1 മതം മദം
മതം എന്ന പദത്തിന് ഒരർത്ഥം അഭിപ്രായം എന്നാണ്.
ബുദ്ധമതം ബുദ്ധൻെറ അഭിപ്രായങ്ങളും ചര്യകളും പിൻതുടരാൻ ശ്രമിക്കുമ്പോൾ ക്രിസ്തുമതം ക്രിസ്തുവിന്റെ അഭിപ്രായവും മാതൃകയും പിൻതുടരാൻ ശ്രമിക്കുന്നു…..
മതത്തിനു സ്ഥാപകനും വിശ്വാസപ്രമാണവും വേണം.അങ്ങനെ നോക്കുമ്പോൾ ഹിന്ദുമതത്തിന് പ്രത്യേക സ്ഥാപകനില്ല.അത് അനേകം ഋഷിമാരുടെ ദർശനത്തിൽ നിന്നും രൂപപ്പെട്ടതാണ്.
സംഘടിതമതത്തിൻെറ സ്വഭാവമില്ലാത്ത ഹിന്ദുമതം ഒരു സംസ്കാരമാണെന്നു പറയാറുണ്ട്.
മതങ്ങൾ മനുഷ്യന് സാർവ്വ ലൗകിക മൂല്യങ്ങൾ നൽകി.ധാർമ്മിക ബോധനങ്ങൾ നൽകി.
രക്ഷകരായ മതങ്ങൾ തന്നെ ശിക്ഷകരായി മാറിയ ഭീതിതമായ വൈപരീത്യം ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്.
സ്ത്രീകളെ ഇകഴ്ത്തി കാണിക്കാൻ മതങ്ങൾ വ്യഗ്രത കാണിച്ചിട്ടുണ്ടെന്നുള്ളതും വേദനിപ്പിക്കുന്ന സത്യമാണ് !
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് എന്ന വിമർശനം ഉയർത്തിയ മാർക്സ് തന്നെ അതൊരു ഉത്തേജനമാണെന്നും വിലയിരുത്താതിരുന്നിട്ടില്ല !!
2 മദം , മദ്യം
അഹങ്കാരം,ലഹരി എന്നീ അർത്ഥത്തിൽ ഉപയോഗിക്കുന്ന മദത്തെ മതം എന്ന ധർമ്മാനുശാസനത്തിനു പകരം ഉപയോഗിക്കരുതേ…..
നമ്മെ മദിപ്പിക്കുന്നത് മദ്യം. മദിപ്പിക്കുന്ന അക്ഷികളുള്ളവളാണ് മദിരാക്ഷി.എന്തേ മദിരാക്ഷൻ ഇല്ലാതെ പോയത് ?
മദാമ്മയ്ക്ക് മദവുമായി ഭാഷാപരമായ ബന്ധമില്ല തന്നെ.
Madam എന്ന ഇംഗ്ലീഷ് പദത്തിൽ നിന്ന് നമ്മുടെ രസികരായ പൂർവ്വികർ കൊളോണിയൽ കാലത്ത് ഉണ്ടാക്കിയെടുത്ത മലയാള പദമാണത്!
‘ മദം പൊട്ടി ചിരിക്കുന്നു മാനം’
മദം പൊട്ടിയ മാനം എങ്ങനെയിരിക്കും ?മദയാനയോടു തന്നെ ചോദിക്കാം…..
3. വ്യയം
ചെലവ്, നാശം.
ജീവിതത്തെ ദുർവ്യയം കൊണ്ടു തകർക്കാനാണ് പരസ്യങ്ങൾ ശ്രമിക്കുന്നത്. വാങ്ങിക്കൂട്ടാനുള്ള ത്വര ഉദ്ദീപിപ്പിച്ചു മയക്കി വിവേചന ബുദ്ധിയില്ലാത്ത സത്വമാക്കി
തള്ളി ഉല്പന്നങ്ങൾ വാങ്ങിപ്പിക്കാൻ പരസ്യങ്ങൾ കെണിയൊരുക്കുന്നു.
അവിടെ സമ്പാദ്യമാണ് വ്യയം ചെയ്യുന്നതെങ്കിൽ ദിവസേന മാത്രമല്ല നിമിഷേന നാം വികാരവിചാരങ്ങൾക്ക് അടിപ്പെട്ട് ഊർജ്ജം വ്യയം ചെയ്യുന്നുണ്ട്.
ഇത് പൂർണ്ണമായി ഒഴിവാക്കാൻ കഴിയില്ലല്ലോ. ദുർവ്വികാരങ്ങൾക്ക് അടിമപ്പെടാതെ നോക്കാമെന്നു മാത്രം.
എല്ലാവരുടെയും പൂർവ്വരൂപം മാറി മാറി ഒരു ദിവസം എങ്ങോട്ടോ യാത്ര പോലും പറയാതെ പോകുമ്പോഴേയ്ക്കും നാം എന്തെല്ലാം ദുർവ്യയം ചെയ്തു കഴിഞ്ഞിരിക്കും????
അവ്യയൻ,നാശമില്ലാത്തവൻ ഈശ്വരൻ മാത്രം.
ഭാഷയിലുമുണ്ട് അവ്യയൻമാരായ ചിലർ.