പ്രഭാത ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ ആറു പേരും സൂ നെനഗാര കാണാൻ പുറപ്പെട്ടു. കെവിൻ തന്നെയായിരുന്നു ഗൈഡ്.സിറ്റിയിൽ നിന്ന് ഏകദേശം 13 കിലോമീറ്റർ ദൂരെയാണ് ഈ സ്ഥലം.
തലേന്ന് തന്നെ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.ചെന്നയുടനെ എല്ലാവർക്കും കയ്യിൽ ബാൻഡുകൾ കെട്ടി തന്നു.ബാൻഡുകളുടെ Q R കോഡ് സ്കാൻ ചെയ്താണ് നമ്മളെ ഓരോ സോണിലേക്കും കയറ്റി വിടുക. 110 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ദേശീയ മൃഗശാലയിൽ 475 വ്യത്യസ്ത ഇനങ്ങളെ പ്രതിനിധീകരിക്കുന്ന 5137 മൃഗങ്ങൾ ഉണ്ടത്രേ!
നാട്ടിലെ പോലെ മൃഗങ്ങൾ കൂടുകളിൽ അല്ല.അവയെ സ്വാഭാവിക ആവാസ വ്യവസ്ഥയോട് ചേർന്നുള്ള സ്ഥലങ്ങളിൽ തുറന്നു വിട്ടിരിക്കുകയാണ്.പക്ഷേ മനുഷ്യരെ ആക്രമിക്കാത്ത വിധം കമ്പിവേലികൾ ക്രമീകരിച്ചിട്ടുണ്ട്.മലേഷ്യൻ സുവോളജിക്കൽ സൊസൈറ്റി എന്നറിയപ്പെടുന്ന ഒരു സർക്കാരിതര സംഘടനയാണ് ഇത് നിയന്ത്രിക്കുന്നത്.
6 സോണുകളായി ഇതിനെ തിരിച്ചിട്ടുണ്ട്.ഓരോ സോണിലും കയറുമ്പോൾ കാണുന്ന കാഴ്ചകൾ വിസ്മയകരം എന്ന് പറയാതെ വയ്യ!11മണിക്ക് ഒരു മൾട്ടി അനിമൽ ഷോ തുടങ്ങുന്നുണ്ട് എന്ന് അറിയിച്ചതനുസരിച്ച് ഞങ്ങൾ അതിനടുത്തുള്ള ബേർഡ്‌സ് പാർക്കും reptiles പാർക്കും അക്വേറിയവും കുറച്ചുനേരം നടന്നു കണ്ടു.മിക്കവാറും എല്ലാവരും ബഗ്ഗി വാനുകൾ റെന്റിനു എടുത്ത് അതിലൂടെ ഒരു കറക്കം കറങ്ങി വരികയാണ് ചെയ്യുന്നത്. മടങ്ങി വരുമ്പോഴേക്കും ഷോ തുടങ്ങുമോ എന്ന് പേടിച്ച് ഞങ്ങൾ ആ സമയം നന്നായി ഉപയോഗിച്ചു. കുള്ളൻ മുതലകൾ,വലിയ പാറക്കല്ല് പോലുള്ള ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ആമ,പച്ച അനക്കോണ്ട, പെരുമ്പാമ്പുകൾ മലേഷ്യൻ തവളകൾ…..അങ്ങനെ ജീവിതത്തിൽ ഇന്നുവരെ കാണാത്ത മൃഗങ്ങളെയൊക്കെ കണ്ടു.400 വയസ്സാണ് അത്രേ ആമകളുടെ ആയുസ്സ്. എൻറെ കൊച്ചു മക്കളുടെ മക്കളെയും അവരുടെ മക്കളെയും കാണാനുള്ള ഭാഗ്യം ഇവർക്കുണ്ടാകും.
പിന്നെ കയറിയത് പാണ്ട സംരക്ഷണകേന്ദ്രത്തിലേക്ക്.
എയർകണ്ടീഷൻ ചെയ്ത ഒരു അടച്ചിട്ട മുറിയിൽ ആണ് പാണ്ടകൾ വസിക്കുന്നത്.
അവർക്ക് കളിക്കാനായി കയറിൽ തൂക്കിയിട്ടിരിക്കുന്ന ടയർ ഊഞ്ഞാലുകൾ, മരങ്ങൾ, ചെടികൾ ഒക്കെ മനോഹരമായി സെറ്റ് ചെയ്ത് വച്ചിരിക്കുന്നു.ഞങ്ങൾ ചെല്ലുമ്പോൾ രണ്ടുപേരും ഉറങ്ങുകയായിരുന്നു. ശബ്ദം ഉണ്ടാക്കരുതെന്ന നിർദ്ദേശത്തോടെ ആണ് ഞങ്ങളെ അതിനകത്ത് പ്രവേശിപ്പിച്ചത്.എങ്കിലും ഞങ്ങളുടെ കൂടെ കയറിയ പിക്നിക്കിനു വന്ന കുട്ടിപട്ടാളം കലപില ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു. പാണ്ടകൾ കൊച്ചു കുട്ടികൾ കമിഴ്ന്നു കിടന്ന് ഉറങ്ങുന്നതുപോലെ മരച്ചില്ലകളിൽ നല്ല ഉറക്കത്തിലായിരുന്നു. രണ്ട് കയ്യകലത്തിൽ നമുക്ക് അവരെ കാണാം.അത് കണ്ട് ഇറങ്ങിയപ്പോഴേക്കും ആനിമൽസ് ഷോ കാണാൻ ഉള്ള സമയമായി.
നല്ലൊരു ആംഫി തീയറ്റർ സെറ്റപ്പ് ആയിരുന്നു അത്.ഒരു മുക്കാൽ മണിക്കൂർ നേരത്തെ ഷോ. ഞങ്ങൾ അങ്ങോട്ട് കയറി ചെല്ലുമ്പോൾ തന്നെ വയസ്സായവരുടെ ഒരു ഗ്രൂപ്പ് ഇരുന്ന് അന്താക്ഷരി കളിക്കുന്നു.
‘ചന്ദ്ര കളഭം ചാർത്തി ഉണരും തീരം ……
മാനസ മൈനേ വരൂ…
ചക്രവർത്തിനി…….
ഈ മലയാളം പാട്ടുകൾ കേട്ട് ഞാൻ സ്വിച്ച് ഇട്ട പോലെ അവിടെ നിന്ന് അവരെ പരിചയപ്പെട്ടു. അവർ ഒരു ഗ്രൂപ്പായി മലേഷ്യ കാണാൻ വന്നിട്ടുള്ള റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥർ ആണത്രേ.
ഷോ തുടങ്ങിയപ്പോൾ ആദ്യ ഐറ്റം പാട്ടിന് ഒപ്പിച്ചു നൃത്തംചെയ്ത് ഒരു 25 കൊക്കുകൾ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് പോകുന്നത് ആയിരുന്നു.പിന്നെ നല്ല ഗുണ്ടുമണി പൂവൻ കോഴികളെയും പിട കോഴികളുടെയും മാർച്ച്പാസ്ററ്. പിന്നെ ഡോൾഫിനുകളുടെ പന്തുകളി. പന്ത് ഇടയ്ക്ക് തെറിച്ച്
എയ്താന്റെ മടിയിൽ വന്നു വീണതും അത് കൊടുക്കാൻ എയ്താൻ സ്റ്റേജിനടുത്തേക്ക് പോയതും എല്ലാവർക്കും വലിയ സന്തോഷത്തിന് കാരണമായി.സീഹോർസുകളുടെ ബോളും ബാറ്റും കളി,മറ്റു പക്ഷികളുടെ സർക്കസ്, തത്തമ്മയുടെ കളി………!ദൈവമേ മറന്നു കിടന്നിരുന്ന തത്തയെ വീണ്ടും ഓർമ്മവന്നു അതിനെ തൃശ്ശൂർ കൊണ്ടുപോകണം എന്നു പറയുമോ ഇയാൻ എന്നായിരുന്നു എൻറെ ഭയം.
പെട്ടെന്ന് എല്ലാവരും മുകളിലേക്ക് നോക്കാൻ ആവശ്യപ്പെട്ടു നടത്തിപ്പുകാർ.അപ്പോൾ നല്ല തണ്ടും തടിയും ഉള്ള ഒരു മലയണ്ണാൻ മുകളിൽ ഉറപ്പിച്ചിരുന്ന കമ്പിയിലൂടെ നടന്നുവന്ന് അവന് വച്ച ഭക്ഷണം കഴിക്കുന്നു.എല്ലാവരും കയ്യടിക്കുകയും ബഹളം വയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും “വിശന്നിട്ടു കണ്ണു കാണാൻ വയ്യ മക്കളെ, ഞാൻ വല്ലതും തിന്നട്ടെ” എന്നമട്ടിൽ ആരെയും മൈൻഡ് ചെയ്യാതെ അവൻറെ ഭക്ഷണം അകത്താക്കി തിരിച്ചുപോയി. കൈയ്യടിച്ചു വിളിച്ച് അവൻ സദസ്യരുടെ ഇടയിലേക്ക് എങ്ങാനും വന്നിരുന്നെങ്കിൽ എല്ലാവരും പേടിച്ചു എഴുന്നേറ്റ് ഓടിയേനെ. അത് വേറെ കാര്യം. പ്രവേശനകവാടത്തിനു അടുത്തു ചെന്ന് ഞങ്ങളും buggy van വാടകയ്ക്കെടുത്തു. പിന്നെ അതിലായി പോക്ക്.3 സ്റ്റോപ്പ് ഉണ്ട് ഇതിന്.ആദ്യത്തെ സ്റ്റോപ്പിൽ നിർത്തുമ്പോൾ അവിടത്തെ സിംഹം, പുലി, വംശനാശഭീഷണി നേരിടുന്ന മൃഗങ്ങൾ അങ്ങനെയുള്ളവരെ ഒക്കെ കണ്ടു തിരിച്ചു വരും.
രണ്ടാമത്തെ സ്റ്റോപ്പിൽ സീബ്രാ, ജിറാഫ്, സിംഹവാലൻ കുരങ്ങ്, അങ്ങനെയുള്ളവർ……. പല മൃഗങ്ങൾക്കും കാബേജ് പോലുള്ള പച്ചക്കറികൾ അരിഞ്ഞ് അവിടത്തെ സ്റ്റാഫ് നമ്മളെ വെയിറ്റ് ചെയ്തു നിൽക്കുന്നുണ്ട്. നമുക്ക് അത് എടുത്തു ഇവർക്ക് കൊടുക്കാം.കഴുത്ത് ആകാശത്തുനിന്ന് നമ്മുടെ കൈയിലേക്ക് നീളുമ്പോൾ പേടിയാകും എന്നു മാത്രം. അതുപോലെ ഇന്ത്യൻ കൗ എന്ന ബോർഡ് കണ്ട സ്ഥലത്തെ പശുവിനെ കണ്ടാൽ മാത്രം മതി മലേഷ്യ എത്ര സമ്പന്നതയുടെ മടിത്തട്ടിൽ ആണെന്ന് അറിയാൻ. ഉണ്ണിയെ കണ്ടാൽ അറിയാമല്ലോ ഊരിലെ പഞ്ഞം എന്ന് പറഞ്ഞത് പോലെ ഒന്നിന്റെയും ഒരു എല്ലു പോലും തെളിഞ്ഞിട്ടില്ല. ഓരോന്നിന്റെയും തണ്ടും തടിയും കണ്ടാൽ നമ്മൾ വിസ്മയിക്കും.
അതുപോലെതന്നെ ഞാൻ അവിടെ ശ്രദ്ധിച്ച മറ്റൊരു കാര്യം സന്ദർശകർ ആരും തന്നെ അവരെ ഉപദ്രവിക്കുകയോ നമ്മുടെ നാട്ടിലെ പോലെ കല്ലെടുത്ത് എറിയുകയോ കലപില ശബ്ദം ചെയ്ത് ശല്യപ്പെടുത്തുകയോ ചെയ്യുന്നില്ല.അവർ അവരുടെ പാട് നോക്കി നടക്കുന്നു. നമ്മൾ നമ്മുടെ ജോലിയും.
അക്വറിയത്തിൽ വൈവിധ്യമാർന്ന മത്സ്യങ്ങൾ ആണുള്ളത്. ഞണ്ട്,കൊഞ്ചു,പവിഴങ്ങൾ,
മക്കാവ്, കടൽ സിംഹം……അങ്ങനെയുള്ള മത്സ്യങ്ങൾ
പിന്നെ സൂവിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തുള്ള കുരങ്ങു കേന്ദ്രത്തിലെ ചിമ്പുകൾ, ഒറാങ് ഊട്ടാൻ ഇവരുടെ കളികളും ഒക്കെ നോക്കിനിൽക്കാൻ നല്ല രസമുണ്ട്.
ബേർഡ്സ് പാർക്കിൽ ചായംപൂശി കൊമ്പുകളുള്ള പക്ഷികൾ, ലോകത്തിലെതന്നെ ഏറ്റവും വലിയ വവ്വാലുകൾ, പെൻഗ്വിൻ,എമു,……എന്നിവ നമ്മളെ അത്ഭുതപ്പെടുത്തും.
ഭക്ഷണം തേടിയുള്ള തങ്ങളുടെ ഫ്ളീപ്പറുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലൂടെ പറക്കുന്ന പെൻഗ്വിന്റെ കാഴ്ച മനോഹരം തന്നെ. വെള്ള കാണ്ടാമൃഗം, സേബിൾ ഉറുമ്പുകൾ,ജിറാഫ് ഒട്ടകപക്ഷി,ആഫ്രിക്കൻ സിംഹം, വെള്ളക്കടുവ, ബഗ്, ഭീമൻ തേളുകൾ, ഏഴിനത്തിലുള്ള വേഴാമ്പലുകൾ എന്നിവ ഉണ്ട് ഇവിടെ.വാരാന്ത്യങ്ങളിൽ ഫോട്ടോ കോർണർ തുറന്നിരിക്കുമത്രേ!പാമ്പുകൾ,ചെ
ഉച്ച കഴിഞ്ഞ് കോലാലമ്പൂർ അക്വേറിയം കാണാനാണ് പ്ലാൻ ചെയ്തിരുന്നത്. അതിനു 8 മണിക്കൂർ നേരത്തേക്ക് ഒരു വാൻ ബുക്ക് ചെയ്തിരുന്നു. ആ വിശേഷങ്ങൾ അടുത്തതിൽ…….