ആദ്യമായി ശിക്ഷ പ്രവേശിച്ചത് ദൈവത്തിന്റെ മാലാഖമാരിലാണെന്ന് നാം കണ്ടുകഴിഞ്ഞു. ഇനി മനുഷ്യസൃഷ്ടിയെപ്പറ്റി ചിന്തിക്കാം.
പാഴും ശൂന്യവുമായിത്തീര്‍ന്ന ഭൂമിമേല്‍ ദൈവത്തിന്റെ ആത്മാവ് പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. പരിവര്‍ത്തിച്ചു എന്നുള്ള മലയാള വാക്കിനു എബ്രായയില്‍ ”മൊറാഹാത്ത്” എന്നു കാണുന്നു. അതിനര്‍ത്ഥം പൊരുന്നി ആവസിക്കുക എന്നാകുന്നു. ഒരു ഗോളം എന്നുള്ള നിലയില്‍ നശിച്ചുപോകാതിരിക്കാനും അതിന് ഒരു വീണ്ടെടുപ്പുണ്ട് എന്നു കാണിപ്പാനുമാണ് പരിശുദ്ധാത്മാവ് അതിന്മീതെ പൊരുന്നി ആവസിച്ചുകൊണ്ടിരുന്നത്.
ദൈവത്തിന്റെ അനാദിനിര്‍ണ്ണയ പ്രകാരം ഭൂമിയെ മനുഷ്യനു വേണ്ടി പച്ചയും പടര്‍പ്പുമായി ഒരുക്കുവാന്‍ ദൈവത്തിനു പ്രസാദം തോന്നിയപ്പോള്‍ വെളിച്ചമുണ്ടാകട്ടെ എന്നു കല്പിച്ചു. അങ്ങിനെ സംഭവിച്ചു. വെളിച്ചത്തിനു പകലെന്നും, ഇരുട്ടിനു രാത്രിയെന്നും ദൈവം പേരിട്ടു. ആറു ദിവസം കൊണ്ട് ആ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കയും, ഏഴാം ദിവസം ദൈവം സ്വസ്ഥനായിരിക്കയും ചെയ്തു. ഈ നിര്‍മ്മാണത്തെക്കുറിച്ച് (ഉല്പത്തി. 13 മുതല്‍ 31-ാം വാക്യം വരെ) പറഞ്ഞിരിക്കുന്നു. അതില്‍ ആറാം ദിവസമാണ് മൃഗത്തേയും മനുഷ്യനേയും സൃഷ്ടിച്ചത്. ദൈവസൃഷ്ടികളില്‍ മനുഷ്യനു മാത്രമേ ദൈവത്തിന്റെ സ്വരൂപവും സാദൃശ്യവും വച്ചിട്ടുള്ളൂ. (ഉല്പ. 1:26-27.) സ്വരൂപം എന്നു പറഞ്ഞാല്‍ ദൈവത്തിന്റെ മുഖാകൃതിക്കടുത്ത രൂപം. സാദൃശം എന്നു പറഞ്ഞാല്‍ ദൈവത്തില്‍ മൂന്നാളുകളുണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ്. മനുഷ്യനില്‍ മൂന്നു ഘടകങ്ങളുണ്ട്. ദേഹം, ദേഹി, ആത്മാവ്. (1തെസ്സ. 5:23.) ഭൂമിയുടെ ആറു ദിവസത്തെ പുനര്‍നിര്‍മ്മാണത്തെപ്പറ്റി (സങ്കീ. 104:5) മുതല്‍ കാണാവുന്നതാണ്.
ദൈവം കിഴക്ക് ഏദനില്‍ ഒരു തോട്ടമുണ്ടാക്കി. കിഴക്ക് എന്നു പറഞ്ഞാല്‍ ഭൂമിയുടെ മദ്ധ്യമായ യരുശലേമിനു കിഴക്ക് എന്നു മനസ്സിലാക്കണം. തോട്ടം നിന്ന സ്ഥലം ഇന്നത്തെ ഇറാക്കാണ്. തോട്ടത്തില്‍ കൂടി ഒഴുകിയിരുന്ന ഹിദ്ദേക്കലും ഫ്രാത്തും ഇന്ന് ഇറാക്കില്‍ കൂടി ഒഴുകുന്നു. ഹിദ്ദേക്കല്‍ = ട്രൈഗ്രീസ്, ഫ്രാത്ത് യൂഫ്രറ്റീസ്. താന്‍ സൃഷ്ടിച്ചുണ്ടാക്കിയ മനുഷ്യനെ തോട്ടം കാക്കാനും, തോട്ടത്തില്‍ വേല ചെയ്യാനും അതിലാക്കി.
മനുഷ്യന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്ന ദൈവം കണ്ടിട്ട് അവന്റെ വാരിയെല്ലുകളില്‍ ഒന്നെടുത്ത് ഒരു സ്ത്രീയാക്കി അവനു തുണയായി കൊടുത്തു. ആ സ്ത്രീയെ ആദാമില്‍ നിന്നെടുത്തതുകൊണ്ട് അവനെ സൃഷ്ടിച്ചപ്പോള്‍ സ്ത്രീയേയും അവനില്‍ അടക്കം ചെയ്തിരുന്നു എന്നു മനസ്സിലാക്കാം. (ഉല്പ 5: 1…2) (അവര്‍ക്ക് ആദാം എന്നു പേരിട്ടു.) തോട്ടത്തില്‍ അനേക വൃക്ഷങ്ങളും അവയുടെ പഴങ്ങളും അവര്‍ക്കു തിന്നാന്‍ കൊടുത്തിരുന്നു. എന്നാല്‍ തോട്ടത്തിന്റെ നടുവില്‍ നില്‍ക്കുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തില്‍ നിന്ന് ഭക്ഷിക്കരുതെന്നും, ഭക്ഷിക്കുന്ന നാളില്‍ മരിക്കുമെന്നും ഒരു കല്പന ദൈവം കൊടുത്തിരുന്നു. (ഴലശമഹ 2:17.)
എന്നാല്‍ ഹവ്വ സാത്താന്റെ വഞ്ചനയില്‍ അകപ്പെട്ട് തിന്നരുതെന്ന് ദൈവം വിലക്കിയിരുന്ന വൃക്ഷഫലം തിന്നുകയും, ഭര്‍ത്താവിനു കൊടുക്കയും ചെയ്തു.
ഹവ്വ വഞ്ചിക്കപ്പെട്ടതാണെങ്കിലും ആദാം അവളുടെ പ്രേരണയ്ക്കു വഴങ്ങി കല്പനാ ലംഘനമാണെന്നറിഞ്ഞു കൊണ്ടാണ് പഴം തിന്നത്. (ഉല്പ. 3:17.) വി. പൗലോസ് അപ്പസ്‌തോലന്‍ പുതിയനിയമത്തില്‍ ആ കാര്യം എടുത്തുപറയുന്നുണ്ട്. (2കൊരി. 11:3.) (1തിമോ ത്തി. 2:14) ആദാം അറിഞ്ഞുകൊണ്ട് കല്പന ലംഘിച്ചതു കൊണ്ടാണ് ആദാമ്യ പാപം എന്നു പേരുണ്ടായത്. ഇതോടുകൂടി ആദാമും ഹവ്വായും അവര്‍ ധരിച്ചിരുന്ന തേജസ്സില്‍ നിന്നു പുറത്തുവരികയും, നഗ്‌നരായിത്തീരുകയും ചെയ്തു. അപ്പോള്‍ത്തന്നെ അവര്‍ ആത്മീയമായി മരിച്ചു. തന്നെയുമല്ല, ഈ അനുസരണക്കേടിന്റെ ഫലമായി മനുഷ്യവര്‍ഗ്ഗവും സകല ജീവജാലങ്ങളും ഭൂമിയും ശാപത്തിനധീനമാകയും ചെയ്തു. ആദ്യശിയില്‍ നിന്ന് ആറു ദിവസം കൊണ്ട് പുതുക്കിയ ഭൂമി വീണ്ടും പാപത്തിനും ശാപത്തിനും ദ്രവത്വത്തിനും അധീനമായിത്തീര്‍ന്നു. (ഉല്പ. 3:17-19.)
രണ്ടാമതും സൃഷ്ടിയില്‍ ശിക്ഷ കടന്നുവന്നു. എന്നാല്‍ തന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിച്ച മനുഷ്യനോട് ദൈവത്തിനു കൃപ തോന്നിയിട്ട് ജീവവൃക്ഷത്തില്‍ നിന്നു ഫലം ഭക്ഷിച്ച് എന്നേയ്ക്കും ജീവിക്കാന്‍ സംഗതി വരരുത് എന്നു കല്പിച്ചുകൊണ്ട് ആദാമിനെ എടുത്തിരുന്ന മണ്ണില്‍ വേല ചെയ്തു ജീവിക്കാന്‍ അവനെ തോട്ടത്തില്‍ നിന്നു പുറത്താക്കി. വാതില്‍ കാവലിനു പെരുബികളേയും ആക്കി. എന്തെന്നാല്‍ ജീവവൃക്ഷത്തിന്റെ പ്രമാണം, ഏതവസ്ഥയില്‍ ഇരുന്നുകൊണ്ട് ജീവവൃക്ഷ ഫലം തിന്നുന്നുവോ, ആ അവസ്ഥയില്‍ നിത്യത ജീവിച്ചുപോകും എന്നുള്ളതാണ്. പാപിയായിത്തീര്‍ന്ന ആദാം ജീവവൃക്ഷത്തിന്റെ ഫലം തിന്നിരുന്നെങ്കില്‍ പാപിയായിത്തന്നെ നിത്യത ജീവിക്കയും ചെയ്യുമായിരുന്നു. തന്നെയുമല്ല, നിങ്ങള്‍ വര്‍ദ്ധിച്ചു പെരുകി ഭൂമിയില്‍ നിറവിന്‍ എന്നുള്ള കല്പന പിന്‍വലിച്ചിട്ടില്ലാത്തതു കൊണ്ട് ഭൂമി പാപികളെക്കൊണ്ടു നിറയുകയും ചെയ്യുമായിരുന്നു. അങ്ങിനെ എങ്കില്‍ മനുഷ്യവര്‍ഗ്ഗത്തെ രക്ഷിക്കുവാനും കഴിയുമായിരുന്നില്ല. ആ പ്രമാണം ദൈവജ്ഞാനത്തില്‍ ഉള്ളതുകൊണ്ടാണ് മനുഷ്യനോട് കൃപ തോന്നി അവനെ തോട്ടത്തില്‍ നിന്നു പുറത്താക്കിയത്. (ഉല്പ. 3:22-24.)
തന്നെയുമല്ല, തന്റെ സ്വരൂപത്തോടുള്ള സ്‌നേഹം നിമിത്തം സ്ത്രീയുടെ സന്തതി മൂലം മനുഷ്യവര്‍ഗ്ഗ ത്തേയും ഭൂമിയേയും വീണ്ടെടുത്തുകൊള്ളാമെന്ന് വാഗ്ദത്തം ചെയ്യുകയും, ഒരു ആടിനെ അറുത്ത് അതിന്റെ രക്തം ചിന്തി ആദാമും ദൈവവുമായി ഒരു ഉടമ്പടി ചെയ്യുകയും ചെയ്തു. ആ മൃഗത്തിന്റെ തോല്‍ ആണ് ആദാമിനേയും ഹവ്വയേയും ഉടുപ്പിച്ചത്. അതിന്റെ അര്‍ത്ഥം ഈ തോല്‍ നിങ്ങള്‍ ധരിച്ചതുപോലെ കാല്‍വറി യില്‍ അറുക്കുന്ന ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവകുഞ്ഞാടിനെ മനുഷ്യവര്‍ഗ്ഗം ധരിക്കണമെന്നുള്ളതാണ്. (ഗലാ. 3:27.) ഈ ഉടമ്പടിപ്രകാരം ദൈവത്തില്‍ വചനമായിരുന്ന പുത്രന്‍ മനുഷ്യരക്ഷയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത് നാം അറിയുന്നു. ആദികാലങ്ങളില്‍ പുത്രന്‍ ആത്മാവില്‍ പ്രവര്‍ത്തിച്ചു. (1പത്രോ. 3:19.) (1പത്രോ. 1:11.) ന്യായപ്രമാണ യുഗത്തിന്റെ അന്ത്യകാലമായപ്പോള്‍ (എബ്രാ. 1:1) അഥവാ ദൈവനിര്‍ണ്ണയം കാരം മനുഷ്യന്റെ വീണ്ടെടുപ്പിനുള്ള കാലമായപ്പോള്‍ തന്റെ പുത്രനെ സ്ത്രീയില്‍ നിന്നു ജനിച്ചവനായി നിയോഗിച്ചയച്ചു വീണ്ടെടുപ്പിന്റെ വേല നിര്‍വ്വഹിക്കുന്നു. (ഗലാ. 4:4.) ഇത് കൃപയാലുള്ള വീണ്ടെടുപ്പാകുന്നു. പാപത്തില്‍ വീണ മനുഷ്യവര്‍ഗ്ഗത്തിനു പാപത്തില്‍ തന്നെയും ജീവിക്കുവാനുള്ള അവകാശം ദൈവം കൊടുത്തത് ദൈവത്തിന്റെ അളവറ്റ കൃപയാണ്. (യെഹെ. 16:6.)
നാലാം വാക്യം മുതല്‍ വായിച്ചാല്‍ മനുഷ്യന്റെ പാപാവസ്ഥയും ദൈവം അവനെ സ്‌നേഹിക്കുന്ന വിധവും കാണാം.