Thursday, December 26, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

* ജപ്പാനിൽ രണ്ട്സൈനിക ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏഴു പേരെ കാണാതായതായി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ (എസ്‌ഡിഎഫ്) വക്താവ് മാധ്യമങ്ങളോട‌ു പറഞ്ഞു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങൾ കടലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. ‘അപകട കാരണം ഇപ്പോഴും വ്യക്തമല്ല. ഹെലികോപ്റ്ററുകളിൽ ഉണ്ടായിരുന്നവരെ കണ്ടെത്തി അവരുടെ ജീവൻ രക്ഷിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട്. ഹെലികോപ്റ്ററുകൾ രാത്രിയിൽ അന്തർവാഹിനികളെ നേരിടാനുള്ള പരിശീലനം നടത്തുന്നുണ്ട്. ഇതിനിടെയാണ് അപകടം. ഫ്ലൈറ്റ് റെക്കോർഡറുകൾ വീണ്ടെടുത്തു. ഹെലികോപ്റ്ററുകൾ കൂട്ടിയിടിക്കാനുള്ള സാധ്യത ഉൾപ്പെടെ പരിശോധിക്കുകയാണ്.’’– പ്രതിരോധ മന്ത്രി പറഞ്ഞു. ടോറിഷിമ ദ്വീപിൽ നിന്ന് രാത്രി 10.38നാണ് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടത്. ഒരു മിനിറ്റിനു ശേഷം ഈ ഹെലികോപ്റ്ററിൽ നിന്ന് അടിയന്തര സിഗ്നൽ ലഭിച്ചു. ഏകദേശം 25 മിനിറ്റിനുശേഷം, രാത്രി 11.04ഓടെ, രണ്ടാമത്തെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയവും അതേ പ്രദേശത്ത് നഷ്ടപ്പെട്ടു.

സമീപ മേഖലകളിൽ വിമാനങ്ങളോ കപ്പലുകളോ ഇല്ലാത്തതിനാൽ സംഭവത്തിൽ മറ്റൊരു രാജ്യത്തിന്റെ പങ്കാളിത്തത്തിനു സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.

* വെസ്റ്റ് ബാങ്കിൽ പലസ്തീൻ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇസ്രയേൽ പ്രതിരോധ സേനാ യൂണിറ്റായ നെത്സ യെഹൂദയ്ക്ക് യുഎസ് ഉപരോധം ഏർപ്പെടുത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ആദ്യമായാണ് ഇസ്രയേൽ സൈനിക യൂണിറ്റിനെതിരെ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾക്ക് യുഎസിലെ ജോ ബൈഡൻ ഭരണകൂടം ആലോചിക്കുന്നത്. അതേസമയം, യുഎസ് നീക്കത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കടുത്ത അതൃപ്തിയിലാണ്.

ബറ്റാലിയനെതിരെ ഉപരോധം ഏർപ്പെടുത്താൻ പാടില്ലെന്നും തീവ്രവാദത്തിനെതിരെ പടപൊരുതുന്ന സൈനികർക്കെതിരെ ഉപരോധമേർപ്പെടുത്തുന്നത് അസംബന്ധവും അസന്മാർഗികവുമാണെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഇസ്രയേൽ സൈന്യത്തിലെ തീവ്ര യാഥാസ്ഥിതികരായ കാലാൾപ്പടയാണ് നെത്സ യെഹൂദ. വിശ്വാസവുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയും കൂടാതെ സേനയെ സേവിക്കുന്നവർ മാത്രമാണ് ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവർക്ക് വനിതാ സൈനികരുമായി ഇടപഴകാൻ അനുവാദമില്ല. മാത്രമല്ല, മതപഠനത്തിനും പ്രാർഥനയ്ക്കുമായി ഇവർക്ക് അധിക സമയം നൽകുന്നുമുണ്ട്.
പലസ്തീൻകാർക്കെതിരായ അതിക്രമങ്ങളുടെ പേരിൽ നെത്സ യെഹൂദക്കെതിരേ നേരത്തേയും ആരോപണങ്ങൾ ഉയർന്നിരുന്നു. ബറ്റാലിയൻ തടങ്കലിലാക്കിയ പലസ്തീൻ–അമേരിക്കൻ പൗരനായ എഴുപത്തിയെട്ടുകാരൻ കൊല്ലപ്പെട്ടിരുന്നു. കൈവിലങ്ങിട്ട്, കണ്ണു മൂടിക്കെട്ടി കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇയാളെ കണ്ടെത്തിയത്. 2022 ഡിസംബറിൽ, ഈ ബറ്റാലിയനെ വെസ്റ്റ് ബാങ്കിനു പുറത്തേക്ക് മാറ്റിയിരുന്നു. സൈനികരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികളെ തുടർന്നാണ് നടപടിയെന്ന റിപ്പോർട്ടുകൾ ഇസ്രയേൽ തള്ളിയിരുന്നു. യുഎസ് ഉപരോധം വന്നാൽ ഇവർക്ക് അമേരിക്കൻ സൈനികരോടൊപ്പം പരിശീലനം നടത്താനോ യുഎസ് ഫണ്ടിങ് ഉപയോഗിച്ച് ഏതെങ്കിലും പ്രവർത്തനങ്ങളിൽ പങ്കെടുക്കാനോ സാധിക്കില്ല. ബറ്റാലിയനിലേക്ക് യുഎസ് ആയുധങ്ങൾ കൈമാറുന്നതിനും ഉപരോധം തടസ്സമാകും.

* ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയായ ലോക്സഭാ തിരഞ്ഞെടുപ്പിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടക്കമായത്. ഭരണകക്ഷിയായ എൻഡിഎ തുടർ ഭരണത്തിന് ലക്ഷ്യമിടുമ്പോൾ, ബിജെപിയുടെ കുതിപ്പിന് തടയിടാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ ഇന്ത്യ മുന്നണി. ഇതിനൊപ്പം അയൽ രാജ്യത്തു നടക്കുന്ന പൊതു തിരഞ്ഞെടുപ്പും ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട് – മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പ്. പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യാവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചൈനയുമായി കൂടുതൽ അടുക്കുന്ന സമീപനം പുലർത്തുകയും ചെയ്യുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ വർഷമാണ് പ്രസിഡന്റ് മുയിസു അധികാരത്തില്‍ വന്നത്. എന്നാൽ അദ്ദേഹത്തിന്റെ പാർട്ടിയായ പീപ്പിൾസ് നാഷനൽ കോൺഗ്രസ് 93 അംഗ സഭയിൽ ന്യൂനപക്ഷമാണ്. മുയിസുവിന്റെ മുൻഗാമിയും ഇന്ത്യാ അനുകൂല നിലപാടു സ്വീകരിക്കുന്നയാളുമായ ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാൽഡീവിയൻ ഡെമോക്രാറ്റിക് പാർട്ടിയാണ് മജ്‌ലിസിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ഡെമോക്രാറ്റിക് പാർട്ടിക്ക് 41 അംഗങ്ങളാണുള്ളത്.

മുയിസുവിന്റെ ഇന്ത്യാ–വിരുദ്ധ നയങ്ങൾ നടപ്പാക്കാൻ‌ തടസ്സമാകുന്നത് പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പാണ്. ഇന്ത്യൻ സേനയെ ദ്വീപിൽ‌നിന്ന് പൂർണമായും പിൻവലിക്കണമെന്ന മുയിസുവിന്റെ നിലപാടിനോട് പ്രതിപക്ഷത്തിന് യോജിപ്പില്ല.

* മാലദ്വീപിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചൈന അനുകൂലിയായ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പീപ്പിൾസ് നാഷനൽ കോൺഗ്രസ് (പിഎൻസി) പാർട്ടിക്ക് വൻവിജ‌യം. 71 സീറ്റുമായി മുയിസുവിന്റെ മുന്നണി വൻഭൂരിപക്ഷം നേടി. മുയിസുവിന്റെ ഇന്ത്യാവിരുദ്ധ പ്രഖ്യാപനങ്ങൾ ഏറെ ചർച്ചയാകുന്ന സമയത്താണ് ഈ തിരഞ്ഞെടുപ്പു വിജയം എന്നത് ശ്രദ്ധേയമാണ്. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികൾ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. തിരഞ്ഞെടുപ്പിലെ വൻ വിജയം ചൈന അനൂകൂല നിലപാടുകളുമായി മുന്നോട്ട് പോകാൻ മുയിസുവിന് ഊർജം നൽകും.
ഇന്ത്യ അനുകൂല നിലപാടുള്ള മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹിന്റെ മാലദ്വീപ് ഡെമോക്രാറ്റിക് പാർട്ടിക്ക് (എംഡിപി) 15 സീറ്റ് മാത്രമാണു ലഭിച്ചത്. കഴിഞ്ഞ തവണ 65 സീറ്റായിരുന്നു.
മുയ്സുവിനെ ചൈന അനുമോദിച്ചു. ഇതേസമയം മുയ്സുവിന്റെ കക്ഷി പണം നൽകിയും ഭരണസംവിധാനം ഉപയോഗിച്ചും വോട്ടുവാങ്ങിയെന്ന ആരോപണം അന്വേഷിക്കണമെന്ന് സന്നദ്ധ സംഘടനയായ ട്രാൻസ്പരൻസി മാലദ്വീപ് ആവശ്യപ്പെട്ടു.

* വടക്കുകിഴക്കൻ സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈലാക്രമണം. സൈനികത്താവളത്തിന് നേരെ ഇറാഖ് നഗരമായ സുമ്മറിൽ നിന്നാണ് മിസൈലാക്രമണം ഉണ്ടായത്. ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ സുഡാനി യുഎസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സൈന്യത്തെ പിൻവലിക്കാനുള്ള ചർച്ചകളിൽ പുരോഗതി കാണാത്തതിനെ തുടർന്ന് യുഎസ് സേനയ്‌ക്കെതിരെ ആക്രമണം പുനരാരംഭിക്കാൻ സായുധ ഗ്രൂപ്പുകൾ തീരുമാനിച്ചതായി ഇറാഖിലെ കതൈബ് ഹിസ്ബുള്ള അറിയിച്ചു. ഈ വർഷം ഫെബ്രുവരി ആദ്യത്തോടെ യുഎസിനെതിരായ ആക്രമണം ഇറാഖിലെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ അവസാനിപ്പിച്ചിരുന്നു. ഇത് തുടക്കം മാത്രമാണെന്നും അവർ വ്യക്തമാക്കി. ഇറാഖിലെ സുമ്മാർ നഗരത്തിൽ റോക്കറ്റ് ലോഞ്ചറുമായി നിർത്തിയിട്ടിരുന്ന ഒരു ട്രക്ക് സ്ഫോടനത്തിൽ തകർന്നിട്ടുണ്ട്. സ്ഫോടനം നടന്ന സമയത്ത് ആകാശത്ത് യുദ്ധ വിമാനങ്ങൾ കണ്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്. യുഎസ് നടത്തിയ പ്രത്യാക്രമണമാണോ എന്ന കാര്യം വ്യക്തമല്ല. അന്വേഷണം നടത്താതെ ആക്രമണം യുഎസ് നടത്തിയതാണോ എന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് ഇറാഖ് വ്യക്തമാക്കി.
സ്ഥലത്ത് ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അന്വേഷത്തിന്റെ ഭാഗമായി ട്രക്ക് പിടിച്ചെടുത്തിരുന്നു. ഇത് വ്യോമാക്രമണത്തിന്റെ ഭാഗമായാണ് തകർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇറാഖിലെ സഖ്യസേനയുമായി ആക്രമണവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തുകയാണണെന്ന് ഇറാഖ് ഓഫിസർ അറിയിച്ചു. ശനിയാഴ്ച രാവിലെ ഇറാഖിലെ ഒരു സൈനിക താവളത്തിൽ വലിയ സ്ഫോടനം നടന്നിരുന്നു. ഇതിൽ ഒരു ഇറാഖി സൈനികൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.

* തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുള്ള നാസർ ആശുപത്രി സമുച്ചയത്തിലെ കൂട്ടക്കുഴിമാടത്തിൽനിന്നും 200 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ആഴ്ചകളോളം ഇസ്രയേൽ സേനയുടെ നിയന്ത്രണത്തിലായിരുന്ന ആശുപത്രിയാണിത്. രണ്ടാഴ്ച മുൻപാണു സൈന്യം പിൻവാങ്ങിയത്. അഞ്ഞൂറോളം പലസ്തീൻകാരെ ഇവിടെ കാണാതായിരുന്നു. ഇന്നലെ കണ്ടെടുത്ത മൃതദേഹങ്ങളിൽ ഭൂരിഭാഗവും സ്ത്രീകളുടേതും കുട്ടികളുടേതുമാണ്.
തെക്കൻ ഗാസയിലെ റഫയിൽ വീടുകൾക്കുനേരെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 13 കുട്ടികളും 2 സ്ത്രീകളും കൊല്ലപ്പെട്ടു. അഭയാർഥികൾ താമസിക്കുന്ന പാർപ്പിടസമുച്ചയങ്ങളിലാണു ബോംബിട്ടത്. ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഒട്ടേറെപ്പേർ കുടുങ്ങിയിട്ടുണ്ട്. വടക്കൻ ഗാസയിൽ ഭക്ഷണവിതരണം ഇതിനിടെ പുനരാരംഭിച്ചു. ഒക്ടോബറിനു ശേഷം ഇതാദ്യമാണ് ഇവിടെ സഹായവിതരണം സാധ്യമാകുന്നത്. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം ആക്രമിച്ച നൂർഷാംസ് അഭയാ‍ർഥി ക്യാംപിൽ 14 മൃതദേഹങ്ങൾ കണ്ടെടുത്തതായി പലസ്തീൻ റെഡ് ക്രെസന്റ് അറിയിച്ചു.

* ഇറാൻ നഗരമായ ഇസ്ഫഹാനിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. റഷ്യൻ നിർമിത എസ്-300 ആന്റി ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തെ ഉന്നമിട്ടായിരുന്നു ആക്രമണമെന്നാണു റിപ്പോർട്ട്. ഒന്നും സംഭവിച്ചിട്ടില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം. 2016ലാണ് ഇറാന് എസ്-300 വ്യോമ പ്രതിരോധ സംവിധാനം റഷ്യ കൈമാറിയത്. ഇറാന്റെ ആണവകേന്ദ്രവും വ്യോമ പ്രതിരോധ സംവിധാനങ്ങളുമുള്ള പ്രദേശത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണു വിവരം. ഡ്രോണുകളും മിസൈലും ഉപയോഗിച്ച് ഇറാനിൽ തകർത്ത പ്രദേശത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ വിശകലനം ചെയ്തു രാജ്യാന്തര മാധ്യമങ്ങളായ ന്യൂയോർക്ക് ടൈംസും ബിബിസിയുമാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. ഇസ്ഫഹാൻ‍ രാജ്യാന്തര വിമാനത്താവളത്തിന്റെ വടക്കുകിഴക്കായി സ്ഥാപിച്ചിട്ടുള്ള എസ്-300 പ്രതിരോധ സംവിധാനത്തിന്റെ ആയുധപ്പുരയുടെ ചിത്രങ്ങളാണു പുറത്തുവന്നത്. ബിബിസിക്കു ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിൽ ഏപ്രിൽ 15ന് രഹസ്യ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന എസ്-300 കാണാം. ഗൂഗിൾ എർത്തിലെ ഏറ്റവും പുതിയ ചിത്രത്തിലാകട്ടെ എസ്-300 ഇല്ലാത്ത ശൂന്യസ്ഥലമാണു കാണുന്നത്. ആക്രമണമുണ്ടായതിന്റെ വടക്കു ഭാഗത്താണു നതാൻസ് ആണവകേന്ദ്രം. ഡ്രോണുകളും മിസൈലുകളും വ്യോമപ്രതിരോധ സംവിധാനത്തിൽ പതിച്ചെന്നാണു സൂചന. ‌‌എന്നാൽ, ഇറാന്റെ വ്യോമാതിർത്തിയിൽ സംശയകരമായി ഒന്നും സൈന്യം കണ്ടെത്തിയിട്ടില്ലെന്നാണു രണ്ട് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞതെന്നു ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

എസ്-300 പ്രതിരോധ സംവിധാനത്തിന്റെ റഡാറിനു കേടുപാട് സംഭവിച്ചെങ്കിലും മിസൈൽ ലോഞ്ചറുകൾക്കു കുഴപ്പമില്ല. ആക്രമണത്തിലെ നാശനഷ്ടത്തിന്റെ വ്യാപ്തി ഇപ്പോഴും പുറത്തുവന്നിട്ടില്ല. ഇരുപക്ഷവും അവകാശവാദങ്ങൾ ഉന്നയിക്കാത്തതിനാൽ ഇസ്രയേൽ എന്തുതരം ആയുധങ്ങളാണ് ഉപയോഗിച്ചതെന്നും വ്യക്തമല്ല. രാജ്യത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ കഴിയുമെന്ന സന്ദേശം ഇറാനു നൽകുകയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നാണു വിലയിരുത്തൽ.
അതേസമയം ഇറാനും ഇസ്രയേലും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുന്നതിനിടെ ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. വടക്കന്‍ ഇസ്രയേലിലെ സൈനിക ആസ്ഥാനത്തിനു നേരെയാണ് ഹിസ്ബുല്ല ആക്രമണം നടത്തിയത്. ഇറാന്‍ പിന്തുണയോടെ ലെബനന്‍ ആസ്ഥാനമായാണ് ഹിസ്ബുല്ല പ്രവര്‍ത്തിക്കുന്നത്. ഇസ്രയേല്‍ സൈനിക കേന്ദ്രത്തിനു നേരെ നിരവധി മിസൈലുകള്‍ തൊടുത്തുവെന്ന് ഹിസ്ബുല്ല സ്ഥിരീകരിച്ചു. തെക്കന്‍ ലെബനനിലെ ഗ്രാമങ്ങളില്‍ ഇസ്രയേല്‍ കടന്നുകയറ്റം നടത്തിയതിനു തിരിച്ചടിയായാണ് ഹിസ്ബുല്ലയുടെ ആക്രമണമെന്ന് പ്രാദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലെബനനില്‍നിന്ന് മുപ്പത്തിയഞ്ചോളം റോക്കറ്റുകള്‍ തൊടുത്തുവെന്നും ആക്രമണത്തില്‍ ആളപായമൊന്നും ഇല്ലെന്നും ഇസ്രയേല്‍ അറിയിച്ചു. ശക്തമായ തിരിച്ചടി നല്‍കിയെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.

* യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മഴയിൽ താറുമാറായ വിമാന ഗതാഗതം എട്ടാം ദിവസം പൂർണ തോതിൽ പുനഃസ്ഥാപിച്ചു. ദുബായ്, ഷാർജ, അബുദാബി, റാസൽഖൈമ, ഫുജൈറ രാജ്യാന്തര വിമാനത്താവളങ്ങളിൽനിന്ന് കഴിഞ്ഞ ദിവസം പതിവുപോലെ വിമാനങ്ങൾ സർവീസ് നടത്തി. ദുബായിൽ 4 മെട്രോ സ്റ്റേഷനുകൾ ഒഴികെയുള്ളവ തുറന്നു. ബസുകളും സർവീസ് പൂർണമായി പുനരാരംഭിച്ചു. മഴക്കെടുതിയുടെ ഒരാഴ്ചയ്ക്കുശേഷം ഓഫിസുകൾ തുറന്നതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടുണ്ട്. മണിക്കൂറുകൾ സഞ്ചരിച്ചാണ് പലരും ഓഫിസുകളിൽ എത്തിയത്. എന്നാൽ, ഷാർജയിലെ അൽമജാസ്, അൽഖാസിമിയ, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ്, കിങ് ഫൈസൽ സ്ട്രീറ്റ് എന്നിവിടങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. മലിന ജലത്തിൽ നിന്ന് രോഗങ്ങൾ വ്യാപിക്കുന്നതിനാൽ ഇവിടങ്ങളിൽ നിന്ന് താമസക്കാരെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. ഷാർജയിൽ ഈ മാസം 25 വരെ ഓൺലൈൻ പഠനം തുടരും.

* ഒക്ടോബർ 7ന് ഹമാസ് നടത്തിയ മിന്നലാക്രമണവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വീഴ്ചയുടെ ഉത്തരവാദിത്തമേറ്റ് ഇസ്രയേൽ മിലിറ്ററി ഇന്റലിജൻസ് മേധാവി മേജർ ജനറൽ ആഹറോൺ ഹലീവ രാജിവച്ചു. ആക്രമണം മുൻകൂട്ടി അറിയാനും തടയാനും കഴിഞ്ഞില്ലെന്ന് ഹലീവ രാജിക്കത്തിൽ വ്യക്തമാക്കി. പിൻഗാമിയെ നിയോഗിക്കും വരെ അദ്ദേഹം പദവിയിൽ തുടരും. ഉന്നത സൈനികപദവികളിൽനിന്നും വരും ദിവസങ്ങളിൽ കൂടുതൽ രാജിയുണ്ടാകുമെന്ന് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 7നു പുലർച്ചെ തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 പേരാണു കൊല്ലപ്പെട്ടത്. 250 പേരെ ബന്ദികളാക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തമേറ്റ് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണു സൈനിക മേധാവിയുടെ രാജി.

* കഴിഞ്ഞ തിങ്കളാഴ്ച രാത്രി തുടങ്ങി ചൊവാഴ്ച പുലർച്ചെ വരെ തയ്‌വാന്റെ കിഴക്കൻ തീരത്തുണ്ടായത് 80ലധികം ഭൂചലനങ്ങൾ.6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ചിലത് തയ്‌വാൻ തലസ്ഥാനമായ തായ്പേയിൽ കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടാക്കി. ഗ്രാമീണ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഭൂചലനങ്ങളിൽ ഭൂരിപക്ഷവും ഉണ്ടായത്. സംഭവത്തിൽ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഏപ്രിൽ 3നു 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു. അതിനുശേഷം നൂറുകണക്കിന് തുടർചലനങ്ങളാണ് തയ്‌വാനിലുണ്ടായത്. ഏപ്രിൽ മൂന്നിനുണ്ടായ ഭൂചലനത്തിൽ കേടുപാടുകൾ സംഭവിച്ചതും ഇപ്പോൾ പ്രവർത്തിക്കാത്തതുമായ ഒരു ഹോട്ടൽ കെട്ടിടം ഒരുവശത്തേക്ക് ചെറുതായി ചാഞ്ഞിരിക്കുകയാണെന്ന് ഹുവാലിയനിലെ അഗ്നിശമന വിഭാഗം അറിയിച്ചു.

* മലേഷ്യയിൽ പരിശീലന പറക്കലിനിടെ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് 10 പേർക്കു ദാരുണാന്ത്യം. പെരക്കിലെ ലുമൂട്ട് നാവിക ആസ്ഥാനത്ത് നടന്ന പരിശീലന പരേഡിന് ഇടയിൽ ഇന്നു രാവിലെയാണ് ഹെലികോപ്റ്ററുകൾ‌ കൂട്ടിയിടിച്ചത്. രണ്ട് ഹെലികോപ്റ്ററുകളുടെ റോട്ടറുകൾ തമ്മിൽ കുടുങ്ങിയതോടെയാണ് അപകടമുണ്ടായത്. പിന്നാലെ രണ്ട് ഹെലികോപ്ടറ്ററുകളും നിലത്തേക്ക് വീണ് തകരുകയായിരുന്നു. കൂട്ടിയിടിക്ക് പിന്നാലെ ഹെലികോപ്റ്ററുകളിലൊന്ന് സ്വിമ്മിംഗ് പൂളിലും രണ്ടാമത്തേത് നാവിക സേനാ ആസ്ഥാനത്തെ സ്പോർട്സ് കോംപ്ലക്സിലുമാണ് തകർന്നു വീണത്. യൂറോകോപ്റ്റർ എഎസ്555എസ്എൻ ഫെന്നക്, എഡബ്ള്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്റ്റർ എന്നിവയാണ് കൂട്ടിയിടിച്ചത്. ഹെലികോപ്റ്ററുകളിൽ യഥാക്രമം മൂന്നും ഏഴും ജീവനക്കാരാണ് ഉണ്ടായിരുന്നത്. അഗസ്റ്റാ വെസ്റ്റ്ലാന്റിന്റേതാണ് എഡബ്ള്യു139 മാരിടൈം ഓപ്പറേഷൻ ഹെലികോപ്റ്റർ. എയർബസിന്റേതാണ് ഫെന്നക് ഹെലികോപ്റ്റർ. സംഭവത്തിൽ മലേഷ്യൻ നാവിക സേന അന്വേഷണം പ്രഖ്യാപിച്ചു.
മലേഷ്യൻ റോയൽ നേവിയുടെ 90ാം വാർഷിക ആഘോഷങ്ങൾക്കായുള്ള പരേഡിന്റെ പരിശീലനത്തിനിടെയാണ് അപകടം. മരിച്ചവരുടെ ബന്ധുക്കളുടെ വിഷമത്തിൽ പങ്കുചേരുന്നതായി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. കഴിഞ്ഞ മാസം മലേഷ്യൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ മലാക്കയിൽ തകർന്നു വീണിരുന്നു.

* ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബൈനാൻസിന്റെ സ്ഥാപകൻ ചാങ്പെങ് ഷാവോയ്ക്ക് 3 വർഷം തടവുശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷൻ വാഷിങ്ടൻ കോടതിയി‍ൽ ആവശ്യപ്പെട്ടു. അനധികൃത പണമിടപാടു കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെയാണിത്. ഈ മാസം 30ന് ശിക്ഷ വിധിച്ചേക്കും. ഹമാസ്, അൽഖായിദ, ഐഎസ് ഉൾപ്പെടെ ഭീകരസംഘടനകളുമായി ബന്ധപ്പെട്ട ഒരുലക്ഷത്തിലേറെ ദുരൂഹ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ബൈനാൻസ് വീഴ്ചവരുത്തിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചുള്ള ചിത്രങ്ങളുടെയും മറ്റും വിൽപനയ്ക്കു കൂട്ടുനിന്നെന്നും ആരോപിച്ചു. നിയമലംഘനം നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള വിവരം പുറത്തുവന്നതോടെ കഴിഞ്ഞ നവംബറിൽ ബൈനാൻസ് സിഇഒ പദവി ഷാവോ ഒഴിഞ്ഞിരുന്നു. യുഎസ് നിയമവകുപ്പ് ചുമത്തിയ 36,000 കോടി രൂപ പിഴ ഒടുക്കാമെന്നു കമ്പനി സമ്മതിച്ചിട്ടുണ്ട്.

* ഗാസ യുദ്ധം: 200 ദിവസം പിന്നിട്ടിട്ടും ശാന്തിയില്ല; സൈന്യം പിൻവാങ്ങിയ മേഖലകളിൽ വീണ്ടും കനത്ത ബോംബിങ്. ഇസ്രയേൽ സൈന്യം നേരത്തേ പിൻവാങ്ങിയ വടക്കൻ മേഖലയിൽ അടക്കം ഗാസയിലെങ്ങുമാണ് ഇസ്രായേൽ കനത്ത ബോംബാക്രമണം നടത്തിയത്. ടാങ്കുകളിൽനിന്ന് ഇടതടവില്ലാതെ ഷെല്ലാക്രമണവും തുടർന്നു. തെക്കൻ ഗാസയിലെ ബെയ്ത് ഹാനൂൻ, ജബാലിയ എന്നിവിടങ്ങളിലാണു ഷെല്ലാക്രമണം രൂക്ഷം.
അതേസമയം ഇസ്രയേൽ ഗാസയിൽ നടത്തുന്ന കൂട്ടക്കൊലയ്ക്കെതിരെ യുഎസ് സർവകലാശാലകളിൽ തുടരുന്ന ശക്തമായ പ്രതിഷേധത്തിൽ കൂടുതൽ വിദ്യാർഥികൾ അറസ്റ്റിലായി. ബ്രൂക്‌ലിനിലും പ്രതിഷേധറാലിയിൽ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യ സമരകേന്ദ്രമായ കൊളംബിയ സർവകലാശാലയുടെ സിറ്റി ക്യാംപസിൽ വിദ്യാർഥികൾ ഉയർത്തിയ സമരപ്പന്തലുകൾ വെള്ളിയാഴ്ചയ്ക്കകം പൊളിച്ചുനീക്കണമെന്ന് അധികൃതർ അന്ത്യശാസനം നൽകിയിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച 120 വിദ്യാർഥികളാണ് അറസ്റ്റിലായത്. യെയ്‌ൽ, മിനസോഡ സർവകലാശാലകളിലും 46 വിദ്യാർഥികൾ അറസ്റ്റിലായി. ഹാർവഡ്, മാസച്യുസിറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവിടങ്ങളും സമരകലുഷിതമാണ്. ഇസ്രയേലിനു സഹായം നൽകുന്നതു യുഎസ് നിർത്തണമെന്നാവശ്യപ്പെട്ടു വിദ്യാർഥിസംഘടനകളുടെ കൂട്ടായ്മയാണ് സമരം നയിക്കുന്നത്.
യുഎസ് സെനറ്റിലെ ഇസ്രയേൽപക്ഷ നേതാവ് ചക് ഷൂമറുടെ ബ്രൂക്‌ലിനിലെ വസതിക്കു സമീപം 2,000 പ്രതിഷേധക്കാർ ചൊവ്വാഴ്ച ധർണയിരുന്നു. ഇതിനിടെ, ഇസ്രയേൽ, യുക്രെയ്ൻ, തയ്‌വാൻ എന്നീ രാജ്യങ്ങൾക്കു യുദ്ധകാല സഹായമായി 9,500 കോടി ഡോളർ (ഏകദേശം 7,58,500 കോടി രൂപ) യുഎസ് സെനറ്റ് പാസാക്കി. കൊളംബിയ സർവകലാശാലയുടെ സിറ്റി ക്യാംപസിൽ നൂറിലേറെ വിദ്യാർഥികളെ കഴിഞ്ഞ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണു സമരം മറ്റു സർവകലാശാലകളിലേക്കും വ്യാപിച്ചത്.

* ബഹിരാകാശത്തെ ആയുധ മത്സരം തടയണമെന്ന യുഎൻ പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. 15 അംഗ രക്ഷാസമിതിയിലെ 13 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. ചൈന വിട്ടുനിന്നു. ബഹിരാകാശത്തെ അപകടകരമായ ആണവായുധ മത്സരം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രങ്ങളെയും ആഹ്വാനം ചെയ്യുന്ന പ്രമേയം യുഎസും ജപ്പാനും ചേർന്നാണ് കൊണ്ടുവന്നത്. വിഷയം രാഷ്ട്രീയവൽകരിച്ചെന്നും എല്ലാത്തരം ആയുധങ്ങളും ബഹിരാകാശത്ത് നിരോധിക്കുന്നതിനോടു യോജിക്കാനാവില്ലെന്നും പറഞ്ഞായിരുന്നു റഷ്യയുടെ വീറ്റോ.

* ടിബറ്റ് പ്രശ്നം: പ്രതീക്ഷയുണർത്തി ടിബറ്റിലെ പ്രവാസി സർക്കാർ ചൈനയുമായി അനൗദ്യോഗിക ചർച്ച ആരംഭിച്ചു. ഇക്കാര്യം പ്രവാസി സർക്കാർ തലവൻ പെൻപ സെറിങ് സ്ഥിരീകരിച്ചു. രൂക്ഷമായ ചൈന വിരുദ്ധ പ്രക്ഷോഭവും ചൈനയുടെ നിർദയമായ അടിച്ചമർത്തലും മൂലം എല്ലാ സമാധാന ചർച്ചകളും സ്തംഭിച്ചിരിക്കയായിരുന്നു. ടിബറ്റിന്റെ ആത്മീയാചാര്യൻ ദലൈലാമയുടെ പ്രതിനിധിയും ചൈനയിലെ കമ്യൂണിസ്റ്റ് സർക്കാരുമായി 2002– 10 കാലയളവിൽ 9 വട്ടം ചർച്ച നടത്തിയെങ്കിലും പ്രശ്ന പരിഹാരത്തിനു വഴി തെളിഞ്ഞില്ല. അതിനുശേഷം ഒരു ചർച്ചയും ഉണ്ടായില്ല. പടിഞ്ഞാറൻ ലഡാക്കിൽ 2020 ൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം ഉണ്ടായതിനെത്തുടർന്ന് ടിബറ്റ് വിഷയം വീണ്ടും ശ്രദ്ധാകേന്ദ്രമായി. പ്രവാസി സർക്കാരിന്റെ അഭ്യർഥന മാനിച്ച് ഇന്ത്യ സജീവമായി ഇടപെടാനും തുടങ്ങി. 1959 ൽ ചൈനയിലെ സർക്കാരിനെതിരായ പ്രക്ഷോഭം പരാജയപ്പെട്ടതിനെത്തുടർന്ന് ദലൈലാമ ഇന്ത്യയിൽ അഭയം തേടിയിരുന്നു. ടിബറ്റിനു സ്വാതന്ത്യ്രമല്ല, സ്വയംഭരണാവകാശമാണ് വേണ്ടതെന്ന ദലൈലാമയുടെ പുതിയ നിലപാടിനെ ചൈന അനുഭാവപൂർവം പരിഗണിക്കുന്നതിന്റെ സൂചനയാണ് ഇപ്പോഴത്തെ ചർച്ചാനീക്കം.

* സ്വതന്ത്ര പലസ്തീൻ രാഷ്ട്രം നിലവിൽവന്നാൽ വെടിനിർത്താമെന്ന് ഹമാസ് രാഷ്ട്രീയ നേതാവ് ഖലീൽ അൽഹയ്യ വാഗ്ദാനം ചെയ്തു. സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർഥ്യമായാൽ ഹമാസ് ആയുധം താഴെ വച്ച് പൂർണമായും രാഷ്ട്രീയ പാർട്ടിയായി പരിവർത്തനം ചെയ്യുമെന്നും തുർക്കിയിൽ അസോഷ്യേറ്റഡ് പ്രസ് വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ അൽഹയ്യ പറഞ്ഞു. 5 വർഷമോ അതിൽക്കൂടുതലോ ഇസ്രയേലുമായി വെടിനിർത്തലിനു തയാറാണെന്നാണ് ഹമാസ് നേതാവ് വ്യക്തമാക്കിയത്. ഇതിനിടെ, ശേഷിക്കുന്ന ബന്ദികളെയും വിട്ടയച്ച് ഗാസയിലെ പ്രതിസന്ധി അവസാനിപ്പിക്കണമെന്ന് യുഎസ് ഉൾപ്പെടെ 18 രാജ്യങ്ങൾ ഹമാസിനോട് ആവശ്യപ്പെട്ടു. ഈ രാജ്യങ്ങളിൽ പൗരത്വമുള്ള ബന്ദികളും ഹമാസിന്റെ പിടിയിലുണ്ട്. ഇതേസമയം, തെക്കൻ ഗാസയിലെ റഫ ആക്രമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുതന്നെയാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇപ്പോൾ അവിടെയുള്ള പലസ്തീൻകാരെ ഒഴിപ്പിച്ച് മറ്റൊരിടത്ത് താമസിപ്പിക്കാനായി 40,000 ടെന്റുകൾ വാങ്ങിയെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ വക്താവ് അറിയിച്ചു.
റഫയുടെ കിഴക്കൻ മേഖലയിൽ ഇസ്രയേൽ ടാങ്കുകൾ കനത്ത ഷെല്ലാക്രമണം തുടരുന്നതിനിടെ വെടിനിർത്തലിനു പുതിയ കരാറുമായി ഇസ്രയേലിലേക്ക് മധ്യസ്ഥരായ ഈജിപ്ത് ഉന്നതസംഘത്തെ അയച്ചു. രാജ്യാന്തര സമ്മർദം അവഗണിച്ച് റഫയിലേക്ക് ഉടൻ സൈനികനീക്കമുണ്ടാകുമെന്ന സൂചന ശക്തമാണ്.

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments