അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും അറിവിന്റെ തുറന്ന വെളിച്ചത്തിലേക്ക് മനുഷ്യർ പ്രവേശിച്ചിട്ടും അന്ധവിശ്വാസങ്ങളെ എങ്ങനെ വച്ചു പുലർത്തുന്നു ? ഈ ഒരു ചോദ്യം വ്യത്യസ്തങ്ങളായ ഒട്ടേറെ ഉത്തരങ്ങൾക്ക് നടുവിൽ ബോധം മറഞ്ഞ് അങ്ങനെ നിൽക്കും .ആശയങ്ങളിലെ ഊന്നലുകളിലല്ല , ചിന്തകളുടെ വികാസത്തിലല്ല, എന്നാൽ പൂർണ്ണമായ വിശ്വാസത്തിലുമല്ല! ജ്ഞാനത്തിന്റെ കൊടുമുടിയിലല്ല, തപസ്യ യുടെ ഉൾക്കണ്ണിലുമല്ല, എന്നാൽ അമാനുഷികതയുടെ സ്പിരിറ്റിലുമല്ല ! പിന്നെ…എന്തിൽ നിന്നാണ് ഈ അന്ധവിശ്വാസങ്ങൾക്ക് കീഴടങ്ങി മനുഷ്യർ നരബലി മുതൽ ആത്മഹത്യ വരെ ചെയ്യുന്നത് ?.
അന്ധവിശ്വാസം കൊണ്ട് അർത്ഥമാക്കുന്നത് ആധുനിക ശാസ്ത്രത്തിന് തീർത്തും വിരുദ്ധമായ വിശ്വാസത്തെയോ ആചാരത്തെയോ ആണ്. മനശാസ്ത്രപരമായി നാം ഇതിനെ സമീപിച്ചാൽ ഈ വിശ്വാസം അപക്വമായ ഒരു മാനസികാവസ്ഥയാണ് . ഒരു വ്യക്തിയുടെ ഈ ഭൂമുഖത്ത് നിന്നുമുള്ള ഒരു ഉൾവലിയൽ ആണ്. ഒരു പ്രത്യേക ലോകം സൃഷ്ടിച്ച് അതിൽ മാത്രം ജീവിക്കുന്ന മാനസിക നില തെറ്റിയ ഒരു ഭയാനകമായ അവസ്ഥ കൂടിയാണ്.
ഒരു പ്രത്യേക സങ്കല്പത്തെ ഏതെങ്കിലും ഭൗതികാതീതമായ ശക്തിയുമായി കണക്ട് ചെയ്ത് ആ ശക്തിയെ നമ്മുടെ ഭൗതിക ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒന്നായി സ്വീകരിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്ന ഒരു മനോഭാവം.
സത്യത്തിൽ ഇതൊരു പ്രതിഭാസമാണ്. നമ്മുടെ അറിവിനേയും ബുദ്ധിയേയും കീഴടക്കി ഒരു സാങ്കല്പിക സൃഷ്ടിയിൽ മാത്രം അടിയുറച്ച് വിശ്വസിച്ച് ആ ഒന്നിനെ മാത്രം ഉപാസിച്ച് കേൾവിയും കാഴ്ചയും മൂടി കെട്ടി, അതിന്റെ പോസിറ്റീവ് വശങ്ങളെ മാത്രം എനർജിയിൽ നിറച്ച് എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്ത് അവിടേയ്ക്ക് എത്തിപ്പെടാൻ സ്വയം ആഹൂതി ചെയ്യുന്ന ഒരവസ്ഥ.
സമൂഹത്തിൽ നിന്നും ബാഹ്യ ലോകത്തു നിന്നും , ബന്ധങ്ങളിൽ നിന്നും സൗഹൃദങ്ങളിൽ നിന്നുമൊക്കെ കുറേശ്ശെ കുറേശ്ശെയായി ഇങ്ങനെ യുള്ള വ്യക്തികൾ അകന്നകന്നു പോകുന്നു. ഒടുവിൽ തന്നിലേക്ക് തന്നെ ചുരുങ്ങി ഉള്ളിലാവാഹിച്ചു വച്ചിരിക്കുന്ന സാങ്കല്പിക ശക്തിയെ അസ്ഥിയിൽ പടർത്തി , തികച്ചും മറ്റൊരു ലോകത്തേക്ക് യാത്രയായി അവിടുത്തേക്ക് മാത്രമായ വിചിത്രമായ വസ്തുതകളിലും ചിന്തകളിലും പ്രവൃത്തികളിലും അഡിക്ഷൻ ആയി ഒരു മായാജാലം പോലെ മാറി കഴിയുക!?.
അവരെ തിരുത്താനോ തിരിച്ചുകൊണ്ടുവരാനോ അത്ര എളുപ്പത്തിലൊന്നും
സാധിച്ചു എന്നു വരില്ല. എന്തെങ്കിലും കാര്യ സാദ്ധ്യതക്കുവേണ്ടിയോ , വിഷമങ്ങൾക്ക് പരിഹാരം എന്ന രീതിയിലോ , ചില പ്രത്യേകമായ നേർച്ചകൾക്കോ, സന്തോഷങ്ങൾക്കോ, സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയോ ഒക്കെയാണ് മനുഷ്യർ ഈ അന്ധവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അടിമപ്പെടുന്നത്. മതത്തോടും സംസ്കാരത്തോടും ഈ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെ ബന്ധപ്പെട്ടു കിടക്കുന്നു.
എല്ലാ കാലത്തും എല്ലാ ദേശത്തും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അന്ധവിശ്വാസങ്ങൾ നിലനിന്നുവരുന്നു. മറ്റു ചിലവ ഒരു പ്രത്യേക ദേശത്തോ സമൂഹത്തിലോ മാത്രമായി ഒതുങ്ങുന്നു. ഒരുവശത്ത് നമ്മൾ സയൻസിലൂടെ പുതിയ അറിവുകൾ നേടുമ്പോൾ മറുവശത്ത് അന്ധവിശ്വാസം കാലാനുസൃതമായ മാറ്റങ്ങളോട് കൂടി സംവദിക്കുന്നു. രണ്ടിനേയും ഒരേപോലെ നമ്മൾ സ്വീകരിച്ചു മുന്നോട്ടു പോകുന്നു. അല്ലാതെ മറ്റു പോംവഴികൾ കണ്ടെത്തുക എളുപ്പമല്ലല്ലോ?. അജ്ഞതയല്ല അന്ധവിശ്വാസങ്ങൾക്ക് കാരണം എന്ന് മനസ്സിലാക്കുക. അജ്ഞതയെ മറികടക്കാനുള്ള അറിവുകൾ നമ്മളിൽ ഭൂരിഭാഗം പേർക്കും ഉണ്ട് .പക്ഷേ അത് ഉൾക്കൊണ്ട് പ്രവർത്തിക്കുന്നില്ല എന്നതാണ് സത്യം .ഏതിനെസ്വീകരിക്കണം ? ഏതിനെ തിരസ്കരിക്കണം എന്ന് അവനവൻ തന്നെ ഉള്ളുകൊണ്ട് തീരുമാനിക്കണം.
ഞാൻ എന്നത് പൂർണ്ണമായ ഒരു ശക്തിയാണ്. എന്നെ കീഴ്പ്പെടുത്താൻ എനിക്കു മാത്രമേ കഴിയൂ. ഞാൻ പൂർണ്ണമായും എന്നിൽ നിക്ഷിപ്തമാണ്. എൻ്റെ അറിവും ബുദ്ധിയും ചിന്തയും തിരിച്ചറിവും എന്റെ വിശ്വാസം കൂടിയാണ്. അപക്വമായ സാങ്കല്പിക ശക്തികൾക്ക് എന്നിൽ ഇടമില്ല എന്ന് അടിവരയിട്ട് എഴുതി ചേർക്കുക.
എല്ലാ അമാനുഷികതയും ഹേ…മനുഷ്യാ നിന്നിൽ അന്തർലീനമാണ്.ഉ ണരൂ…
ഉൾക്കണ്ണ് തുറക്കൂ…
“ഉലകമേ തറവാട്”
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.നന്ദി, സ്നേഹം.