വിദേശ രാജ്യങ്ങളിൽ പഠിച്ച നഴ്സുമാരുടെ വിദ്യാഭ്യാസയോഗ്യത നിർണ്ണയിക്കുന്ന കമ്മീഷൻ ഓൺ ഗ്രാജുവേറ്റ്സ് ഓഫ് ഫോറിൻ നഴ്സിംഗ് സ്‌കൂൾസിന്റെ ((സി ജി എഫ് എൻ എസ് ഇന്റർനാഷണൽ) അലയൻസ് ഫോർ എത്തിക്കൽ ഇന്റർനാഷണൽ പ്രാക്ടീസ് ബോർഡ് ഓഫ് ഗവർണേഴ്സിലേക്ക് മലയാളിയായ സുജ തോമസ് നിയമിതയായി. നഴ്സിംഗ്, ആരോഗ്യമേഖലയിലെ ഫിസിക്കൽ തെറാപ്പി പോലുള്ള പല പ്രൊഫഷണലുകളുടെ വിദ്യാഭ്യാസത്തിന്റെ യോഗ്യതാനിര്ണയം നടത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് സി ജി ഫ് എൻ എസ്. ഈ പ്രൊഫഷണലുകളുടെ വിദ്യാഭ്യാസം അമേരിക്കയിലെ സമാന വിദ്യാഭ്യാസത്തിനു തുല്യമാണോയെന്നു പരിശോധിച്ചു അംഗീകാരം നൽകുകയും അവർക്ക് പരീക്ഷ നൽകുകയും വിസ സ്ക്രീനിങ് നടത്തുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പ്രവർത്തനങ്ങളിൽ പ്രധാനമര്ഹിക്കുന്നു. വിദേശത്തു നിന്നുള്ള നഴ്സുമാരുടെ കുടിയേറ്റത്തിനും പ്രാക്ടീസിനും ഏറ്റവും കാതലായ ഒരു സ്ഥാപനമായാണ് സി ജി എഫ് എസിനെ കണക്കാക്കുന്നത്. ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗമെന്ന നിലയിൽ സുജ അമേരിക്കയിലെ പ്രമുഖരും പണ്ഡിതരുമായ മറ്റു പന്ത്രണ്ടു പ്രൊഫഷനലുകളുമായി ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്ന് ആരോഗ്യ രംഗത്തേക്ക് സുതാര്യമായ റിക്രൂട്മെന്റ് സമ്പ്രദായങ്ങൾ സ്വീകരിക്കുന്നതിനും ആരോഗ്യപരിപാലനത്തിനും ആരോഗ്യപോഷണത്തിനുമുള്ള നിലവാരം മെച്ചപ്പെടുത്തുന്നതിനും പങ്കു വഹിക്കും.
യൂ എസ്സിലെ ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സ്വരമായ നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഇൻ അമേരിക്കയുടെ (നൈന) യുടെ ഇപ്പോഴത്തെ പ്രെസിഡന്റായ സുജ തോമസ് ആൾബനി സാമുവൽ സ്ട്രാട്ടൻ വി എ ഹോസ്പിറ്റലിൽ ക്ലിനിക്കൽ ലീഡ് – നേഴ്സ് അഡ്മിനിസ്ട്രേറ്റർ ആയി ഇപ്പോൾ പ്രവർത്തിക്കുന്നു. മംഗളൂരുവിൽ ഫാദർ മുള്ളേഴ്‌സ് കോളേജ് ഓഫ് നഴ്സിങ്ങിൽ നിന്ന് നഴ്സിങ്ങിൽ ബി എസ് സി യും ന്യൂ യോർക്ക് ട്രോയിലെ റസ്സൽ സേജ് കോളേജിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് ഇൻ നഴ്സിംഗ് എഡ്യൂക്കേഷനും തുടർന്ന്
ജെറോന്റോളോജി പ്രൈമറി കെയർ നഴ്സ് പ്രാക്ടീഷണറായി പോസ്റ്റ് മാസ്റ്റേഴ്സ് ഡിഗ്രിയും മിന്നെസോട്ട മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിൽ നിന്ന് വൂണ്ട് ഓസ്റ്റമി ആൻഡ് കോണ്ടിനെൻസിൽ സ്പെഷ്യലൈസേഷനും എടുത്തിട്ടുള്ള സുജ തോമസ് ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് ബഫാലോയിൽ പി എച് ഡിയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നു.
പല സ്വകാര്യ-പൊതു സ്ഥാപനങ്ങളിൽ അക്യൂട്-ലോങ്ങ് ടെം കെയറിലും നേരിട്ടുള്ള നഴ്സിംഗ് കെയറും വിവിധ ഡിപ്പാർട്മെന്റുകളുടെ ഓവർസൈറ്റ്, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷൻ, മണിപ്പാൽ കോളേജ് ഓഫ് നഴ്സിംഗ്, ആൾബനി മറിയ കോളേജിൽ അധ്യാപിക, സെയ്ന്റ് പീറ്റേഴ്‌സ് ഹെൽത് പാർട്നെർസിൽ നഴ്സ് എക്സെക്കുട്ടീവ് എന്നീ നിലകളിൽ വൈവിധ്യമാർന്ന അനുഭവ സമ്പത്തും അറിവും പരിജ്ഞാനവും കഴിവും നേടിയിട്ടുള്ള സുജ 2023-ലെ അമേരിക്കൻ നഴ്സസ് അസോസിയേഷന്റെ ‘മാഗ്നെറ്/പാത് വേ റ്റു എക്സെല്ലെൻസ് കോൺഫെറെൻസിൽ സ്‌കോളർഷിപ്പിന് അര്ഹയായിരുന്നു. റോബർട്ട് സ്കോളർ അവാർഡ് ഫോർ ക്ലിനിക്കൽ എക്സെല്ലെൻസ്, ട്രാൻസ്ഫോർമേഷണൽ ലീഡർഷിപ് അവാർഡ്, ക്വാൻട്ടം ലീഡര്ഷിപ് അവാർഡ്, ക്ലിനിക്കൽ എക്സെല്ലെൻസ് ആൻഡ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ അവാർഡ്, ഏഷ്യാനെറ്റ്/വേൾഡ് മലയാളി കൗൺസിലിന്റെ ഹെൽത്ത്കെയർ എക്സെല്ലെൻസ് ആൻഡ് ലീഡര്ഷിപ് അവാർഡ് എന്നിവ സുജയ്ക്കു ലഭിച്ച ബഹുമതികളിൽ പെടുന്നു. ആരോഗ്യ പ്രവർത്തകരിൽ ‘ബാക് ഇഞ്ചുറി’ കുറയ്ക്കുന്നതിനുള്ള ഒരു ഗവേഷണ പഠനവും സുജ നടത്തിയിരുന്നു.
ഇന്ത്യൻ നഴ്സുമാരുടെ ദേശീയ സംഘടനയുടെ നേതാവായ സുജ 2023-ൽ ലീഡര്ഷിപ് ആൻഡ് ക്ലിനിക്കൽ എക്സെല്ലെൻസ് എന്ന ത്രിദിന കോൺഫറൻസ് വളരെ വിജയകരമായാണ് ഷിക്കാഗോയിൽ നടത്തുന്നതിനു നേതൃത്വം വഹിച്ചത്. അമേരിക്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും നഴ്സിങ്ങിലും നഴ്സിംഗ് അധ്യാപനരംഗത്തും നേതൃത്വത്തിലും ഉള്ള അനേകം പേര് പങ്കെടുത്ത ഈ കോണ്ഫറന്സ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, യൂ എസ് സർജൻ ജെനെറൽ വിവേക് മൂർത്തി എന്നിവർ വ്യക്തിപരമായി ആശംസകൾ നൽകിയിരുന്നു.
ലോക രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കും ബന്ധപ്പെട്ട പ്രൊഫഷണൽമാർക്കും തൊഴിൽ സംബന്ധമായ തീരുമാനമെടുക്കുന്നതിനും ന്യായവും സുതാര്യവും ആയ റിക്രൂട്മെന്റ് സംവിധാനം സ്വീകരിക്കുന്നതിനും അപാരമായ സ്വാധീനം ചെലുത്താൻ ബോറെഡ് ഗവർണേഴ്‌സ് അംഗമായ സുജയ്ക്കു കഴിയും.
പോൾ ഡി പനയ്ക്കൽ