മധുരിമയാർന്ന ഓർമശേഖരപ്പൊതിയഴിച്ചാൽ സുഗന്ധപൂരിത വിഭവങ്ങളാണ് കൺമുൻപിൽ കാണുന്നത്. നുണഞ്ഞിറക്കിയാൽ ഇരട്ടി മധുരമേകും സ്മൃതിയുടെ കൽക്കണ്ടതുണ്ടുകൾ.
വീട്ടിലെ ഏറ്റവും ഇളയമകനായാണ് എന്റെ അപ്പൻ ജനിച്ചത്. മൂത്ത സഹോദരങ്ങളുടെ മക്കളുടെ കല്യാണമൊക്കെ ഏകദേശം അപ്പൻ്റെയും അമ്മയുടെയും വിവാഹത്തിനോടടുത്തുളള വർഷങ്ങളിൽ തന്നെ ആയിരുന്നു. അതായത് ഞാനൊക്കെ ജനിക്കുന്നതിനു മുൻപു തന്നെ കസിൻസിൽ പലരുടെയും വിവാഹം നടന്നു. അപ്പന്റെ മൂത്ത രണ്ടു ജ്യേഷ്ഠന്മാരുടെ പെൺമക്കളുടെ മക്കളും ഞാനുമൊക്കെ സമപ്രായക്കാരായിരുന്നു.
അതിലേറെ വിസ്മയകരമായ മറ്റൊരു സംഭവമായാണ് അമ്മൂമ്മയുടെ വീട്ടിലെ കഥ . ഇന്നത്തെ തലമുറയ്ക്ക് അവിശ്വസനീയമെന്നു തോന്നുന്ന രസകരമായ അനുഭവങ്ങൾ .
സുന്ദരിയായ അമ്മൂമ്മ ഒറ്റമകളായിരുന്നു. മാനാശേരിയിലെ പ്രസിദ്ധമായ തറവാട്ടിലാണ് ജനിച്ചത്. ഒരിക്കൽ ഞങ്ങളുടെ ഗ്രാമത്തിൽ ഒരു ബന്ധുവിന്റെ മരണാവശ്യത്തിനു വന്നതാണത്രെ. അവിടെ വെച്ചാണ് അപ്പൂപ്പന്റെ കല്യാണാലോചന വന്നത്. പെണ്ണുകാണാൻ പോയ ആറടിയിലേറെ ഉയരമുള്ള അപ്പൂപ്പന് അഞ്ചടി പോലുമില്ലാത്ത സുന്ദരിയെ ഇഷ്ടപ്പെട്ടു . അന്ന് പൊക്കംകുറഞ്ഞ പെൺ കൊടികൾക്കാണ് ഡിമാന്റെന്ന് അമ്മൂമ്മയുടെ ഭാഷ്യം.
പാടശേഖരങ്ങളും പറമ്പുമൊക്കെയുള്ള കർഷകനായിരുന്നു അമ്മൂമ്മയുടെ അപ്പൻ. അമ്മൂമ്മ ഏകമകളും.
വിസ്മയനീയകരമെന്നു പറഞ്ഞത് എന്താണെന്നല്ലേ? അമ്മൂമ്മയുടെ കല്യാണശേഷം അവരുടെ അമ്മ മൂന്നുപ്രസവിച്ചു. രണ്ടാണും, ഒരു പെണ്ണും.
സ്വന്തം ആങ്ങളയെ തല തൊട്ടത് (ബാപ്റ്റിസം സമയത്ത് ഗോഡ് പാരന്റ്സ് എന്ന പേരിൽ രണ്ടു പേർ പള്ളിയിൽ നിൽക്കുന്ന ചടങ്ങ്. കുട്ടിയുടെ ആത്മീയ വളർച്ചയിലും, ജീവിതത്തിലെ പ്രധാന സംഭവങ്ങളിലും അവർ പങ്കാളികളായിരിക്കും. ) ഞങ്ങളുടെ അമ്മൂമ്മയും അപ്പൂപ്പനുമാണ് അതായത് ആങ്ങളയുടെ ജ്ഞാനസ്നാന മാതാപിതാക്കൾ പെങ്ങളും ഭർത്താവും.
അന്നത്തെ കാലത്ത് മകളും, അമ്മയും , അമ്മായിഅമ്മയുമൊക്കെ ഒരേ സമയം പ്രസവം നടത്തിയിരുന്നത്രെ. ഒരാളുടെ അമ്മാവൻ/ അമ്മായി, അല്ലെങ്കിൽ ചെറിയച്ഛൻ / ചെറിയമ്മ ഒരു പക്ഷേ തന്നെക്കാൾ മൂത്തവരോ, സമപ്രായക്കാരോ ആയിരിക്കും. അമ്മമാർക്ക് അധികം പ്രായമാകാത്തതു കൊണ്ടാകാം മക്കളും അമ്മമാരുമൊക്കെ ഒരേ സമയം ഗർഭ മോചനം നടത്തിയിരുന്നത്.
ഞങ്ങൾ കുട്ടികൾ ഇതു പറഞ്ഞ് അത്ഭുതം കൂറുമ്പോൾ അമ്മൂമ്മ പറയും. അതൊക്ക ഒരു സാധാരണ സംഭവമായതിനാൽ അന്നൊന്നും ആരുമിത് ഗൗനിക്കാറില്ലത്രെ.
സ്ത്രീധനവും, സ്വത്തുമൊക്കെ ചോദിക്കാതെയും പറയാതെയുമുള്ള വിവാഹങ്ങളായിരുന്നു എന്നു പറയുമ്പോഴും സമാന സാഹചര്യത്തിൽ ജീവിക്കുന്നവർ തമ്മിലായിരുന്നു ബന്ധം സ്വീകരിച്ചിരുന്നത്.
അന്നത്തെ മണവാട്ടി വേഷം ചട്ടയും, മുണ്ടുമായിരുന്നു. മേക്കാമോതിരം എന്ന കർണ്ണാഭരണം നിർബന്ധം. ഇതിനായി ചെറുപ്പത്തിലേ തന്നെ കാതു തുളക്കും . വെള്ളക്ക (തേങ്ങയുടെ ചെറുരൂപം) വെച്ചുകെട്ടി വലുതാക്കി എന്നു അമ്മൂമ്മ പറഞ്ഞ ഒരു കുഞ്ഞോർമ്മയുണ്ട്. ശുഭവസ്ത്രത്തിൽ മുണ്ടും ചട്ടയുമണിഞ്ഞ് കസവിന്റെ നാടൻ ചുറ്റി പൊതിഞ്ഞ് കല്യാണപ്പെണ്ണ് ഒരുങ്ങി വരും.
അമ്മൂമ്മയുടെ കാലത്തെ മണവാട്ടിയുടെ കേശാലങ്കാരം ഒരിക്കൽ എൻ്റെ നീളമധികമില്ലാത്ത കട്ടിയായ ഉള്ളു നിറഞ്ഞ ചുരുണ്ട മുടിക്കെട്ടിൽ അമ്മൂമ്മ തന്നെ കാണിച്ചു തന്നിട്ടുണ്ട്. കരിക്കിൻ്റെ ചിരട്ട ചീകി വൃത്തിയാക്കി മുടിക്കുള്ളിൽ വെച്ചിട്ട് ചിരട്ടക്കണ്ണിലൂടെ മുടി കോർത്തെടുത്ത് മുടിക്കുള്ളിൽ ബണ്ണു വെച്ചപോലെ ആക്കിയിട്ട് മുടിയാൽ ചിരട്ട കവർ ചെയ്യും. കറുത്ത ചരടിട്ട് കെട്ടിവെക്കും. പിന്നെ പൂവോ മുത്തോ വെച്ച് അലങ്കരിക്കും.
ജലമാർഗസഞ്ചാരമായതിനാൽ പുഴയോരത്താണ് അന്ന് കുറച്ചു സാമ്പത്തികമുള്ളവർ വീടുവെച്ചിരുന്നത്. സ്വന്തമായി കെട്ടു വള്ളങ്ങൾ പലർക്കും ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞു വരുമ്പോൾ പെട്ടി നിറയെ ശുഭ്ര വസ്ത്രങ്ങളൊക്കെ പെൺകുട്ടികൾ കൊണ്ടുവരും. മരം കൊണ്ടുള്ള പെട്ടി. മൂടി തുറന്നാൽ ചെറിയ അറകൾ കാണാം. സ്വർണം വെക്കാൻ, കാശുവെക്കാൻ എന്നിങ്ങനെ മൂടിയുള്ള അറകൾ. ഇതിനെ പുള്ള മുറി എന്നാണവർ വിളിച്ചിരുന്നത്. വസ്ത്രങ്ങളും, കാശും സ്വർണ്ണവും അവർക്കു പ്രിയപ്പെട്ട പലതും ആ പെട്ടിയിൽ വെച്ച് താക്കോലിട്ട് അടച്ചുപൂട്ടി വെച്ചിരുന്നു.
ഞങ്ങൾ കുട്ടികൾ ആ വിശിഷ്ടമായ പെട്ടിയുടെ മേലെ ഇരിക്കുന്നതോ, ഓടിക്കയറുന്നതോ അന്ന് അനുവദിച്ചിരുന്നില്ല. അലമാരകൾ വന്നശേഷം അത്തരം പെട്ടികൾ പിന്നീട് അരി സൂക്ഷിക്കുന്ന പെട്ടികളായും, ഇന്ന് അവശേഷിക്കുന്നവ പോളീഷ് ചെയ്ത് ആഡൃത്വത്തിന്റെ പ്രതീകം പോലെ സ്വീകരണമുറിയെ അലങ്കരിക്കുന്നവയുമായി മാറി.
പെണ്ണുങ്ങൾ പ്രസവം കഴിഞ്ഞ് സ്വന്തം വീട്ടിൽ നിന്നു മടങ്ങുമ്പോൾപലഹാരവും, കുഞ്ഞിന് സ്വർണ്ണവുമൊക്കെ ഇട്ട് വരുന്നതു കൂടാതെ പാൽതരുന്ന പശുവും കിടാവും
അവരോടൊപ്പം വള്ളത്തിൽ കയറ്റി വിടുമായിരുന്നത്രെ.
പണ്ടത്തെ കെട്ടുവള്ളങ്ങൾ ഒരു വീടിനകത്തുള്ള എല്ലാ സൗകര്യങ്ങളും ഉള്ളവയായിരുന്നു. അടുക്കളയും ജോലിക്കാരും മുറികളുമൊക്കെയുള്ളവ. ഇന്നത്തെ ഹൗസ് ബോട്ടുമായുള്ള വ്യത്യാസം അവ പങ്കായം കൊണ്ടുതുഴഞ്ഞും, കഴുക്കോൽ കൊണ്ടു കുത്തിയുമാണ് വള്ളക്കാർ ഓടിച്ചിരുന്നത്. കാറ്റിൽ സഞ്ചരിക്കാൻ പായും കെട്ടിയിരുന്നു.
ആലുവപ്പുഴയിലെ തെളിനീരിൽ കുളിച്ചു താമസിക്കാൻ വേനൽക്കാലത്ത് കുഞ്ഞു കുട്ടി പ്രമാണങ്ങളായി ഈ കെട്ടു വള്ളത്തിനു പോയാൽ ഒരു മാസമെങ്കിലും കഴിഞ്ഞിട്ടേ മടങ്ങിവരുകയുള്ളു. ചൊറി, ചിരങ്ങ്, കരപ്പനൊക്കെ വരുന്ന അക്കാലത്ത് മലയിൽ നിന്ന് ഔഷധസസ്യങ്ങളിലൂടൊഴുകി വരുന്ന പെരിയാർ ജലസഞ്ചയം ഒരു ആരോഗ്യ സംരക്ഷണ ആയുർവേദ റിസോർട്ടായിരുന്നു.
അമ്മിക്കല്ല്, ചെറിയ ഉരൽ , പാത്രങ്ങൾ, അരി, പച്ചക്കറിയൊക്കെ കൊണ്ടുപോകും. പെരിയാറിൻ്റെ തീരത്തടുത്താൽ വള്ളം കെട്ടിയിട്ട് അവിടെതാമസം തുടങ്ങും. കുളിച്ചു താമസം എന്നതിനെ പറഞ്ഞിരുന്നു. ഇതു പോലെ പലസ്ഥലങ്ങളിൽ നിന്ന് കെട്ടുവള്ളങ്ങളിൽ കുടുംബ സമേതം അവിടെ ആളുകൾ വന്നിട്ടുണ്ടാകും. അയൽപക്കക്കാരെ പോലെ അയൽ വഞ്ചി താമസക്കാരുമായി പരസ്പരം സൗഹൃദവും സ്ഥാപിച്ചിരുന്നു.
അപ്പൂപ്പനും അമ്മൂമ്മയും , മക്കളും, പണിക്കാരും, പലവ്യഞ്ജനങ്ങളും കിടക്കാൻ പായും, വീട്ടിലെ തന്നെ പഞ്ഞിമരത്തിലെ പഞ്ഞിക്കാ പറിച്ച് പഞ്ഞി കടഞ്ഞെടുത്ത് തയ്യാറാക്കിയ ബെഡും , തലയിണയും എന്നു വേണ്ട സർവസാമഗ്രികളും കൊണ്ടു പോകും.
അന്നന്നു കറിക്കു വേണ്ട മീൻ ചൂണ്ടയിട്ട് വള്ളക്കാർ പിടിച്ചു കൊടുക്കും. ആ യാത്രയിലെ പല കഥകളും അമ്മൂമ്മ പറഞ്ഞറിയാം.
ഞങ്ങളുടെ ഓർമയിൽ അപ്പച്ചനും അമ്മച്ചിയും അവധിക്കാലത്ത് ആലുവയിൽ കുളിച്ചു താമസത്തിന് ഞങ്ങളെയും കൊണ്ടുപോയിട്ടുണ്ട്.. അന്ന് വള്ളത്തിലല്ല യാത്ര. ടാക്സിയിലാണ്. കേരള ഫാർമസിക്കാർ, പണിതിട്ടവീടുകളിലായിരുന്നു താമസം. രണ്ടു നേരം പുഴയിൽ കുളിക്കാൻ കൊണ്ടുപോകും. അതിനുമുൻപ് മണൽത്തിട്ടയിൽ കുറേ നേരം കളിക്കും. മാതാപിതാക്കളുടെ സാന്നിധ്യത്തിലുള്ള കുളി . താമസസ്ഥലത്തു തന്നെ സ്‌റ്റൗവിൽ അമ്മ ഭക്ഷണം പാചകംചെയ്യും. വള്ളങ്ങളിൽ താമസിച്ചുള്ള കുളിച്ചു താമസം അന്നും അവിടെ ഉണ്ടായിരുന്നെങ്കിലും എനിക്ക് ഓർമ വരുന്നില്ല.
പഴയ കാല സിനിമയായ ‘നദി’ എന്ന മലയാളത്തിലെ ഹിറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് അമ്മയും അപ്പനും പൊടിക്കുഞ്ഞായ ഞാനും , കുട്ടിയായിരുന്ന ചേട്ടനുമൊക്കെയായി അവിടെ ഉണ്ടായിരുന്നു എന്ന് അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. ‘ ആയിരം പാദസരങ്ങൾ കിലുക്കി ആലുവപ്പുഴ പിന്നെയും ഒഴുകി”കായാമ്പു കണ്ണിൽ വിടരും കമലദളം’ തുടങ്ങി 6-7 എവർഗ്രീൻ ഗാനങ്ങൾ ‘നദി ‘ എന്ന സിനിമയിലേതാണ്. വള്ളങ്ങളിൽ വന്നു താമസിച്ചഅതിഥികളുടെ കഥയായിരുന്നു ആസിനിമയുടെ ഇതിവൃത്തം.
അടിഭാഗം മണൽ കാണുന്ന പുഴയിലെ കുഞ്ഞുമീനുകൾ കാലിൽ വന്നു കൊത്തുവാൻ കൽപ്പടവുകളിൽ കുഞ്ഞിക്കാലുകൾ വെള്ളത്തിലിട്ട് അമ്മയോട് ചേർന്ന് പുഴക്കാറ്റേറ്റ സമയത്തെ സുഖദമായ ഓർമ കുളിർത്തെന്നൽ പോലെ നെറുകയിൽ അമ്മയുടെ നിശ്വാസക്കാറ്റായി ഇപ്പോഴും തഴുകിയോ ?
എന്റെ ഓർമയിലെ ആദ്യത്തെ കല്യാണാഘോഷം അപ്പന്റെ രണ്ടാമത്തെ ജേഷ്ഠന്റെ മകൻ ജോസിച്ചേട്ടന്റെതായിരുന്നു. പത്തൻപതു വർഷം മുമ്പേ അമേരിക്കയിൽ സ്ഥിരതാമസമുറപ്പിച്ച ജോസിച്ചേട്ടനും ഷേർളി ചേച്ചിയുമാണ് ഞാൻ കാണുന്ന ആദ്യത്തെ മണവാളനും മണവാട്ടിയും.
കല്യാണ മുറപ്പിക്കൽ പെണ്ണിന്റെ വീട്ടിലാണ്. കാർന്നോമ്മാര് എന്നുവിളിക്കുന്ന തലമുതിർന്ന കാരണവന്മാർ മാത്രം പെൺവീട്ടിൽ പോയി ഉറപ്പിക്കും. അച്ചാര കല്യാണം എന്നതിനെ വിളിച്ചിരുന്നു. മനസമ്മതവും പെണ്ണിന്റെ വീട്ടിലാണ്. മുണ്ടും ചട്ടയുമല്ല സാരിയാണ് മണവാട്ടി വേഷം. മുത്തുകൾ പിടിപ്പിച്ചകിരീടമൊക്കെ വെളുത്ത നെറ്റിന്റെ മുകളിൽ വെച്ചു തലയിലുറപ്പിച്ചു വെയ്ക്കും. ക്രേയ്പ്പ് കടലാസുകൊണ്ടുണ്ടാകിയ വെളുത്ത പൂക്കളും അതിനടിയിൽ ഭംഗിയുള്ള പച്ച ഇലകളും വെച്ച് അലങ്കരിച്ച ബൊക്കെ, കൈയിലേന്തി മണവാട്ടി കല്യാണ ദിനം പള്ളിയിൽ വരും.
പെണ്ണിന്റെ ഇടവക പള്ളിയിൽ താലികെട്ടും കുർബാനയും കഴിഞ്ഞ് മണവാട്ടിയുടെ വസതിയിൽതന്നെ ഉച്ചയൂണ് . അതിനുശേഷം ചെറുക്കന്റെ വീട്ടിൽ വൈകുന്നേരം ടീ പാർട്ടി.
തലേന്ന് രാത്രി അത്താഴമൂട്ട് എന്ന പരിപാടി രണ്ടു ഭവനങ്ങളിലും അവരവരുടെ ബന്ധുമിത്രാദികളെയും അയൽക്കാരെയും വിളിച്ച് ആർഭാടമായി നടത്തിയിട്ടുണ്ടാകും. മധുരം കിള്ളൽ എന്ന പരിപാടി അപ്പോഴാണ്. മധുരം വെയ്പ് എന്നും പറയും. അവിടെ പ്രധാന കാർമികർ പതരിഞ്ഞപ്പനും, പതിരിഞ്ഞമ്മയും(( God parents) ആണ്.
കല്യാണത്തോടനുബന്ധിച്ച പലഹാരമെടുക്കൽ എന്ന ചടങ്ങ് ഞങ്ങൾ കുട്ടികൾക്കും ഏറ്റവും ഉത്സാഹ ഉല്ലാസ ദിനങ്ങളായിരുന്നു. കല്യാണത്തിന് ഒരാഴ്ച മുമ്പേ പണികൾ തുടങ്ങും. വീട്ടിൽ തന്നെ അവലോസുണ്ട , അച്ചപ്പം, കുഴലപ്പം, പയറ്റുണ്ട, കാരയപ്പം, ചെറുമണി പലഹാരങ്ങൾ , അലുവ വെരകൽ ഇതൊക്കെ തകൃതിയായി നടക്കും. ചുറ്റും ഓടിക്കളിക്കലും, സ്വാദു നോക്കലുമാണ് ഞങ്ങളുടെ ജോലി.
അമ്മയുടെ ചേച്ചിയുടെ മൂത്തമകൾ തങ്ക ചേച്ചിയുടെ കല്യാണത്തിന് ചാലക്കുടിയിലെ വീട്ടിൽ ഒരാഴ്ചമുമ്പേ എത്തിയതുകൊണ്ട് ജിലേബി, ലഡു എനിങ്ങനെ നാടനല്ലാത്ത പലഹാരം പുറത്തു നിന്ന് ആളെ കൊണ്ടു വന്ന്ഉണ്ടാക്കുന്നത് നേരിട്ട് ആദ്യമായി കണ്ട ഓർമ ഇന്നും മറയാതെ നിൽക്കുന്നു.
ഗ്രാമത്തിലെ പലഹാരമെടുക്കൽ ഒരു ചടങ്ങാണ്. ബന്ധുക്കളും പണിക്കാരും എല്ലാവരും ഉണ്ടാകും. വീട്ടിലെ കല്യാണാ ഘോഷങ്ങൾക്കു ശേഷം വിവാഹം കഴിച്ചു വിട്ട പെൺമക്കൾ തിരിച്ചു പോകുമ്പോൾ അവർക്കുവലിയ പൊതിക്കെട്ട് പലഹാരം കൊടുത്തുവിടണമെന്ന് നിർബന്ധമായിരുന്നു.
വീട്ടുമുറ്റത്തെ പന്തലിടൽ ചടങ്ങ് ഒരു ആഘോഷമായിരുന്നു. പന്തലിന് കാലുനാട്ടൽ കർമ്മം, അതിനെ തുടർന്ന് ചായയും പലഹാരവും വിളമ്പൽ . ആഹ്ലാദിച്ചാർമാദിക്കുന്ന ഞങ്ങൾക്കു കിട്ടുന്ന ജോലി മണവാളനെയും മണവാട്ടിയെയും പൂവെറിഞ്ഞു സ്വീകരിക്കലാണ്.
മഴവിൽ നിറമുള്ള റിബണൊക്കെ ‘റ’ പോലെ തലയിൽ കെട്ടി ഫ്രില്ലുള്ള ഉടുപ്പൊക്കെ ഇട്ട് (ജോസ്കോയാണു ഇതൊക്കെ തയിച്ചു തരുന്ന പ്രശസ്ത തയ്യൽക്കാരൻ) പൂവെറിയാൻ മുൻപന്തിയിൽ തന്നെ ഞങ്ങളുണ്ടാകും. പനിനീരു തളിക്കുന്ന രണ്ടു പേർ ആദ്യം നിൽക്കും. നവദമ്പതികൾ പന്തലിലേയ്ക്ക് പ്രവേശിക്കുമ്പോൾ നിരന്നുനിൽക്കുന്ന കുട്ടി സംഘം പൂവെറിയും . പിറകെ കയറുന്ന ആളുകളുടെ തലയിലും പൂക്കൾ ഉടക്കി നിൽക്കും. ഒറ്റപ്പൂവ് തലയിൽ വെച്ച് പൂവിരിക്കുന്നതറിയാതെ ഗൗരവത്തിൽ നിൽക്കുന്ന കാർന്നോ മ്മാരെ കൂടെയുള്ളവർ ചൂണ്ടിക്കാട്ടും. അതു നോക്കി കമഴ്ന്നു കിടന്നു ചിരിക്കലാണ് അടുത്ത കലാപരിപാടി.
കലവറ എന്ന ഭക്ഷണമൊരുക്കുന്ന സ്ഥലത്തേക്കാൾ പലഹാരമിരിക്കുന്ന മുറിയാണ് ഞങ്ങളുടെ നോട്ടവും ലക്ഷ്യവും. മറ്റു ഭക്ഷണമൊന്നും വേണ്ട. ഇതു കിട്ടിയാൽ ഞങ്ങൾ സംതൃപ്തരാണ്. പാച്ചോറും പൊങ്ങലും (ശർക്കര പാനി) ഇലയിൽ കല്യാണ വീടുകളിൽ വിളമ്പിയിരുന്നു.
വിവാഹത്തിനു രണ്ടു ദിവസം മുമ്പേ കോഴിയും , താറാവും , പൂവൻകുലയുമൊക്കെ പണിക്കാരുടെ സമ്മാനമായി ലഭിച്ചിരുന്നു. മൂന്നു ദിവസം കഴിഞ്ഞ് പെണ്ണിനെയും ചെറുക്കനെയും കൂട്ടി ക്കൊണ്ടു പോകാൻ പെണ്ണു വീട്ടിൽ നിന്ന് കുറച്ചുപേർ വരും അന്നാണ് ഈ സമ്മാന ക്കോഴികളുടെയും താറാവുകളുടെയും അന്ത്യ ദിനം.
പിറ്റേഞായറാഴ്ച കെട്ടു നടന്ന പള്ളിയിൽ തന്നെ ചെറുക്കനും പെണ്ണും കുർബാന കൂടി വന്നു കഴിഞ്ഞ് ചെറുക്കന്റെ ആളുകൾ വന്ന് പെണ്ണിനെയും ചെറുക്കനെയും കൂട്ടിക്കൊണ്ടു പോരും. അന്നു തന്നെയാണ് അലമാര കൊണ്ടുവരൽ ചടങ്ങ്. വസ്ത്രങ്ങളും, സമ്മാനപ്പൊതികളും, പണവുമൊക്കെ അലമാരക്കുള്ളിൽ തന്നെ വെയ്ക്കും. ഇതുമായി ഇറങ്ങിയാൽ പെൺകുട്ടി ഇനി മുതൽ ജനിച്ചു വളർന്ന വീട്ടിൽ അതിഥിയായി മാറും.
അറയെന്നു വിളിക്കുന്ന പലഹാരമുറിയിലെ പഴക്കുലയ്ക്കു ചുറ്റും കുട്ടികൾ ഓരോരുത്തരായി കറങ്ങി നടന്ന് ആരും കാണാതെ പഴങ്ങൾ ഉതിർത്തി കൊണ്ടു വരും. സമമായി പങ്കിട്ടു കഴിക്കും. ചോറും കറിയൊന്നും ആർക്കും വേണ്ട.
കല്യാണത്തിന്റെ പിറ്റേ ഞായറാഴ്ച നവദമ്പതികൾ വീട്ടിലെത്തുന്നതോടെ ആഘോഷങ്ങൾക്കു തിരശ്ശീല വീഴും. അന്നു അടുത്ത ബന്ധുക്കളും പണിക്കാരുമൊക്കെ ക്യാമറമാൻ പറയുന്നതു പോലെ നിന്നും ഇരുന്നും കറുത്ത തുണി കൊണ്ടു കൂടിയ ക്യാമറയിലേക്ക് നോക്കിബ്ലാക്ക് ആൻ്റ് വൈറ്റ് ഗ്രൂപ്പ് ഫോട്ടോ എടുത്ത ശേഷം അവരവരുടെ വീടുകളിലേയ്ക്കു മടങ്ങും.
അപ്പൂപ്പന്റെ കാലത്തെടുത്ത ചില ഫോട്ടോകൾ നോക്കിയാൽ അന്നത്തെ വസ്ത്രധാരണരീതിയും മറ്റും മനസിലാക്കാൻ കഴിയും.
ഓർമയിലെ കല്യാണഘോഷ ദിനങ്ങൾക്ക് ചില ഗന്ധങ്ങളുമായി ബന്ധമുണ്ട്. അവിചാരിതമായിഅത്തരംപരിമളമേൽക്കുമ്പോൾ അത് ഘ്രാണേന്ദ്രിയത്തിലൂടെ ഉള്ളിൽ കടന്ന് പൊയ്പോയ പൂർവകാലസ്മൃതികളുണർത്തുക മാത്രമല്ല നഷ്ടവസന്തത്തിന്റെ ഓർമ നൊമ്പരമായി നെഞ്ചിലാകമാനം പടരുകയും ആകെ ഒരു വീർപ്പുമുട്ടലായി മാറുകയും ചെയ്യും.
സ്മൃതികളെ അക്ഷരങ്ങളാക്കുകയാണ് അടുത്ത കടമ്പ. വായിക്കുന്നവർക്ക് ഇതിലെ അനുഭവങ്ങളിൽ വേണമെങ്കിൽ പങ്കാളികളാകാം. പുതുതലമുറയ്ക്ക് പുത്തനനുഭവമാകാം.
എനിക്കാകട്ടെ തിരിച്ചു പിടിക്കാൻപറ്റാത്തകാലത്തിൻ്റെ ഓർമപെയ്ത്തിനു ശേഷം ആർദ്രമായ മനമോടെ അൽപനേരമെങ്കിലും സ്വയം മറന്നങ്ങരിക്കാം.
പണ്ടത്തെ നാടും നാട്ടുകാരും അവരുടെ ചടങ്ങുകളും എത്ര രസകരമായി അവതരിപ്പിച്ചു.!
എല്ലാം ഒരു സിനിമ കഥ പോലെ മനസ്സിൽ തെളിഞ്ഞു വരുന്നു..
നല്ല അവതരണ ശൈലി,
നല്ല ഭാഷ.
തുടരൂ….
കാലവും കഥാപാത്രങ്ങളും മുന്നിൽ തെളിയുന്ന ജീവനുളള എഴുത്ത്….

ആശംസകൾ
അഭിനന്ദനങ്ങൾ, ഓർമ്മകുറിപ്പുകൾ ബങ്ങിയായി എഴുതി തുടർന്നും എഴുതുക, അടുത്തതിനായി കാത്തിരിക്കുന്നു


റോമി ബെന്നിയുടെ ഓർമ്മക്കുറിപ്പ് പനിനീരണിഞ്ഞ പഴയകാല പരിണയ വിശേഷം ഒരു പാട് ഓർമ്മകളുടെ സമ്മാനപ്പൊതിയായിരുന്നു. അപ്പൂപ്പൻ്റെയും അമ്മൂമ്മയുടെയും വിവാഹo, കൺമുന്നിൽ കണ്ടു പോലെ തോന്നി.
വിവാഹസൽക്കാരങ്ങൾ ഗംഭീരവും ഏറെയും പരിചിതവുമാണ്. പാച്ചോറിനൊപ്പമുള്ള പൊങ്ങൽ വല്യ കൊതി…. അതത്ര പരിചിതമല്ല. . അതിപ്രശസ്തമായ നദി എന്ന സിനിമയിൽ കെട്ടുവള്ളങ്ങളിൽ കഴിയുന്നവരാടൊത്ത് കുഞ്ഞുറോമിയും അമ്മയും അച്ഛനും ചേട്ടനുമുണ്ടോ? ആ സിനിമ ഒന്നുകൂടി കാണണം. മനസ്സുനിറയ്ക്കുന്ന ഒരുപിടി കൗതുകക്കാഴ്ചകളാണ് റോമി ബെന്നി ഓരോ ഓർമ്മക്കുറിപ്പിലും കാണിച്ചുതരുന്നത്. സ്നേഹത്തിൻ്റെ നൂറ് നൂറ് നറുമലരുകൾ. ഇനിയും ഇനിയും എഴുതുക… എഴുത്തിൻ്റെ പല തലങ്ങളിൽ നവ്യസുഗന്ധമായ്… സ്നേഹസ്പർശമായ്… ഹൃദ്യമായ വിരുന്നായ്…. ആശംസകൾ …
Very engaging read
പഴയ കാലം ഇത്ര മനോഹരമായി ഓർത്തെടുക്കാൻ കഴിയുന്നത് ഭാഗ്യം.
പെരിയാറിലെ കുളിച്ചു താമസം പുതിയ അറിവായിരുന്നു.
ഓർമ്മകൾ ഇങ്ങനെ തോരാതെ പെയ്യുമ്പോൾ ആ പെയ്ത്തിൽ ഞങ്ങളും നനയട്ടെ….
എഴുതു….
“പനിനീരണിഞ്ഞ
പഴയകാല
പരിണയ വിശേഷവും
പെരിയാറിലെ വേനലാഘോഷവും ”
കവിത പോലെ സുന്ദരമായ തലക്കെട്ടുക’ളോ’ടെ ”
അതി സുന്ദരമായ ഓർമ്മകളുടെ കനകച്ചെപ്പുമായി റോമി വീണ്ടും,,,,,, അഭിനന്ദനങ്ങൾ മേക്കാമോതിരം,,, പള്ളമുറി,,, കുളിച്ചു താമസം,,,,, പഴയകാല സ്മൃതികളെ വളരെ നന്നായി അക്ഷരചെപ്പിൽ ചമയപ്പെടുത്തിയിരിക്കുന്നു,,, അഭിനന്ദനങ്ങൾ,,,
ഓർമ്മക്കുറിപ്പുകൾ നല്ല വായനാനുഭവം സമ്മാനിക്കുന്നണ്ട്.


പെരിയാറിലെ കുളിച്ചു താമസം പുതിയ അറിവ്
അനുഭവങ്ങളെ ഇത്ര ചിട്ടയോടെയും ചാരുതയോടെയും ചേർത്തുവയ്ക്കാനുള്ള എഴുത്തുകാരിയുടെ കഴിവ് പ്രശംസനീയം.
സ്നേഹം
ഈ ഓർമ്മക്കുറിപ്പിലെ വിവാഹ വിശേഷങ്ങളും അതിനോടനുബന്ധിച്ചുള്ള ചടങ്ങുകളും മറ്റും കുറെയൊക്കെ ഓർമ്മയിലേക്ക് ഓടിയെത്തി . എന്നാൽ പെരിയാറിലെ വേനലാഘോഷം പുതിയൊരറിവായിരുന്നു . നദി സിനിമ കണ്ടിട്ടുള്ളതുകൊണ്ട് അതും അനുഭവമായി മാറ്റാൻ സാധിച്ചു. ‘ഇനിയും ഇതു പോലുള്ള പഴയ കാല ഓർമ്മകളിലൂടെ ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാൻ റോമിയെ ദൈവം അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
മനോഹരം

എത്ര സമൃദ്ധമായ ഓർമ്മകൾ. എല്ലാ അർത്ഥത്തിലും. നദി സിനിമ പ്രേം നസീർ, പാട്ട് കുട്ടി എല്ലാം ഓർമ്മ വന്നു. എന്തെല്ലാം നിറമുള്ള ഓർമ്മകൾ. മഴ നനയും പോലെ അകവും പുറവും നനഞ്ഞാർദ്രമായി .എഴുതൂ ഇനിയും
മനോഹരമായി എഴുതി പഴയകാല വിവാഹ വിശേഷങ്ങളും ചടങ്ങുകളും അനുഭവിച്ചവർക്ക് ഓർമ്മകളിലൂടെ ഒരു സഞ്ചാരവും പുതുതലമുറയ്ക്ക് ആശ്ചര്യവും സമ്മാനിച്ചു, അഭിനന്ദനങ്ങൾ
എല്ലാവരുടെയും , അഭിപ്രായങ്ങൾക്കും, പ്രോത്സാഹനത്തിനും നന്ദി. സ്നേഹം . തുടർന്നും പ്രതീക്ഷിക്കുന്നു.