Sunday, November 24, 2024
Homeകേരളംഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കണക്ഷൻ

ഇലക്ട്രിസിറ്റി സപ്ലൈ കോഡ് ഭേദഗതി ചെയ്തു: അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കണക്ഷൻ

സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ കേരള ഇലക്ട്രിസിറ്റി സപ്ലൈകോഡ് 2014 ഭേദഗതി ചെയ്ത് കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് (5-ാം ഭേദഗതി), 2024, പ്രസിദ്ധീകരിച്ചു. സപ്ലൈ കോഡ് ഭേദഗതിയിൽ നിർദ്ദേശിച്ചിട്ടുള്ള പ്രധാന മാറ്റങ്ങൾ ഇവയാണ്.

1. ഉപഭോക്താക്കൾക്ക് വൈദ്യുതി കണക്ഷൻ സംബന്ധമായ വിവിധ സേവനങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘുകരിക്കുന്നതിനൊപ്പം ലൈസൻസി നൽകേണ്ട എല്ലാവിധ സേവനങ്ങളും ഓൺലൈൻ വഴി നിർബന്ധമാക്കുന്നതിനുമുള്ള വ്യവസ്ഥകൾ ഭേദഗതി കോഡിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇതുമൂലം ലൈസൻസിയുടെ ഓഫീസിൽ പോകാതെ തന്നെ ഉപഭോക്താവിന് പുതിയ സർവ്വീസ് കണക്ഷൻ, റീകണക്ഷൻ, നിലവിലെ വൈദ്യുതി കണക്ഷന്റെ പരിഷ്‌ക്കരണം, താരിഫ് മാറ്റം, കണക്റ്റഡ് ലോഡ് / കോൺട്രാക്റ്റ് ഡിമാന്റ് എന്നിവയിലുള്ള മാറ്റങ്ങൾ മുതലായ സേവനങ്ങൾ ഓൺലൈനായി തന്നെ ചെയ്യാവുന്നതാണ്. തന്മൂലം നടപടികൾ സുതാര്യമാകുകയും നടപടിക്രമങ്ങളുടെ വേഗത വർദ്ധിക്കുകയും ചെയ്യും. മാത്രമല്ല അപേക്ഷകളുടെ നടപടിക്രമങ്ങളിൽ എന്തെങ്കിലും തടസ്സങ്ങൾ ഉണ്ടെങ്കിൽ ലൈസൻസിയുടെ ഉയർന്ന ഉദ്യോഗസ്ഥനെയും, കൺസ്യൂമറെയും അറിയിക്കുന്നതിനുള്ള വ്യവസ്ഥകൾ ഭേദഗതിയിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്. ഇതുകൂടാതെ ഉപഭോക്താവ് അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകവും, ദുർഘട്രപ്രദേശങ്ങളിൽ ഒരു മാസത്തിനകവും വൈദ്യുതി കണക്ഷൻ നൽകണമെന്ന് കരടിൽ നിഷ്‌കർഷിച്ചിട്ടുണ്ട്.

2. അപേക്ഷ നൽകി ഒരാഴ്ച മുതൽ നാല്പത്തഞ്ച് ദിവസത്തിനുള്ളിൽ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി, വൈദ്യുതി തൂണിന്റെയും, ദൂരത്തിന്റെയും സർവീസ് ലൈനിന്റെയും മറ്റ് ഉപകരണങ്ങളുടെയും ആവശ്യകത അനുസരിച്ച് ലൈസൻസിയുടെ ഉദ്യോഗസ്ഥൻ കണക്കാക്കി നിശ്ചയിക്കുന്ന തുക അപേക്ഷകരെ അറിയിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി കാലതാമസം ഉണ്ടാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടും ഉണ്ടാക്കുന്നു എന്നതിനാൽ അപേക്ഷയിന്മേലുള്ള കണക്റ്റഡ് ലോഡ്/ ഡിമാന്റ് ലോഡ് (കിലോവാട്ട്/ കെ.വി.എ) അടിസ്ഥാനത്തിൽ അപേക്ഷകൻ അടക്കുന്നതിനുള്ള തുക നിശ്ചയിക്കുന്നതിനുള്ള ചട്ടങ്ങൾ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രസ്തുത രീതി, നടപടിക്രമങ്ങൾ ലഘൂകരിക്കുകയും അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്ന സമയത്ത് തന്നെ ഉപഭോക്താവിന് അടയ്ക്കുവാനുള്ള തുക അറിയുവാനും അപ്പോൾ തന്നെ നിരക്കുകൾ അടയ്ക്കുവാനും സാധിക്കുന്നതുമാണ്. കണക്റ്റഡ് ലോഡ് അടിസ്ഥാനമാക്കിയുളള രീതിയിൽ നിരക്ക് നിശ്ചയിക്കുന്നതിലൂടെ നടപടി ക്രമങ്ങളിലെ സുതാര്യത ഉറപ്പുവരുന്നതാണ്.

3. സംസ്ഥാനത്ത് ചെറുകിട സൂക്ഷ്മ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുവാനായി ഈ വ്യവസായങ്ങൾക്ക് വീടിനോട് ചേർന്ന് തന്നെ പ്രവർത്തിക്കുവാനുള്ള ചട്ടങ്ങൾ 2020-ൽ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുവാനായി അഞ്ചു കുതിരശക്തി വരെയുള്ള മോട്ടോർ അല്ലെങ്കിൽ നാല് കിലോവാട്ട് വരെ കണക്റ്റഡ് ലോഡ് ഉള്ള സംരംഭങ്ങൾക്ക് പുതിയ കണക്ഷൻ എടുക്കേണ്ടതില്ല. പകരം വീട്ടിലെ വൈദ്യുതി കണക്ഷൻ തന്നെ ഇതിനായി പ്രയോജനപ്പെടുത്താം. ഇതിനുള്ള ചട്ടങ്ങൾ ഭേദഗതി കോഡിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

4. ഡിമാന്റ് അധിഷ്ഠിത ബില്ലിംഗ് താരിഫ് ഉള്ള ഉപഭോക്താക്കൾ കണക്റ്റഡ് ലോഡിൽ കൂടുതൽ ഉപകരണങ്ങൾ സ്ഥാപിച്ചാൽ പിഴയിടാക്കുന്നത് സംബന്ധിച്ച വ്യക്തതയുള്ള നടപടിക്രമങ്ങൾ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അധിക ലോഡിന്റെ ഉപയോഗം മീറ്ററിൽ രേഖപ്പെടുത്തിയത് കണക്കിലെടുത്ത് മാത്രമേ അധിക കണക്റ്റഡ് ലോഡ് ലംഘനത്തിന് പിഴയീടാക്കുവാൻ പാടുള്ളൂ എന്നാണ് ഭേദഗതി കോഡിൽ നിഷ്‌ക്കർഷിച്ചിട്ടുള്ളത്.

5. 20 കിലോവാട്ടിന് മുകളിലുള്ള വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് കെട്ടിട നിർമ്മാണ അനുമതി ലഭിച്ചാൽ ഉടനെ തന്നെ പ്രസ്തുത സംരംഭകന്റെ കണക്റ്റഡ് ലോഡിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലൈസൻസിയോട് ആവശ്യമായ വൈദ്യുതി സമയബന്ധിതമായി ലഭിക്കുന്നതിന് വേണ്ടി അപേക്ഷിച്ചു അംഗീകാരം നേടാവുന്നതാണ്. തന്മൂലം ലൈസൻസിക്ക് പ്രസ്തുത സംരംഭത്തിന് വൈദ്യുതി നൽകുന്നതിന് ആവശ്യമായ അടിസ്ഥാന സാകര്യങ്ങൾ മുൻകൂട്ടി വികസിപ്പിക്കാവുന്നതാണ്. ഈ ചട്ടം നിലവിൽ വരുന്നതുമൂലം സ്ഥാപനങ്ങൾ പൂർത്തിയാകുന്നമുറയ്ക്ക് കാലതാമസം ഇല്ലാതെ തന്നെ വൈദ്യുതി കണക്ഷൻ നൽകുവാൻ സാധിക്കും.

6. ചട്ടം 56 പ്രകാരമുള്ള സിംഗിൾ പോയിന്റ് സപ്ളൈ നൽകുന്നതിനുള്ള വിശദമായ നടപടിക്രമങ്ങൾ അനുബന്ധം (23) ആയി ഭേദഗതി കോഡിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

7. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുവാനുള്ള മാർഗ്ഗനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കേരള സ്റ്റേറ്റ് ആക്ഷൻ പ്ളാൻ 2.0 പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹരിത ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുവാനായി പുതിയ ഊർജ്ജനയം സംസ്ഥാന സർക്കാർ രൂപികരിച്ചിരുന്നു. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും കൂടുതൽ വൈദ്യുതി ചാർജിങ്ങ് സ്റ്റേഷനുകൾ തുടങ്ങുവാനും പ്രസ്തുത നയത്തിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയതും പഴയതുമായ ബഹുനില കെട്ടിടങ്ങളിൽ വൈദ്യുതി ചാർജിങ്ങ് യൂണിറ്റ് സ്ഥാപിക്കുന്നതിനുമുള്ള ചട്ടങ്ങളും ഭേദഗതി കോഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

8. കണക്റ്റഡ് ലോഡിൽ നിന്നും ഡിമാൻഡ് ലോഡ് ലൈസൻസി കണക്കാക്കുന്നത് സംബന്ധിച്ച് ഉപഭോക്താക്കളുടെ പരാതികൾ കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിമാന്റ് ഫാക്ടർ, പവർ ഫാക്ടർ എന്നിവ കൂടി കണക്കാക്കി കണക്ടഡ് ലോഡിൽ നിന്നും ഡിമാൻഡ് ലോഡ് കണക്കാക്കുന്നതിന്റെ വിശദീകരണവും ഭേദഗതി കോഡിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

9. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കുന്നതും, സെക്യൂരിറ്റി ഡെപ്പോസിറ്റും അതിന്റെ പലിശ റീഫണ്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വാടക കെട്ടിടങ്ങളിലെ ഉടമയും വാടകക്കാരനും തമ്മിലുള്ള തർക്കങ്ങൾ സംബന്ധിച്ച് നിരവധി പരാതികൾ കമ്മീഷനിൽ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെട്ടിട ഉടമയുടെയും, പാട്ടക്കാരൻ/ വാടകക്കാരന്റെയും രേഖകൾ ലൈസൻസി സൂക്ഷിക്കുന്നതിനും സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ അടയ്ക്കുന്നതിന് പ്രത്യേക അക്കൗണ്ടുകൾ സൂക്ഷിക്കുന്നതിനുമുള്ള ചട്ടങ്ങൾ ഭേദഗതിയിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്.

10. കൂടാതെ വിവിധ വോൾട്ടേജ് ലെവലിൽ നൽകാവുന്ന പരമാവധി കണക്റ്റഡ് ലോഡ്/ കോൺട്രാക്റ്റ് ഡിമാന്റിന്റെ പരിഷ്‌ക്കരിച്ച ലോഡ് വിവരങ്ങൾ റഗുലേഷൻ 8, 8(എ) യിൽ നിഷ്‌ക്കർഷിച്ചിട്ടുണ്ട്.കൺസ്യൂമർ റൂൾസിന്റെയും സംസ്ഥാന സർക്കാർ നിർദ്ദേശത്തിന്റെയും ഉപഭോക്താക്കളിൽ നിന്നും മറ്റു സർക്കാർ സ്ഥാപനങ്ങളിൽ നിന്നുമുള്ള നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭേദഗതി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments