കൊച്ചി: സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷൻ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഫോർട്ടിഫൈഡ് ആട്ടക്ക് ഗുണനിലവാരമില്ലെന്ന് വ്യാജ പ്രചാരണം. പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് സപ്ലൈകോ വിജിലൻസ് ഓഫീസർ പി എം ജോസഫ് സജു പറഞ്ഞു. വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ സപ്ലൈകോ നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.
വ്യാജ പ്രചാരണം അടങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുചെയ്യുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊട്ടിച്ച് ഉപയോഗിച്ച പാക്കറ്റിൽ ബാക്കിയായി സൂക്ഷിച്ച ആട്ടയിൽ പുഴുകളെ കണ്ടെത്തുകയും അത് അരിച്ചെടുക്കുന്ന വീഡിയോയും ശ്രദ്ധേയമായിൽപ്പെട്ടിരുന്നു.
എന്നാൽ ഇതേ ബാച്ചിൽപെട്ട ആട്ട പാക്കറ്റുകൾ പരിശോധിക്കുകയും ഗുണനിലവാരം ഉള്ളതാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഒരു വർഷം മുൻപുളള ഈ വീഡിയോയാണ് ഇപ്പോൾ തെറ്റായി പ്രചരിക്കുന്നതെന്നും സപ്ലൈകോ ആരോപിച്ചു. ഇതോടെ സമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജവാർത്തകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോർപ്പറേഷൻ, വിജിലൻസ് വിങ്ങ് ഫ്ലയിങ് സ്ക്വാഡ് ഓഫീസർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.