Sunday, September 29, 2024
Homeഅമേരിക്കഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഉദാത്ത മാതൃക: പാണക്കാട് സെയിദ് മുനവ്വറലി ശിഹാബ് തങ്ങൾ

ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഉദാത്ത മാതൃക: പാണക്കാട് സെയിദ് മുനവ്വറലി ശിഹാബ് തങ്ങൾ

അനിൽ ആറന്മുള

ഹ്യൂസ്റ്റൺ: ‘ഒരു രാഷ്ട്രീയക്കാരൻ എങ്ങനെയായിരിക്കണം എന്നതിന് ഉദാത്ത മാതൃകയായിരുന്നു ഉമ്മൻ ചാണ്ടി. ജനങ്ങളുമായി ഇടപഴകി അവരുടെ പ്രശ്നങ്ങൾ തന്റേതാക്കി അവയ്ക്കു പരിഹാരം കണ്ടെത്തിക്കൊടുക്കുന്ന, ജനക്ഷേമത്തിനായി ഉഴിഞ്ഞുവച്ച ഒരു ജീവിതം അതായിരുന്നു ഉമ്മൻ ചാണ്ടി. എന്റെ പിതാവിന്റെ ജീവിതത്തിനൊപ്പം ചേർത്ത് വയ്ക്കാവുന്ന ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത് അതുകൊണ്ടു തന്നെ ഞാനും അദ്ദേഹത്തിന്റെ പുത്രൻ ചാണ്ടി ഉമ്മനും ഏതാണ്ട് ഒരേ തോണിയിലെ യാത്രക്കാരായി മാറുന്നു’. കേരളം സംസ്ഥാന മുസ്‌ലി യൂത്ത് ലീഗ് പ്രസിഡന്റുകൂടിയായ പാണക്കാട് സെയ്ദ് മുനവർ അലി ശിഹാബ് തങ്ങളുടെ വാക്കുകൾ ചാണ്ടി ഉമ്മനെ വികാരാധീനനാക്കി. ഇന്നലെ ഹ്യൂസ്റ്റനിൽ ‘ഫ്രണ്ട് ഓഫ് ഉമ്മൻ ചാണ്ടി’ സംഘടിപ്പിച്ച സ്വീകരണ വേദിയിലായിരുന്നു പ്രതികരണം നടന്നത്.

അപ്രതീക്ഷിതമായി ഹ്യൂസ്റ്റനിൽ എത്തിയ ചാണ്ടി ഉമ്മനും നാസാ സന്ദർശനത്തിനെത്തിയ മുനവർ അലി ശിഹാബ് തങ്ങൾക്കും പെട്ടെന്ന് ഒരുക്കിയതെങ്കിലും ഊഷ്മളമായ സ്വീകരണ സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു മുനവർ അലി തങ്ങൾ. ഇന്നും എല്ലാ ചൊവ്വാഴ്ചയും പാണക്കാട്ടു കുടുംബത്തിൽ ജാതി മത ഭേദമില്ലാതെ സഹായം തേടി വരുന്നവരുടെ നീണ്ട നിരയാണ്. തന്റെ പിതാവ് തുടങ്ങിവച്ച മാതൃക ഇന്ന് തങ്ങളും തുടർന്നുപോരുന്നു. അതെ അവസ്ഥയാണ് പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വസതിയിലും. അദ്ദേഹം അനുസ്മരിച്ചു.

മറുപടി പറഞ്ഞ ചാണ്ടി ഉമ്മൻ മധുരതരമായ പിതൃസ്മരണകൾ ഉണർത്തിയതിനു അദ്ദേഹത്തോട് നന്ദി പറഞ്ഞു. കോട്ടയത്ത് നടത്തിയ ഉമ്മൻ‌ചാണ്ടി അനുസ്മരണത്തിൽ ക്ഷണിച്ചെങ്കിലും പങ്കെടുക്കാൻ കഴിയാതിരുന്ന മുനവർ അലി ശിഹാബ് തങ്ങൾക്കു അമേരിക്കയിലെത്തി അനുസ്മരണം നടത്താനായിരുന്നു വിധി എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

തന്റെ പിതാവിന്റെ വേർപാടിന്റെ ഒന്നാം വാർഷികത്തിൽ 50 സാധുക്കൾക്ക് വീടുവച്ചു നൽകുക എന്ന ഉദ്യമത്തിലാണ് താനിപ്പോൾ. അപ്പക്കുവേണ്ടി അത് സാധിക്കണം. രാഷ്ട്രീയം പറയാൻ താല്പര്യമില്ല എങ്കിലും പുതുപ്പള്ളിക്കും അപ്പുറം കേരളത്തിലെ എല്ലാ വിദ്യാർഥികളെയും കണക്കിലെടുത്തു സ്പോർട്സിനു പ്രാമുഖ്യം നൽകി കഴിയുന്നത്ര സ്റ്റേഡിയങ്ങൾ നിർമിച്ചു നൽകുകയാണ് തന്റെ ലക്‌ഷ്യം. ഇന്ന് സ്കൂളുകൾ വരെ മയക്കുമരുന്നിന്റെ കേന്ദ്രങ്ങൾ ആയി മാറിയിരിക്കുന്നു. ഭരിക്കുന്നവർക്കു ഒന്നും ചെയ്യാനാകാതെ നോക്കിയിരിക്കുന്നു. കുട്ടികൾ സെൽ ഫോണിന് അടിപ്പെട്ട് ആത്മഹത്യയിലേക്ക് അടുക്കുന്നു. പാസായി ഇറങ്ങുന്ന തലമുറ എങ്ങനെയെങ്കിലും രാജ്യം വിടാനായി പരിശ്രമിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം നമുക്ക് ടൂറിസവും ഒക്കെ വികസിപ്പിച്ചെടുത്ത് നമ്മുടെ ആളുകൾക്ക് വ്യവസായവും തൊഴിലും ഒക്കെ ചെയ്യാൻ പറ്റും പക്ഷെ മുന്കയ്യെടുക്കാൻ ഒരു പരിപാടിയും സർക്കാരിനില്ല. വളർച്ച മുരടിച്ച, കടക്കെണിയിൽ അകപ്പെട്ട സംസ്ഥാനായി കേരളം അധപ്പതിച്ചിരിക്കുന്നു. ചാണ്ടി ഉമ്മൻ പ്രസ്താവിച്ചു.

സമ്മേളനത്തിൽ ജോസഫ് എബ്രഹാം അധ്യക്ഷനായിരുന്നു.
ഉമ്മൻചാണ്ടിയുടെ സുഹൃത്തും സഹപാഠിയുമായിരുന്ന വി വി ബാബുക്കുട്ടി സി പി എ സ്വാഗതം ആശംസിച്ചു. സ്റ്റാഫ്‌ഫോർഡ് മേയർ കെൻ മാത്യു, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, ഫോമാ പ്രസിഡണ്ട് ബേബി മണക്കുന്നേൽ, മുൻ ഫൊക്കാന പ്രസിഡണ്ട് ജി കെ പിള്ള, മുൻ ഫോമാ പ്രസിഡണ്ട് ശശിധരൻ നായർ, ഐപിസിഎൻ എ നാഷണൽ വൈസ് പ്രസിഡണ്ട് അനിൽ ആറന്മുള, മാഗ് പ്രസിഡണ്ട് മാത്യു മുണ്ടക്കൽ, ഫ്രണ്ട്‌സ് ഓഫ് പെർലാൻഡ് പ്രസിഡണ്ട് സന്തോഷ് ഐപ്പ്, കോട്ടയം അസോസിയേഷൻ പ്രസിഡണ്ട് സുകു ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിച്ചു.
മുഖ്യ സംഘാടകനായ ഫൊക്കാന സ്റ്റീബോർഡ് സെക്രട്ടറി എബ്രഹാം ഈപ്പൻ നന്ദി പ്രകാശനം നടത്തി.

കേരളത്തിലെ പോലെ അമേരിക്കയിലും കോൺഗ്രസുകാർ പലഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്നത് കാരണം നാട്ടിൽ നിന്നെത്തുന്ന നേതാക്കന്മാർക്ക് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു എന് എബ്രഹാം ഈപ്പൻ പറഞ്ഞു. അതുകൊണ്ടാണ് ഒരു ഗ്രൂപ്പിലും പെടാതെ ഫ്രണ്ട്‌സ് ഓഫ് ഉമ്മൻ ചാണ്ടി എന്ന പേരിൽ ഈ സമ്മേളനം സംഘടിപ്പിക്കേണ്ടി വന്നത് എന്നും, ഇനിയെങ്കിലും ഗ്രൂപ്പിസം വെടിഞ്ഞു കോൺഗ്രെസ്സുകാരെല്ലാം ഒന്നായി തീരണം എന്ന് അദ്ദേഹം അഭ്യർഥിച്ചു. അനില സന്ദീപ് പരിപാടിയുടെ എംസി ആയിരുന്നു.

അനിൽ ആറന്മുള

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments