നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇന്ത്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് താഴ്ന്നിറങ്ങി. യാത്രക്കാരിൽ അവസാനക്കാരനായി അയാളും ഇറങ്ങി. ബാഗേജുകളായി പ്രത്യേകിച്ച് ഒന്നും തന്നെയില്ലായിരുന്നതിനാൽ കയ്യിൽ ഉണ്ടായിരുന്ന ബ്രീഫ് കേസ് പരിശോധന കഴിഞ്ഞ് അയാൾ പുറത്തെത്തി.
ഒരു വർഷത്തോളമായി നെടുമ്പാശ്ശേരി വിമാനത്താവളം പ്രവർത്തനം തുടങ്ങിയിട്ടെങ്കിലും അയാളുടെ ഇതു വഴിയുള്ള യാത്ര ഇതാദ്യമായിരുന്നു.
ഒരു മനോഹര ഗ്രാമമായിരുന്ന ഇവിടം വിമാനത്താവളത്തിന്റെ വരവോടെ വികസനത്തിന്റെ പാതയിലാണ്.
അയാൾ ആലോചിച്ചത് പണ്ട് കേരളത്തിൽ വിമാനത്താവളങ്ങൾ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അന്നെല്ലാം പുറംനാടുകളിലേക്ക് ജനങ്ങൾ വിമാന യാത്ര നടത്തുന്നതിന് മറ്റു സംസ്ഥാനങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കൂടിയതോടെ കേരളവും വികസനക്കുതിപ്പിലാണ്.
പുറത്തിറങ്ങിയ അയാൾ തൊട്ടടുത്ത ചായക്കടയിൽ കയറി പ്രഭാത ഭക്ഷണം കഴിച്ചു. മുൻകൂട്ടി അറിയിക്കാതെയുള്ള വരവായതിനാൽ വീട്ടിൽ നിന്ന് ചിലപ്പോൾ കഴിക്കാൻ സാധിച്ചില്ലെന്നു വരും.
വീട്ടിലെത്തിയപ്പോൾ ഉമ്മറത്തൊന്നും ആരെയും കാണാത്തതിനാൽ അയാൾ കയ്യിലെ ബ്രീഫ്കെയ്സ് ഉമ്മറ കോലായയിൽ വച്ച് തൊടിയിലേക്ക് നടന്നു.
ശരിയായ രീതിയിൽ വെള്ളവും, വളവും ലഭിക്കുന്നതിനാൽ വേനൽക്കാല പച്ചക്കറിത്തോട്ടത്തിൽ നല്ല ആരോഗ്യത്തോടെ ചെടികളും വള്ളികളും തലയാട്ടി നിൽക്കുന്നു.
ഇത് കണ്ടപ്പോൾ അയാളുടെ മനസ്സിലെ കർഷകൻ വീണ്ടും ഉണർന്നു.ചെടികളെ അരുമയോടെ അയാൾ തലോടി.
തൊടിയിൽ മാവുകളിൽ കുലകുലയായി മാങ്ങകൾ മൂത്തു നില്ക്കുന്നു പ്ലാവുകളിൽ ചക്കകളുമുണ്ട്.
നല്ല പഴുത്ത ചക്കയുടെ മണം വരുന്നുണ്ട്. അയാൾ മണം വരുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കി. ഒരണ്ണാൻ പഴുത്ത ഒരു ചക്കമേൽ കയറിയിരുന്നതാ തിന്നു കൊണ്ടിരിക്കുന്നു. ചക്ക തുളച്ച് ഉള്ളിലേക്ക് കയറിയാണ് ആശാന്റെ നില്പ്. എത്ര കൗതുകകരമാണാ കാഴ്ച. രണ്ട് മൂന്ന് കാക്കകൾ ചുറ്റു പറക്കുന്നുമുണ്ട്.
പ്രകൃതിയിൽ മറ്റു ജീവജാലങ്ങൾ എത്ര സന്തോഷത്തോടെയും പരസ്പരം ഒരുമയോടെയുമാണ് വസിക്കുന്നത്. നാം മനുഷ്യർ ആ ജീവികളെ കണ്ടു പഠിക്കണം, അയാളിലെ തത്വചിന്തകൻ ഉണർന്നു.
വെയിലിന് നല്ല ചൂടുണ്ട് എന്നാൽ പറമ്പിൽ ധാരാളം മരങ്ങളുണ്ടായിരുന്നതിനാൽ ഒരു കുളിർമ്മ അയാൾക്കനുഭവപ്പെട്ടു.
ഓരോന്ന് ആലോചിച്ചു കൊണ്ട് അയാൾ കിണറിനു സമീപത്തെത്തി. ആവശ്യത്തിന് വെള്ളമുണ്ട്. നല്ല തെളിഞ്ഞ വെള്ളം.
എത്തി നോക്കിക്കൊണ്ടിരുന്ന അയാളുടെ പ്രതിബിംബം അതിൽ കണ്ടു.
അയാൾ വീണ്ടും ഇറയത്തേക്ക് കയറി. പൂമുഖ വാതിൽ തുറന്നു കിടക്കുന്നു. ആരെയും കാണുന്നുമില്ല. ചെരിപ്പഴിച്ചു വെച്ച് അയാൾ അകത്ത് കയറി.
അച്ഛൻ മുറിയിലെ കട്ടിലിൽ കിടന്നു മയങ്ങുന്നു.
അമ്മയെവിടെ.
അയാൾ അവിടെയെല്ലാം തിരഞ്ഞു.
അടുക്കള ഭാഗത്തെത്തിയപ്പോൾ പാത്രങ്ങൾ കൂട്ടിമുട്ടുന്നതിന്റെയും വെള്ളം തെറിക്കുന്നതിന്റെ ശബ്ദം കേട്ടു. ചെറിയ രീതിയിലുള്ള സംസാരവും ചിരിയും കേൾക്കാനുമുണ്ട്.
അയാൾ അങ്ങോട്ട് നോക്കിയപ്പോൾ കണ്ട കാഴ്ച.വേലക്കാരി പാത്രം കഴുകിക്കാണ്ടിരിക്കുന്നു . തുരുതുരാ സംസാരിച്ചു കൊണ്ടിരിക്കുന്നു. അമ്മ താഴെ ഉമ്മറപ്പടിയിൽ ഇരുന്നത് കേൾക്കുന്നു.
അയാൾ ഒന്നു ചുമച്ചു. പെട്ടെന്ന് സംസാരം നിന്നു. അമ്മ പെട്ടെന്ന് തിരിഞ്ഞു നോക്കുകയും ചെയ്തു.
അയാളെ അവിടെക്കണ്ടപ്പോൾ പെട്ടെന്ന് അങ്കലാപ്പോടെ ചോദിച്ചു .
“ആരാ … മനസ്സിലായില്ലല്ലോ ….” പെട്ടെന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്തു .
” അല്ലാ … രാജുവോ … നീയിതെന്താ ആരോടും പറയാതെ ഇത്ര പെട്ടെന്ന് ….??”
ഞാനിന്നലെ ഒരു സ്വപ്നം കണ്ടു . അപ്പോൾ നിങ്ങളെയൊക്കെ കാണണമെന്ന് തോന്നി. അനുവാദം ചോദിച്ച് ഇങ്ങു പോന്നു. അയാൾ വെളിപ്പെടുത്തി.
രാവിലെ വല്ലതും കഴിച്ചതാണോ എന്ന് അമ്മ വീണ്ടും അന്വേഷിച്ചു. അയാൾ തലയാട്ടി.
അച്ഛനും അമ്മയ്ക്കും ഒന്നും പ്രത്യേകിച്ച് വിശേഷങ്ങളൊന്നും ഇല്ലല്ലോ എന്ന് അയാൾ വീണ്ടും തിരക്കി.
“നീ വന്നത് എന്തായാലും നന്നായി. നിന്നെ ഞാൻ വിളിക്കാൻ ഇരിക്കുകയായിരുന്നു , ഞാൻ …” അമ്മ പറഞ്ഞു
അയാളുടെ പേരിൽ വന്ന ഒരു കത്ത് അവിടെ വാങ്ങി വച്ചിട്ടുള്ളതായും , മാസങ്ങൾക്കു മുമ്പെ അയാൾ അപേക്ഷിച്ച ജോലിക്ക് കൂടിക്കാഴ്ച നടത്തുന്നത് സംബന്ധിച്ച കത്തായിരുന്നു അത്.
അയാൾ വസ്ത്രങ്ങൾ മാറി കുളിച്ചു വന്നപ്പോഴേക്കും അമ്മ ഉച്ചഭക്ഷണമെല്ലാം . തയ്യാറാക്കിയിരുന്നു .
ഊണു കഴിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു:
“അമ്മേ നാളെ പട്ടണം വരെ ഒന്നു പോകണം . പത്തു മണിക്കാണ് കൂടിക്കാഴ്ച്ചയ്ക്ക് സമയം തന്നിരിക്കുന്നത്.”
“ഏതായാലും ഒന്നു പോയി നോക്കാം . സർക്കാർ ജോലിയല്ലേ. വലിയ പിടിപാടുള്ളവർ കാണും .”
” പോയി നോക്കൂ മോനേ, ദൈവാധീനമുണ്ടെങ്കിൽ നിനക്കു തന്നെ കിട്ടും”
അമ്മ അവനെ ആശ്വസിപ്പിച്ചു.
ഊണു കഴിഞ്ഞ് കൈ കഴുകി വന്ന അയാളോട് അമ്മ ചോദിച്ചു
” മോനേ, ഞാൻ കുറച്ചു പെൺകുട്ടികളുടെ ഫോട്ടോകൾ അയച്ചിരുന്നു ”
“അതിൽ ആരെയെങ്കിലും നിനക്ക് ബോധിച്ചോ ” എന്നിട്ട് അവരെക്കുറിച്ചെല്ലാം പറഞ്ഞു തുടങ്ങി.
അപ്പോൾ അയാൾ ഇങ്ങിനെയാണ് പ്രതികരിച്ചത്.
“അമ്മേ അമ്മയ്ക്ക് മരുമകളായി ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ ആണ് ഞാൻ സങ്കൽപിച്ചത്”. ”
” അതാകുമ്പോൾ ആ കുടുംബത്തിനൊരു സഹായമാകുകയും ചെയ്യും കൂടാതെ നമ്മളുമായി ഇടപഴകി പോകുകയും ചെയ്യും”
“നമുക്കെന്തിനാ അമ്മേ ഇനി ഇതിൽ കൂടുതൽ പണം ? നാല് തലമുറയ്ക്ക് കഴിയാനുള്ളതിലുമധികം ധനം നമ്മുടെ അടുത്തില്ലേ”
“അങ്ങിനെ ഉള്ളവർ വല്ലവരും അമ്മയുടെ അറിവിൽ ഉണ്ടെങ്കിൽ അതു പറയൂ” “അതാവില്ലേ അമ്മേ നല്ലത് ?”
“നമ്മുടെ അടുക്കളയിൽ പണിക്കു വരുന്നവർക്കു ഒരു മകളുണ്ടായിരുന്നില്ലേ”
“എന്തായിരുന്നു കാർത്തിക എന്നോ മറ്റോ പേരുള്ള ഒരു കുട്ടി ?” “ആ കുട്ടി എന്റെ ഒരു പാട് ജൂനിയറായിട്ടു പഠിച്ചിരുന്നു”
” അമ്മയ്ക്ക് ഓർമ്മയില്ലേ …?”
അയാൾ വീണ്ടും ചോദിച്ചു .
“മോനെ ആ കുട്ടിയുടെ കാര്യം പറയാതിരിക്കുന്നതാ നല്ലത്. നല്ലപോലെ പഠിപ്പുണ്ട്, നല്ല സ്വഭാവവുമാണ് ”
അമ്മ പറയാൻ തുടങ്ങി .
“പക്ഷേ വരുന്ന ഓരോരുത്തരും എത്രയാ സ്ത്രീധനം ചോദിക്കുന്നതെന്നോ .”
“അച്ഛനും കൂടി ഇല്ലാത്ത ഒരു കൊച്ചല്ലേ, കൂടാതെ ഇരിക്കുന്ന വീടും സ്ഥലവും പണയത്തിലും”
നല്ല തറവാടികൾ ഒക്കെത്തന്നെയാ, പക്ഷെ ഇന്നത്തെ കാലത്ത് തറവാട്ടു മഹിമയൊക്കെ ആർക്കുവേണം”
“എല്ലാവരും പണത്തിന് ആർത്തി പിടിച്ചു നടക്കുന്നവരാ”. അമ്മ ഒരു ദീർഘ നിശ്വാസമുതിർത്തു.
“ഇനി വരുമ്പോൾ അമ്മ അവരോടൊന്ന് ഇതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കൂ ..”
“പറ്റുമെങ്കിൽ നാളെത്തന്നെ”
അവർ തയ്യാറാണെങ്കിൽ നമുക്ക് അടുത്ത മുഹൂർത്തത്തിൽത്തന്നെ വിവാഹം നടത്താം അയാൾ കൂട്ടിച്ചേർത്തു .
ആ സംഭാഷണം അവിടെ നിലച്ചു .
പിന്നീട് വൈകുന്നേരം അത്താഴം കഴിയും വരെ അവർ തമ്മിൽ ഇതേക്കുറിച്ചൊന്നും തന്നെ സംസാരിച്ചില്ല.
അയാൾ നഗരത്തിലെ ചൂടു കാലാവസ്ഥയെക്കുറിച്ചും മറ്റു വിശേഷങ്ങളെക്കുറിച്ചെല്ലാം സംസാരിച്ചു കൊണ്ടിരുന്നു. അച്ഛനും അവരുടെ ആ സ്നേഹ സല്ലാപത്തിൽ പങ്കു ചേർന്നു.
ഉഷ്ണകാലമായിരുന്നിട്ടു കൂടി തൊടിയിൽ ധാരാളം മരങ്ങളുണ്ടായിരുന്നിട്ടാകാം ഒട്ടും തന്നെ സഹിക്കാവതല്ലാത്ത ഉഷ്ണം അയാൾക്കനുഭവപ്പെട്ടില്ല …
വെറുതെയല്ല കവികൾ പാടിയിട്ടുള്ളത് ” നാട്ടിൻപുറം നന്മകളാൽ പ്രധാനം” എന്ന് . അയാൾ ചിന്തിച്ചു .
പലതും ആലോചിച്ചു കിടന്ന അയാളെ എപ്പോഴോ ഉറക്കം വന്നു തഴുകി.
പകൽ നേരത്തെ എത്തിയിരുന്നതിനാൽ യാത്രാക്ഷീണം അയാളെ തെല്ലും അലട്ടിയില്ല .
സ്വഗൃഹത്തിൽ സ്നേഹ നിധികളായ അമ്മയുടെയും, അച്ഛന്റെയും അടുത്ത് അല്ലലില്ലാതെ ഉറങ്ങാൻ ഒരു മകന് ഇതില്പരം എന്തു വേണം .. ??
അതിഭാവുകത്വമല്ല, അയാളുടെ ഉറക്കം അത്തരത്തിലുള്ള ഒന്നായിരുന്നു. മാതാവിന്റെ മടിത്തട്ടിൽ മയങ്ങുന്ന നിഷ്കളങ്കനായ പിഞ്ചുകുഞ്ഞിനെപ്പോലെ ….!!
രാവിലെ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങളെല്ലാം നിർവ്വഹിച്ച് അയാൾ ക്ഷേത്രത്തിൽ പോയി, ഉള്ളുരുകി പ്രാർത്ഥിച്ചു . (നഗരത്തിലെ ജീവിതത്തിനിടയിൽ പലവിധ സന്ദിഗ്ദ ഘട്ടത്തിലും യാതൊരു പ്രശ്നങ്ങളുമില്ലാതെ എല്ലാറ്റിനെയും തരണം ചെയ്യാൻ സാധിച്ച അയാളിൽ ക്രമേണ ക്രമേണ അയാളറിയാതെത്തന്നെ ഭക്തിഭാവം ഉടലെടുത്തിരുന്നു )
ക്ഷേത്രത്തിൽ നിന്ന് തിരിച്ചു വന്ന് പ്രാതൽ കഴിച്ചു.അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് പട്ടണത്തിലേക്ക് പോയി. ഇന്റർവ്യൂ നല്ല രീതിയിൽത്തന്നെ അറ്റൻഡ് ചെയ്തു.
താൻ പാതി ദൈവം പാതി എന്നാണല്ലോ അയാൾ ഓർത്തു.
ഇന്റർവ്യൂവിന് പത്തോളം ഉദ്യോഗാർത്ഥികൾ ഉണ്ടായിരുന്നിട്ടു കൂടി
ആ ജോലി തനിക്ക് തന്നെ ലഭിക്കുമെന്ന് അയാളുടെ മനസ്സിൽ ഒരു തോന്നൽ ഉദിച്ചു.
ഇന്റർവ്യൂ കഴിഞ്ഞു മടങ്ങിവരവെ രണ്ട് മൂന്ന് ബാല്യകാല സുഹൃത്തുക്കളെ കണ്ടുമുട്ടി. പരിചയം പുതുക്കി .
ഉച്ചയോടെ വീട്ടിൽ മടങ്ങി എത്തിയ അയാളെ കാത്ത് അച്ഛനും അമ്മയും ഉണ്ണാതെ കാത്തിരുന്നിരുന്നു.
ഉച്ച ഭക്ഷണത്തിനിടയിൽ ഇന്റർവ്യൂവിനെക്കുറിച്ചും അത് തനിക്ക് കിട്ടാൻ സാധ്യത ഉണ്ടെന്ന തോന്നലിനെക്കുറിച്ചുമെല്ലാം അയാൾ പറഞ്ഞു.
അമ്മയാകട്ടെ കാർത്തികയെക്കുറിച്ച് അടുക്കള പ്പണിക്കാരിയോട് ( നമുക്കിവരെ മാളു അമ്മ എന്ന് തൽക്കാലം വിളിക്കാം ) അന്വേഷിച്ചതിനെക്കുറിച്ചും, അവർക്ക് ആ ബന്ധത്തിൽ ഉടലെടുത്ത ആശങ്കകളെക്കുറിച്ച് പങ്ക് വച്ചതും എല്ലാം വിശദീകരിച്ചു :
നമുക്ക് പണമല്ല അവരുടെ സമ്മതം മാത്രമെ വേണ്ടൂ എന്ന് അമ്മ അവർക്ക് ഉറപ്പു കൊടുത്തതും. മാളുവമ്മ വിവാഹത്തിന് സമ്മതിച്ചതുമെല്ലാം സന്തോഷപൂർവ്വം വിശദീകരിച്ചു.
അടുത്ത നല്ലൊരു ദിവസം നോക്കി അയാളും അമ്മയും കൂടി കാർത്തികയെ കാണാൻ പോയി. ഔപചാരികമായ പെണ്ണുകാണൽ ചടങ്ങ്.
കാർത്തികയും, മാളുവമ്മയും അല്ലാതെ അവരുടെ കുടുംബത്തിൽ വേറെ ആരുമില്ലാത്തതിനാൽ കൂടുതൽ ആലോചനയുടെ ആവശ്യമൊന്നും തന്നെ വന്നില്ല. അടുത്തൊരു ശുഭമുഹൂർത്തത്തിൽത്തന്നെ വിവാഹത്തീയതി ഉറപ്പിച്ചു.
അനേക വർഷങ്ങൾക്കു ശേഷം ആ വീട്ടിൽ കൊണ്ടാടുന്ന ആദ്യ വിവാഹം എന്നതിനാൽത്തന്നെ വളരെ ആർഭാടപൂർവ്വം വിവാഹം കൊണ്ടാടണമെന്ന് അച്ഛനും അമ്മയ്ക്കും ആഗ്രഹമുണ്ടായിരുന്നു . അതിന്റെ കാര്യങ്ങളെല്ലാം തന്നെ അവർക്ക് വിട്ടു കൊടുത്തു.
എന്നാൽ അഞ്ച് അനാഥ കുടുംബങ്ങളിലെ കുമാരീ കുമാരന്മാർക്കും അന്നേ ദിവസം തന്നെ മംഗല്യ ഭാഗ്യമൊരുക്കണമെന്നാണ് തന്റെ ആശ എന്ന് അയാൾ അമ്മയെ അറിയിച്ചു. അതിനു വേണ്ട ഒരുക്കങ്ങൾക്കായി തൊട്ടടുത്ത് താമസിക്കുന്ന പഞ്ചായത്ത് മെമ്പറെ ചുമതലപ്പെടുത്തി.
എല്ലാമായി… ഇനി … അയാൾ ചിന്തയിലാണ്ടു. കമ്പനിയിൽ അറിയിക്കണ്ടെ…?
കൂടുതലൊന്നും ചിന്തിക്കാതെ അയാൾ ഫോൺ കയ്യിലെടുത്തു കമ്പനി മുതലാളിയെയും (അയാളുടെ ബോസ് ) നിഹാലിനെയും വിളിച്ച് ആ സന്തോഷ വാർത്ത അറിയിച്ചു. അവർ തിരിച്ച് അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു.
അങ്ങിനെ വിവാഹദിനം വന്നെത്തി ആറ് യുവതീ യുവാക്കൾ അതിലൊന്ന് രാജീവ് – കാർത്തിക, ബാക്കി സമീപ പ്രദേശത്തുള്ള അനാഥ കുടുംബങ്ങളിൽ നിന്നുമുള്ള യുവതീ-യുവാക്കൾ, ഒരേ വേദിയിൽ, ഒരേ മുഹൂർത്തത്തിൽത്തന്നെ ദമ്പതിമാരായി.
അയാൾക്ക് സർപ്രൈസേകി വിവാഹച്ചടങ്ങിൽ ബോസിന്റെയും നിഹാലിന്റെയും സാന്നിദ്ധ്യം ….!!!
താലി കെട്ട് ചടങ്ങ് കഴിഞ്ഞ് വലം വെക്കുന്നതിനിടെയാണ് അയാൾക്ക് ഒരു ഫോൺ സന്ദേശം ലഭിക്കുന്നത് .
അയാളെ നാട്ടിലെ സർക്കാർ ഓഫീസിലെ HR മാനേജരായി തെരഞ്ഞെടുത്തതായും, താല്പര്യമെങ്കിൽ 15 ദിവസത്തിനകം പുതിയ ജോലിയിൽ പ്രവേശിക്കണമെന്നും ആയിരുന്നു ഫോൺ സന്ദേശം.
പോസ്റ്റിംഗ് ഓർഡർ ഇ-മെയിൽ (അപ്പോഴേക്കും ഇ-മെയിൽ യുഗം ആരംഭിച്ചിരുന്നു ) മുഖേന അയച്ചിട്ടുള്ളതായും ഫോണിൽ അറിയിച്ചിരുന്നു.
എല്ലാം കൊണ്ടും സന്തോഷം പകരുന്ന ഒന്നായി ആ ഫോൺ സന്ദേശവും .
വിവാഹസദ്യയെല്ലാം കഴിഞ്ഞ് രാജീവ് ഇ-മെയിൽ സന്ദേശം ലഭ്യമാകുന്നതിനായി തന്റെ സുഹൃത്തിനെ പട്ടണത്തിലേക്കയച്ചു.
നെറ്റ് കഫേ (അക്കാലത്ത് വിരളമായിരുന്നു ) യിൽ പോയി തന്റെ മെയിൽ ബോക്സ് തുറന്നു സന്ദേശം പ്രിന്റെടുപ്പിച്ചു .
ബോസിനും നിഹാലിനും അയാൾ തന്റെ കുടുംബാംഗങ്ങളെ പരിചയപ്പെടുത്തി.
അവരും സന്തുഷ്ടരായിരുന്നു . എല്ലാം കൊണ്ടും ധന്യനിമിഷങ്ങൾ.
ഇതിനിടയിൽ അയാൾ തന്റെ പുതിയ ഉദ്യോഗലബ്ധിയെക്കുറിച്ച് ബോസിനോടു പറഞ്ഞു.
ബോസിന് രാജീവ് കമ്പനിയിൽ നിന്ന് വിട പറയുന്നതിൽ അതീവ ദുഃഖമുണ്ടായിരുന്നെങ്കിലും, തന്റെ പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നത് ഏതൊരു മക്കളുടെയും കടമയാണെന്ന ബോധ്യത്താൽ സമ്മതിച്ചു . അയാൾക്ക് പുതിയ ജോലിയിൽ എല്ലാവിധ നന്മകളും ആശംസിച്ചു.
അയാൾ കമ്പനിയുടെ മൈക്രോ ഓഫീസുകളുടെ ചുമതല നിഹാലിന് നൽകണമെന്ന് ബോസിനോട് അപേക്ഷിച്ചു. നിഹാൽ ആ പദവിക്കർഹനാണെന്നും, വളരെ ആത്മാർത്ഥതയുള്ള ആളാണെന്നും കൂട്ടിച്ചേർത്തു.
അപ്രകാരം തന്നെ ചെയ്യുന്നതിനും തീരുമാനമായി. നിഹാലും വളരെയധികം സന്തുഷ്ടനായിരുന്നു.
അവരുടെ മധുവിധു നൈനിറ്റാളിൽ കമ്പനിയുടെ പൂർണ്ണ ചെലവിൽ ഏർപ്പാടാക്കി. ബോസും നിഹാലും യാത്ര പറഞ്ഞിറങ്ങി.
പിൻകുറിപ്പുകൾ – രാജീവ് പുതിയ ജോലിയിൽ പ്രവേശിച്ചിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. നഗരത്തിലെ അയാളുടെ വില്ല അയാൾ നിഹാലിന് കൈമാറി.. അവിടെ നിന്ന് പോന്ന അയാൾക്കിനി അതിന്റെ ആവശ്യമില്ലല്ലോ. ആവശ്യക്കാർ ഉപയോഗിക്കട്ടെ.
രാജീവ് – കാർത്തിക ദമ്പതികൾക്ക് ഒരാൺകുഞ്ഞ് പിറന്നു . കടിഞ്ഞൂൽ സന്തതിയെ ലാളിച്ചും കൊഞ്ചിച്ചും കഴിയവെ കാർത്തികയ്ക്കും ഹെൽത്ത് സർവ്വീസിൽ ക്ലാർക്കായി ജോലി ലഭിച്ചു. അടുത്തുള്ള സർക്കാർ ആശുപത്രിയിൽത്തന്നെ ആയിരുന്നു നിയമനം.
ആ സന്തുഷ്ട കുടുംബം തങ്ങളുടെ ജീവിത നൗക സുഖ-ദുഃഖ സമ്മിശ്രമായി മുന്നോട്ട് തുഴഞ്ഞു മുന്നേറി.
ശുഭം …