ഇസ്രയേലിന് വേണ്ടി ചാരപ്പണി നടത്തുകയും നിർണായക കേന്ദ്രങ്ങളെ കുറിച്ചും, വ്യക്തികളെ കുറിച്ചും വിവരങ്ങൾ മൊസാദിന് കൈമാറുകയും ചെയ്ത യുവാവിനെ ഇറാൻ തൂക്കിലേറ്റി. മജീദ് മൊസയേദി എന്നയാളെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാൻ – ഇസ്രയേൽ സംഘർഷം അതിന്റെ പാരമ്യത്തിൽ എത്തുകയും അമേരിക്ക ഇറാൻ ആണവ കേന്ദ്രങ്ങൾ എത്തുകയും ചെയ്ത സന്ദർഭത്തിലാണ് വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. ഇസ്രയേൽ ആക്രമണം ആരംഭിച്ചതിന് ശേഷം നിരവധി ചാരന്മാരെയാണ് ഇറാൻ പിടികൂടിയത്
നിർണായക വിവരങ്ങൾ കൈമാറിയതിന് മജീദ് മൊസയേദിക്കെതിരെ കേസെടുക്കുകയും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് സുപ്രീംകോടതി ഇയാളെ വധശിക്ഷക്ക് വിധിച്ചത്.
പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മൊസാദിന്‍റെ ഒരു ഏജന്‍റിനാണ് ഇയാൾ വിവരങ്ങൾ കൈമാറിക്കൊണ്ടിരുന്നത്. ഇറാന്‍റെ നിർണായക കേന്ദ്രങ്ങളെ കുറിച്ചും, പ്രധാനപ്പെട്ട വ്യക്തികളെ കുറിച്ചുമുള്ള വിവരങ്ങൾ ഈ ഏജന്റിന് കൈമാറുകയും, പ്രതിഫലം ക്രിപ്റ്റോ കറൻസിയായി കൈപ്പറ്റുകയും ചെയ്‌തെന്നാണ് കണ്ടെത്തിയിരിക്കുന്നത്.