Thursday, December 26, 2024
Homeസ്പെഷ്യൽദേശീയ വായനാദിനം ... ✍അഫ്സൽ ബഷീർ തൃക്കോമല

ദേശീയ വായനാദിനം … ✍അഫ്സൽ ബഷീർ തൃക്കോമല

അഫ്സൽ ബഷീർ തൃക്കോമല

1909 മാർച്ച് 1 ന് ആലപ്പുഴയിൽ ജനിച്ച പുതുവായിൽ നാരായണപ്പണിക്കർ എന്ന പി. എൻ പണിക്കർ 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമ ദിനമാണ്‌ വായനാ ദിനമായി ആചരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം വീടുവീടാന്തരം കയറി ഇറങ്ങി പുസ്തകങ്ങൾ ശേഖരിച്ച്‌ ‘സനാതനധർമം’എന്ന പേരിൽ വായനശാല ആരംഭിച്ചാണ് അദ്ദേഹം ഗ്രന്ഥശാലാ പ്രസ്ഥാനം ആരംഭിച്ചത്.

1945 സെപ്റ്റംബറിൽ “തിരുവിതാംകൂർ ഗ്രന്ഥശാല സമ്മേളനം “സംഘടിപ്പിച്ചു.1947 ൽ രജിസ്റ്റർ ചെയ്ത ഗ്രന്ഥശാലാസംഘം 1949 ജൂലൈയിൽ തിരു-കൊച്ചി ഗ്രന്ഥശാലസംഘം എന്ന പേരിലായി . 1958 ൽ കേരള ഗ്രന്ഥശാലാസംഘം രൂപികരിച്ചു . ഗ്രന്ഥശാല ഗ്രാമങ്ങളിൽ മുഴുവൻ വേണമെന്ന് അദ്ദേഹം ആഗ്രഹിച്ചു .1970 നവംബർ -ഡിസംബർ മാസങ്ങളിൽ’വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക ‘ എന്ന മുദ്രാവാക്യവുമായി പാറശ്ശാല മുതൽ കാസർഗോഡ് വരെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കാൽനടയായി നടത്തിയ സാംസ്കാരിക ജാഥ കേരള ചരിത്രത്തിലെ നാഴികക്കല്ലാണ് . നിരക്ഷരതാനിർമാർജ്ജനത്തിനായി 1977-ൽ കേരള അനൗപചാരിക വിദ്യാഭാസ വികസന സമിതിക്ക് (KANFED : കാൻഫെഡ് (Kerala Non formal Education) രൂപം നൽകി. ആത്മവിശ്വാസവും ആശയവിനിമയശേഷിയും അറിവും നേടുന്നതിൽ വായനയ്ക്ക് പ്രഥമ സ്ഥാനമുണ്ട് .കൂടാതെ മികച്ച വിനോദോപാധികൂടിയാണ് വായന എന്നതിൽ സംശയമില്ല .ഇന്ത്യയിൽ സ്കൂളുകളിൽ ഇ-റീഡിങ് പ്രചരിപ്പിയ്ക്കുവാനായി റീഡിങ് ക്ലബ്ബുകളും ഐ.ടി. ക്ലബ്ബുകളും ഇലക്ട്രോണിക് ക്ലബ്ബുകളും ഇന്ന് നിലവിലുണ്ട് .

വര്ത്തമാന കാലത്തു ഇലക്ട്രോണിക് മാധ്യമങ്ങളുടെ അതി പ്രസരവും സമൂഹ മാധ്യമങ്ങളുടെ കടന്നു വരവും വായനയുടെ തലങ്ങളെ മാറ്റിമറിച്ചിട്ടുണ്ടെങ്കിലും പുസ്തകങ്ങളുടെ വിപണനം അനുദിനം വർധിക്കുന്നു എന്നതു ശുഭ സൂചനയാണ് .കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയിലെ ഇരുപത്തിയൊന്ന് സംസ്‌ഥാനങ്ങളിൽ കൂടി വായനാദിനം ആഘോഷിക്കാൻ തീരുമാനിച്ചതിൽ മലയാളികൾക്ക് ഏറെ അഭിമാനിക്കാം .

“ആദിയിൽ വചനമുണ്ടായി വചനം ദൈവമാകുന്നു” എന്നു ബൈബിളും “ജ്ഞാന തൃഷ്ണ മനുഷ്യനെ വിവേകമുള്ളവനാക്കുന്നു” എന്നു മനുസ്മൃതിയും ,”സൃഷ്ടാവിന്റെ നാമത്തിൽ നീ വായിക്കുക” എന്നു ഖുർആനും ആഹ്വാനം ചെയ്യുന്നത് വായനയുടെ പ്രസക്തി ലോകത്തെ മനസിലാക്കുവാൻ തന്നെയാണ്‌ .ഭാഷയിൽ പ്രാവീണ്യം, ബുദ്ധി വികാസം, ഉയർന്ന ശ്രദ്ധ, വിശാലമായ കാഴ്ചപാട് ,മാനസിക സംഘർഷങ്ങളിൽ അയവ്‌ അങ്ങനെ വായനയുടെ ഗുണങ്ങൾ എണ്ണിയാൽ തീരില്ല . വായിക്കുന്നവർ മരണത്തിനു
മുൻപ് ആയിരം ആയിരം ജന്മങ്ങൾ ജീവിക്കുന്നു വായിക്കാത്തവർ ഒറ്റ ജന്മത്തിലൊതുങ്ങും എന്ന ജോർജ് ആർ ആർ മാർട്ടിന്റെ നിരീക്ഷണം വളരെ അർത്ഥവത്താണ് .

“വായിച്ചാലും വളരും വായിച്ചില്ലങ്കിലും വളരും.വായിച്ചാൽ വിളയും വായിച്ചില്ലെങ്കിൽ വളയും” എന്ന കുഞ്ഞുണ്ണി മാഷിന്റെ അഭിപ്രായം ചിന്തനീയമാണ് .

കുശലം ചോദിക്കുമ്പോൾ ഏതു പുസ്തകമാണിപ്പോൾ വായിക്കുന്നത് ?എന്നതായിരിക്കട്ടെ പ്രഥമ ചോദ്യം?

ഏവർക്കും വായനാദിനാശംസകൾ …….

✍അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments