(അദ്ധ്യായം അഞ്ച്)
പാടാക്കരയിലെ ഓണക്കാലം, വിഷു, പാടാക്കര ഭഗവതിയുടെ താലപ്പൊലി, കൊയ്ത്തുത്സവങ്ങൾ എല്ലാം മനോഹര ചിത്രങ്ങളാണ്. അതൊന്നും ശ്രീകുമാറിനറിയാഞ്ഞിട്ടല്ല .എന്നാൽ ആ ഓർമ്മകളിൽ രമിക്കാൻ ഒരിക്കലും അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല .കഴിഞ്ഞു പോയതെല്ലാം കഴിഞ്ഞു പോയത് എന്ന ചിന്തയും ധാരണയുമാണ് ആ മനസ്സിലുറച്ചു പോയത്. വരാനിരിക്കുന്ന കാലത്തേക്ക് ബാദ്ധ്യതയായി ആ ഓർമ്മകളെ കൊണ്ടു നടക്കേണ്ടതില്ല എന്നു തന്നെയായിരുന്നു നിശ്ചയം.എന്നാൽ ഇപ്പോൾ വലിയൊരു വാസ്തവം ആ മനസ്സിന്റെ വാതിലിൽ മുട്ടുന്നു. ഓർമ്മകൾക്കു മുന്നിൽ പൂർണ്ണമായും മനസ്സു തുറന്നിടാൻ തീരുമാനിച്ചു എന്നല്ല. എന്നാൽ അയാൾക്ക് ഒരു ബോദ്ധ്യമുണ്ടായി തുടങ്ങുന്നു. ജീവിതത്തിൽ ഇന്നും ഒട്ടുംചന്തം കുറയാതെ നിൽക്കുന്നതെല്ലാം പാടാക്കരയിലെ
ആ ബാല്യം നൽകിയ വർണ്ണങ്ങൾ തന്നെയായിരുന്നുവെന്ന്.അത് നിഷേധിക്കാനയാൾക്കാവുന്നില്ല.
തെളിഞ്ഞ വെള്ളം നിറഞ്ഞൊഴുകുന്ന ഞവരത്തോട്, ഞവരക്കാട്ടെ പടിപ്പുരയിൽ നിന്നുള്ള പാടത്തിന്റെ മനോഹര കാഴ്ചകൾ, അവിടെ നിന്നു കണ്ട ഓണനിലാവ്, തുലാമാസത്തിലെ താല്പിലിക്കാലം ,ഒരു മാസം നീണ്ടു നിൽക്കുന്ന കളംപാട്ട്, പാടവരമ്പിലൂടെ രാത്രി കാലങ്ങളിൽ കളംപാട്ട് കഴിഞ്ഞു വരുന്നവരുടെ റാന്തൽ വിളക്കുകളുടെ പ്രകാശം, അകലെ നിന്നണഞ്ഞ് വന്ന് പതിയേ അകന്നു പോകുന്ന ചൂട്ടു വെളിച്ചം. കലപില സംസാരം. മഞ്ഞു പെയ്യുന്ന തണുപ്പുള്ള വൃശ്ചികപുലരികളിൽ ഇരുട്ടിനെ കീറി മുറിച്ചെത്തുന്ന ശരണം വിളികൾ ,
അയ്യപ്പൻകാവിലെ കെട്ടുനിറകൾ, മംഗളം ചൊല്ലി നിർത്തുന്ന ഭജനകൾ,നോമ്പു നാളുകളിൽ അക്കരെ നിന്നും പാടം കടന്നെത്തുന്ന വയളുപറച്ചിലുകളുടെ പ്രത്യേക താളം .എല്ലാം ഒരിക്കൽ ശ്രീകുമാർ മനസ്സിൽ നിന്നും മായ്ച്ചു കളഞ്ഞതാണ്. എല്ലാ ബന്ധങ്ങളുമറ്റ് ഉള്ളതെല്ലാം വിറ്റ് പാടാക്കരയോട് വിട പറഞ്ഞ അന്ന്.
ഇനി ഈ പാടത്ത്, തോട്ടുവരമ്പിൽ, വീട്ടുമുറ്റത്ത് മനസ്സുകൊണ്ടു പോലും എത്തില്ല എന്ന് നിശ്ചയിച്ചിറങ്ങിയ നാളിൽ. എന്നാലിപ്പോൾ ആ മനസ്സിൽ ഒരു നാലര വയസ്സുകാരൻ ചെറിയമ്മയുടെ കൈ പിടിച്ച് ദേവീക്ഷേത്രത്തിൽ നിന്ന് ദീപാരാധന തൊഴുത ശേഷം ക്ഷേത്ര പടവുകൾ ഇറങ്ങുകയാണ്. ഭംഗിയേറിയ വെളുത്തു നീണ്ട വിരലുകളാൽ തൊടുവിച്ച ചന്ദനത്തിന്റെ സ്നേഹതണുപ്പ് നെറ്റിയിൽ പടരുന്നുണ്ട്. അമ്മയേക്കാൾ സ്നേഹത്തോടെ വാരിയെടുക്കുന്ന ചെറിയമ്മയുടെ സ്നേഹസ്പർശങ്ങൾ. ഇത്രയേറെ ഭംഗിയുള്ള ഒരു സ്ത്രീയെ ജീവിതത്തിൽ പിന്നെ അയാൾ എവിടേയും കണ്ടിട്ടില്ല. ഒരു ഗ്രാമത്തിൻ്റെ മുഴുവൻ ഐശ്വര്യവും നിഷ്കളങ്ക ഭാവവും ചെറിയമ്മയിൽ തെളിഞ്ഞിരുന്നു. നിറഞ്ഞിരുന്നു. അക്കാലത്ത് അമ്പലത്തിലും വഴിയരികുകളിലും ഒന്നു കാണാൻ വിസ്മയത്തോടെ കാത്തു നിന്ന എത്രയോ യുവത്വങ്ങൾ ഉണ്ടായിരുന്നിരിക്കണം. ഇല്ലാതിരിക്കാൻ തരമില്ല. നടന്നു പോകുമ്പോൾ തെളിയുന്ന ചെറിയമ്മയുടെ പാദസരമണിഞ്ഞ സ്വർണ്ണ നിറമുള്ള കാൽപാദങ്ങളുടെ സൗന്ദര്യം അയാളുടെ മനസ്സിലിന്നുമുണ്ട്.
അച്ഛൻ്റെ അനിയത്തിയെ ചെറിയമ്മ എന്നു വിളിച്ചു ശീലിപ്പിച്ചത് ആരാണ് എന്ന് ശ്രീക്കുട്ടനറിയില്ല. ഒരു ജന്മത്തിൻ്റെ മുഴുവൻ സ്നേഹവും വാത്സല്യവും അമ്മയേക്കാൾ പകർന്നു കൊടുത്ത ആര്യ തന്നെ അങ്ങനെ പറഞ്ഞു വിളിപ്പിച്ചതാകാം. അല്ലെങ്കിൽ ആര്യയെ സ്വന്തം അനിയത്തിയെ പോലെ കാണുന്ന മാലിനി ആ ആധികാരികത ഉറപ്പിക്കാൻ അങ്ങനെ ശീലിപ്പിച്ചതുമാവാം.
ഓണാഘോഷങ്ങൾക്ക് പാടാക്കര യു .പി സ്കൂളിന്റെ വലിയ മുറ്റം കാണികളാൽ നിറയും. രണ്ട് സാംസ്കാരിക സംഘങ്ങളുടേതായി വാശിയോടെ നടക്കുന്ന ഓണാഘോഷം അക്കാലത്ത് നാടിന്റെ ഉത്സവം തന്നെയായിരുന്നു. ദർശന സാംസ്കാരിക വേദിയും നാട്ടുകൂട്ടം സംസ്ക്കാരിക സംഘവും. രാമാനന്ദൻ മാഷ് ദർശനയുടെ നേതൃത്വത്തിലുള്ള തിനാൽ സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തുന്ന വിശിഷ്ടാതിഥികൾ വിശ്രമിക്കാനെത്തുന്നത് ഞവരക്കാട്ടാണ്. ഭക്ഷണവും അവിടെ തന്നെ. കവികൾ ,കഥാകാരൻമാർ, പ്രഭാഷകർ ഒക്കെ കാണും ആ കൂട്ടത്തിൽ. പത്മനാഭപണിക്കരും വലിയ സ്നേഹ ബഹുമാനത്തോടെയാണ് അവരോടിടപ്പെട്ടിരുന്നത്
ഒരോണത്തിന് നാട്ടുകൂട്ടക്കാർ ഞവരക്കാട്ട് പിരിവിനു വന്നത്
”രാമാനന്ദൻ മാഷില്ലേ ” എന്ന് ചോദിച്ചു കൊണ്ടാണ്.
”അവൻ പുറത്തു പോയി ദർശനയുടെ ഓണ പരിപാടികളുടെ തിരക്കു തന്നെ അതിന്റെ ഓട്ടം തന്നെ.” എന്നു പറഞ്ഞ പത്മനാഭൻ പണിക്കർക്ക് അവർ പ്രോഗ്രാം നോട്ടീസ് കൊടുത്തു മേജർസെറ്റ് കഥകളിയെക്കുറിച്ച് വിവരിച്ചു.പിന്നെ കലാ പരിപാടികൾക്ക് വരാൻ ക്ഷണിച്ചു.തിരിഞ്ഞു നടക്കാൻ തുടങ്ങിയ അവരോട് പണിക്കർ ഉറക്കെ ചോദിച്ചു.
“അപ്പൊ പിരിവിനല്ലേ. പൈസ വേണ്ടേ സതീശാ.”
“എയ് നോട്ടീസ് തരാൻ വന്നതാ .കലാ പരിപാടിക്ക് ക്ഷണിക്കാനും.”
“ആണോ?”
”പിന്നല്ലാതെ ”
നടക്കുന്നതിനിടക്ക് സതീശൻ ,കളരിക്കലെ ദേവനോട് പതിയെ പറഞ്ഞു.
“പത്തുറുപ്പിക തരാനാ മൂപ്പരുടെ പരിപാടി .നമ്മൾക്ക് രാമാനന്ദൻ മാഷെ കാണാം ഇരുപത്തിയഞ്ച് ചോദിച്ചു വാങ്ങാം.തരും.”
അക്കാലത്ത് തിരുവോണത്തിന് ഊണു കഴിഞ്ഞാൽ ഞവരക്കാട് മുറ്റത്ത് കൈക്കൊട്ടി കളിയുണ്ടാവും. ചുറ്റുമുള്ള വീടുകളിൽ നിന്ന് ഒരു പാട് പേരെത്തും കളിക്കാനും കാണാനും. ലക്ഷ്മിക്കുട്ടി ടീച്ചറും, മാലിനിയും ആര്യയും എല്ലാം കളിയിൽ ചേരും ആകർഷണം ആര്യ തന്നെ. ”പങ്കജാക്ഷൻ കടൽവർണ്ണൻ പഞ്ച ശരരൂപൻ കൃഷ്ണൻ ……”
എന്ത്നന്നായിട്ടാണെന്നോ പാടി കളിക്കുക. പഠിക്കാൻ മിടുക്കിയായിരുന്നു എന്ന് മാത്രമല്ല സ്കൂളിലും കോളേജിലുമൊക്കെ കലാതിലകം കൂടിയായിരുന്നു ആര്യ.ലളിതഗാനം, പ്രസംഗം, ഭരതനാട്യം മോഹിനിയാട്ടം തുടങ്ങി ഒരു പാട് ഒന്നാം സ്ഥാനങ്ങൾ അക്കാലത്ത് ഞവരക്കാട്ടെത്തുമായിരുന്നു.
ഉത്രാടത്തിനാണ് തറവാട്ടിൽ വലിയസദ്യയൊരുക്കാറ്. അതിഥികൾ ഒക്കെ അന്നാണെത്തുക. രാമാനന്ദൻ മാഷുടെ കൂടെ ജോലി ചെയ്യുന്ന മറ്റ് മത വിഭാഗക്കാരായ അദ്ധ്യാപകർ, സുഹൃത്തുക്കൾ എല്ലാവരുമന്നുണ്ടാവും. പണിക്കാർക്കുള്ള സദ്യയും അന്നാണ്. അവർക്ക് പണിക്കരുടെ വക ഓണക്കോടിയുമുണ്ടാവും.
ഓണക്കാലമായാൽ ശങ്കരന്റെ തിരക്കും വർദ്ധിക്കും. കായക്കുല വെട്ടി പത്തായത്തിൽ കയറ്റുന്നതും മുറ്റത്ത് വെക്കാൻ മാതേവരെ ഉണ്ടാക്കുന്നതും മുതൽ സദ്യ വരെ അത് നീളും. പണിക്കാർക്കെല്ലാം ഓരോ നേന്ത്രക്കുല കണക്കാക്കി വെട്ടി നേരത്തേ പത്തായത്തിൽ കയറ്റും. പൂരാടത്തിന്റന്ന് രാവിലെയാണ്
അതവർക്ക് കൊടുക്കുന്നത് . അതെടുത്ത് നൽകുന്നതും ശങ്കരൻ തന്നെ.
ഓണത്തിന് അല്പം പുതിയ സിനിമയാണ് ടാക്കീസിൽ എത്തുക. ഓണം കഴിഞ്ഞാണ് അതായത് വലിയ തിരക്കു കുറഞ്ഞ ശേഷമാണ് ഞവരക്കാട്ടുകാർ സിനിമക്ക് പോവാറ്. ഇടയ്ക്കെല്ലാം സിനിമക്ക് പോകുന്ന പതിവുണ്ട് ഇല്ലെന്നല്ല.എന്നാൽ ഓണത്തിന് ഒന്നിച്ച് സിനിമയ്ക്ക് പോക്കുറപ്പാണ്. മിക്കവാറും ഫസ്റ്റ് ഷോ. സിനിമ കഴിഞ്ഞ് സിനിമാക്കഥയും പറഞ്ഞാണ് മടക്കം. നാട്ടുകാരെല്ലാം അന്നങ്ങനെയാണ് കുടുംബങ്ങളുടെ, കൂട്ടുകാരുടെ ചെറു സംഘങ്ങൾ. നിലാവുള്ള രാത്രികളാണെങ്കിൽ ആ യാത്രകൾക്ക് പ്രത്യേക സുഖമാണ് . വാഹനത്തിൽ പോവുന്ന പതിവില്ല ടാക്കീസിലേക്ക്. പാടം കടന്ന് നടന്നു പോവുന്നതാണ് എളുപ്പം. വണ്ടിയിലാണെങ്കിൽ കുറേ ചുറ്റി വളഞ്ഞ് പോണം. പടിഞ്ഞാറേ തൊടിയുടെ ഒരു ഭാഗം തൊട്ട് കൊണ്ട് പഞ്ചായത്ത് റോഡ് പോകുന്നുണ്ട്. അത് വഴി വന്ന് വാഹനം വീട്ടിലേക്കിറക്കാം. ദൂരക്കുടുതൽ കൊണ്ട് അതിന് മെനക്കടാറില്ല. സിനിമ കഴിഞ്ഞ് പോരുമ്പോൾ മിക്കവാറും ശ്രീക്കുട്ടൻ രാമാനന്ദന്റെ തോളിലാവും. പണിക്കരോ ,
രാമാനന്ദനോ സിനിമയ്ക്ക് കൂടെ ചെന്നിട്ടില്ല എങ്കിൽ കൊണ്ടുവരാൻ ശങ്കരൻ ചെല്ലും.
ശ്രീക്കുട്ടനെ എടുത്ത് അല്പം പിന്നിലായി ശങ്കരൻ നടക്കും. കൈയിൽ ടോർച്ചുണ്ടാവും. ശങ്കരേട്ടന്റെ തോളിലിരിക്കുമ്പോഴാണ് ശ്രീക്കുട്ടന് കൂടുതൽ സുരക്ഷിതത്വബോധം ഉണ്ടാകാറ്. ബലിഷ്ഠമായ ആ കാലുകൾ അവനെ വീഴാതെ നിർത്തും എന്ന ഒരു തോന്നൽ ധൈര്യം. അറ്റങ്കഴായ ചാടിക്കടക്കുമ്പോഴൊന്നും അവന് ഒട്ടും പേടി തോന്നാറില്ല. രാമാനന്ദനാണ് എടുത്തിരിക്കുന്നതെങ്കിൽ അത്തരം സന്ദർഭങ്ങളിൽ അവൻ അച്ഛനെ മുറുക്കി പിടിക്കും. ലക്ഷ്മിക്കുട്ടി ടീച്ചർ ഉണ്ടെങ്കിൽ ഒരു ചെറിയ ടോർച്ച് അവരുടെ കൈയ്യിലുണ്ടാവും. മാലിനിയുടെ കൈയിലും കാണും ഒരു ടോർച്ച്. സിനിമ കഴിഞ്ഞു വരുമ്പോൾ മാലിനിയും ആര്യയും നിർത്താതെ സംസാരിക്കുന്നതും പതിവാണ്. കുറേ കാലത്തിനു ശേഷം തമ്മിൽ കാണുന്നവരെ പോലെ എന്നാണ് ടീച്ചർ അതിനെ കുറിച്ചു പറയുക. സംസാരിച്ചു തീരാത്തവരായിരുന്നു നാത്തൂൻമാർ. സമപ്രായക്കാരിയായ കൂട്ടുകാരിയെ പോലെയായിരുന്നു മാലിനി പലപ്പോഴും ആര്യയോട് സംസാരിച്ചിരുന്നതും. തമാശ പറഞ്ഞിരുന്നതും.
ഒരിക്കൽ വരാന്തയിലിരുന്ന് ആര്യയുടെ സമൃദ്ധമായ തലമുടി മുടഞ്ഞിട്ടു കൊടുക്കുമ്പോൾ ചിരിച്ചു കൊണ്ട് മാലിനി ആര്യയുടെ കാതിൽ പറഞ്ഞു.
“തോട്ടറയ്ക്കലെ ദാസനെയൊന്നും കുറ്റം പറഞ്ഞിട്ട് ഒരു കാര്യമില്ലട്ടൊ. അമ്മാതിരി ചന്താണ് ന്റെ കുട്ടിയ്ക്ക് .ആരും അറിയാതെ നോക്കി പോവും.”
“ഏട്ത്തിയമ്മേ ഞാൻ ണ്ടല്ലോ ” എന്ന് പറഞ്ഞ് ആര്യ മാലിനിയെ ഒരു പ്രത്യേകനോട്ടം നോക്കി. പിന്നെ പറഞ്ഞു “എനിക്കാ ജന്തൂന്റെ പേര് കേട്ടാ ഭ്രാന്ത് വരും. അതിന്റെ ഒരു നോട്ടവും ഇളിയും.”
“എന്റെ പൊന്നൂനെ കെട്ടാൻ നല്ല ജോലിയുള്ള മിടുമിടുക്കൻമാര് ഞാവരക്കാട്ട് മുറ്റത്ത് വരി നിൽക്കില്ലേ പിന്നെന്താ.”
ആ പറഞ്ഞതിഷ്ടപ്പെട്ട പോലെ ആര്യ ചിരിച്ചു.പിന്നെ മാലിനിയുടെ കൈയ്യിൽ ചെറുതായി നുള്ളി കൊണ്ടു പറഞ്ഞു.
“ഏട്ത്തിയമ്മേ…. കുട്ടി അടുത്തിരിക്കുന്നു. ഓരോന്ന് പറയുമ്പോൾ അത് പോലും നോക്കില്ല.”
“അതിനെന്തറിയാനാ ” എന്ന് പറഞ്ഞ് മാലിനി “അല്ലെടാ” എന്നും ചോദിച്ച്
ശ്രീകുട്ടൻ്റെ കവിളിൽ ചെറുതായി ഒന്ന് തോണ്ടി.പിന്നെ അല്പം ഗൗരവത്തിൽ തന്നെ ആര്യയോട് പറഞ്ഞു.
“എനിക്ക് താഴെ ഒരാങ്ങളയുണ്ടായിരുന്നെങ്കിൽ നിന്നെ വേറെയാർക്കും കൊടുക്കാൻ ഞാൻ സമ്മതിക്കു
മായിരുന്നില്ല.”