അപ്രതീക്ഷിതമായി തറവാട്ടിലെത്തിയതാണു ഞാൻ നീണ്ട ഒരിടവേളക്കുശേഷം..
നനഞ്ഞു പിഞ്ഞിയ ചാറ്റൽ മഴച്ചാർത്തിലുലഞ്ഞ ചെമ്പകമരം പരിചിത ഭാവത്തിലെന്നെ പോലെയൊന്നു നോക്കിപുഞ്ചിരിച്ചു. കരിവീരന്മാർ ആകാശവീഥിയിലണിനിരന്നു. പടയൊരുക്കം തുടങ്ങി. ഇനി കാലവർഷ പെയ്ത്താണ്. നീളൻ വരാന്തയിലേക്ക് ഒരു കസേര വലിച്ചിട്ട് മെല്ലെ അതിലിരുന്നു. മുറ്റത്തെ വെട്ടി മാറ്റിയ വലിയ ചക്കരമാവിൻ്റെ കുറ്റി അപ്പോഴാണ് കണ്ണിൽ പെട്ടത്. ഒരു നൊടി നേരം കണ്ണടച്ചു കിടന്നു. ഒരു പാട് ചിത്രങ്ങൾ ക്ഷണനേരം കൊണ്ടു മിന്നി മാഞ്ഞു. എത്രയോ മധുരമൂറുന്ന മാമ്പഴക്കാലങ്ങൾ കൺമുന്നിൽ കാറ്റിലുതിർന്നു വീണ നിരന്നു കിടക്കുന്നു. ബാല്യത്തിലെ മായാത്തചക്കരമാങ്ങകളായി മധുരമോർമ്മയായി.
വേനലവധിയ്ക്ക് കുടുംബത്തെത്തുമ്പോൾ ഞങ്ങൾ കുട്ടികളെല്ലാം ആ മാവിൻ ചുവട്ടിലാണ്. ഓരോ ചെറുകാറ്റിലും ഉതിർന്നു വീഴുന്ന മാമ്പഴം കൈയിലൊതുക്കുവാനുള്ള കുതിപ്പിൽ എത്ര വട്ടം ഉരുണ്ടു വീണു കൈകാലുകളും മുട്ടുകളും പൊട്ടിയിട്ടുണ്ട്. ദേഹത്തു പറ്റുന്ന മണൽത്തരികളെയൊന്നു തുടച്ചുനീക്കാൻ പോലും നിൽക്കാതെയുള്ള കുതിപ്പ്. ഓരോ മാങ്കനി കൈയിലെടുക്കുമ്പോഴും അമ്മമ്മയുടെ അടുത്ത് എത്താനുള്ള വൃഗ്രതയാണ്. മാമ്പഴ പുളിശ്ശേരിയുടെ ചെറുമധുരമാർന്ന പുളിപ്പിന്നുമോർക്കുമ്പോൾ നാവിലമൃതുനിറയുന്നു. അപ്പൂപ്പനെന്നും മോരോ തൈരോ പുളിശ്ശേരിയോ വേണംചോറിനു ഒഴിച്ചു കൂട്ടുവാൻ. മാമ്പഴക്കാലമായാൽ പിന്നെയെന്നും മാമ്പഴപുളിശ്ശേരിയാണ്.
ഒരു മാമ്പഴം പോലും അമ്മമ്മ പറിച്ചെടുക്കുകയില്ല. അതെന്തേ അങ്ങനെയെന്നു ചോദിച്ചപ്പോൾ അമ്മമ്മ പറഞ്ഞതിന്നുമോർക്കുന്നു. വലിച്ചു പറിച്ചാൽ അതിന് വേദനിക്കും കുട്ട്യേന്ന്. തന്നെയുമല്ല മൂത്തു പഴുത്തതിന് നല്ല മധുരമുണ്ടാകും. ശരിയാണ്. വിളഞ്ഞു പാകമാകുന്ന രുചി മധുരം വിളയാത്തതിനുണ്ടാകില്ലല്ലോ? മനുഷ്യരുടെ ജീവിതവും അതുപോലെയാണല്ലോ? ജീവിതാനുഭവങ്ങളുടെ പാകപ്പെടലില്ലാത്ത ഇന്നത്തെ കുട്ടികൾക്ക് ഇതുവല്ലതും മനസ്സിലാകുമോ? പൊടുന്നനെ വീശിയ ചെറുകാറ്റിലുലഞ്ഞ ചിന്തകൾ തന്നിലേക്കു തന്നെ തിരികെയെത്തി. മാമ്പഴങ്ങൾ പെറ്റിക്കോട്ടിനുള്ളിലിട്ട് അമ്മമ്മയുടെ അടുത്തെത്തി താഴേക്കു കുടഞ്ഞിടുമ്പോൾ അമ്മമ്മ ചോദിക്കും. നിനക്ക് ആ മാവിൻ ചുവട്ടിൽ നിന്നും മാറുവാൻ നേരമില്ലേയെന്ന്. മാമ്പഴച്ചാറു വീണ പെറ്റിക്കോട്ടു നോക്കി പറയും ഇന്നിതിതെത്രാമത്തെയാണ് കുട്ട്യേന്ന്. എന്നാലും ആ മാമ്പഴമൊക്കെയെടുത്ത് ചെറുവട്ടിയിലാക്കി വെച്ചിട്ട് ഒരു ചെറു ചിരിയോടെ ചോദിക്കും “ഇന്നും മാമ്പഴ പുളിശ്ശേരി മതിയോന്ന്. അമ്മമ്മ വെക്കുന്ന മാമ്പഴ പുളിശ്ശേരിയുടെ സ്വാദ് മരിക്കുവോളം നാവിലുണ്ടാകും.
വീട്ടിലെ പൂവാലി പശുവിൻ്റെ പാലിൽ നിന്നെടുത്ത നല്ല കട്ടതൈരിൽ മാമ്പഴവും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചു നല്ല ജീരകവും തേങ്ങയുമരച്ചു വെച്ച നല്ല കുറുക്കു പോലുള്ള ആ പുളിശ്ശേരി ഒന്നു മാത്രം മതി വയർ നിറയെ ചോറുണ്ണുവാൻ. അവസാനം ആ മാങ്ങയണ്ടിയുടെ ചാറൂറ്റി കടിച്ചു വലിക്കുമ്പോൾ അമ്മമ്മപറയും ഇങ്ങനൊരു മാമ്പഴക്കൊതിച്ചി. സ്മരണകളുടെ ഇരമ്പലിൽ കാറ്റുലഞ്ഞ ശബ്ദം പ്രതിധ്വനിയായി. ആ ചക്കരമാവാണ് ഭാഗം വെക്കലിൽ വെറുമൊരു മരക്കുറ്റിയായി ദ്രവിച്ചു നിൽക്കുന്നത്. എത്രയെത്ര മധുരമൂറുന്ന രുചിഭേദങ്ങളെ തന്നവൾ. വേനലിൽ മൂത്തു വിളയുന്ന മാങ്ങകൾ തണ്ടു പൊട്ടാതെയൊടിച്ചെടുത്ത് വലിയ ഭരണികളിലായി ഉപ്പിലിട്ടു വെക്കും. മഴക്കാലമെത്തുമ്പോൾ കറിവെക്കുവാൻ ഉള്ള ക്ഷാമം തീരുന്നത് ആ ഉപ്പുമാങ്ങയും അടമാങ്ങയും കണ്ണിമാങ്ങയച്ചാറിലുമൊക്കെയാണ്. എത്രയോ മഴക്കാലങ്ങളുടെ പഞ്ഞം മറികടക്കുവാൻ സഹായിച്ചവൾ ഇന്ന് വെറുമൊരു മരക്കുറ്റിമാത്രമാകുമ്പോൾ ഭൂതകാലത്തിൻ്റെ അവശേഷിപ്പുകളിൽ ഓർമ്മപ്പെയ്ത്തുകളിടമുറിയുന്നു.