മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ ‘ എന്ന പംക്തിയിലേക്ക് എല്ലാവർക്കും സ്വാഗതം 🙏🙏
ദിവ്യ എസ്. മേനോൻ, ബാംഗ്ലൂർ
വിവിധ സാഹിത്യശാഖകളിൽ കഴിവ് തെളിയിച്ച എഴുത്തുകാരിയും സോഫ്റ്റ്‌വെയർ എഞ്ചിനീയറും മലയാളി മനസ്സിന്റെ ഫീച്ചേഴ്സ് എഡിറ്ററുമായ ദിവ്യ എസ് മേനോനാണ് നമ്മുടെ ഇന്നത്തെ അതിഥി.
ഓൺലൈൻ എഴുത്തിടങ്ങളിൽ ഒരു തുടക്കക്കാരി എന്ന നിലയിൽ സജീവമായിരുന്ന ദിവ്യ കഥകൾ എഴുതിയാണ് മലയാളിമനസ്സിന്റെ ആരംഭകാലത്തു തന്നെ എത്തുന്നത്. പിന്നീട് പുസ്തകങ്ങളെയും സിനിമകളെയും പറ്റിയുള്ള റിവ്യൂകളുമായി മലയാളിമനസ്സിന്റെ വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി. അപ്പോഴാണ് മലയാളിമനസ്സിന്റെ ചീഫ് എഡിറ്റർ രാജു ശങ്കരത്തിൽ ഒരു സ്ഥിരം പംക്തി ചെയ്യുന്നതിനായി ദിവ്യയെ ഏൽപ്പിക്കുന്നത്. മണ്മറഞ്ഞു പോയവരോ അല്ലെങ്കിൽ ഇപ്പോൾ ആക്റ്റീവ് അല്ലാത്തവരുമായ സിനിമാ മേഖലയിലെ പ്രശസ്തരെ പറ്റി ഒരു തുടർ പംക്തി… അതായിരുന്നു ചീഫ് എഡിറ്റർ മുന്നോട്ട് വച്ച ആശയം. അത് ദിവ്യ വളരെ സന്തോഷത്തോടെ ഏറ്റെടുക്കുകയും ശക്തമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. വളരെ വേഗം തന്നെ ഈ പരമ്പര ദിവ്യയെ മലയാളിമനസ്സിന്റെ ജനപ്രിയ എഴുത്തുകാരിയാക്കി മാറ്റി.
കഥകൾ, കവിതകൾ, ലേഖനങ്ങൾ, സിനിമ അവലോകനങ്ങൾ, പുസ്തക റിവ്യൂകൾ തുടങ്ങി വൈവിധ്യമാർന്ന എഴുത്ത് മേഖലകളാണ് ദിവ്യയെ വ്യത്യസ്തയാക്കുന്നത്. മൂന്നു വർഷക്കാലമായി മലയാളിമനസ്സിലെ സ്ഥിരം എഴുത്തുകാരിയായ ദിവ്യ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണ്.
പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമപ്രദേശത്തു ജനിച്ചുവളർന്ന ദിവ്യയുടെ അച്ഛനമ്മമാർ സുരേന്ദ്രനാഥമേനോനും ലക്ഷ്മിക്കുട്ടി ടീച്ചറുമാണ്. ദിവ്യ പഠനകാലത്ത് തന്നെ വായനയെ ഏറെ സ്നേഹിച്ചിരുന്നു. പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബി – ടെക് ബിരുദമെടുത്ത ദിവ്യ ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി പ്രവർത്തിച്ചു വരികയായിരുന്നു. ജോലിയിൽ നിന്നും ഇടയ്ക്ക് എടുത്ത ഒരിടവേളയാണ് ദിവ്യയെ വീണ്ടും സ്വന്തം ഇഷ്ടങ്ങളിലേക്ക് കൂടി തിരിഞ്ഞുനോക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ദിവ്യ വീണ്ടും എഴുത്തിന്റെ വഴികളിൽ എത്തിപ്പെടുന്നത്. ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ദിവ്യയുടെ ഭർത്താവ് ദേവദാസ് ഐ ടി രംഗത്ത് പ്രവർത്തിക്കുന്നു. മകൾ മീനാക്ഷി ആറാം ക്ലാസ്സ് വിദ്യാർത്ഥിനി .എഴുത്തുകാരി തന്റെ കുടുംബവിശേഷം മലയാളിമനസ്സുമായി പങ്കു വച്ചു.
ഓൺലൈൻ എഴുത്തുകാരുടെ സാഹിത്യകൂട്ടായ്‌മയായ ‘സൃഷ്ടിപഥം’ ഡിജിറ്റൽ മാസികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആയ ദിവ്യയുമായി എനിക്ക് വ്യക്തിപരമായി മറ്റൊരു അടുപ്പം കൂടിയുണ്ട്. സ്വന്തം രചനകൾക്കൊപ്പം തന്റെ മുഖപുസ്തക സൗഹ്‌ദങ്ങൾക്ക് കൂടെ എഴുതാനുള്ള അവസരങ്ങൾ ഒരുക്കികൊടുക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാനുള്ള വിശാലമനസ്സിന്റെ ഉടമ കൂടിയാണ് ഈ എഴുത്തുകാരി.
വിവിധ മേഖലകളിൽ തിളങ്ങിനിൽക്കുന്ന ദിവ്യയുടെ കരുത്തും ഊർജ്ജവും മലയാളിമനസ്സിനെ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ പ്രാപ്തമാക്കട്ടെ എന്ന പ്രാർത്ഥനയോടെ.
നന്ദി! നമസ്ക്കാരം!