Thursday, December 26, 2024
Homeപുസ്തകങ്ങൾമരിപ്പാഴി (പുസ്തക ആസ്വാദനം) ✍ മിനി സുരേഷ്

മരിപ്പാഴി (പുസ്തക ആസ്വാദനം) ✍ മിനി സുരേഷ്

മിനി സുരേഷ്

വെളിച്ചത്തെ ചികയുന്ന പ്രാണപ്രയാണം

നമ്മുടെ ചിന്താശക്തി, സംവേദനക്ഷമത നിരന്തരം പരീക്ഷിക്കപ്പെടുന്ന കാലഘട്ടത്തിൽ വാക്കുകൾക്കപ്പുറം മനസ്സിനെ വായനയിൽ തളച്ചിടുകയും വീണ്ടും ചികയാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നോവലാണ് മരിപ്പാഴി.

അങ്കച്ചൂര് വരച്ച് കാട്ടിയ പുള്ളിക്കറുപ്പനിലൂടെ നോവൽ രംഗത്ത് ചുവടുറപ്പിച്ച മധുശങ്കർ മീനാക്ഷിയുടെ രണ്ടാമത്തെ നോവൽ. കാലം ഈ നോവലിൽ തപം ചെയ്യുന്നു. മോക്ഷം നിരസിക്കുന്നു. പ്രതികാരാഗ്നിയായി സ്വയം എരിഞ്ഞടങ്ങുന്നു.

നിശ്ചലമായ ജലാശയം പോലെയാണ് ഒറ്റനോട്ടത്തിൽ ഇതിലെ ഭൂമിക. എന്നാലവയ്ക്ക് ചുറ്റും കുരുക്കഴിക്കാനാവാത്ത പൊന്തക്കാടുകൾ ഇരുട്ടായി, കടുംകെട്ടുകളായി നിറഞ്ഞു നിൽക്കുന്നു.

ഓരോ കഥാപാത്രവും വായിച്ചെത്തുമ്പോൾ വായനക്കാരന് സ്വയം അപരിചിതമാവുന്നു. ആരെന്നോ എന്തെന്നോ ആരുടേതെന്നോ താൻ തന്നെയാണെന്നോ പറയാന്‍ പറ്റാതാകാത്ത സങ്കീർണത വർധിക്കുന്നു.

മരിച്ചവരുടെ ഡാറ്റകൾ അലോസര പ്പെടുത്തുന്ന കാശിയിലെ പ്രധാനപരികർമ്മി തിമോത്തി, സ്വസ്ഥതയുടെ ആകാശം തിരഞ്ഞ് ചോദ്യങ്ങളിൽ ഒടുങ്ങുന്നു. ആത്മാക്കൾ അയാൾക്ക് ചുറ്റും വട്ടമിട്ട് പറക്കുന്നു. പദവിയും ജാതിബോധവും തൊട്ടുകൂടായ്മയും ഒൻമ്പത് ചുറ്റു വിറകിൽ പുകഞ്ഞുതീരുന്നു.

“പേരുകൾ ഉപേക്ഷിക്കപ്പെടാനുള്ളതാണ്” എന്ന് ആചാര്യ ബസുദേവ് തിമോത്തിയോസ് പറയുന്നുണ്ട്. നിശ്ശബ്ദ ചിന്തയുടെ പൊട്ടിത്തെറി ഇവിടെ തുടങ്ങുന്നു. ഹിംസയും അഹിംസയും ഒരുപോലെ യുദ്ധസമാനമാവുന്നു. സമാധാനം എന്നൊന്നില്ല. അറിവുപോലും സമാധാനിപ്പിക്കാനെത്തില്ല.

പിന്നിട്ട വഴികളിലെ മായ്ച്ചാലും മായാത്ത ചില മുറിവുകളാണ് കഥാപാത്രങ്ങളെ വഴിനടത്തുന്നത്. പ്രണയവും കാമവും പകയും പരിഭവവും എല്ലാം സമസ്യകളാണ്.
“സഫലമാകാത്ത പ്രണയം മരിച്ചു തീരാത്ത മരണ” മാണെന്ന് എഴുത്തുകാരൻ വരച്ചിടുമ്പോൾ ഒരു വേള നിലച്ചുപോയ ആവേഗങ്ങളിലേക്ക് മനസ്സ് തിരിഞ്ഞുകൊത്തുന്നു.

അന്ത:സ്തോഭങ്ങളുടെ ചുഴികളിൽ പെട്ടുലയുന്ന കഥാപാത്രങ്ങളാണ് നോവലിലുടനീളം. ആത്മിയ സൗന്ദര്യത്തിൻ്റെ ഭാവതലത്തിൽ, കടുംകെട്ടുകളിൽ ഒരേസമയം കുരുങ്ങിപ്പോയവർ.

ആചാര്യ ബസുദേവ് മുതൽ സൗരഭ് ദേവ് വരെ കഥാപാത്രങ്ങളെ ഫ്ലോ ചാർട്ടിൽ അലടയാളപ്പെടുത്താതെ വായന നീങ്ങില്ല. വായനക്കാരനെക്കൊണ്ടുതന്നെ കടുംകെട്ടുണ്ടാക്കുന്ന വിദ്യ. അപര ദ്വന്ദത്തിനുടമകളായി മാറാൻ പ്രേരിപ്പിക്കുന്ന വിദ്യ. മരണത്തെ സ്വീകരിക്കാനോ ഉപേക്ഷിക്കാനോ കഴിയാത്ത അവസ്ഥ വന്നുചേരുന്നു. മരണം അവസാന വാക്കല്ലെന്ന് പറയേണ്ടിവരുന്നു.

ഭ്രമകല്പനകളിൽ പെട്ട് ഉഴലുന്നുണ്ട് വായന ഇവിടെ. അത്രമേൽ സൂക്ഷ്മതയോടെ ചേർത്തു വെച്ച അതിശയകരമായ ഭാവന. സ്തംഭിച്ച് നിൽക്കാതെ തരമില്ല.
മരിച്ചു പോയവരെ നമുക്കു ചുറ്റിലും തിരയാൻ പ്രേരിപ്പിക്കുന്നു ഓരോ കഥാപാത്രവും. അദൃശ്യ വലയത്തിൽ കുരുങ്ങിയൊടുങ്ങുന്നവർ . പരസ്പരം ആർക്കും സഹായിക്കാനാകുന്നില്ല.

“പാപത്തിൻ്റെ വിത്ത് മുളച്ചത് മനുഷ്യ ശരീരത്തിനകത്തല്ല, പുറത്താണ്. ആരാണന്നോ എന്താണെന്നോ അറിഞ്ഞുകൂടാ.” എന്ന് നോവൽ പറയുന്നുണ്ട്. ഒരു ചിതയിലും അത് ദഹിച്ചുതീരില്ല. ഇറങ്ങിനടക്കും. ഉത്തരമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും.

ചോദ്യത്തിൽ തുടങ്ങുന്ന വായന ചോദ്യത്തിൽ ത്തന്നെ അവസാനിക്കുമ്പോൾ മനസ്സില്‍ പക്ഷേ, മരവിപ്പുമാത്രം. മരിപ്പാഴിയുടെ മരവിപ്പ്.

” യതോ വാചോ നിവർത്തന്തേ
അപ്രാപ്യ മനസാ സഹ”

പറയാതെ തരമില്ല🙏

നോവൽ / മരിപ്പാഴി
എഴുത്ത് / #മധുശങ്കർമീനാക്ഷി
പ്രസാധനം / #dcbooks
പേജ് / 336
വില / 399

✍ മിനി സുരേഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments