കിഴക്കന്‍ ജറുസലേമിലെ അറ്റ്ദൂര്‍ പ്രദേശത്ത് കുട്ടികള്‍ക്ക് നേരെ സ്നൈപ്പര്‍ ആക്രമണം. ഉദയ് അബു ജുമ (21), ഇയാസ് അബു മുഫ്രെ (12) എന്നിവര്‍ക്ക് പരുക്കേറ്റു. ഒരു പിസ്സ പെട്ടിയും അതില്‍ വെടിയുണ്ടയുടെ ദ്വാരവും മാത്രമാണ് ആക്രമണത്തിന്റെ തെളിവായി അവശേഷിച്ചത്. അല്‍-ഹര്‍ദൂബ് സ്ട്രീറ്റില്‍ ആണ് ഈ തെളിവ് അവശേഷിച്ചത്. ജൂണ്‍ 16-ന് ആയിരുന്നു ആക്രമണം.
അര്‍ധരാത്രിക്ക് തൊട്ടുമുമ്പ്, ബന്ധുക്കളായ ഉദയും ഇയാസും കുടുംബാംഗങ്ങളോടൊപ്പം അറ്റ്ദൂരിലെ മുത്തച്ഛന്റെ വീടിന് പുറത്ത് ഒത്തുകൂടിയിരുന്നു. ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞ് മുത്തശ്ശിയുടെ തിരിച്ചുവരവ് ആഘോഷിക്കാനാണ് കുടുംബം ഒത്തുകൂടിയത്. കുടുംബത്തിലെ ഒരു പെണ്‍കുട്ടി പലസ്തീന്‍ ദേശീയ ‘തൗജിഹി’ പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയതും ആഘോഷത്തിന്റെ കാരണമായിരുന്നു.
വീടിന് സമീപത്തെ രണ്ട് പ്രധാന പ്രവേശന കവാടങ്ങളില്‍ ഇസ്രയേല്‍ അധികൃതര്‍ റോഡില്‍ ബ്ലോക്കുകള്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍, ആ രാത്രി അയല്‍പക്കത്ത് എല്ലാം നിശബ്ദമായിരുന്നു. ഇയാസും ഉദയും കാറിനടുത്ത് ഇരുന്ന് പിസ്സ കഴിക്കുകയായിരുന്നു. പെട്ടെന്ന് അവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നേരെ വെടിവയ്പ്പുണ്ടായി. പത്ത് വെടിയുണ്ടകളില്‍ രണ്ടെണ്ണം ഇയാസിനും ഉദയ്ക്കും നേരെ വന്നു. പിസ്സയില്‍ രക്തം ഒഴുകി.
എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ല. പിന്നീട്, അയല്‍ക്കാരുടെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ്, ഏകദേശം 500 മീറ്റര്‍ അകലെ ഒരു മേല്‍ക്കൂരയില്‍ നിലയുറപ്പിച്ചിരുന്ന രണ്ട് ഇസ്രയേലി സ്നൈപ്പര്‍മാര്‍ മുന്നറിയിപ്പില്ലാതെ കുടുംബത്തിന് നേരെ വെടിയുതിര്‍ത്തതെന്ന് ഇവര്‍ക്ക് മനസ്സിലായത്. പരുക്കേറ്റവര്‍ ചികിത്സയിലാണ്.