Logo Below Image
Tuesday, July 8, 2025
Logo Below Image
Homeകേരളംനിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശം

ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നിലയ്ക്കല്‍ ആശുപത്രി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടി ആരംഭിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. തിരുവനന്തപുരം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മേഖലാതല അവലോകന യോഗത്തിലാണ് തീരുമാനം.

ജില്ലയുടെ സമഗ്ര വികസനത്തിന് ഊന്നലേകി പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും മികവോടെ ക്ഷേമപ്രവര്‍ത്തനം നടത്തുന്നതിനുള്ള ഇടപെടലുകളും നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.
ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം അര്‍ഹരായ 74.25 ശതമാനം പേരുടെ (13,271 പേര്‍) വീട് നിര്‍മാണം പൂര്‍ത്തിയായി. അടുത്ത മൂന്നു മാസത്തിനുള്ളില്‍ 76.34 (13,646) ശതമാനമാക്കി ഉയര്‍ത്തും. തദ്ദേശ പുനരുദ്ധാരണ പദ്ധതി പ്രകാരം ജില്ലയില്‍ ആകെയുള്ള 141 റോഡുകളില്‍ 28 എണ്ണത്തിന് കരാര്‍ നല്‍കി. ആറ് എണ്ണത്തിന്റെ പ്രവൃത്തി ആരംഭിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ റോഡുകളുടെയും നിര്‍മാണം പൂര്‍ത്തിയാക്കും.

നവംബര്‍ ഒന്നിന് സംസ്ഥാനത്തെ അതിദാരിദ്ര്യ നിര്‍മാര്‍ജനമാക്കുക എന്ന ലക്ഷ്യവുമായി ജില്ലയില്‍ പദ്ധതി പുരോഗമിക്കുന്നു. ആകെ 2579 കുടുംബങ്ങളെയാണ് അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ളത്. 1690 കുടുംബങ്ങളെ (66 ശതമാനം) അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. അടുത്ത മൂന്നു മാസത്തിനുള്ളില്‍ 1852 (95 ശതമാനം) ആയി ഉയര്‍ത്തും.

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി പ്രകാരം വീട് മാത്രം ആവശ്യമുള്ള 98 കുടുംബങ്ങളില്‍ 46 പേര്‍ക്ക് നിര്‍മിച്ചു നല്‍കി. ഓഗസ്റ്റില്‍ 92 ആക്കി ഉയര്‍ത്തും. പദ്ധതി പ്രകാരം വസ്തുവും വീടും ആവശ്യമുള്ള 76 കുടുംബങ്ങളില്‍ ഏഴ് പേര്‍ക്ക് വസ്തു ലഭ്യമാക്കി വീട് പൂര്‍ത്തീകരിച്ചു. ഓഗസ്‌റ്റോടെ 68 കുടുംബങ്ങള്‍ക്ക് വീടും വസ്തുവും നല്‍കും. പാര്‍പ്പിടം പുനരുദ്ധാരണം ആവശ്യമുള്ള 214 കുടുംബങ്ങളില്‍ 158 പേരുടെ വീട് പൂര്‍ത്തീകരിച്ചു. ഓഗസ്‌റ്റോടെ പൂര്‍ത്തിയാകും.

ആര്‍ദ്രം പദ്ധതി പ്രകാരം ജില്ലയില്‍ 47 കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 33 എണ്ണം പൂര്‍ത്തീകരിച്ചു. മൂന്നുമാസത്തിനകം മൂന്ന് കേന്ദ്രങ്ങള്‍ കൂടി പൂര്‍ത്തീകരിക്കും. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ തിരഞ്ഞെടുത്ത 11 സ്ഥാപനങ്ങളില്‍ ഏഴെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. തിരഞ്ഞെടുത്ത നാല് പ്രധാന ആശുപത്രികളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. മൂന്നു മാസത്തിനകം ബാക്കി പൂര്‍ത്തിയാകും.

ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക് സംവിധാനം പ്രവര്‍ത്തനക്ഷമമാണ്. ജില്ലയില്‍ 56 ആരോഗ്യസ്ഥാപനങ്ങളാണ് നിര്‍ണയ ലാബ് നെറ്റ്‌വര്‍ക്ക്- ഹബ് ആന്റ് സ്‌പോക്ക് ശൃംഖലയില്‍ സജ്ജമായത്. ഓഗസ്‌റ്റോടെ പദ്ധതിക്കായി തിരഞ്ഞെടുത്ത എല്ലാ സ്ഥാപനങ്ങളും പൂര്‍ത്തിയാകും.

വിദ്യാകിരണം പദ്ധതി പ്രകാരം കിഫ്ബിയുടെ സഹായത്തോടെ ഭൗതിക സൗകര്യ വികസനത്തിന് തിരഞ്ഞെടുത്ത 19 വിദ്യാലയങ്ങളില്‍ 14 എണ്ണം പൂര്‍ത്തിയായി. ഓഗസ്റ്റില്‍ 16 ആയി ഉയരും. മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായി ജില്ലയില്‍ യൂസര്‍ ഫീ ശേഖരണം ഓഗസ്‌റ്റോടെ നൂറു ശതമാനം കൈവരിക്കും.

ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജലബജറ്റ് പ്രസിദ്ധീകരിച്ചു. ഓഗസ്റ്റില്‍ 29 തദ്ദേശ സ്ഥാപനങ്ങളുടെ ജലബജറ്റ് പ്രസിദ്ധീകരിക്കും. ഇതുവരെ സ്ഥാപിച്ച 190 പച്ചത്തുരുത്തുകള്‍ക്കു പുറമെ 42 എണ്ണം കൂടി ഓഗസ്റ്റില്‍ സ്ഥാപിക്കും. മൂന്നുമാസത്തിനുള്ളില്‍ ജില്ലയില്‍ 32 ശതമാനം നീര്‍ച്ചാലുകള്‍ വീണ്ടെടുക്കും.

അബാന്‍ ഫ്‌ളൈ ഓവര്‍ നിര്‍മാണം, പ്ലാപ്പള്ളി- അച്ചന്‍കോവില്‍ റോഡ് വനഭൂമി ലഭ്യമാക്കല്‍, അച്ചന്‍കോവില്‍-ചിറ്റാര്‍ റോഡിനു സമീപം അച്ചന്‍കോവില്‍ ധര്‍മശാസ്ത ക്ഷേത്രത്തില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ഉള്‍വനത്തിലെ ആവണിപ്പാറ പട്ടികവര്‍ഗ സെറ്റില്‍മെന്റില്‍ പാലം നിര്‍മാണത്തിനുള്ള അനുമതി, വടശേരിക്കര പാലം നിര്‍മാണം, കോതേക്കാട്ട് പാലം, ശ്രീവല്ലഭ ക്ഷേത്രം തെക്കേനട പാലം, ഗണപതിപുരം പാലം, പുല്ലംപ്ലാവില്‍ കടവ് പാലം, കറ്റോഡ് പാലം നിര്‍മാണം, റാന്നി താലൂക്ക് ആശുപത്രി നിര്‍മാണം, മല്ലപ്പള്ളി താലൂക്ക് ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി സ്ഥലപരിമിതി പരിഹാരം, പമ്പ റിവര്‍ വാലി ടൂറിസം പദ്ധതി, റാന്നി നോളജ് വില്ലേജ് പദ്ധതി നിര്‍മാണം, അടൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം, പമ്പ, അച്ചന്‍കോവില്‍, മണിമല നദികളിലും കൈവഴികളിലുമായി അടിഞ്ഞുകൂടിയ അവശിഷ്ടം നീക്കം ചെയ്യല്‍, എഫ്. എസ്. ടി. പി കൊടുമണ്‍ പ്ലാന്റേഷന്‍, എന്‍ ഊര് പൈതൃക ഗ്രാമം പദ്ധതി, സുബല പാര്‍ക്ക് പുനരുദ്ധാരണം, ജി. എച്ച്. എസ്. എസ് ചിറ്റാര്‍ ഓഡിറ്റോറിയം നിര്‍മാണം, കേരള കപ്പാസിറ്റേഴ്‌സ് എഞ്ചിനിയറിംഗ് ടെക്‌നിഷ്യന്‍സ് വ്യവസായ സഹകരണ സംഘത്തിലെ സൊസൈറ്റി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം വ്യവസായിക ആവശ്യത്തിന് ഏറ്റെടുക്കുന്നത്, പമ്പ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ റവന്യു ഹൗസ് സ്ഥാപിക്കുന്നത്, വനഭൂമി പട്ടയം സംബന്ധിച്ച വിഷയം തുടങ്ങിയവ ചര്‍ച്ച ചെയ്തു. യോഗത്തില്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പരിഗണനാ വിഷയം അവതരിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ