ഉള്ളടക്കത്തിന്റെ ഈടുറപ്പിൽ തലയുർത്തി നിന്നിരുന്ന മലയാള സിനിമ വലിയ ഹിറ്റുകളും മികച്ച അഭിപ്രായവും നേടി മുന്നേറുന്നത് ബോക്‌സോഫീസിലും പ്രതിഫലിക്കുന്നു. ബോളിവുഡിനെപ്പോലും പിന്തള്ളി ഏറ്റവും പണം വാരി സിനിമാ മേഖലയായി മലയാളം മാറി. 2024ൽ അഞ്ചു മാസം പിന്നിടുമ്പോൾ ഇന്ത്യൻ സിനിമാ വ്യവസായത്തിൽ ഏറ്റവും നേട്ടം കൊയ്‌തത് മലയാള സിനിമയാണ്. ചരിത്രത്തിൽ ആദ്യമായി ബോക്‌സോഫീസ് നേട്ടം 1000 കോടി കഴിഞ്ഞു. വിവിധ ട്രാക്കിങ് സൈറ്റുകളുടെ കണക്ക് പ്രകാരം 1079 കോടി രൂപ. ഒടിടിയടക്കമുള്ളവയിൽനിന്നുള്ള വരുമാനംകൂടി ചേരുമ്പോൾ ആകെ ബിസിനസ് 1300 കോടിയിലേക്ക് എത്തും.
താരതമേന്യ ചെറിയ സിനിമാ വ്യവസായമായ മോളിവുഡിന്റെ നേട്ടം പുതിയ സാധ്യതകളാണ് തുറന്നിടുന്നത്. ചെറിയ ബജറ്റിൽ ഒരുങ്ങുന്ന സിനിമകൾ വലിയ നേട്ടമാണ് സ്വന്തമാക്കിയത്. ബോളിവുഡും കോളിവുഡും ടോളിവുഡും വിജയങ്ങളില്ലാതെ വലിയ പ്രതിസന്ധി നേരിടുമ്പോഴാണ് മലയാള സിനിമയുടെ കലാപരവും വാണിജ്യപരവുമായ കുതിച്ചുചാട്ടം. 2024 യഥാർഥത്തിൽ മലയാള സിനിമയുടെ സീൻ മാറ്റുകയാണ്. നഷ്ടങ്ങളുടെ വ്യവസായമെന്ന് പരിഹസിക്കപ്പെട്ടിരുന്ന ഇടത്തുനിന്ന് ദിവങ്ങൾക്കുള്ളിൽ 50 കോടി നേട്ടത്തിലേക്ക് എത്തുകയാണ്. ഒന്നിനു പുറകെ ഒന്നായി ഹിറ്റുകൾ പിറക്കുന്നു. തിയറ്റുകളിൽ ഹൗസ് ഫുൾ ബോർഡുകൾ സ്ഥിരം കാഴ്‌ചയാകുന്നു.”
മലയാള സിനിമാ വ്യവസായത്തിൽനിന്ന് എന്നും കേട്ടിരുന്നത് നഷ്ടങ്ങളുടെ വിലാപങ്ങളായിരുന്നു. അത് മാറി, 2024ൽ മലയാള സിനിമയുടെ സുവർണ വർഷമാകുകയാണ്. ആളില്ലാതെ തുടർച്ചയായി പ്രദർശനം നടക്കാതെ തിയറ്ററുകൾ അടച്ചിട്ടിരുന്ന കാലം മാറി. തിയറ്ററുകളിൽ ‘ഇന്ന് ഷോയില്ല’ എന്ന ബോർഡിന് പകരം ഹൗസ് ഫുൾ ബോർഡുകൾ നിറഞ്ഞു. ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ പച്ച കത്തി കിടന്നിരുന്ന സീറ്റുകൾ ബുക്കിങ് തുടങ്ങി മിനിറ്റുകൾക്കകം ഓറഞ്ചായി മാറുകയാണ്. തിയറ്ററുകൾ തുടർച്ചയായി പാതിരാത്രിയിൽ അധിക ഷോകൾ നടത്തുന്ന ഘട്ടത്തിലേക്ക് കാര്യങ്ങൾ മാറി. നല്ല സിനിമകളുണ്ടായാൽ തിയറ്ററിലേക്ക് ആളൊഴുകുമെന്ന കാര്യം അടിവരയിടുന്നുണ്ട് ഈ വിജയങ്ങൾ.
2023ൽ ജൂഡ് ആന്റണി ജോസഫിന്റെ ‘2018–- എവരി വൺ ഈസ് എ ഹീറോ’ മലയാളം കണ്ട എക്കാലത്തെയും വലിയ ഹിറ്റായി. ആർഡിഎക്‌സ്, കണ്ണൂർ സ്‌ക്വാഡ്, രോമാഞ്ചം, മധുര മനോഹര മോഹം തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമാ വ്യവസായം 500 കോടിരൂപ നേടി. എന്നാൽ, നഷ്ടങ്ങളുടെ കണക്കായിരുന്നു വ്യവസായത്തിന് പറയാനുണ്ടായിരുന്നത്. 234 സിനിമ തിയറ്ററിലെത്തിയപ്പോൾ നഷ്ടം 500–-600 കോടി രൂപവരെയായിരുന്നു. ഈ നഷ്ടങ്ങളുടെ കണക്കിൽനിന്നാണ് ഈ വർഷം കൈനിറയെ ഹിറ്റുകൾ പിറന്നത്.
ഇതിനോടകം ഒരു ഇൻഡസ്ട്രിയൽ ഹിറ്റടക്കം ഒമ്പത് ഹിറ്റ് സിനിമകളാണ് ഈ വർഷം മലയാളം സമ്മാനിച്ചത്. ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്‌സ് 2018നെ മറികടന്ന് മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി. 238.34 കോടി രൂപയാണ് 75 ദിവസത്തോളം തിയറ്ററിൽ പ്രദർശിപ്പിച്ച സിനിമ നേടിയത്. ബ്ലെസി സംവിധാനം ചെയ്‌ത ആട് ജീവിതം (157.52 കോടി), ജിത്തു മാധവന്റെ ആവേശം (154.76 കോടി), ഗിരീഷ് എ ഡിയുടെ പ്രേമലു (131.5 കോടി) എന്നിവ ബ്ലോക്ക്‌ബസ്റ്ററുകളായി. വിനീത് ശ്രീനിവാസന്റെ വർഷങ്ങൾക്ക് ശേഷം–
81.67, രാഹുൽ സദാശിവന്റെ ഭ്രമയുഗം–- 58.32 കോടി, മിഥുൻ മാന്യുവൽ തോമസിന്റെ എബ്രഹാം ഓസ്ലർ–- 40 കോടി എന്നിവ ഹിറ്റ് സ്റ്റാറ്റസ് നേടി.
ആകെ കലക്‌ഷൻ അഞ്ച് കോടി രൂപ നേടാൻ മലയാള സിനിമകൾ കഷ്ടപ്പെടുന്നതായിരുന്നു കഴിഞ്ഞ വർഷംവരെയുള്ള കാഴ്‌ച. എന്നാൽ, ആദ്യ ദിനംതന്നെ അഞ്ച് കോടി കലക്‌ഷൻ നേടുന്ന സിനിമകളുണ്ടായി. ടർബോ, ആടുജീവിതം, മലൈക്കോട്ട വാലിബൻ എന്നിവ ആദ്യ ദിനം അഞ്ച് കോടിയിലധികം നേടി. ഗുരുവായൂരമ്പല നടയിൽ, ആവേശം, മഞ്ഞുമ്മൽ ബോയ്‌സ്, വർഷങ്ങൾക്ക് ശേഷം, ഭ്രമയുഗം എന്നിവയ്‌ക്ക് മൂന്നു കോടിക്ക് മുകളിലാണ് ആദ്യ ദിന കലക്‌ഷൻ. ഇതിൽ ഭ്രമയുഗം ഒഴികെയുള്ളവ ആദ്യ വാരാന്ത്യത്തിൽത്തന്നെ 10 കോടി കടന്നു. ആടുജീവിതം ആദ്യ വാരാന്ത്യത്തിൽ 26 കോടിയിലധികമാണ് നേടിയത്. പല സിനിമകളും ആദ്യ ആഴ്‌ചയിൽത്തന്നെ മുടക്കുമുതൽ തിരിച്ചുപിടിക്കാനും കഴിഞ്ഞു.
പ്രേമലു ഒഴികെയുള്ള സിനിമകളിൽ സ്‌ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യം പേരിന് മാത്രമായത് വിമർശങ്ങൾക്കും പുതുചർച്ചകൾക്കും വഴിതുറന്നു. 50 ശതമാനത്തിലധികം സ്‌ത്രീകളുള്ള കേരളത്തിൽ സിനിമകളിലും പറയുന്ന കഥളിലും അവർകൂടി വേണമെന്ന ചർച്ചയ്‌ക്കും വലിയ പ്രാധാന്യമുണ്ട്.
സാധാരണ ഗതിയിൽ വിഷു–പെരുന്നാൾ സമയം കഴിഞ്ഞാൽ മലയാളത്തിൽ വലിയ റിലീസുകളുണ്ടാകാറില്ല. സ്‌കൂൾ തുറക്കുന്നതും മഴക്കാലവും തിയറ്ററിൽ ആളെത്തുന്നതിന് തടസ്സമാകാറുണ്ട്. എന്നാൽ, ഇത്തവണ ആ രീതിയും മാറി. മെയ് മാസത്തിൽ വലിയ റിലീസുകളുണ്ടായി. മമ്മൂട്ടിയുടെ വൈശാഖ് ചിത്രം ടർബോ, ജിസ് ജോയുടെ ബിജു മേനോൻ–ആസിഫ് അലി ചിത്രം തലവൻ, വിനോദ് ലീലയുടെ അൽത്താഫ് സലിം–അനാർക്കലി മരയ്‌ക്കാർ ചിത്രം മന്ദാകിനി, പ്രിത്വിരാജ്–ബേസിൽ ടീമിന്റെ വിപിൻ ദാസ് ചിത്രം ഗുരുവായൂരമ്പല നടയിൽ, ജീൻ പോൾ ലാൽ ഒരുക്കിയ ടൊവിനോ–ഭാവന ചിത്രം നടികർ
“മജു സംവിധാനം ചെയ്‌ത ലുക്ക്‌മാൻ–വിനയ് ഫോർട്ട് ചിത്രം പെരുമാനി തുടങ്ങിയവ റിലീസായി.
കേരളത്തിൽ കഴിഞ്ഞ ഒരാഴ്‌ചയായി നല്ല മഴയാണ്. എന്നിട്ടും ടർബോ, ഗുരുവായൂരമ്പല നടയിൽ, തലവൻ തുടങ്ങിയ സിനിമകൾക്ക് നല്ല തിരക്കാണ്. ഗുരുവായൂരമ്പല നടയിൽ 75 കോടി പിന്നിട്ടു. ടർബോ ആദ്യ ആഴ്‌ച പിന്നിടും മുമ്പുതന്നെ 50 കോടി നേട്ടത്തിലെത്തി. കേരളത്തിൽനിന്നുമാത്രം ആദ്യ ദിനം 6.2 കോടി രൂപയാണ് മമ്മൂട്ടി ചിത്രം വാരിക്കൂട്ടിയത്. 2024ൽ കേരളത്തിൽനിന്ന് മലയാള ചിത്രം നേടിയ ഏറ്റവും ഉയർന്ന ആദ്യ ദിന കലക്‌ഷനാണ് ചിത്രം സ്വന്തമാക്കിയത്. ആദ്യ ദിനം 224 അധിക ഷോകൾ എന്ന നേട്ടവും ചിത്രത്തിനുണ്ടായി. ഇതിലൂടെ ആഗോള ബോക്‌സോഫീസിൽ 17 കോടിയിലധകവും നേടി.
ബോക്‌സോഫീസിൽ ഏറ്റവും നേട്ടമുണ്ടാക്കിയ 25 ഇന്ത്യൻ സിനിമയിൽ 10 എണ്ണം മലയാള ചിത്രങ്ങളാണ്. ഏറ്റവും കൂടുതൽ പണം വാരിയ ഇന്ത്യൻ സിനിമകളിൽ മൂന്നാമതാണ് മഞ്ഞുമ്മൽ ബോയ്‌സ്. ബോളിവുഡ് ചിത്രം ഫൈറ്ററാണ് ഒന്നാമത്. തെലുങ്ക് ചിത്രം ഹനുമാൻ രണ്ടാമതും.
അതേസമയം, വിദേശ ബോക്‌സോഫീസിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ സിനിമയിൽ മഞ്ഞുമ്മൽ ബോയ്‌സ് ഫൈറ്ററിനു പിന്നിൽ രണ്ടാമതാണ്. ഫൈറ്റർ വിദേശത്തുനിന്ന് 104 കോടി രൂപ നേടിയപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് 73.25 കോടി രൂപ നേടി. ആവേശം, ആടുജീവിതം, പ്രേമലു എന്നീ സിനിമകളും 40 കോടിക്കു മുകളിൽ വിദേശ ബോക്‌സോഫീസിൽനിന്ന് നേടി. ടർബോയും സമാനമായ നേട്ടത്തിലേക്ക് എത്താനാണ് സാധ്യത.
ഏപ്രിലിൽ ഇന്ത്യയിൽ ഏറ്റവും കലക്‌ഷൻ നേടിയ സിനിമ ആവേശമാണ്–- – 80.61 കോടി രൂപ. രണ്ടാം സ്ഥാനത്ത് പ്രിഥ്വിരാജ് അഭിനയിച്ച ബോളിവുഡ് ചിത്രം ബഡേ മിയാൻ ഛോട്ടേ മിയാൻ – 72.0013 കോടി. മൂന്നാമത്ത് ആടുജീവിതം – 57.55 കോടി.”
“ബോക്‌സോഫീസ് നേട്ടത്തിനൊപ്പം മലയാള സിനിമയുടെ സാധ്യതകളും വർധിക്കുകയാണ്. വിദേശ രാജ്യങ്ങളിലും മറ്റു സംസ്ഥാനങ്ങളിലും വലിയ സ്വീകാര്യതയാണ് മലയാള സിനിമയ്‌ക്ക് ലഭിക്കുന്നത്. പ്രാദേശിക ഭാഷാചിത്രങ്ങൾ മാറ്റിവച്ച് മലയാള സിനിമകൾ റിലീസ് ചെയ്യുന്ന സാഹചര്യവും ഉണ്ടായി. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കലക്‌ഷൻ ബൂം ആണ് ഇപ്പോൾ സംഭവിക്കുന്നത്.
മലയാളത്തിൽ തുടർ വിജയങ്ങളുണ്ടാകുമ്പോൾ മറ്റു ഭാഷകളിൽ വലിയ പ്രതിസന്ധി നേരിടുകയാണ്. വലിയ മുടക്കുമുതൽ പല ചിത്രങ്ങൾക്കും ബാധ്യതയാകുകയാണ്. ഇന്ത്യയിലെ ഒന്നാം നമ്പർ സിനിമാ വ്യവസായമായ ബോളിവുഡ് തിരിച്ചടികളിൽ ഉഴറുകയാണ്. ഈ വർഷത്തെ ഏറ്റവും വലിയ പണം പടം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ ഹൃത്വിക് റോഷൻ–ദീപിക പദ്‌കോൺ ചിത്രം ഫൈറ്ററാണ്. ആഗോള ബോക്‌സോഫീസിൽനിന്ന് 359 കോടി നേടി. എന്നാൽ 250 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതൽ. വലിയ മുടക്കുമുതൽ തിരിച്ചടിയായി. ഹോളിവുഡിൽ നിന്നുണ്ടായത് മൂന്നു ഹിറ്റുകളാണ്. ക്രൂ, സൈത്താൻ, ആർട്ടിക്കിൾ 370 എന്നിവ. സൈത്താൻ 212 കോടിയും ക്രൂ 149 കോടിയും ആർട്ടിക്കിൾ 370 110 കോടിയും നേടി. കഴിഞ്ഞ വർഷം ഷാരൂഖ് ഖാൻ ചിത്രം ജവാൻമാത്രം 1000 കോടിയിലധികം നേടിയ ഇടത്താണ് ഇത്.”
“തെലുങ്കിൽ ഹനുമാൻ, തില്ലു സ്‌ക്വർ എന്നീ രണ്ട് സിനിമകൾ മാത്രമാണ് ഹിറ്റ്. 181.17 കോടി നേടിയ മഹേഷ് ബാബു ചിത്രം ഗുണ്ടൂർ കാരം വലിയ മുതൽമുടക്ക് കാരണം തിരിച്ചടി നേരിട്ടു. 200 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് മുടക്കുമുതൽ തിരിച്ചു പിടിക്കാനായില്ല. ഹനുമാൻ 295 കോടിയും തില്ലു സ്‌ക്വർ 123 കോടിയും നേടി. ബാക്കി ചിത്രങ്ങൾക്ക് 40 കോടിപോലും നേടാനായില്ല. സിനിമയില്ലാത്തതിനെ തുടർന്ന് തെലങ്കാനയിൽ 450ഓളം ഒറ്റ സ്ക്രിൻ തിയറ്ററുകൾ രണ്ടാഴ്‌ച അടച്ചിടാൻ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി. പ്രതിദിനം 4000–-6000 രൂപവരെ നഷ്ടം വരുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം. പ്രേമലു ആദ്യം മലയാളത്തിലും പിന്നീട് ഡബ്ബ് ചെയ്‌തും പ്രദർശിപ്പിച്ചു.
തമിഴകത്ത് സുന്ദർ സി ഒരുക്കിയ അരന്മന 4 മാത്രമാണ് ഹിറ്റായത്. മെയ് മൂന്നിന് ഇറങ്ങിയ ചിത്രം നൂറു കോടി പിന്നിട്ടു. അതുവരെ തമിഴിൽനിന്ന് ഒരു ഹിറ്റ് പോലുമുണ്ടായില്ല. ശിവ കാർത്തികേയൻ അഭിനയിച്ച അയലാൻ, ധനുഷിന്റെ ക്യാപ്‌റ്റൻ മില്ലർ എന്നിവ മാത്രമാണ് തിയറ്ററിൽ ആളെ എത്തിച്ചത്. ഇരു ചിത്രങ്ങൾക്കും വലിയ നിർമാണച്ചെലവ് മുടക്കുമുതൽ തിരിച്ചു പിടിക്കുന്നതിന് തിരിച്ചടിയായി. 80 കോടി നേടിയ അയലാന്റെ ബജറ്റ് 70 കോടിയും 75 കോടി നേടിയ ക്യാപ്‌റ്റൻ മില്ലർ ഒരുക്കാൻ 55 കോടിയുമാണ് ചെലവായതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തമിഴകത്ത് തിയറ്ററുകൾ അടച്ചിടേണ്ട അവസ്ഥയിൽ രക്ഷയ്‌ക്ക് എത്തിയത് മഞ്ഞുമ്മൽ ബോയ്‌സായിരുന്നു.
കന്നടയിൽനിന്ന് ഈ വർഷം ഇതുവരെ ഹിറ്റുണ്ടായിട്ടില്ല. 13 കോടിയോളം ചെലവിട്ട് നിർമിച്ച യുവ മാത്രമാണ് 10 കോടി കലക്‌ഷൻ നേടിയ ചിത്രം. മറ്റു ഭാഷാ ചിത്രങ്ങളുടെ സ്ഥിതിയും സമാനമാണ്. ബംഗാളി സിനിമകൾക്ക് രണ്ട് കോടിയിൽപ്പോലും ബോക്‌സോഫീസ് നേട്ടം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.