മണ്ണാർക്കാട് നിന്നും രാവിലെ എട്ടുമണിക്ക് പുറപ്പെടേണ്ട മയിൽ വാഹനം ബസ് 8:15 കഴിഞ്ഞാണ് സ്റ്റാൻഡിൽ നിന്നും എടുത്തത് .
സദാനന്ദൻ മാഷ് ബസ്സിന്റെ നടുഭാഗത്ത് ഇടതു വശം ചേർന്നുള്ള ഒരു സീറ്റിൽ സ്ഥാനം പിടിച്ചു .
ആനമൂളി ചെക്ക് പോസ്റ്റ് കഴിഞ്ഞതും വണ്ടിയുടെ വേഗത കുറഞ്ഞു. ബസ് ഞരങ്ങി ഞരങ്ങി കയറ്റം കയറാൻ തുടങ്ങി.
ഇടതൂർന്ന കാട് . കൊച്ചു കൊച്ചു മരങ്ങളെ കോടമഞ്ഞ് മറച്ചു തുടങ്ങി. പടുകൂറ്റൻ മരങ്ങൾക്കിടയിലൂടെ മഞ്ഞ് താഴ്ന്നിറങ്ങിപ്പോകുന്നത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്; വെള്ളമേഘങ്ങൾ താഴേക്ക് ഇറങ്ങിയിറങ്ങി പറന്നു പോകുന്നതുപോലെ……..
ഹെയർ പിൻ വളവുകൾ ഓരോന്ന് ഓരോന്ന് പിന്നിടുമ്പോഴും പ്രകൃതി കൂടുതൽ സുന്ദരിയായി.
ബസ്സിന്റെ ഫോഗ് ലാംപ് പ്രകാശിപ്പിച്ചിട്ടുണ്ടെങ്കിലും ഒമ്പതാം വളവ് തിരിക്കാൻ ഡ്രൈവർ നന്നേ പ്രയാസപ്പെടുന്ന പോലെ തോന്നി. രണ്ട് തവണ പിന്നോട്ട് എടുത്തിട്ടാണ് വണ്ടി വളവ് തിരിഞ്ഞത്.
തണുത്ത കാറ്റ് മുഖത്ത് വീശിയടിച്ചു. മിക്കവരും ബസ്സിന്റെ ഷട്ടർ താഴ്ത്തിയിട്ടു. താഴ് വരയിലൂടെ ഒരു അരുവി മെല്ലെ ഒഴുകുന്നുണ്ട്. . അരുവിയുടെ ഇരുവശത്തും വരിവരിയായി തലയാട്ടി നിൽക്കുന്ന കുറ്റിച്ചെടികൾ നയനാനന്ദകരമായ കാഴ്ച തന്നെ! മരച്ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് എത്ര ഉയരത്തിലാണ് വാനരന്മാർ ചാടുന്നത് !
റോഡിന് ഇരുവശവും നിൽക്കുന്ന പടുകൂറ്റൻ വൃക്ഷങ്ങൾക്ക് നൂറ്റാണ്ടുകളോളം പഴക്കം ഉണ്ടാവും . ബസ്സിന്റെ നേരിയ ഇരമ്പൽ അല്ലാതെ മറ്റു ശബ്ദങ്ങൾ കേൾക്കാനില്ല. കാത് അടഞ്ഞ പോലെ….
ആനമൂളി ചെക്ക് പോസ്റ്റ് കഴിഞ്ഞതിനുശേഷം മുക്കാലി എത്തിയപ്പോഴാണ് ബസ് നിർത്തിയത്.
‘അഞ്ചു മിനിറ്റ് താമസമുണ്ട്’..
കണ്ടക്ടർ പറഞ്ഞു. ബസ്സിൽ നിന്ന് കുറച്ചുപേർ ഇറങ്ങുകയും കുറച്ചുപേർ കയറുകയും ചെയ്തു.
ഇടതുഭാഗത്ത് സൈലൻറ് വാലി എന്നൊരു ദിശാ ബോർഡ് പച്ച നിറത്തിൽ വെള്ള അക്ഷരങ്ങൾ കൊണ്ട് എഴുതിയത് കണ്ടപ്പോൾ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലേക്ക് മനസ്സ് ഓടിപ്പോയി.
പാലക്കാട് ജില്ലയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ദേശീയ ഉദ്യാനമാണ് സൈലൻറ് വാലി . സാമൂഹ്യപാഠം അധ്യാപകർ പഠിപ്പിച്ചത് സദാനന്ദൻ മാഷ് ഓർത്തു.
ഈ വനപ്രദേശത്തിന് ഏതാണ്ട് എഴുപത് ലക്ഷം വർഷങ്ങളുടെ പഴക്കം ഉണ്ടത്രേ . മഹാഭാരതം കഥയിൽ ഈ പ്രദേശവുമായി ബന്ധപ്പെടുത്തി ധാരാളം ഐതിഹ്യങ്ങൾ ഉണ്ട്.
സൈലന്റ് വാലിയുടെ താഴ് വരയിലൂടെയാണ് കുന്തിപ്പുഴ ഒഴുകുന്നത്.
‘മാഷാണ് അല്ലേ?…’
അടുത്തിരുന്ന മധ്യവയസ്കൻ ചോദിച്ചു.
‘അതെ, എങ്ങെനെ മനസ്സിലായി?’
ഉത്തരം ഒരു പുഞ്ചിരിയായിരുന്നു..
‘എന്തു ചെയ്യുന്നു?….’
സദാനന്ദൻ മാഷ് അദ്ദേഹത്തിനോട് ചോദിച്ചു..
‘ഞാൻ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ വർക്ക് ചെയ്യുന്നു..’
‘ഈ സൈലന്റ് വാലിയുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ടല്ലോ? അതിനെക്കുറിച്ച് എന്തെങ്കിലും അറിയുമോ? ‘
മാഷിന്റെ ഉള്ളിലെ അധ്യാപകൻ ഉണർന്നു…
‘ഓ ,അതൊക്കെ ഒരു കഥയാണ്..
1975 കാലഘട്ടത്തിൽ സൈലന്റ് വാലിയിലൂടെ ഒഴുകുന്ന കുന്തിപ്പുഴ യിൽ പാത്രക്കടവ് അണക്കെട്ട് നിർമ്മിക്കാൻ അന്നത്തെ ഗവൺമെൻറ് പദ്ധതിയിട്ടു. പ്രകൃതിസ്നേഹികൾ വളരെ ശക്തമായ പ്രക്ഷോഭം ആരംഭിച്ചു.
ജസ്റ്റിസ് വി . ആർ കൃഷ്ണയ്യർ, സുഗതകുമാരി തുടങ്ങിയ പ്രമുഖർ സൈലന്റ് വാലി സംരക്ഷണ പ്രക്ഷോഭ സമരത്തിന് നേതൃത്വം നൽകി. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ വരെ നേടുകയുണ്ടായി ….’
‘എന്തായാലും പ്രക്ഷോഭങ്ങൾക്ക് ഫലം കണ്ടു, അല്ലേ?’
‘തീർച്ചയായും…,1984 ൽ അന്നത്തെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി പാത്രക്കടവ് ജല വൈദ്യുത പദ്ധതി നിർത്തലാക്കിയതായി പ്രഖ്യാപിച്ചു. 1985 സെപ്റ്റംബർ ഏഴിന് പ്രധാനമന്ത്രി രാജീവ് ഗാന്ധി സൈലന്റ് വാലി ദേശീയ ഉദ്യാനം രാഷ്ട്രത്തിന് സമർപ്പിച്ചു…’
വനം വകുപ്പ് ജീവനക്കാരൻ വാചാലനായി പിന്നെയും ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു…
മുക്കാലി കഴിഞ്ഞതും ഭൂപ്രകൃതി ആകെ മാറി. റോഡിന് ഇരുവശവും തെങ്ങ്, കവുങ്ങ് , മാവ് തുടങ്ങി ധാരാളം ഫല വൃക്ഷങ്ങൾ എന്നിവ കണ്ടുതുടങ്ങി. അതുപോലെ വീടുകൾ, കടകൾ , മറ്റ് കച്ചവട സ്ഥാപനങ്ങൾ എന്നിവയും കാണം. തണുപ്പ് മാറി ..എല്ലാ യാത്രക്കാരും ബസ്സിന്റെ ഷട്ടറുകൾ തുറന്നു. റോഡിന്റെ ഇടതുവശത്ത് കൂടി ഭവാനിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുന്ന കാഴ്ച മനസ്സിൽ ചെറിയ ഭീതി വിതയ്ക്കാതിരുന്നില്ല.
ആനപ്പാറ ഇറങ്ങി പാലം കടന്നു വേണം സ്കൂളിലേക്ക് പോകാൻ എന്നാണ് അറിഞ്ഞത് .
ദൂരെ മല്ലീശ്വരൻ മുടി തല ഉയർത്തി നിൽക്കുന്നു. മല്ലീശ്വരൻ കോവിലിൽ ശിവരാത്രി ഉത്സവം കേമം ആണെന്ന് കേട്ടിട്ടുണ്ട്. അട്ടപ്പാടിയിലെ 138 ഊരികളിൽ നിന്നുള്ള മിക്കവരും അന്ന് മല്ലീശ്വരൻ ക്ഷേത്രത്തിൽ എത്തും. പൂജാരിമാർ മല്ലീശ്വരൻ മുടിയിൽ വിളക്ക് കൊളുത്തുമ്പോൾ ഭക്തജനങ്ങൾ ആഹ്ലാദം കൊണ്ട് ആനന്ദ നൃത്തമാടും.
മല്ലീശ്വരൻ ക്ഷേത്രത്തിന് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നും ചിലർ ബസ്സിൽ കയറി. ആദിവാസി സ്ത്രീകളെ ആദ്യമായി കാണുകയാണ്. അവരുടെ വേഷം സാധാരണ സ്ത്രീകളുടേതിൽ നിന്നും വ്യത്യസ്തമായി തോന്നി. ബസ് മുന്നോട്ട് പോകുന്തോറും ഭവാനിപ്പുഴയുടെ വീതി കൂടി വരുന്നുണ്ട്.
ആനപ്പാറ ….ആനപ്പാറ ….
കണ്ടക്ടർ വിളിച്ചുപറഞ്ഞു .
സദാനന്ദൻ മാഷ് ബസ്സിൽ നിന്നും ഇറങ്ങി. ചുറ്റും ഒന്ന് കണ്ണോടിച്ചു. ബസ് സ്റ്റോപ്പിന് സമീപം ഒരു പെട്ടിക്കട . തൊട്ടപ്പുറത്തെ കെട്ടിടത്തിൽ ഒരു ചായക്കടയും റേഷൻ ഷോപ്പും . കുറച്ചു മാറി ദൂരെ മറ്റൊരു പെട്ടിക്കടയും…
അതാണ് ആനപ്പാറ.
സദാനന്ദൻ മാഷ് ചായക്കടയിലേക്ക് കയറി . രണ്ടു മൂന്നു പേർ അവിടെയിരുന്ന് ചായ കുടിക്കുന്നുണ്ട്. നല്ല വിശപ്പ് . കൈയും മുഖവും കഴുകി ജനലിനോട് ചേർന്ന ഒരു കസേരയിൽ മാഷ് ഇരുന്നു.
ചില്ലിട്ട അലമാരയിൽ രണ്ടുമൂന്ന് കഷണം പുട്ട് കിടക്കുന്നത് കണ്ടപ്പോഴാണ് മാഷിന് സമാധാനമായത്..
‘അവിടെ എന്താ കഴിക്കാൻ വേണ്ടത്’ ?
കടക്കാരൻ ചോദിച്ചു .
‘പുട്ട് …..’
ഇതിനുമുമ്പ് ഇവിടെയെങ്ങും കണ്ടിട്ടില്ലലോ? എവിടെ പോകുന്നു?
പുട്ടും കടലക്കറിയും മേശപ്പുറത്ത് വയ്ക്കുന്നതിനിടെ അയാൾ ചോദിച്ചു…
‘എൻ്റെ പേര് സദാനന്ദൻ, പുലിയന്നൂർ സ്കൂളിലേക്ക് പോകാനാണ്….’
‘ഓ.. മാഷാണോ?…’
‘ഇവിടുന്ന് എത്ര ദൂരമുണ്ട് സ്കൂളിലേക്ക്?
കഴിക്കുന്നതിനിടെ സദാനന്ദൻ മാഷ് ചോദിച്ചു.
‘ഏഴ് കിലോമീറ്റർ..
ആ പാലത്തിന് അക്കരെ ഒരു കള്ള് ഷാപ്പ് കാണാം. അതിന്റെ ഓരത്തുകൂടെ ഒരു മണ്ണ് റോഡുണ്ട്. അതിലെ പോയാൽ മതി.’
‘മാഷ് ഇന്നലെ വരാതിരുന്നത് നന്നായി .’
അവിടെ ഇരുന്ന ഒരാൾ പറഞ്ഞു
‘അതെന്താ ..?’
‘കുറച്ച് ദിവസമായി ശക്തമായ മഴയായിരുന്നു. ഇന്നലെ ഈ പാലത്തിന് മുകളിലൂടെ ആയിരുന്നു വെള്ളം ഒഴുകിയിരുന്നത് . ഇന്ന് രാവിലെയാണ് വെള്ളം അല്പം ഇറങ്ങിയത്.’
‘ആദ്യമായിട്ടാണോ ഇതുവഴി വരുന്നത് ?
‘അതെ …’
‘
ഒറ്റയ്ക്ക് പോകണ്ട . ആ ഭാഗത്തേക്ക് പോകുവാനുള്ള ആരെങ്കിലും വരുമ്പോൾ ഒപ്പം പോയാൽ മതി .’
‘അതെന്താ …?’
ഒന്നുമില്ല , മിണ്ടി പറഞ്ഞും പോകാമല്ലോ ..പിന്നെ ചിലപ്പോൾ പോണവഴി വല്ല കാട്ടുപന്നികളോ , മുള്ളൻപന്നിയോ വന്നാലോ ?
‘അയ്യോ! വന്യമൃഗങ്ങൾ ഉള്ള വഴിയാണോ ?’
‘പണ്ട് ധാരാളം മൃഗങ്ങൾ ഉണ്ടായിരുന്നു, ഒരു മുപ്പതു വർഷം മുമ്പ് ..അന്ന് ഇവിടെയെല്ലാം കാടായിരുന്നു, കൊടും കാട്…
പുലി, കാട്ടുപോത്ത്, ആന തുടങ്ങി ധാരാളം വന്യമൃഗങ്ങളും ഉണ്ടായിരുന്നു.
ഇപ്പോൾ കുറുക്കൻ, മുള്ളൻ പന്നി, പന്നി, മാൻ… ഇവയൊക്കെ മാത്രമേ കാണാറുള്ളൂ .
ഇന്ന് അട്ടപ്പാടി വെറും മൊട്ടക്കുന്നുകൾ മാത്രം ! വന്തവാസികൾ വനം കയ്യേറി . മരങ്ങൾ വെട്ടി വിറ്റു കാശാക്കി. ആ സ്ഥലത്ത് അവർ തെങ്ങും കവുങ്ങും വെച്ച് പിടിപ്പിച്ചു . സർക്കാർ വീണ്ടും ഏറ്റെടുത്ത സ്ഥലം തരിശുഭൂമിയായി കിടക്കുന്നു . മരുഭൂമി പോലെ …
അട്ടപ്പാടി ഇങ്ങനെ ആക്കിയത് നിങ്ങടെ ആൾക്കാരാ .,
തെക്കര്……’
അത് പറയുമ്പോൾ അയാളുടെ ശബ്ദത്തിന് നല്ല കനം ഉണ്ടായിരുന്നു…
(തുടരും..)