മലയാളികൾക്ക് എന്നും അഭിമാനമായ ഇതിഹാസ എഴുത്തുകാരൻ ഒറ്റുപുലാക്കൽ വേലുക്കുട്ടി വിജയൻ എന്ന ഒ വി വിജയൻ. ചെറുകഥ രംഗത്തും നോവൽ രംഗത്തും തന്റെതായ ശൈലിയിലൂടെ അദ്ദേഹം മലയാള സാഹിത്യലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ നായകനാണ്.കൂടാതെ കാർട്ടൂണിസ്റ്റും ആണ്.
കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡുകൾ, വയലാർ, മുട്ടത്ത് വർക്കി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്‌കാരം,, പത്മശ്രീ (2001)എന്നീ ബഹുമതികൾ നേടിയ അദ്ദേഹത്തെ 2003 ൽ പത്മഭൂഷൻ നൽകി ആദരിച്ചു.
“കാറ്റ് പറഞ്ഞ കഥ ” എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ ഈ കഥ കൂടാതെ മറ്റ് ചില ചെറുകഥകളായ ” ഭ്രൂണം “, രമണനും മദനനും “, കാട്ടുകോഴിയുടെ ആഗ്രഹം “,”ആമ്പൽക്കുളത്തിലെ പുലരിക്കാറ്റ് “, ” കല്പടവുകൾ “, വിമാനത്താവളം “, സ്ഥിരീകരണം “, പുഴ “, ” സ്നേഹത്തിന്റെ ശ്രാദ്ധം “, “രാവുണ്ണി മേസ്തിരിയുടെ ചാർച്ചക്കാർ “, മുയലുകളുടെ ചക്രവർത്തി “,” പ്രാർത്ഥന “, ” മോഷണ ഗൂഡാലോചന”, “പക്ഷിശാസ്ത്രം ഭാഷാശാസ്ത്രം ” എന്നിവ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
കാറ്റ് പറഞ്ഞ കഥ – തിരക്കുകളിലേക്ക് പറിച്ചു നടപ്പെട്ട തെയ്യൂണ്ണി അവസാനം തന്റെ സഹോദരന്റെ പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ വേണ്ടി തിരഞ്ഞെടുത്ത മലയടിവാരത്തേക്കുള്ള യാത്ര. മനുഷ്യൻ എവിടെയൊക്കെ പോയാലും അവന്റെ മനസ്സിൽ എപ്പോഴും തന്റെ നാട് ആവും. ഒറ്റപ്പെടൽ അനുഭവിക്കാൻ തുടങ്ങുമ്പോഴേക്കും ശാന്തമായ ഒരു ജീവിതമാണ് ആഗ്രഹിക്കുക.
ഓരോ കഥകളും ദാർശനികതയുടെ സാഹചര്യങ്ങളുടേയും ശൈലികളുടെയും വൈവിദ്ധ്യം കാണിക്കുന്നു. ഓരോ കഥയിലും സ്വപ്നത്തിന്റെയും യഥാർഥ്യത്തിന്റെയും നേർചിത്രം കാണാൻ സാധിക്കും.
ഗ്രാമത്തെ ബാധിച്ച ഭ്രൂണത്തിന്റെ ശാപവും അതിന്റെ ഫലമായി നാട്ടിൽ ഉണ്ടായ ദുരിതങ്ങളും, ശാപമോക്ഷം ലഭിച്ച് സ്വാതന്ത്ര്യത്തിന്റെ പ്രസാദ ജാതകം തെളിഞ്ഞ നാട്. ഭ്രൂണം എന്ന കഥയിലൂടെ ഭാവനയുടെ ഉത്തുംഗശ്രിഖത്തിലാണ് വായനക്കാരെ കൊണ്ടെത്തിക്കുന്നത്.
ചങ്ങമ്പുഴയുടെ രമണൻ എന്ന കഥാപാത്രത്തിന്റെ പരിണാമം മദനൻ ആയി ഒരു പുനർ ചിന്ത.
ഓരോ കഥയിലും അദ്ദേഹത്തിന്റെതായ ശൈലിയിലൂടെ നൂതനമായ ഒരു എഴുത്ത് രീതി തന്നെ അദ്ദേഹത്തിന്റെതായിട്ടുണ്ട്.ചിലതിൽ ശാന്തമായ എഴുത്ത് രീതി ആണെങ്കിൽ ചിലതിൽ ഫലിതവും ആക്ഷേപഹാസ്യവുമാണുള്ളത്.വായനക്കാരിൽ കുളിർകാറ്റ് തഴുകിയ പോലെ ഉള്ള അനുഭവുമായി കാറ്റ് പറഞ്ഞ കഥ.