Sunday, November 24, 2024
Homeകഥ/കവിതനിയോഗം (കഥ) ✍പ്രഭാ ദിനേഷ്

നിയോഗം (കഥ) ✍പ്രഭാ ദിനേഷ്

പ്രഭാ ദിനേഷ്

തറവാടിൻ്റെ ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കടന്നപ്പോൾ തന്നെ കാപ്പി പൂക്കളുടെ ഗന്ധം മൂക്കിലേയ്ക്ക് തുളച്ചു കയറി. മുറ്റത്ത് വന്നപ്പോഴേയ്ക്കും ഒന്നുകൂടി ആ സുഗന്ധം കൂടുതലായി അനുഭവപ്പെട്ടു. കണ്ണുകൾ പറമ്പിലേയ്ക്ക് തിരിഞ്ഞു. വീടിൻ്റെ തെക്ക് പടിഞ്ഞാറ് ഭാഗം മൊത്തം കാപ്പിത്തോട്ടമാണ്. മകരത്തിൽ കട്ട മഞ്ഞുപെയ്യുമ്പോഴോ , പുതുമഴ പെയ്യുമ്പോഴാ ആണ് സാധാരണ കാപ്പി പൂക്കുന്നത്. ഒമ്പത് വർഷത്തിന് ശേഷം വയനാട്ടിലുള്ള തൻ്റെ വീട്ടിലേയ്ക്ക് എത്തിയത്, തണുപ്പിനൊപ്പം കാപ്പിപൂക്കളുടെ മണം ആസ്വദിച്ച് തൻ്റെ പടിഞ്ഞാറുവശത്തുള്ള മുറിയിലെ ജനാലകൾ തുറന്നിട്ട് രാത്രിയിലെ സുഖമുള്ള തണുപ്പേറ്റ് കണ്ണും തുറന്ന് മൂടിപ്പുതച്ച് കിടക്കണമെന്ന മോഹം കൂടി തോന്നിയത് കൊണ്ടാണ്.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാവണം അമ്മ വാതിൽ തുറന്ന് പൂമുഖത്തെത്തി. ഒരുപാട്നാൾ കൂടിയാണ് വരവ്. അമ്മയ്ക്ക് പരിഭവം കാണും. ജോലിത്തിരക്ക് കാരണം വരാൻ കഴിയാറില്ല.പിന്നെ നഗരത്തിലെ വിമൻസ് ഹോസ്റ്റലിലെ ഒറ്റപ്പെട്ട ജീവിതവുമായി താൻ പൊരുത്തപ്പെട്ടു കഴിഞ്ഞല്ലോ?

അമ്മ പെട്ടെന്ന് അടുത്തെത്തി. എന്താ മോളെ ഇവിടെത്തന്നെ നിന്ന് കളഞ്ഞത്? ഗേറ്റ് തുറക്കണ ശബ്ദം കേട്ടിട്ട് കുറച്ച് നേരമായല്ലോ?

അല്ലെങ്കിലും നിനക്ക് എന്നെക്കാളും പ്രിയം ഈ കാപ്പിപ്പൂക്കളോടാണല്ലോ? പരിഭവത്തിലും, ചെറിയ പിണക്കത്തോടെയും അമ്മ പറഞ്ഞു.

അമ്മയ്ക്ക് അറിയാലോ പിച്ചിപ്പൂക്കളും, കാപ്പി പൂക്കളും എനിക്ക് ഒരുപാടിഷ്ടമാണെന്ന്,എൻ്റെ അമ്മയെപ്പോലെ!

പുറകുവശത്തെ ചെടിതോട്ടത്തിൽ പിച്ചിപ്പൂവും ഒരുപാട് വിരിഞ്ഞ് നിൽപ്പുണ്ട് ഇക്കുറി പതിവില്ലാതെ, നിന്നെയും കാത്ത്!

ഞാൻ മുടിയിൽ പൂ ചൂടാതായിട്ട് കുറെക്കാലമായെന്ന കാര്യം അമ്മ മറന്നുപോയോ? അവൾ അങ്ങനെ പൂത്തുലഞ്ഞ് സുന്ദരിയായി നിന്നോട്ടെ.

ഒരു നിമിഷം ഞങ്ങൾ മൗനത്തിൻ്റെ തേങ്ങലിലൊളിച്ചു. ഒരു നെടുവീർപ്പോടെ അമ്മ തിരിഞ്ഞു നടന്നു. പെട്ടെന്ന് തന്നെ താനും പുഞ്ചിരിച്ചു കൊണ്ട് അമ്മക്ക് അരികിലെത്തി.

അമ്മയ്ക്ക് ഓർമ്മയുണ്ടോ എങ്ങനെയാണ് അമ്മയുടെ ശാലു മോൾ ഇങ്ങനെയായതെന്ന്?

അതെന്താ മോളെ നീ അമ്മയെ വേദനിപ്പിക്കാൻ ഇങ്ങനെയൊരു ചോദ്യം? അമ്മ നിന്നോട് എന്തെങ്കിലും തെറ്റ് ചെയ്തതായി നിനക്ക് തോന്നുന്നുണ്ടോ?

ഒരിക്കലുമില്ലമ്മേ എന്ന് പറഞ്ഞവൾ നിറഞ്ഞ കണ്ണോടെ അമ്മയെ കെട്ടി പിടിച്ചു.

കുട്ടിക്കാലം മുതൽ എല്ലാവരും കൂടി എന്നെ മോഹിപ്പിച്ചതല്ലേ ശരത്തേട്ടൻ്റെ പെണ്ണാണ് ഞാനെന്ന് പറഞ്ഞ്. നാഴികയ്ക്ക് നാല്പ്തുവട്ടം ശോഭ അമ്മായിയും പറയുമായിരുന്നില്ലേ? ഇവൾ എൻ്റെ ശരത് മോൻ്റെ പെണ്ണാണെന്ന്.
എന്നിട്ട് അവസാനം എല്ലാവരും കൂടി ഞാൻ അറിയാതെ എന്നെ ഒറ്റ് കൊടുക്കുകയല്ലേ ചെയ്തത്? അമ്മ പറ,എൻ്റെ ഭാഗത്തെ തെറ്റ് എന്തായിരുന്നുവെന്ന്?

അതൊന്നും ഇനി ഓർക്കണ്ട കുട്ടീ… ഒക്കെ ഓരോ നിയോഗം എന്നു കരുതിയാൽ മതി.

അമ്മ നിന്നെ ഒന്ന് കാണാൻ എത്ര നാളായി കൊതിക്കുന്നെന്ന് അറിയാമോ?

ഇളയച്ഛൻ്റെ മകൾ വർഷയ്ക്ക് എഞ്ചിനീയറിങ്ങിന് അഡ്മിഷൻ കിട്ടി ശരത് ഏട്ടൻ പഠിക്കുന്ന കോളേജിൽ ചെന്നപ്പോൾ തൊട്ട് ശോഭ അമ്മായിക്ക് വരുന്ന മരുമകൾ എഞ്ചീനിയർ ആകണമെന്ന മോഹത്തോടൊപ്പം ഇളയച്ഛൻ്റെ മുഴുവൻ സ്വത്തും ഏക സന്തതിയിലൂടെ അവർക്ക് വന്നുചേരണമെന്ന ദുരയും കൂടി മൂത്തപ്പോൾ പാവം ഞാൻ ഭൂമിയിലെ ശപിക്കപ്പെട്ട ഒരു സ്ത്രീ ജന്മമായി തീർന്നില്ലേ?

അതൊക്കെ പോട്ടെ. മോള് പോയി കുളിച്ച് റഡിയായി വേഗം വരൂ. അമ്മ നിനക്കിഷ്ടമുള്ള ചക്ക അടയും, അവലോസുണ്ടയും, നേന്ത്രക്കാ ഉപ്പേരിയും, കരുപ്പെട്ടി കാപ്പിയും ഉണ്ടാക്കി വച്ചേക്കുവാ. അതൊക്കൊ കഴിച്ചിട്ടാകാം ബാക്കി വിശേഷങ്ങൾ. അമ്മ അടുക്കളയിലേയ്ക്ക് ചെല്ലട്ടെ.

ശാലുമോളെ,മോളുടെ മുറി രണ്ട് ദിവസം മുൻപ് പണിക്കാരി ലീലയെ കൊണ്ട് അടിച്ച് തുടച്ച് വൃത്തിയാക്കി അമ്മ ഇടീപ്പിച്ചിട്ടുണ്ടുട്ടോ. അടുക്കളയിലേയ്ക്ക് കേറുന്നതിനിടയിൽ അവളോട് അവർ വിളിച്ചു പറഞ്ഞു.

തൻ്റെ മുറി ഒമ്പതു വർഷത്തിനു ശേഷം തുറന്ന് അകത്തേയ്ക്ക് കയറിയപ്പോൾ അവൾ പഴയ കോളേജ് വിദ്യാർത്ഥിനിയായി മാറി. അലമാര, കട്ടിൽ,മേശ, കസേര എന്തിന് ഡ്രസ്സ് സ്റ്റാൻഡ് പോലും സ്ഥാനം തെറ്റാതെ തൻ്റെ മുറിയിൽ അന്നത്തെ പോലെ ഇന്നും അമ്മ തുടച്ചു മിനുക്കി ഭംഗിയാക്കി വെച്ചിരിക്കുന്നു. പുസ്തകങ്ങളെല്ലാം ചുമരലമാരയിൽ സ്ഥാനം തെറ്റാതെയിരിക്കുന്നത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇതെല്ലാം അമ്മ എന്നെങ്കിലും താൻ തിരിച്ചു വരുമെന്നോർത്ത് തുടച്ചു മിനുക്കി സൂക്ഷിച്ചിരിക്കുന്നു. കുറച്ച് നേരം ഓരോന്ന് ഓർത്ത് നിന്നിട്ട് അവൾ കുളിക്കാൻ കേറി. കുളി കഴിഞ്ഞ് വസ്ത്രം മാറി മുടി അഴിച്ചിട്ട് ഭസ്മക്കുറി ചാർത്തി അമ്മക്കരികെ പഴയ ശാലു മോളായി സന്തോഷത്തോടെ ചെന്നു.

അപ്പോഴേക്കും അമ്മ ചായയും, അവളുടെ ഇഷ്ട വിഭവങ്ങളുമായി ഊണ് മുറിയിലെ മേശക്കരികിലെത്തി. ചക്ക അട എടുത്തപ്പോൾ മൂക്കിൽ നല്ല വയണയിലയുടെ സുഗന്ധം കിട്ടി. വീട്ടിൽ അമ്മ ഉണ്ടാക്കി തന്നിട്ടുള്ള ഓരോ ഭക്ഷണത്തിൻ്റെയും രുചിയും,മണവും ഓർത്താണ് ഹോസ്റ്റലിൽ കിട്ടുന്ന ഉണക്ക ചപ്പാത്തിയും, കുറുമക്കറിയും, ഇഡഡലിയും, സാമ്പാറും,ചോറും, മോരു കൂട്ടാനും, ഏത്തക്കാ ഉപ്പേരിയും, പപ്പടവും ഒക്കെ കഴിക്കുന്നതെന്ന് അവൾ പറഞ്ഞപ്പോൾ, അമ്മമനം ശരിക്കും ഉരുകി കണ്ണുനീരായി പുറത്തേയ്ക്ക് ഒഴുകി.

കുടുംബവിശേഷങ്ങൾ പലതും സംസാരിച്ചിരിക്കുമ്പോൾ പെട്ടെന്ന് അവളുടെ മനസ്സിലേയ്ക്ക് ഒമ്പത് വർഷങ്ങൾക്ക് മുമ്പ് നടന്ന കുടുംബ ക്ഷേത്രത്തിലെ ഉത്സവഓർമ്മകൾ കടന്നുവന്നു. കാവിലെ പൂരത്തിൻ്റെ അന്ന് ശരത്തേട്ടന് ഇഷ്ടമുള്ള മാമ്പഴ ക്കളർ പട്ടുപാവാടയും, മഞ്ഞക്കളർ പട്ടു ബ്ലൗസും, പച്ച ഷിഫോൺ ധാവണിയുമുടുത്ത് പോയതും, ശരത്തേട്ടൻ മേളം കാണാൻ നിന്ന തന്നെ കൊതിയോടെ നോക്കി നിന്നതും ഒക്കെ!

അന്ന് രാത്രി ഒരു കാളരാത്രി ആയി മാറുമെന്ന് താനോ ശരത്തേട്ടനോ ഒരിക്കലും വിചാരിച്ചില്ല. രാത്രിയിൽ കാവിലെ പൂരം നടന്നു കൊണ്ടിരിക്കുമ്പോൾ അമ്മയോടൊപ്പം വീട്ടിലേയ്ക്ക് വരുന്ന വഴി തൻ്റെ കോളേജ്മേറ്റ് ജയരാജ്മായി സംസാരിച്ചു നിന്നപ്പോൾ, അമ്മയാണ് പറഞ്ഞത് നിങ്ങൾ വർത്തമാനം പറഞ്ഞു നില്ക്കു ഞാൻ വേഗം പോയി രാവിലെ എഴുതിയ വഴിപാടിൻ്റെ ചീട്ട് എടുത്തിട്ട് വരാമെന്ന്.

അമ്മയെയും തന്നെയും നിർബന്ധിച്ച് വീട്ടിലേയ്ക്ക് വിട്ടത് ശോഭാമ്മായി ആയിരുന്നല്ലോ? പെട്ടെന്നാണ് പുറകിൽ നിന്ന് നീ എന്താ ഈ നേരത്ത് ഇവിടെ ഒറ്റയ്ക്ക്? ഇതാരാ എന്ന് ജയരാജ് നെ ചൂണ്ടി ചോദിച്ചപ്പോൾ ഇതെൻ്റെ കോളേജ്മേറ്റ് ജയരാജ് ആണെന്ന് പരിചയപ്പെടുത്തി കൊണ്ട് നിന്നപ്പോഴാണ് ശോഭ അമ്മായിയും, ഇളയച്ഛനും, രാധചിറ്റയും വർഷയും ഒക്കെ വീട്ടിലേയ്ക്ക് പോകുന്ന ഭാവത്തിൽ അവിടേക്ക് നടന്നു വന്നത്. പിന്നെ അവരെല്ലാവരും കൂടി കളിച്ച ഒറ്റ് കളിയിൽ താനും നിരപരാധിയായ ജയരാജും പെട്ടു പോയി.

ശരത്തേട്ടൻ്റെ ഉള്ളിലേയ്ക്ക് ശോഭാമ്മായി വിഷം കുത്തിവെച്ച് ഞങ്ങളെ അകറ്റിപ്പിച്ചു. ഉത്സവം കഴിഞ്ഞ് ശരത്തേട്ടൻ വിളക്കാനോ തന്നോട് സംസാരിക്കാനോ തയ്യാറായില്ല. പെട്ടെന്ന് തന്നെ താൻ പോലും അറിയാതെ ഇളയച്ഛൻ്റെ കൂടെ വിദേശത്തേയ്ക്ക് കേറി പോയി ത്രേ. ഇതെല്ലാം അറിഞ്ഞു മനം നൊന്ത ജയരാജ് ഒരു ബൈക്കാസിഡൻ്റിലൂടെ മരണത്തെ വരിച്ചു. നിരപരാധിയായ താൻ എസ്.എസ്. സി ടെസ്റ്റ് പാസായി തിരുവനന്തപുരത്തുള്ള എജീസ് ഓഫീസിൽ അസിസ്റ്റൻ്റായി ജോലിക്ക് പ്രവേശിച്ചു.

ജോലി കിട്ടി ഹോസ്റ്റലിലേയ്ക്ക് പോയിട്ട് പിന്നീട് ഒരിക്കലും വീട്ടിലേയ്ക്ക് വന്നിട്ടില്ല. തനിയ്ക്ക് ആകെയുള്ളത് അമ്മയും ചേച്ചി ശാരികയും ആണ്. അച്ഛൻ ചെറുപ്പത്തിലേ തന്നെ തൊടിയിൽ വെച്ച് പാമ്പ് കടിയേറ്റ് മരിച്ചു പോയി.

ചേച്ചിയുടെ വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുമായി അവർ ബാംഗ്ലൂരിലാണ് താമസം.

വിദേശത്ത് നിന്ന് വന്ന ശരത്തേട്ടൻ ആറ് വർഷങ്ങൾക്ക് മുമ്പ് ഇളയച്ഛൻ്റെയും, രാധചിറ്റയുടെയും മകൾ സിവിൽ എഞ്ചിനീയറായ വർഷയെ വിവാഹം കഴിച്ചു.

അമ്മയുടെ നിരന്തരമായ ഫോൺവിളി കൊണ്ടാണ് വീണ്ടും നാട്ടിലേയ്ക്ക് വരാൻ തീരുമാനിച്ചതെന്ന് അവൾ അമ്മയോട് പറഞ്ഞു.

നീ തെറ്റുകാരിയല്ല എന്ന് എല്ലാവരും മനസ്സിലാക്കിയല്ലോ? പിന്നെന്തിനാണ് എൻ്റെ കുട്ടി വിഷമിക്കുന്നത് ?

‘മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിച്ചു കൂടേ മോളെ?’

ഇല്ല അമ്മേ, ശരത്തേട്ടന് എന്നെ മറക്കാൻ കഴിയുന്നത് പോലെ എനിക്ക് ആവില്ല.

ഒന്നും വേണ്ട… ഞാനും എൻ്റെ സത്യങ്ങളും എന്നോടൊപ്പം എന്നെങ്കിലും മണ്ണോട് ചേരട്ടെ…

✍പ്രഭാ ദിനേഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments