കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ, 12.25 ഓടെ ആയിരുന്നു അന്ത്യം. 56 വയസ്സായിരുന്നു. ഈ മാസം പതിനാറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതു ദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനിൽ നടക്കും.
രാജസേനന്റെയും റാഫി മെക്കാർട്ടിൻ്റെയും ചിത്രങ്ങളിൽ സഹസംവിധായകനായി 1990ലാണ് ഷാഫി സിനി മാരംഗത്തെത്തിയത്. ആദ്യ സിനിമ വൺ മാൻ ഷോ. 2001ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നായകരായെത്തിയത് ജയറാമും ലാലും. തുടർന്ന് കല്യാണരാമൻ, പുലിവാൽ കല്യാണം, മായാവി, തൊമ്മനും മക്കളും, മേരിക്കുണ്ടൊരു കുഞ്ഞാട്, ചട്ടമ്പിനാട് തുടങ്ങി മലായാളിക്ക് എന്നും ഓർത്ത് ചിരിക്കാൻ കഴിയുന്ന ചിത്രങ്ങൾ സമ്മാനിച്ചു. തമിഴിൽ മജയെന്ന ചിത്രവും സംവിധാനം ചെയ്‌തു നർമത്തിൻ്റെ ട്രാക്കിലായിരുന്നു ഷാഫിയുടെ ചലച്ചിത്ര യാത്ര. മമ്മൂട്ടിയുടെയും രാജൻ പി ദേവിൻ്റെയും ഹാസ്യമികവ് ആസ്വാദകർ അറിഞ്ഞത് ഷാഫി ചിത്രങ്ങളിലൂടെയാണ്.
പുല്ലേപ്പടിയിലെ കലാകുടുംബത്തിലായിരുന്നു ജനനം സിനിമയുടെ ആദ്യ പാഠശാല സിദിഖ്- ലാൽ കൂട്ടുകെട്ടായിരുന്നു. ഷാഫിയുടെ അമ്മയുടെ ചെറിയച്ഛന്റെ മകനായിരുന്നു സിദിഖ്. സംവിധായക ജോഡികളായ റാഫി- മെക്കാർട്ടിനിലെ റാഫി ഷാഫിയുടെ സഹോദരനാണ്. ആദ്യത്തെ കൺമണി ചിത്രത്തിൽ രാജസേനന്റെ സംവിധാന സഹായിയായാണ് സിനിമയിൽ പ്രവേശിച്ചത്. 2022 ൽ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. 2018-ൽ ഷാഫി സംവിധാനം ചെയ്ത മെഗാ സ്റ്റേജ് ഷോ മധുരം 18 യുഎസ്എയിലും കാനഡയിലും 15 സ്റ്റേജുകളിലായി അവതരിപ്പിച്ചു. ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ.