രാജ്യത്ത് നടപ്പാക്കിയ പൗരത്വനിയമം മുസ്‌ലിങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരല്ലെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് സിങ് ഠാക്കൂർ. ആരുടെയെങ്കിലും പൗരത്വം എടുത്തുകളയാനല്ല, പൗരത്വം നൽകാനാണ് നിയമം നടപ്പാക്കിയത്. മോദിസർക്കാരിനെതിരേ പ്രതിപക്ഷം നിരന്തരം ദുഷ്‌പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഏതു രാഷ്ട്രീയപ്പാർട്ടിയുടെയും പ്രധാന വിഷയം വിശ്വാസ്യതയാണ്. അത് ബി.ജെ.പി.ക്കുണ്ട്. 2014-ൽ അധികാരത്തിലേറുമ്പോൾ നൽകിയ വാഗ്ദാനങ്ങളെല്ലാം സർക്കാർ പാലിച്ചു. ഇപ്പോൾ ഇന്ത്യ ലോകത്തെ ശക്തരായ അഞ്ച് സാമ്പത്തികശക്തികളിലൊന്നായി വളർന്നു. ഇതെല്ലാം ജനങ്ങൾ ബി.ജെ.പി.യെ മൂന്നാമതും അധികാരത്തിലെത്തിക്കാനുള്ള കാരണങ്ങളാണ്.
ഞങ്ങളുടെ അവകാശവാദം ശരിയായിരുന്നെന്ന് തിരഞ്ഞെടുപ്പുഫലം പുറത്തുവരുമ്പോൾ മനസ്സിലാകും. ഇപ്രാവശ്യം ഞങ്ങൾ ചരിത്രത്തിലെ ഏറ്റവുംവലിയ വിജയം ദക്ഷിണേന്ത്യയിൽ നേടാൻപോവുകയാണ്. തെലങ്കാന, കർണാടക, തമിഴ്നാട്, ആന്ധ്ര, കേരളം എന്നീ സംസ്ഥാനങ്ങളിൽനിന്ന്, സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ സീറ്റുനേടുന്ന പാർട്ടിയായി ബി.ജെ.പി. മാറും.