രാജ്യത്തെ ഭൂരിഭാഗം ബാങ്കുകളും സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കും. എന്നാൽ ഉപഭോക്താവിനെ അറിയിക്കാതെയോ, നെഗറ്റീവ് ബാലൻസ് വരുത്തികൊണ്ടോ പിഴ ഈടാക്കാൻ കഴിയില്ല. ഉപയോക്താക്കൾ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതിനുള്ള മാർഗ നിർദേശങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്. സീറോ ബാലൻസ് അക്കൗണ്ട് ആണെങ്കിൽ മിനിമം തുക സൂക്ഷിക്കാത്തതിന് പിഴയൊന്നും നൽകേണ്ടതില്ല.
ഓരോ ബാങ്കും ഈടാക്കുന്ന പിഴ വ്യത്യസ്തമാണ്. മുൻനിര ബാങ്കുകളിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ എത്ര രൂപ ഈടാക്കുമെന്ന് അറിയാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.
2020 മാർച്ചിൽ, സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കായുള്ള മിനിമം ബാലന്‍സ് വേണമെന്ന നിബന്ധന എസ്ബിഐ നിർത്തലാക്കിയിട്ടുണ്ട്. മുൻപ് എസ്ബിഐ അക്കൗണ്ട് ഉടമകൾ അവരുടെ ബ്രാഞ്ച് മെട്രോ ഏരിയയിലോ അർദ്ധ നഗര പ്രദേശങ്ങളിലോ ഗ്രാമത്തിലോ ആണോ എന്നതിനെ ആശ്രയിച്ച് ശരാശരി 3,000 രൂപയോ 2000 രൂപയോ 1000 രൂപയോ അവരുടെ അക്കൗണ്ടിൽ സൂക്ഷിക്കണം.
എച്ച്‌ഡിഎഫ്‌സി ബാങ്ക്.
എച്ച്‌ഡിഎഫ്‌സി ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, “മിനിമം ശരാശരി പ്രതിമാസ ബാലൻസ് രൂപ നിലനിർത്തേണ്ടത് നിർബന്ധമാണ്. നഗരത്തിലുള്ള ബ്രാഞ്ചുകൾ ശരാശരി പ്രതിമാസ ബാലൻസ് 5000 രൂപ അർദ്ധ-നഗര ബ്രാഞ്ചുകൾ ശരാശരി ത്രൈമാസ ബാലൻസ് 2500 രൂപ നിലനിർത്തണം.
ഐസിഐസിഐ.
ഐസിഐസിഐ ബാങ്കിന്റെ സാധാരണ സേവിംഗ്‌സ് അക്കൗണ്ടിലെ ശരാശരി മിനിമം ബാലൻസ് തുക 10,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നഗര ശാഖകളിൽ 5,000 രൂപയും ഗ്രാമീണ ശാഖകളിൽ 2,000 രൂപയും മിനിമം ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്.
പിഎൻബി.
മെട്രോ നഗരങ്ങളിൽ 5,000 മുതൽ 10,000 രൂപയും അർദ്ധ നഗരങ്ങളിൽ 2,000 രൂപയും ഗ്രാമപ്രദേശങ്ങളിൽ 1,000 രൂപയും ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്.