പലസ്തീനികൾക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയതിന് പിന്നാലെ ഗാസയുടെ മൂന്നിൽ രണ്ട് ഭാഗവും പിടിച്ചെടുത്ത് ഇസ്രയേൽ. പിടിച്ചെടുത്ത ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ഇസ്രയേൽ കുടിയിറക്ക ഉത്തരവുകൾ നൽകിയിട്ടുണ്ടെന്നും വലിയ പ്രദേശങ്ങൾ നിരോധിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും യുഎൻ കോർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഒസിഎച്ച്എ) വ്യക്തമാക്കി.
തെക്കൻ റഫയിലെ ഒരു വലിയ ഭാഗവും നിയന്ത്രിത പ്രദേശങ്ങളിൽ ഉൾപ്പെടുന്നുണ്ട്. ഈ പ്രദേശത്ത് തങ്ങൾ ശക്തമായ ആക്രമണം നടത്തുമെന്ന് മാർച്ച് 32ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഈ മേഖല കൂടി സൈന്യം പിടിച്ചെടുത്തത്. വെള്ളിയാഴ്ച രാവിലെ ഇസ്രയേൽ സൈന്യം തങ്ങളുടെ “സുരക്ഷാ മേഖല” വികസിപ്പിക്കുന്നതിനായി പുതിയ കര ആക്രമണം ആരംഭിച്ച ഗാസ നഗരത്തിൻ്റെ ചില ഭാഗങ്ങളും നിയന്ത്രണങ്ങൾ വന്നയിടങ്ങളിൽ ഉൾപ്പെടുന്നുണ്ട്.
അതേസമയം ഇന്ന് രാവിലെ ഖാൻ യൂനിസിലെ ചാരിറ്റബിൾ ഫുഡ് കിച്ചണിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തിയെന്നും മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നും അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 89 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 287 പേർക്ക് പരുക്കും പറ്റിയിട്ടുണ്ട്.
മാർച്ച് 18ന് ഇസ്രയേൽ താത്ക്കാലിക വെടിനിർത്തൽ ലംഘിച്ച് ആക്രമണം വീണ്ടും ശക്തമാക്കിയതിന് പിന്നാലെ ഗാസയിൽ 1249 കൊല്ലപ്പെട്ടതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നൂറ് കുട്ടികൾക്ക് ജീവൻ നഷ്ടപ്പെടുകയോ, പരുക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യുഎൻആർഡബ്ള്യുഎയും അറിയിച്ചിട്ടുണ്ട്. അതിനിടെ പരുക്ക് പറ്റിയവരെ ചികിത്സിക്കാനുള്ള സൌകര്യം ഇല്ലെന്ന് ഗാസയിലെ പ്രമുഖ ആശുപത്രിയായ അൽ- അലിയിലെ മെഡിക്കൽ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.ഇതോടെ ഇവരുടെ ചികിത്സയും പ്രതിസന്ധിയിലായിരിക്കുകയാണ്.