Friday, January 10, 2025
Homeകേരളംപരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയിൽ ഉണ്ടാകില്ല; നടത്തുന്നത് ഊർജിതമായ തിരച്ചിൽ : മുഖ്യമന്ത്രി.

പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയിൽ ഉണ്ടാകില്ല; നടത്തുന്നത് ഊർജിതമായ തിരച്ചിൽ : മുഖ്യമന്ത്രി.

മേപ്പാടി; ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈയിലും ചൂരൽമലയിലും നടത്തുന്നത് സാധ്യതകളൊന്നും ബാക്കി നിർത്താതെയുള്ള തിരച്ചിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മുതൽ ഊർജിതമായ തിരച്ചിലും നിരീക്ഷണവും ഇന്ന് നടക്കുകയാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല് നിലമ്പൂർ വരെ ചാലിയാൽ കേന്ദ്രീകരിച്ചും ഇന്ന് തിരച്ചിൽ നടത്തുന്നു. സൈന്യം, വനംവകുപ്പ്, ഫയർഫോഴ്സ് എന്നിവരെയാണ് തിരച്ചിലിനായി നിയോ​ഗിച്ചിരിക്കുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല് വരെയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായ ഭാ​ഗത്ത് പ്രത്യേകിച്ച് സൺറൈസ് വാലി പോലെയുള്ള സ്ഥലങ്ങളിൽ ഹെലികോപ്ടറിലാണ് രക്ഷാപ്രവർത്തകരെ എത്തിച്ചത്. പരിശോധിക്കാത്ത ഒരു പ്രദേശവും മേഖലയിൽ ഉണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് പോകുന്നത്. നാട്ടുകാരിൽ നിന്നും പ്രത്യേക സഹായം ലഭിക്കുന്നുണ്ട്. മന്ത്രിസഭ ഉപസമിതി കൃത്യമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്

ചാലിയാറിന്റെ ഇരുകരകളിലും വനമേഖലയിലും തിരച്ചിൽ ശക്തമാക്കാൻ നേവി, കോസ്റ്റ്ദാർഡ് എന്നിവരുമായി ചർച്ച ചെയ്യും. കടലിൽ മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോ എന്നതടക്കം അന്വേഷിക്കും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന വേ​ഗത്തിൽ നടത്തും. ക്യാമ്പുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ ​ഗുണനിലവാരം ഉറപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ ക്യാമ്പിൽ കഴിയുന്നവരെ പുനരധിവസിപ്പിക്കാൻ മറ്റ് മാർ​ഗങ്ങൾ സ്വീകരിക്കുമെന്നും സ്കൂളുകളിൽ ഉടൻ തന്നെ ക്ലാസുകൾ ആരംഭിക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായി ഒരാഴ്ച്ച പിന്നിട്ടിരിക്കുന്നു. കാണാതായവരെ കണ്ടെത്താന്‍ സാധ്യതകളൊന്നും ബാക്കിനിര്‍ത്താതെയുള്ള തെരച്ചിലാണ് ഇതുവരെയും നടത്തിയത്. ഇതിന്‍റെ ഭാഗമായി ഉരുള്‍പൊട്ടലിന്‍റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതല്‍ ഉരുള്‍ജലപ്രവാഹത്തിന്‍റെ വഴികളിലൂടെയുള്ള ഊര്‍ജിതമായ തെരച്ചിലും നിരീക്ഷണവും ഇന്നും നടക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതല്‍ പോത്തുകല്ല്, നിലമ്പൂര്‍ വരെ ചാലിയാര്‍ കേന്ദ്രീകരിച്ചുമാണ് ഇന്ന് തെരച്ചില്‍ നടക്കുന്നത്.

സൈന്യം, വനം വകുപ്പ്, ഫയര്‍ ഫോഴ്സ് എന്നിവരടങ്ങിയ സംഘങ്ങളെയാണ് ഇന്ന് പ്രത്യേകമായി നിയോഗിച്ചിരിക്കുന്നത്. സൂചിപ്പാറ മുതല്‍ പോത്തുകല്ല് വരെയുള്ള ദുര്‍ഘടമായ മേഖലയിലേക്ക്, പ്രത്യേകിച്ചും ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് കാര്യമായി എത്തിപ്പെടാന്‍ കഴിയാതിരുന്ന സണ്‍റൈസ് വാലിയിലേക്ക് തെരച്ചില്‍ സംഘത്തെ ഹെലികോപ്റ്ററിലാണ് എത്തിക്കുന്നത്. പരിശോധിക്കാത്ത ഒരു പ്രദേശവും ഈ മേഖലയിലുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. തെരച്ചിലിനായി നാട്ടുകാരുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും ഭാഗത്തു നിന്ന് വലിയ സഹായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഇന്നലെ തെരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ ലഭിച്ചു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224ലെത്തി. വയനാട്ടില്‍ നിന്നും അഞ്ചും നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹവുമാണ് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്‍റേഷനിലെ ശ്മശാനത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനയോടെ സംസ്കരിച്ചു. വയനാട്ടില്‍ നിന്നും നൂറ്റിയമ്പതും നിലമ്പൂരില്‍ നിന്നും എഴുപത്താറും മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. വയനാട്ടില്‍ നിന്നും 24, നിലമ്പൂരില്‍ നിന്നും 157 ഉള്‍പ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതല്‍ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേര്‍ ഇപ്പോഴും ആശുപത്രികളിലാണ്. ചൂരല്‍ മല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേര്‍ കഴിയുന്നു.

ചാലിയാര്‍ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവര്‍ത്തനങ്ങളും ശക്തമാക്കാനും ഇന്ത്യന്‍ നേവി, ഇന്ത്യന്‍കോസ്റ്റ് ഗാര്‍ഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചര്‍ച്ച ചെയ്ത് മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ ഉപസമിതി യോഗം നിര്‍ദേശം നല്കിയിട്ടുണ്ട്.

തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധന നടത്തി ഐഡന്‍റിറ്റി സ്ഥിരീകരിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുകയാണ്. പുതിയ ക്രിമിനല്‍ നിയമ സംഹിതയുടെ വെളിച്ചത്തില്‍ ഡിഎന്‍എ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും, തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്കും, സന്നദ്ധപ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ഭക്ഷണത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി.

ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവരെ സ്കൂള്‍ ക്യാമ്പുകളില്‍ നിന്ന് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാറ്റുമ്പോള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. വെള്ളപ്പൊക്കത്തിന്‍റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുണ്ട്. വെള്ളവും ചെളിയും ഇറങ്ങിയാല്‍ താമസയോഗ്യമാക്കാനാകുന്ന വീടുകളുണ്ട്. അങ്ങനെ സുരക്ഷിതമായ വീടുകളുള്ള ആളുകളെ വെള്ളമിറങ്ങിയാല്‍ ശുചീകരണത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കും. ദുരന്തബാധിത മേഖലകളിലെ വീടുകളില്‍ നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ സുരക്ഷിതമായി വീണ്ടെടുക്കാന്‍ സാധിക്കുമെങ്കില്‍ പോലീസിന്‍റെ സാന്നിധ്യത്തില്‍ ഇതിന് അവസരം ഒരുക്കും.

ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ച, തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള കെട്ടിടങ്ങള്‍ കണ്ടെത്തുകയും, ദുരന്തനിവാരണ നിയമം 2005 പ്രകാരം ഉടമകളുടെ സമ്മതമില്ലാതെ തന്നെ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ സാധ്യമാണോയെന്ന് പരിശോധിക്കുകയും ചെയ്യും. തിരച്ചിലിലും, രക്ഷാപ്രവര്‍ത്തനത്തിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന ഇന്ത്യന്‍ സായുധ സേനകളുടെ (ആര്‍മി, നേവി, എയര്‍ ഫോഴ്സ്) തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ ഇന്‍റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമിന്‍റെ (ഐഎംസിടി) സന്ദര്‍ശനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റിലീഫ് കമീഷണറെ ചുമതലപ്പെടുത്തി. മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ച 10, 11, 12 വാര്‍ഡുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. ഇവിടെതൊഴിലുറപ്പ് പദ്ധതിയിലൂടെ 180 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. തകര്‍ന്ന കെട്ടിടങ്ങളുടെ നഷ്ടപരിഹാരം കണക്കാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നുണ്ട്. പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങളുടെ വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ച് തീരുമാനിക്കും.

ദുരിതാശ്വാസ ക്യാമ്പുകളിലും തെരച്ചില്‍ മേഖലയിലും ഭക്ഷണം, കുടിവെള്ളം എന്നിവയുടെ വിതരണം കാര്യക്ഷമമായാണ് നടക്കുന്നത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് ഭക്ഷണ വിതരണം. തെരച്ചില്‍ നടത്തുന്ന മേഖലകളില്‍ 4570 പ്രഭാത ഭക്ഷണ പാക്കറ്റുകളും 7877 ഉച്ചഭക്ഷണ പാക്കറ്റുകളും ഇന്നലെ വിതരണം ചെയ്തു.

ഉരുള്‍പൊട്ടലില്‍ നശിച്ച പ്രദേശത്തെ രണ്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം മേപ്പാടിയില്‍ തന്നെ ആരംഭിച്ചു. ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ മാവേലി സ്റ്റോറുകളും സഞ്ചരിക്കുന്നുണ്ട്. അതത് മേഖലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിന് അനുസൃതമായി സപ്ലൈകോ ഔട്ട്ലെറ്റുകളില്‍ നിന്നും അവശ്യവസ്തുക്കള്‍ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്. പ്രകൃതിക്ഷോഭത്തില്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടര്‍, റെഗുലേറ്റര്‍, പാസ്ബുക്ക് എന്നിവ ലഭ്യമാക്കുന്നതിന് ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഓഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ദുരന്തബാധിതര്‍ക്കായി കൗണ്‍സലിംഗ് സേവനം നല്‍കി വരുന്നു. 2391 പേര്‍ക്ക് ഇതുവരെ കൗണ്‍സിലിങ് നല്‍കി. മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ഫോണും സിം കാര്‍ഡും കണക്ടിവിറ്റിയും നല്‍കും. ദുരന്ത ബാധിത പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ വഴി സൗജന്യ റേഷന്‍ വിതരണം ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ദുരന്ത ബാധിത മേഖലയില്‍ 24 മണിക്കൂറും മൊബൈല്‍ പൊലീസ് പട്രോളിംഗും ശക്തിപ്പെടുത്തി. നഷ്ടമായ രേഖകളുടെ വിവരശേഖരണം നടന്നു വരുന്നു. രേഖകള്‍ എത്രയും വേഗം ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കും ഇതിനായി അക്ഷയ, ഐടി മിഷന്‍, പഞ്ചായത്തുകള്‍ എന്നിവയെ ഏകോപിപ്പിച്ച് പ്രത്യേക സംവിധാനമൊരുക്കും. സര്‍ട്ടിഫിക്കറ്റുകളുടെ വീണ്ടെടുപ്പ് സുഗമമാക്കുന്നതിന് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ആലോചിക്കുന്നു.

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്‍റെ നേതൃത്വത്തില്‍ കുട്ടിയിടം പദ്ധതി നടപ്പാക്കിയിട്ടുണ്ട്. കുട്ടികളെ ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാക്കി മാനസിക സംഘര്‍ഷം കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പുകളില്‍ കുട്ടികള്‍ ഒറ്റപ്പെട്ട് പോവുന്നത് തടയുക, ദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മകളില്‍ നിന്നും കുട്ടികളെ മുക്തരാക്കുക എന്നിവയും പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നു.

കൗണ്‍സിലിങ്ങിനൊപ്പം ദുരന്തത്തിന് ഇരയായവരുടെ മാനസികാഘാതം ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി 121 പേരടങ്ങിയ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിലാണ് ടീം രൂപീകരിച്ചത്. ആശുപത്രികള്‍, ദുരിതാശ്വാസ ക്യാമ്പുകള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ കഴിയുന്നവര്‍ക്ക് മാനസികാരോഗ്യ ഹെല്‍പ്പ് ഡെസ്കുകള്‍ മുഖേന ടീം അംഗങ്ങള്‍ സേവനം ഉറപ്പാക്കും. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ എന്നിവരുടെ പ്രശ്നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

ദുരന്തബാധിതരുടെ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന മേപ്പാടി ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ക്യാമ്പ് മാറുന്ന മുറയ്ക്ക് ക്ലാസുകള്‍ ആരംഭിക്കും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവ. ജി എല്‍ പി സ്ക്കൂളിലേയും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിക്കുന്നതിന് നോഡല്‍ ഓഫീസറായി വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. കുട്ടികള്‍ക്ക് ഗതാഗത സൗകര്യം ഒരുക്കും. കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കും.

സെപ്തംബര്‍ 2 മുതല്‍ 12 വരെ നടക്കുന്ന ഒന്നാം പാദ പരീക്ഷ വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളില്‍ മാറ്റിവെച്ചു. അവ പിന്നീട് നടത്തും. മറ്റേതെങ്കിലും വിദ്യാലയത്തില്‍ പരീക്ഷ മാറ്റിവെക്കേണ്ടതുണ്ടെങ്കില്‍ പൊതുവിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. സ്കൂളുകള്‍ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കും. പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും സ്കൂള്‍ ബാഗും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് എല്ലാം ഉള്‍പ്പെടുന്ന സ്കൂള്‍ കിറ്റ് നല്‍കും. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടുണ്ട്. സമഗ്ര പുനരധിവാസത്തിന്‍റെ ഭാഗമായി ടൗണ്‍ഷിപ്പ് രൂപപ്പെടുമ്പോള്‍ വെള്ളാര്‍മല സ്കൂള്‍ അതേ പേരില്‍ തന്നെ പുനനിര്‍മ്മിക്കണമെന്നാണ് ഉദ്ദേശിക്കുന്നത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഏറാട്ടുകുണ്ടില്‍ നിന്നും അട്ടമലയിലെ ക്യാമ്പിലെത്തിച്ച ആദിവാസി കുടുംബങ്ങളുടെ നില തൃപ്തികരമാണ്. കുട്ടികളടക്കം 24 പേരാണ് ക്യാമ്പില്‍ കഴിയുന്നത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് മുകളിലെ ഭാഗത്ത് ഗുഹയില്‍ അഭയം തേടിയ കുടുംബത്തെ വനം വകുപ്പും പ്രത്യേക ക്യാമ്പില്‍ പരിചരിക്കുന്നുണ്ട്. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ആദിവാസി കുടുംബങ്ങളെല്ലാം അതിജീവിച്ചിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ നൂറുകണക്കിന് ആംബുലന്‍സുകളാണ് തളരാതെ ഓടിയത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണക്ക് പ്രകാരം 237 ആംബുലന്‍സുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ആരോഗ്യവകുപ്പിന്‍റെ രണ്ട് അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളും 10 ബെയ്സിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളുമടക്കമുള്ള 36 ആംബുലന്‍സുകളും ദുരന്തമേഖലയില്‍ ഉണ്ട്. ആവശ്യം അനുസരിച്ച് ആംബുലന്‍സുകള്‍ക്ക് പാസ് നല്‍കി ദുരന്ത മേഖലയില്‍ പ്രവേശനം അനുവദിക്കും. ബാക്കിയുള്ളവ മേപ്പാടി പോളിടെക്നിക് കോളേജ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യും. കൂടാതെ ജില്ലയ്ക്ക് പുറത്തുനിന്നും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ആംബുലന്‍സുകള്‍ എത്തിയിട്ടുണ്ട്.

ദുരന്തമേഖലകളിലേക്കും ആശുപത്രികളിലേക്കും മൃതദേഹങ്ങളുടെ സംസ്കാരം നടക്കുന്ന പ്രദേശങ്ങളിലേക്കും ആംബുലന്‍സുകളുടെ സേവനം ആവശ്യമാണ്. നിരവധി ആംബുലന്‍സുകള്‍ സ്വമേധയാ രക്ഷാപ്രവര്‍ത്തനത്തിന് എത്തുകയായിരുന്നു. സന്ദിഗ്ധഘട്ടത്തില്‍ കൈത്താങ്ങായ ഇവരുടെ സേവനം അഭിനന്ദനാര്‍ഹമാണ്.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ദുരന്തം നടന്ന അന്ന് മുതല്‍ വയനാട്ടിലുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അദ്ദേഹം അവിടെ ക്യാമ്പ് ചെയ്ത് നേരിട്ട് ഇടപെടുകയാണ്.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ സുരക്ഷിതരാണ്. ഉരുള്‍പൊട്ടലില്‍ മൂന്ന് അതിഥി തൊഴിലാളികളെ കാണാതാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഒരാള്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഈ മേഖലയില്‍ നിന്നും 406 പേരെയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ക്യാമ്പുകളിലേക്ക് മാറ്റി താമസിപ്പിച്ചത്. അസം, മധ്യപ്രദേശ്, ബീഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇവര്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ്, റാണിമല എസ്റ്റേറ്റ് തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമാണ്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന് കീഴില്‍ 321 പേരും റാണിമല എസ്റ്റേറ്റ് മേഖലയില്‍ 28 തൊഴിലാളികളുമാണുള്ളത്.

ക്യാമ്പുകളിലുള്ള അതിഥി തൊഴിലാളികള്‍ക്ക് ജില്ലാഭരണസംവിധാനം കൗണ്‍സിലിങും ഭക്ഷണവും ഉറപ്പാക്കുന്നുണ്ട്. തോട്ടം തൊഴിലാളികള്‍ക്കും അതിഥി തൊഴിലാളികള്‍ക്കും ലേബര്‍ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കും. അതിഥി തൊഴിലാളികള്‍ക്ക് ചികിത്സാ ധനസഹായം ലഭ്യമാക്കും.

മന്ത്രിസഭാ ഉപസമിതി വയനാട്ടില്‍ ക്യാമ്പ്ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് വരികയാണ്. മന്ത്രിമാരായ കെ. രാജന്‍, എ കെ ശശീന്ദ്രന്‍, പി എ മുഹമ്മദ് റിയാസ്, ഒ ആര്‍ കേളു എന്നിവരാണ് സമിതി അംഗങ്ങള്‍. മറ്റ് മന്ത്രിമാരും വയനാട്ടിലെത്തി ബന്ധപ്പെട്ട മേഖലകളിലെ പ്രശ്നങ്ങള്‍ വിലയിരുത്തുന്നുണ്ട്.

മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന കെഎസ്ഇബിയുടെ ചൂരല്‍മല എക്സ്ചേഞ്ച്, ചൂരല്‍മല ടവര്‍, മുണ്ടക്കൈ, കെകെ നായര്‍, അംബേദ്കര്‍ കോളനി, അട്ടമല, അട്ടമല പമ്പ് എന്നീ ട്രാന്‍സ്ഫോര്‍മറുകളില്‍ ഉള്‍പ്പെടുന്ന ഉപഭോക്താക്കളില്‍ നിന്നും അടുത്ത ആറു മാസം സൗജന്യമായി വൈദ്യുതി വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ ഉപഭോക്താക്കള്‍ക്ക് നിലവില്‍ വൈദ്യുതി ചാര്‍ജ് കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഈടാക്കാന്‍ നടപടി സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments