മോസ്‌കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വിമർശകൻ അലക്സി നവാൽനിയുടെ മൃതദേഹം സംസ്കരിച്ചു. വെള്ളിയാഴ്ച ബോറിസോവ്സ്കോയ് സെമിത്തേരിയിലാണ് സംസ്കാരം നടത്തിയത്. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു ചടങ്ങുകൾ. ആയിരക്കണക്കിനു പേർ അന്ത്യാഞ്ജലി അർപ്പിച്ചു. പല പള്ളികളെയും സംസ്കാര ചടങ്ങുകൾക്കായി സമീപിച്ചെങ്കിലും ആരും അനുവാദം നൽകിയില്ലെന്ന് നവാൽനിയെ പിന്തുണയ്ക്കുന്നവർ പറഞ്ഞു.
മറീനോയിലെ ദി ഐക്കൺ ഒഫ് ദി മദർ ഒഫ് ഗോഡ് സൂത്ത് മൈ സോറോസ് ചർച്ചാണ് സംസ്കാരത്തിന് അനുമതി നൽകിയത്. ചടങ്ങുകൾക്കുശേഷം ആയിരക്കണക്കിനു പേർ പള്ളിയിൽനിന്ന് സെമിത്തേരിയിലേക്ക് മാർച്ച് നടത്തി. അമേരിക്കൻ സ്ഥാനപതി ലിൻ ട്രേസി സംസ്കാരചടങ്ങിൽ പങ്കെടുത്തു.
ഫെബ്രുവരി 16ന് ആർട്ടിക് ജയിലിൽവച്ചാണ് നവാൽനി മരിച്ചത്. നടക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവാൽനി കുഴഞ്ഞുവീണ് അബോധാവസ്ഥയിലായെന്നും ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്നുമാണ് ജയിൽ അധികൃതരുടെ വാദം.