കൊച്ചി: രാജ്യത്തെ മികച്ച പോലീസ് സംവിധാനമാണ് കേരളത്തിലേത് എന്ന് അവകാശപ്പെടുമ്പോഴും സംസ്ഥാനത്ത് മാനസിക സമ്മര്‍ദം മൂലം ആത്മഹത്യയില്‍ അഭയം തേടുന്ന പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 88 പോലീസ് ഉദ്യോഗസ്ഥരാണ്.
എറണാകുളം ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ മധു (48) വാണ് ആത്മഹത്യയില്‍ അഭയം തേടിയ ഒടുവിലത്തെ സേനാംഗം. ഇദ്ദേഹത്തെ ഇന്ന് രാവിലെ തൃക്കുന്നപ്പുഴ മഹാദേവികാടുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നാലു മാസമായി മെഡിക്കല്‍ ലീവിലായിരുന്നു സിപിഒ മധു. കുടുംബപ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ എട്ടിന് രണ്ടു പോലീസ് ഉദ്യോഗസ്ഥരാണ് ആത്മഹത്യചെയ്തത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജും ആലപ്പുഴ സായുധ പോലീസ് ക്യാന്പിലെ ഡ്രൈവറായ സുധീഷുമാണ് ജീവനൊടുക്കിയത്.
കൃത്യനിര്‍വഹണത്തില്‍ വീഴ്ചവരുത്തുമ്പോള്‍ പോലീസിനെ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തുമ്പോഴും സേനയിലെ തൊഴില്‍ അന്തരീക്ഷം അത്ര മെച്ചമല്ലെന്നാണ് പോലീസിലെ ആത്മഹത്യകള്‍ സൂചിപ്പിക്കുന്നത്. ജോലിക്കൂടുതലും മേലധികാരികളുടെ പീഡനവും വിശ്രമക്കുറവും ആത്മഹത്യയ്ക്ക് കാരണമാകുന്നുവെന്ന് പല ആത്മഹത്യാക്കുറിപ്പുകളും വ്യക്തമാക്കുന്നു.
അമിത ജോലിഭാരവും ലീവ് കിട്ടാന്‍ മേലുദ്യോഗസ്ഥന്റെ കാലുപിടിക്കേണ്ട അവസ്ഥയും വന്നതോടെ കേരള പോലീസിലെ 2020 ബാച്ചിലെയും നിലവില്‍ എസ്ഐ ട്രെയിനിംഗ് നടക്കുന്ന ബാച്ചിലെയും ഉള്‍പ്പെടെ 40 ഓളം ഉദ്യോഗസ്ഥരാണ് അടുത്തിടെ ജോലി വിട്ടത്.
30 സി ബാച്ചില്‍നിന്ന് 14 പേരാണ് എസ്ഐ ജോലി ഉപേക്ഷിച്ചത്. ചില ഉദ്യോഗസ്ഥര്‍ അഞ്ച് വര്‍ഷത്തേക്ക് നീണ്ട അവധിക്ക് അപേക്ഷ നല്കി. ഇതില്‍ ഏഴു പേര് എക്സൈസ് വിഭാഗത്തിലേക്ക് മൂന്നു പേര് മുമ്പ് ജോലി ചെയ്തിരുന്ന വകുപ്പുകളിലേക്കും ഒരാള്‍ പുതിയ ജോലിയിലുമാണ് പ്രവേശിച്ചത്.
നിലവില്‍ എസ്ഐ ട്രെയിനിംഗിലുള്ള 20 പേര് മറ്റ് ജോലികള്‍ കിട്ടിപോയി. പത്തോളം പേര് ജോലി വിട്ടുപോകാനായി അപേക്ഷ നല്‍കിയിട്ടുമുണ്ട്. അമിത ജോലി ഭാരം തന്നെയാണ് പലരെയും ഇതിന് പ്രേരിപ്പിച്ചത്.