ്!
” കരങ്ങളായ പിഞ്ചുവല്ലി രണ്ടു കൊണ്ടുമെൻ്റെ മെയ്
വരിഞ്ഞുകെട്ടി
നിന്നു കേണിടുന്ന കുഞ്ഞു സോദരാ, പിരിഞ്ഞു പോയിടേണ്ട നേരമായെനിക്കു, ഞാനിതാ തരുന്നു നിന്മുഖത്തൊരുമ്മ വിട്ടയയ്ക്കയെന്നെ നീ”.
‘അരിക്കകത്തു കൈവിരൽ പിടിച്ചു വച്ചൊരക്ഷരം
കുറിച്ചനാൾ തുടങ്ങിയെൻ്റെ മേൽഗതിക്കു വാഞ്ഛയാ”
പ്രവർത്തിച്ച അല്ലയോ ഗുരുക്കന്മാരേ നിങ്ങളോടു ഞാൻ യാത്ര പറയട്ടെ… എന്നിങ്ങനെ അതിസുന്ദരങ്ങളായ പദ്യങ്ങളാണ് ഈ കവിതയിലുള്ളത്!
മഹാകാവ്യമെഴുതിയ ആദ്യ മലയാള കവയിത്രി എന്ന സ്ഥാനം സിസ്റ്ററിനുള്ളതാണ്! ‘ബൊനേമെരേന്തി’ എന്ന പേപ്പൽ ബഹുമതി നൽകി മാർപ്പാപ്പ സിസ്റ്റർ മേരി ബെനീഞ്ജയെ ആദരിച്ചിട്ടുണ്ട്. കേരള കത്തോലിക്കാ അൽമായ അസ്സോസ്സിയേഷൻ ‘ചെപ്പേട്’ നൽകി സിസ്റ്ററിൻ്റെ സേവനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
അവസാനമായി സിസ്റ്ററുടെ അർത്ഥസമ്പുഷ്ടവും മനോഹരവുമായ നാലുവരി കവിതകൾ ഉൾപ്പെടുത്തിക്കൊണ്ട് …
“ഒരിക്കലീ ജഗത്തെയും ജഡത്തെയും പിരിഞ്ഞു നാം
തിരിക്കണം വിസമ്മതങ്ങളൊന്നുമേ ഫലപ്പെടാ,
തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാണതാകയാൽ
കരത്തിലുള്ളതൊക്കെ നാം അതിർത്തിയിൽ ത്യജിക്കണം”!
1985 മെയ് ഇരുപത്തൊന്നാം തീയതി കവയിത്രി സിസ്റ്റർ മേരി ബനീഞ്ജ ഈ ലോകത്ത് നിന്ന് വിട വാങ്ങി
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം
Thank You Sir

ശരിക്കും അത്ഭുത വനിത എന്ന് വിശേഷിപ്പിക്കുന്നത്തിൽ തെറ്റില്ല.
അക്കാലത്ത് സാഹിത്യത്തിലെ ക്ക് ഇറങ്ങുക എന്ന് പറഞ്ഞാല് പലർക്കും സാധിക്കാത്ത കാര്യം..
നല്ല എഴുത്ത്