വലപ്പാട് മണപ്പുറം കോംപ്ടെക് ആൻഡ് കണ്‍സല്‍ട്ടന്റ് ലിമിറ്റഡില്‍ 19.94 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹൻ (40) പണം മാറ്റിയത് എട്ട് അക്കൗണ്ടുകളിലേക്ക്.
ധന്യയുടെ പേരില്‍ മാത്രം അഞ്ച് അക്കൗണ്ടുകളുണ്ട്. കമ്ബനിയുടെ ഡിജിറ്റല്‍ പേഴ്സനല്‍ ലോണ്‍ അക്കൗണ്ടില്‍നിന്ന് 80 ലക്ഷം രൂപ ധന്യ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയത് കണ്ടെത്തിയതോടെ മുൻ വർഷങ്ങളിലെ കണക്കുകളും പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 20 കോടിയോളം രൂപ കൈമാറ്റംചെയ്തതായി കണ്ടെത്തിയത്.
തുടർന്ന് ജൂലൈ 23നാണ് സ്ഥാപനം പൊലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കിയതോടെ ധന്യ ഒളിവില്‍ പോവുകയായിരുന്നു. തട്ടിപ്പുവിവരം പരസ്യമായതിനു പിന്നാലെ വെള്ളിയാഴ്ച വൈകീട്ട് കൊല്ലം ഈസ്റ്റ് പൊലീസില്‍ കീഴടങ്ങി. 18 വർഷത്തോളമായി സ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയായിരുന്നു. കമ്ബനിയില്‍ അസി. ജനറല്‍ മാനേജർ (ടെക് ലീഡ്) ആയാണ് പ്രവർത്തിച്ചിരുന്നത്.
കമ്ബ്യൂട്ടർ സിസ്റ്റത്തിന്റെ പൂർണ നിയന്ത്രണം ഇവർക്കായിരുന്നു. വ്യാജരേഖ ചമച്ച് വ്യാജ വിലാസത്തില്‍ വായ്പകള്‍ അനുവദിച്ചായിരുന്നു തട്ടിപ്പ്. പിന്നാലെ കമ്ബ്യൂട്ടറില്‍നിന്ന് വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുകയായിരുന്നു പതിവ്.
ജൂലൈ 23ന് സ്ഥാപനത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. അന്ന് 80 ലക്ഷം രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത്. പരിശോധന സമയത്ത് സ്ഥാപനത്തിലുണ്ടായിരുന്ന ധന്യ, പിടിയിലാവുമെന്ന് മനസ്സിലായതോടെ ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഇവിടെനിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. ഏപ്രിലിലാണ് ധന്യ സ്വന്തം അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ മാറ്റിയത്. രണ്ടുഘട്ടമായി നടന്ന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെങ്കിലും ഒറ്റ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം.