Monday, December 16, 2024
Homeഅമേരിക്കവേർപാടിന്റെ പത്തൊമ്പതാം ആണ്ട്

വേർപാടിന്റെ പത്തൊമ്പതാം ആണ്ട്

മേരി ജോസി മലയിൽ✍️ തിരുവനന്തപുരം.

15-12-2024. പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം തികയുന്നു. കൊച്ചുകൊച്ചു നർമ്മ കഥകളിലൂടെ അനേകം ജീവിത പാഠങ്ങൾ പകർന്ന് തന്ന പോൾ അങ്കിളിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചെറിയൊരു ഓർമക്കുറിപ്പ് എഴുതുന്നു.

മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം 1976-77 കാലഘട്ടത്തിൽ ഞാൻ ഞങ്ങളുടെ അമ്മ വീടിനടുത്ത് തന്നെ തൃശ്ശൂർ താമസിക്കുന്ന സമയം. കെഎസ്ഇബിയിൽ ജോലിചെയ്തിരുന്ന അച്ഛന് ആയിടക്കാണ് സ്ഥലം മാറ്റം കിട്ടി തൃശ്ശൂർ എത്തിയതെങ്കിലും ഒന്നരവർഷം കഴിഞ്ഞപ്പോഴേ സൈലൻറ് വാലി പ്രൊജക്ടുമായി ബന്ധപ്പെട്ട് അച്ഛന് മണ്ണാർക്കാട് ലേക്ക് വീണ്ടും സ്ഥലംമാറ്റമായി.

ഭാർഗ്ഗവീ നിലയം പോലുള്ള ഞങ്ങളുടെ സ്വന്തം വീട്ടിൽ ഞങ്ങൾ അമ്മയും മക്കളും തനിച്ചായി. വാരാന്ത്യത്തിൽ മാത്രം അച്ഛൻ വരും. പിന്നെ പോൾ അങ്കിൾ ഒക്കെ അടങ്ങുന്ന ഞങ്ങളുടെ അമ്മവീട് തൊട്ടടുത്തായതുകൊണ്ടും എല്ലാ സഹായത്തിനും മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നതുകൊണ്ടും വലിയ സങ്കടം ഉണ്ടായിരുന്നില്ല. ജീവിതം ശാന്തമായി ഒഴുകുമ്പോൾ ആണ് അശനിപാതം പോലെ ഒരു ദിവസം രാത്രി കഴിഞ്ഞപ്പോൾ വന്ന ഒരു ഫോൺകാളിനെ തുടർന്ന് മുത്തച്ഛനും പോൾ അങ്കിളും ഞങ്ങളുടെ വീട്ടിലേക്ക് ഓടിയെത്തിയത്.

അന്ന് ഞങ്ങളുടെ വീട്ടിൽ ഫോണില്ല. ഞങ്ങളുടെ വീടിന് ഇടതുവശത്ത് ഒരു ഹിന്ദിക്കാർ കുടുംബവും വലതുവശത്തെ വീട്ടിൽ വൃദ്ധദമ്പതികൾ ആയ ഇനാശേട്ടനും ഭാര്യയും കുറെ വിലകൂടിയ പട്ടികളും ആണ് താമസം. ഹിന്ദിക്കാരൻ പയ്യൻറെ വീട്ടിലേക്ക് പാതിരാത്രി കഴിഞ്ഞപ്പോൾ ഒരു ഫോൺ കോൾ വന്നു. എൻജിനീയർ സാറിൻറെ വീട് ഞങ്ങൾ കുറച്ച് ആൾക്കാർ ചേർന്ന് വളയാൻ പോവുകയാണെന്നും പറഞ്ഞു ഭീഷണിയുടെ സ്വരത്തിൽ ഉള്ള ഒരു കോളായിരുന്നു അത്. ആ ഹിന്ദിക്കാരൻ പയ്യൻ ഉടനെ തന്നെ ഇനാശേട്ടനെ ഫോണിൽ വിവരമറിയിച്ചു. ഞങ്ങളുടെ വീട്ടിൽ അച്ഛൻ ഇല്ല എന്നറിയാവുന്നതുകൊണ്ട് ആണ് ഇനാശേട്ടനെ വിവരം അറിയിച്ചത്.അടുത്ത് തന്നെ താമസിക്കുന്ന മുത്തച്ഛനെ ഇനാശേട്ടൻ ഫോണിൽവിവരം അറിയിച്ചു. മുത്തച്ഛനും പോൾ അങ്കിളും എല്ലാവരുംകൂടി വീടിനു പുറത്തു നിൽപ്പായി. അജ്ഞാത ഫോൺ കാൾനെ പറ്റിയുള്ള വിവരങ്ങൾ ഹിന്ദിക്കാരൻ പയ്യൻ മുറി മലയാളത്തിൽ എല്ലാവരെയും പറഞ്ഞു കേൾപ്പിക്കുന്നുണ്ട്. സൈലൻറ് വാലി പ്രോജക്ട് വേണ്ടെന്നും വേണമെന്നും പറഞ്ഞുള്ള തർക്കം നടക്കുന്ന സമയമായിരുന്നു അത്. കാട് സംരക്ഷിക്കണം എന്ന് പറഞ്ഞ് പ്രകൃതിസ്നേഹികൾ ഒരു വശത്ത്.വൈദ്യുതിപ്രതിസന്ധി മറികടക്കാൻ ഈ പ്രൊജക്റ്റ്‌ വന്നേ മതിയാകു എന്ന് പറഞ്ഞ് മറ്റൊരു കൂട്ടർ.എൻറെ അച്ഛൻ ആയിരുന്നു അതിൻറെ പ്രധാന വകുപ്പുതല മേധാവി. ഇനി അതിന്റെ തുടർ നാടകങ്ങൾ ആയിരിക്കുമോ ഇവിടെ അരങ്ങേറാൻ പോകുന്നത് എന്ന് ഭയന്ന് വിറച്ച് എല്ലാവരും ഞങ്ങളുടെ വീടിന് മുന്നിൽ കാവൽ നിൽക്കുകയാണ്.
സെക്കൻഡ് ഷോ സിനിമ കഴിഞ്ഞ് റോഡിലൂടെ വന്നവരും വിവരമറിഞ്ഞ് അവിടെ നിലയുറപ്പിച്ചു. അപ്രതീക്ഷിതമായി നാടക -സിനിമ നടനെ നേരിൽ കണ്ട സന്തോഷത്തിൽ അവരും പോൾ അങ്കിളിനു കൂട്ടു നിന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ മാത്രം പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചാൽ മതി എന്ന തീരുമാനത്തിൽ എല്ലാവരും മൂന്നു മണി വരെ കാത്തു നിന്നു അത്രേ! ഞങ്ങൾ ഇതൊന്നുമറിയാതെ സുഖസുഷുപ്തിയിൽ.

ആരെയും കാണാത്തതുകൊണ്ട് ഞങ്ങളെ തട്ടിവിളിച്ച് മുത്തച്ഛനും പോൾ അങ്കിളും വീടിനകത്തേക്ക് കയറി ഞങ്ങളോട് വിവരം പറഞ്ഞു. ഞങ്ങൾ ഇവിടെത്തന്നെയുണ്ട് ആരും പേടിക്കണ്ട എന്ന് പറഞ്ഞ് ഉറങ്ങാൻ പോയി. നേരം വെളുത്തപ്പോൾ തന്നെ മുത്തച്ഛൻ പള്ളിയിൽ പോക്കും മറ്റും കൃത്യമായി ചെയ്യുന്ന ആളായതുകൊണ്ട് സ്ഥലംവിട്ടു.രാവിലെ 11 മണിയോടെ പോൾ അങ്കിൾ ഉണർന്നു. ഞങ്ങളൊക്കെ തലേദിവസത്തെ സംഭവങ്ങൾ കേൾക്കാൻ കാതോർത്തിരിക്കുകയായിരുന്നു. പോൾ അങ്കിൾ ഉണർന്ന ഉടനെ എന്തോ വെളിപാട് ഉണ്ടായതുപോലെ ഹിന്ദിക്കാരൻറെ വീട്ടിലേക്ക് കയറി ചെന്നു. ഫോൺ വന്നു എന്നും പറഞ്ഞ് ആളെ കൂട്ടിയ ചെറുപ്പക്കാരൻ കുറച്ചു പഴങ്കടലാസുകളിൽ എന്തോ കുത്തി കുറിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു അവിടെ. കതിര് പോലുള്ള ആ ചെറുക്കനെ ഒത്ത വണ്ണവും ഉയരവും ഉള്ള പോൾ അങ്കിൾ വായുവിൽ നിർത്തി നാടക സ്റ്റൈലിൽ ഒരു ചോദ്യം. “സത്യം പറയടാ നാറീ നീ മെനഞ്ഞ ഒരു കള്ള കഥയല്ലേ ഇത് എന്ന് അലർച്ചയോടെ ഒരു ചോദ്യവും”. പയ്യൻ വിറച്ച് പോൾ അങ്കിളിന്റെ കാലിലേക്ക് “ക്ഷമാ കിജിയെ പോളേട്ടാ.
ഞാൻ ഒരു നോവലെഴുതി കൊണ്ടിരിക്കുകയായിരുന്നു. അതിൻറെ ക്ലൈമാക്സ് എങ്ങനെ ആയിരിക്കണം എന്ന് ചിന്തിച്ച് ഒരു എത്തും പിടിയും ഇല്ല. അപ്പോഴാണ് എനിക്ക് ഇങ്ങനെ ഒരു ഐഡിയ തോന്നിയത്. ഇന്നലെ നടന്ന സംഭവങ്ങൾ ഓരോന്നായി ഞാൻ ഹിന്ദിയിൽ എഴുതി കൊണ്ടിരിക്കുകയാണെന്ന്. “
കലാകാരനായ പോൾ അങ്കിൾ ഇത് കേട്ട് ചിരിച്ചു പോയി. സൃഷ്ടിയുടെ വേദന നന്നായി അറിയുന്ന ആളാണല്ലോ ഒരു കലാകാരൻ. 😜
ഏതായാലും അവനെക്കൊണ്ട് ഇനാശേട്ടനോടും മുത്തച്ഛനോടും മാപ്പ് പറയിച്ചു എന്ന് പറഞ്ഞാൽ കഥാന്ത്യം ആയി. ആ സംഭവത്തിന് ശേഷം രാത്രിയും പകലും ഒന്നുപോലെ ഭയന്നുവിറച്ച ഞങ്ങൾ കുട്ടികൾക്ക് കൂട്ടായി മുത്തശ്ശി ഞങ്ങളോടൊപ്പം താമസിച്ച് ധൈര്യം തന്നു. വരാന്ത്യത്തിൽ അച്ഛൻ എത്തിയപ്പോഴാണ് ഈ കഥകളൊക്കെ അറിയുന്നത്. പോൾ അങ്കിൾ അന്ന് കള്ളി വെളിച്ചത്തുകൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ഡെമോക്ലസ്സിന്റെ വാൾ പോലെ ഇന്നും ഈ സംശയം നില നിന്നേനെ. മാത്രമല്ല ഹിന്ദിക്കാരൻ പയ്യൻ അവൻറെ ഓരോ പുതിയ നോവൽ എഴുതുമ്പോഴും ഇതുപോലുള്ള ഓരോ നാടകങ്ങൾ ആവർത്തിച്ചേനെ.

അന്ന് ഭയന്ന് വിറച്ചിരുന്നു എങ്കിലും ഇപ്പോൾ പറഞ്ഞു ചിരിക്കാൻ ഉള്ള ഒരു പഴങ്കഥ മാത്രമായി ഇത്. ഞങ്ങളുടെ കുടുംബാംഗങ്ങൾ ഒത്തുകൂടുമ്പോൾ നമ്മുടെ ഹിന്ദിക്കാരൻ നോവലിസ്റ്റ് എന്തുപറയുന്നു എന്ന് തമാശയായി ചോദിക്കുകയും ആ വീടിന് ഹിന്ദിക്കാരൻ നോവലിസ്റ്റിന്റെ വീട് എന്ന പേര് വീഴുകയും ചെയ്തു.

മേരി ജോസി മലയിൽ✍️
തിരുവനന്തപുരം.

(അന്തരിച്ച പ്രശസ്ത നാടക – സിനിമാ നടൻ സി. ഐ. പോൾ എൻറെ മാതൃസഹോദരനാണ്.)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments