അഹമ്മദാബാദ്
വലിയ മത്സരങ്ങളിൽ എങ്ങനെ കളിക്കണമെന്ന് ഏറ്റവും കൃത്യമായി അറിയുന്ന ബൗളറാണ് മിച്ചെൽ സ്‌റ്റാർക്. ടെസ്‌റ്റ്, ഏകദിനം, ട്വന്റി20 ഏതുമാകട്ടെ നിർണായക മത്സരത്തിൽ സ്‌റ്റാർക് കത്തും. കാലം കഴിഞ്ഞുവെന്ന് പറഞ്ഞവരെ തിരുത്തിച്ച ചരിത്രമാണ് ഓസീസുകാരനുള്ളത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കഴിഞ്ഞദിവസം ഐപിഎൽ ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കണ്ടെത്. മൂന്ന് വിക്കറ്റ് പ്രകടനവുമായി കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വിജയശിൽപ്പിയായി.
കൂറ്റനടിക്കാരായ ഹൈദരാബാദിന് കൂച്ചുവിലങ്ങിട്ടത് സ്‌റ്റാർക്കിന്റെ പന്തുകളായിരുന്നു. ആദ്യ ഓവറിൽത്തന്നെ ഹൈദരാബാദ് ഞെട്ടി. ഒന്നാന്തരമായി കളിക്കുന്ന ട്രാവിസ് ഹെഡ് കുറ്റിതെറിച്ച് പുറത്ത്. അതിവേഗത്തിലെത്തിയ സ്‌റ്റാർക്കിന്റെ പന്ത് സ്‌റ്റമ്പുംകൊണ്ടുപോയി. ഒറ്റയ്‌ക്ക് മത്സരം ജയിപ്പിക്കാൻ ശേഷിയുള്ള നിതീഷ് റെഡ്ഡി കൃത്യതയ്‌ക്കുമുമ്പിലാണ് വീണത്. ഷഹബാസ് അഹമ്മദിനെ പന്തിന്റെ വേഗംകുറച്ച് കബളിപ്പിച്ചു. നിർണായക മത്സരത്തിൽ വെറും 159 റണ്ണിനായിരുന്നു ഹൈദരാബാദ് കൂടാരംകയറിയത്. കൊൽക്കത്തയ്‌ക്ക് അത് വെല്ലുവിളിയേ ആയില്ല. ക്യാപ്‌റ്റൻ ശ്രേയസ് അയ്യരും വെങ്കിടേഷ് അയ്യരും അർധസെഞ്ചുറികളുമായി അനായാസ ജയമൊരുക്കി. 38 പന്ത് ശേഷിക്കെയാണ് ജയം നേടിയത്.”
മാൻ ഓഫ് ദി മാച്ച് മറ്റാരുമായിരുന്നില്ല. നാലോവറിൽ 33 റൺ വഴങ്ങി മൂന്ന് വിക്കറ്റുമായി സ്‌റ്റാർക് അതേറ്റുവാങ്ങി. താരലേലത്തിൽ അമ്പരിപ്പിക്കുന്ന തുകയ്‌ക്കാണ് കൊൽക്കത്ത ഓസീസ് പേസറെ സ്വന്തമാക്കിയത്. 24.75 കോടി രൂപ. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലേലത്തുക. ഗുജറാത്ത് ടൈറ്റൻസുമായി കടുത്ത മത്സരം നടത്തിയാണ് കൊൽക്കത്ത ഈ പേസറെ നേടിയത്. എന്നാൽ, ഈ വിലയിൽ പലരും നെറ്റി ചുളിച്ചു.
ആദ്യമത്സരങ്ങളിൽ പരിഹാസം ഏറ്റുവാങ്ങി. ആദ്യകളിയിൽ ഹൈദരാബാദിനോട് നാലോവറിൽ 53 റണ്ണാണ് വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയില്ല. അടുത്തകളിയിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനോട് വഴങ്ങിയത് നാലോവറിൽ 47 റൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലാണ് വിക്കറ്റ് കിട്ടുന്നത്. രണ്ട് വിക്കറ്റുമായി തിരിച്ചുവന്നു. രാജസ്ഥാൻ റോയൽസിനെതിരെ നാലോവറിൽ 50. ബംഗളൂരുവിനെതിരെ മൂന്നോവറിൽ 55. എന്നാൽ, കൊൽക്കത്ത സ്‌റ്റാർക്കിൽ പ്രതീക്ഷ കൈവിട്ടില്ല. 13ൽ 12 മത്സരങ്ങളിലും ഇറങ്ങി. ഇതിനിടെ മുംബൈ ഇന്ത്യൻസിനെതിരെ നാല് വിക്കറ്റെടുത്തു.ഒടുവിൽ ഏറ്റവും നിർണായക കളിയിൽ മൂന്ന് വിക്കറ്റ്. 12 ഇന്നിങ്‌സിൽ 15 വിക്കറ്റാണ് ആകെ സമ്പാദ്യം.
സ്‌റ്റാർക്കിനെപ്പോലെ കൊൽക്കത്തയും സീസണിൽ അത്ഭുതംകാട്ടി. സാധ്യതകളിൽ അത്രയൊന്നും സജീവമല്ലായിരുന്നു. എന്നാൽ, സുനിൽ നരെയ്‌ൻ–-ഫിൽ സാൾട്ട് ഓപ്പണിങ് സഖ്യത്തെക്കൊണ്ട് അവർ കുതിച്ചു. മൂന്നാമനായെത്തുന്ന വെങ്കിടേഷ് അയ്യർ പല കളികളിലും നിർണായക സംഭാവനകൾ നൽകി. ആന്ദ്രേ റസ്സെൽ വാലറ്റത്ത് സന്തുലനം നൽകുന്നു.
വരുൺ ചക്രവർത്തിയാണ് ബൗളർമാരിലെ ഹീറോ. 13 ഇന്നിങ്‌സിൽ 20 വിക്കറ്റായി സ്‌പിന്നർക്ക്. പേസർ ഹർഷിത് റാണയാണ് മറ്റൊരു താരം. 17 വിക്കറ്റാണ് റാണയ്‌ക്ക്. സ്‌റ്റാർകും റസ്സെലും നരെയ്‌നും ചേർന്ന് ബൗളിങ് നിരയ്‌ക്ക് വൈവിധ്യം നൽകുന്നു.
കൊൽക്കത്തയുടെ നാലാം ഫൈനലാണ്.