Saturday, December 7, 2024
Homeഅമേരിക്കഇന്ത്യയിൽ മത ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യൻ വാർഷിക ഐക്യ സമ്മേളനം

ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങൾ നേരിടുന്ന പീഡനത്തിൽ ആശങ്ക പ്രകടിപ്പിച്ച് ക്രിസ്ത്യൻ വാർഷിക ഐക്യ സമ്മേളനം

--ജോർജ് തുമ്പയിൽ

യു എസിലെ 30 ദശലക്ഷം വിശ്വാസികളെ പ്രതിനിധീകരിക്കുന്ന 37 അംഗ ക്രിസ്ത്യൻ കൂട്ടായ്മകളുടെ പരമോന്നത സംഘടനയായ – നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്, യുഎസ്എ, ടെന്നസിയിലെ നാഷ്‌വില്ലിൽ വാർഷിക ക്രിസ്ത്യൻ ഐക്യ സമ്മേളനം വിളിച്ചുകൂട്ടി. ഒക്ടോബർ 15-18 തീയതികളിലായിരുന്നു സമ്മേളനം. ഒക്‌ടോബർ 18-ന്സമ്മേളിച്ച സഭാ പ്രതിനിധികളുടെ എക്‌സിക്യൂട്ടീവ് കൗൺസിൽ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങളെ അപലപിച്ചുകൊണ്ട് ഏകകണ്ഠമായ പ്രമേയം അംഗീകരിച്ചു . ഇന്ത്യൻ ഭരണഘടനയിൽ ആവശ്യപ്പെടുന്നതുപോലെ പൗരന്മാരുടെ മനുഷ്യാവകാശങ്ങളെയും മതസ്വാതന്ത്ര്യത്തെയും മാനിക്കണമെന്ന് ഇന്ത്യാ ഗവൺമെന്റിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ ഉന്നതാധികാര സമിതി അംഗീകരിച്ച ചരിത്രപരമായ പ്രമേയമാണിത്.

നേരത്തെ യോഗത്തിൽ, യു.എസ്.എയിലും ലോകമെങ്ങുമുള്ള മത ദേശീയതയെ സഭാ സമിതി അപലപിക്കുകയും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉയർന്നുവരുന്ന മത ദേശീയതക്കെതിരെ ജാഗ്രത പാലിക്കാൻ ഉപദേശിക്കുകയും ചെയ്തു. ഹിന്ദു ദേശീയത അഥവാ ഹിന്ദുത്വയെക്കുറിച്ച് പ്രത്യേകം പരാമർശിച്ച പ്രമേയം ഇന്ത്യൻ രാഷ്ട്രീയത്തെയും ഇവിടുത്തെ ഹിന്ദു സംസ്‌കാരത്തെയും ഈ ‘ഹിന്ദുത്വ ‘ വിഴുങ്ങുന്നതിനെ അപലപിച്ചു.

അമേരിക്കയിലെ ചില മേഖലകളിൽ ഹിന്ദു ദേശീയതയ്‌ക്ക് സാമ്പത്തികമായും മറ്റ് കമ്മ്യൂണിറ്റിതലത്തിലും ലഭിക്കുന്ന പിന്തുണയെക്കുറിച്ച് അവബോധമുണ്ടായിരിക്കാനും അത്തരം പിന്തുണ ഉപയോഗിച്ച് ഹിന്ദു ദേശീയത നൽകാൻ ശ്രമിക്കുന്ന ഏതൊരു പ്രവൃത്തിയും തള്ളിക്കളയാനും പങ്കാളി സഭകളോടും അംഗ സഭകളോടും പ്രമേയം ആവശ്യപ്പെട്ടു. രാജ്യത്തെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാൻ ഇന്ത്യൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ നിയമനിർമ്മാതാക്കളോടും പ്രാദേശിക നേതാക്കളോടും പ്രമേയം ആവശ്യപ്പെട്ടു.
ഈ ചരിത്രപരമായ പ്രമേയം മതങ്ങൾ തമ്മിലുള്ള ബന്ധത്തിലും പങ്കാളികളുമായുള്ള സംഭാഷണങ്ങളിലും വലിയ സ്വാധീനം ചെലുത്തുന്നു, ഫാ. ജോസഫ് വർഗീസ് പറഞ്ഞു.

ഫാ. വർഗീസ് പറയുന്നതനുസരിച്ച്, നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് മുമ്പ് അമേരിക്കയിലെ ക്രിസ്ത്യൻ ദേശീയതയെയും എതിർക്കുകയും അപലപിക്കുകയും ചെയ്തിട്ടുണ്ട് . ലോകത്തിൻ്റെ മറ്റ് പ്രദേശങ്ങളിൽ മറ്റ് മത ദേശീയതയുമായി തുല്യ പരിഗണന നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യുഎസ്എയിലെ ഹിന്ദു ദേശീയവാദികളുടെ ഫണ്ട് ശേഖരണ പ്രവർത്തനങ്ങൾ തടയാനും അത്തരം പ്രവർത്തനങ്ങൾക്ക് പിന്നിലെ മറഞ്ഞിരിക്കുന്ന അജണ്ടയെക്കുറിച്ച് ബോധവൽക്കരിക്കാനും പ്രമേയം ലക്ഷ്യമിടുന്നു.

നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് എല്ലാവർക്കും മതപരമായ ആചാരങ്ങൾക്കുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുകയും ഇന്ത്യയിലും അതേ സ്വാതന്ത്ര്യം തേടുകയും ചെയ്യുന്നു. അമേരിക്കയിൽ ക്ഷേത്രങ്ങൾ പണിയാൻ ആഗ്രഹിക്കുന്നവർ തിരുപ്പതിയിലെ പള്ളി കെട്ടിടങ്ങൾ തകർക്കുന്നതിനെ പിന്തുണയ്ക്കുന്നത് അപലപനീയമാണ്, ഫാ. വർഗീസ് ചൂണ്ടിക്കാട്ടി.

നമ്മുടെ വിവിധ സഭാ കമ്മ്യൂണിയൻ നേതാക്കളുടെ പ്രവർത്തനവും പ്രത്യേകിച്ച് മെത്തഡിസ്റ്റ് സഭയിലെ റവ. ചക്രവർത്തി സദ്ദയുടെ കഠിനാധ്വാനവും ന്യൂയോർക്ക് കൗൺസിൽ ഓഫ് ചർച്ചസിലെ റവ. പീറ്റർ കുക്ക്, എപ്പിസ്കോപ്പൽ ചർച്ചിലെ റവ. മാർഗരറ്റ് ടെയ്‌ലർ എന്നിവരുടെ പിന്തുണയയും മൂലമാണ് പ്രമേയം സാധ്യമായത് . ഫാ. വർഗീസ് ചൂണ്ടിക്കാട്ടി.

മതാന്തര സംവാദങ്ങളിലൂടെയും സമാധാന ദൗത്യ യാത്രകളിലൂടെയും ശ്രദ്ധിക്കപ്പെട്ട, പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി സംസാരിക്കുന്ന ഫാ. ജോസഫ് വർഗീസ് ആത്‌മീയ പാതകളിലെ അനുകരണീയ വ്യക്തിത്വമാണ് . മതങ്ങൾ തമ്മിലും വ്യത്യസ്‌ത മത പാരമ്പര്യങ്ങൾക്കിടയിലും വിവിധ തലങ്ങളിൽ ദേശീയ, അന്തർ ദേശീയ തലത്തിൽ ക്രിയാത്മക ഇടപെടലുകൾക്കും സഹകരണത്തിനും നേതൃത്വം വഹിക്കുന്ന ജോസഫ് വർഗീസ് അച്ചൻ മലയാളികൾക്ക് സുപരിചിതനാണ് . നിലപാടുകളിലെ വ്യതിരിക്തത ഈ വൈദികന്റെ പ്രവർത്തന വഴികളെ വേറിട്ടതാക്കുന്നു.

അന്ത്യോഖ്യ സിറിയൻ ഓർത്തഡോക്സ് ചർച്ചിന്റെ അമേരിക്കയിലെ മലങ്കര ആർച്ച് ഡയോസിസിലെ വൈദികനാണ് പത്തനംതിട്ട സ്വദേശിയായ ഫാ. ജോസഫ് വർഗീസ്. ഹോളി സോഫിയ കോപ്റ്റിക് ഓർത്തഡോക്സ് സ്കൂൾ ഓഫ് തിയോളജിയിലെ ആരാധനക്രമ പഠനത്തിന്റെ അഡ് ജംക്റ്റ് പ്രൊഫസറായും ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് ടോളറൻസിന്റെ (IRFT-New York),എക്സിക്യൂട്ടീവ് ഡയറക്ടറായും ഫാ. ജോസഫ് വർഗീസ് സേവനമനുഷ്ഠിക്കുന്നു. ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് സമാധാനത്തിനായുള്ള മതങ്ങളുടെ എക്സിക്യൂട്ടീവ് കൗൺസിൽ (RFP-USA), അംഗമായും നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് യു.എസ്.എ.യുടെ ഇന്റർ റിലീജിയസ് ഡയലോഗു(NCC-USA)കളുടെ കോ-കൺവീനറായും പ്രവർത്തിക്കുന്നു . മുപ്പത്തി ഏഴ് അംഗ കൂട്ടായ്മകളെയും 30 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെയും പ്രതിനിധീകരിക്കുന്ന യുഎസിലെ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസിന്റെ 2010 മുതലുള്ള മതാന്തര സംവാദങ്ങളുടെ കൺവീനിംഗ് ടേബിളിന്റെ കോ-കൺവീനറുമാണ് ഫാ. ജോസഫ് വർഗീസ്.

–ജോർജ് തുമ്പയിൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments