എല്ലാ ബാച്ചുകളിലും 30 % സീറ്റുകള്‍ വര്‍ധിപ്പിച്ചാലും മലബാറില്‍ ഇത്തവണയും പ്ലസ് വണ്‍ പ്രതിസന്ധി ഒഴിയില്ല. മലപ്പുറത്തും പാലക്കാടും കോഴിക്കോടുമായിരിക്കും കൂടുതല്‍ കുട്ടികള്‍ക്ക് പുറത്തിരിക്കേണ്ടി വരിക. അതേ സമയം തെക്കന്‍ ജില്ലകളില്‍ അവശ്യത്തിലധികം ബാച്ചുകൾ ഉണ്ടാകുമെന്നാണ് കണക്കുകള്‍ നൽകുന്ന സൂചന.
മലബാറിലെ ആറു ജില്ലകളില്‍ നിന്നായി ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടിയത് 2,31000 കുട്ടികളാണ്. ഐടിഐ വിഎച്ച്എസ് സി പോളി തുടങ്ങിയവയില്‍ 25150 സീറ്റുകളാണുള്ളത്. വടക്കന്‍ കേരളത്തില്‍ പതിവുപോലെ പ്ലസ് വണ്‍ പ്രവേശനത്തിന് ഏറ്റവും കൂടുതല്‍ പ്രതിസന്ധി മലപ്പുറത്താണ്. മലപ്പുറത്ത് സര്‍ക്കാര്‍ സ്കൂളുകളില്‍ 30 ശതമാനം സീറ്റു കുട്ടുമെന്ന താല്‍ക്കാലിക പരിഹാരം ഇക്കുറി വിദ്യാഭ്യാസ മന്ത്രി ഒരു മുഴം മുന്നേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുഴുവന്‍ സ്കൂളിലെ ക്ലാസുകളിലും 65 കുട്ടികളെ വീതം കുത്തിനിറച്ചാലും 14000 കുട്ടികള്‍ പടിക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് മലബാര്‍ എഡുക്കേഷന്‍ മുവ്മെന്റ് തയ്യാറാക്കിയ കണക്ക്. കൃത്യമായി പറഞ്ഞാല്‍ 229 ബാച്ചുകളുടെ കുറവുണ്ട്.
ഓരോ ക്ലാസിലും അമ്പത് കുട്ടികളെ പ്രവേശിപ്പിക്കുകയാണെങ്കില്‍ കോഴിക്കോട് 7304 കുട്ടികള്‍ക്ക് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സീറ്റുണ്ടാകില്ല. 146 ബാച്ചുകള്‍ കുറവുണ്ടാകും. പാലക്കാട് 9866 കുട്ടികള്‍ക്ക് സീറ്റുണ്ടാകില്ല. 197 ബാച്ചുകളുടെ കുറവ് വരും. ഇഷ്ടമുള്ള സ്കൂളുകളും കോമ്പിനേഷനും ലഭിക്കാനും മലബാറിലെ കുട്ടികള്‍ ഇത്തവണയും പാടുപെടുമെന്ന് ഉറപ്പാണ്.
അതേ സമയം, ഒരോ ബാച്ചിലും അമ്പത് കുട്ടികളെ പ്രവേശിപ്പിച്ചാല്‍പ്പോലും തെക്കന്‍ ജില്ലകളില്‍ 369 ബാച്ചുകള്‍ അധികമായിട്ടുണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു. പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഒഴിവ് വരുന്ന കൂടുതല്‍ ബാച്ചുകളുണ്ടാകുക.