ചെന്നൈ ;പ്രൈം വോളിബോൾ ലീഗ് മൂന്നാംസീസൺ കിരീടം കലിക്കറ്റ് ഹീറോസിന്. ചെന്നൈ ജവാഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന ഫൈനലിൽ നവാഗതരായ ഡൽഹി തൂഫാൻസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചാണ് കലിക്കറ്റ് ആദ്യമായി ജേതാക്കളായത്. സ്‌കോർ: 15–-13, 15–-10, 13-–-15, 15-–-12. ആദ്യ രണ്ടു സെറ്റുകൾ നേടി ജയമുറപ്പിച്ച ഹീറോസിനെ മൂന്നാംസെറ്റിൽ ഡൽഹി വിറപ്പിച്ചെങ്കിലും, തുടർസെറ്റിൽ അവർക്ക് മികവ് ആവർത്തിക്കാനായില്ല.
ഹീറോസ് നായകൻ ജെറോം വിനീതാണ് ഫൈനലിലെ താരം, ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ. നിർണായകഘട്ടത്തിൽ പോയിന്റുകൾ നേടിയ ലൂയിസ് പെരോറ്റോ ഗെയിം ചെയ്ഞ്ചർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി.
ലീഗിന്റെ തുടക്കംമുതൽ മികച്ച പ്രകടനമായിരുന്നു കലിക്കറ്റിന്റേത്. ലീഗ് ഘട്ടത്തിലും സൂപ്പർ ഫൈവിലും ഒന്നാംസ്ഥാനക്കാരായാണ് ഫൈനലിലേക്ക് കുതിച്ചത്. കിരീടം നേടിയ കലിക്കറ്റിന് 40 ലക്ഷം രൂപയും റണ്ണറപ്പായ ഡൽഹിക്ക് 30 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഡിസംബറിൽ ഇന്ത്യ വേദിയൊരുക്കുന്ന എഫ്‌ഐവിബി ക്ലബ് ലോക ചാമ്പ്യൻഷിപ്പിലും കലിക്കറ്റ് ഹീറോസ് ഇന്ത്യയെ പ്രതിനിധാനം ചെയ്യും.
കലിക്കറ്റാണ് കലാശക്കളിയിൽ സ്‌കോർ ബോർഡ് തുറന്നത്.
പിന്നാലെ ഡൽഹി തുടർച്ചയായി മൂന്നു പോയിന്റുകൾ നേടി. തൂഫാൻസിന്റെ സർവീസ് പിഴവിൽ കലിക്കറ്റ് ഒപ്പമെത്തി. വികാസും ചിരാഗും ഡൽഹിയുടെ മുന്നേറ്റത്തിന് തടയിട്ടു. അപോൺസയുടെ പിഴവിൽ ഹീറോസ് മുന്നേറി.
രണ്ടാംസെറ്റിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. ഉക്രപാണ്ഡ്യന്റെ തന്ത്രപരമായ പന്തൊരുക്കത്തിൽ ചിരാഗ് യാദവ് കലിക്കറ്റിനെ മുന്നിലാക്കി. കാണികളുടെ ആരവങ്ങൾ കരുത്താക്കി ഹീറോസ് കുതിച്ചു. നിർണായകമായ മൂന്നാംസെറ്റിൽ ഡൽഹി അതിവേഗം പോയിന്റുകൾ നേടി. നാലാംസെറ്റിൽ ജെറോമും പെരോറ്റോയും ചേർന്ന് ഹീറോസിനെ ഉയിർത്തെഴുന്നേൽപ്പിച്ചു.