Saturday, December 21, 2024
Homeഇന്ത്യകേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി.

കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി.

കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാർടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു. സ്കീം ഭരണഘടന വിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമാണ് സുപ്രീംകോടതി ഭരണഘടന ബഞ്ച് ഉത്തരവിട്ടത്. രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നല്കുന്നവർക്ക് രാഷ്ട്രീയ പാർടികളിൽ സ്വാധീനം കൂടും.

ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്.ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമെന്നും കോടതി വ്യക്തമാക്കി. ഇലക്ടറൽ ബോണ്ട്‌ പദ്ധതിയുടെ നിയമസാധുത ചോദ്യംചെയ്‌ത്‌ സിപിഐ എം ആണ് സുപ്രീംകോടതിയെ സമീപിച്ചത്‌.

2016ൽ നോട്ടുനിരോധനത്തിന്‌ തൊട്ടുപിന്നാലെയാണ്‌ നിയമഭേദഗതിവഴി കേന്ദ്രസർക്കാർ ഇലക്ടറൽ ബോണ്ട്‌ കൊണ്ടുവന്നത്‌. 2017ൽ ധനനിയമം, ജനപ്രാതിനിധ്യനിയമം, വിദേശ സംഭാവന നിയന്ത്രണനിയമം, റിസർവ്‌ ബാങ്ക്‌ നിയമം, ആദായനികുതി നിയമം എന്നിവ തിരക്കിട്ട്‌ ഭേദഗതി ചെയ്‌താണ്‌ ഇതിനു കളമൊരുക്കിയത്‌. 1000, 10000, ലക്ഷം, 10 ലക്ഷം, കോടി എന്നീ മൂല്യങ്ങളിലുള്ള ബോണ്ടുകളാണ്‌ ഇറക്കുന്നത്‌. ഇവ ലഭിക്കുന്ന രാഷ്‌ട്രീയ പാർടികൾ 15 ദിവസത്തിനകം ബോണ്ടുകൾ ബാങ്കിൽ സമർപ്പിച്ച്‌ പണമാക്കി മാറ്റണം എന്നായിരുന്നു വ്യവസ്ഥ.

കേരളത്തിൽ തിരുവനന്തപുരം എംജി റോഡ്‌ എസ്‌ബിഐ ശാഖയാണ്‌ ബോണ്ട്‌ വിൽക്കുന്നത്‌. ഈ ബോണ്ടുകൾവഴി ഇതുവരെ ലഭിച്ച സംഭാവനയിൽ 75–80 ശതമാനത്തോളം ബിജെപിക്കാണ്‌. സിപിഐ എം ഇവ സ്വീകരിക്കില്ലെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ആരിൽനിന്നൊക്കെ സംഭാവന ലഭിച്ചെന്ന്‌ രാഷ്‌ട്രീയകക്ഷികൾ വെളിപ്പെടുത്തേണ്ടതില്ലെന്നതാണ്‌ ഇലക്ടറൽ ബോണ്ട്‌ സംവിധാനത്തെ രാഷ്‌ട്രീയ അഴിമതിയുടെ പര്യായമായി വിശേഷിപ്പിക്കാനുള്ള മുഖ്യ കാരണം.

RELATED ARTICLES

Most Popular

Recent Comments