Logo Below Image
Saturday, July 5, 2025
Logo Below Image
Homeകേരളംകനത്ത മഴയില്‍ വൻനാശനഷ്ടം; 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു; മൂന്ന് ക്യാമ്പുകളിലായി 88 പേർ.

കനത്ത മഴയില്‍ വൻനാശനഷ്ടം; 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു; മൂന്ന് ക്യാമ്പുകളിലായി 88 പേർ.

കോഴിക്കോട്: ദിവസങ്ങളായി തുടരുന്ന കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. ഇന്നലെ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 60 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മരങ്ങള്‍ വീണും മതിലിടിഞ്ഞും വെള്ളം കയറിയും കാറ്റില്‍ മേല്‍ക്കൂര പറന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. ഭാഗികമായി തകര്‍ന്ന വീടുകളിലുള്ളവരെ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി മാറ്റിത്താമസിപ്പിച്ചു.
കോഴിക്കോട് താലൂക്കില്‍ 21, വടകര 24, കൊയിലാണ്ടി 7, താമരശ്ശേരി 8 എന്നിങ്ങനെയാണ് ഭാഗികമായി തകര്‍ന്ന വീടുകളുടെ കണക്ക്. ഇതോടെ കാലവര്‍ഷക്കെടുതിയില്‍ ഒരാഴ്ചക്കിടെ ജില്ലയില്‍ 120ഓളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

മഴയെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നിരവധി പേരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകര താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. കോഴിക്കോട് കസബ വില്ലേജിലെ ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളില്‍ നിന്നായി 12 സ്ത്രീകളും ഏഴ് പുരുഷന്‍മാരും നാല് കുട്ടികളും ഉള്‍പ്പെടെ 23 പേരാണ് കഴിയുന്നത്. കൊമ്മേരി ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ ആരംഭിച്ച ക്യാമ്പില്‍ ഒരു കുടുംബത്തിലെ അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമുണ്ട്.
വടകര താലൂക്കിലെ വിലങ്ങാട് വില്ലേജ് പരിധിയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഉരുള്‍ പൊട്ടലുണ്ടായ മഞ്ഞച്ചീളിയിലെ 18 കുടുംബങ്ങളിലെ 58 പേരെ (22 പുരുഷന്മാര്‍, 20 സ്ത്രീകള്‍, 16 കുട്ടികള്‍) വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലേക്ക് മാറ്റിത്താമസിപ്പിച്ചു.

ആകെ 24 കുടുംബങ്ങളില്‍ നിന്നായി 37 സ്ത്രീകളും 31 പുരുഷന്‍മാരും 20 കുട്ടികളുമുള്‍പ്പെടെ 88 പേരാണ് ജില്ലയിലെ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നത്.
5.8 കോടി രൂപയുടെ കൃഷിനാശം
കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 5.8 കോടി രൂപയുടെ കൃഷിനാശമുണ്ടായതായാണ് പ്രാഥമിക കണക്ക്. തോടന്നൂര്‍ ബ്ലോക്കില്‍ 25.36 ഹെക്ടറും മുക്കം ബ്ലോക്കില്‍ 16.09 ഹെക്ടറും കാക്കൂര്‍ ബ്ലോക്കില്‍ 13.63 ഹെക്ടറും കുന്നുമ്മല്‍ ബ്ലോക്കില്‍ 13.6 ഹെക്ടറും ഉള്‍പ്പെടെ ജില്ലയിലാകെ 108 ഹെക്ടര്‍ കൃഷിയാണ് കനത്ത മഴയെ തുടര്‍ന്ന് നശിച്ചത്. നാലായിരത്തിലേറെ കര്‍ഷകരെ മഴക്കെടുതി കള്‍ ബാധിച്ചതായി കൃഷി വകുപ്പ് അറിയിച്ചു.

കെഎസ്ഇബിക്ക് 1.25 കോടിയുടെ നഷ്ടം
കനത്ത കാറ്റിലും മഴയിലും ജില്ലയില്‍ കെഎസ്ഇബിക്ക് ഉണ്ടായത് 1.25 കോടിയുടെ നഷ്ടം. കോഴിക്കോട് സര്‍ക്കിളിന് കീഴില്‍ വരുന്ന രാമനാട്ടുകര, എലത്തൂര്‍, ബാലുശ്ശേരി, കിനാലൂര്‍, കൂമ്പാറ, മാവൂര്‍ എന്നിവിടങ്ങളിലായി 430 എല്‍ടി പോളുകളും 70 എച്ച്ടി പോളുകളും തകര്‍ന്നു. മരം വീണും മറ്റും 1300 എല്‍ടി കണ്ടക്ടറുകളും 70 എച്ച്ടി കണ്ടക്ടറുകളും തകരാറിലായി. ആകെ 75 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്.

വടകര, നാദാപുരം, കുറ്റ്യാടി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന വടകര സര്‍ക്കിളില്‍ 375 എല്‍ടി പോളുകളും 60 എച്ച്ടി പോളുകളും തകര്‍ന്നു.
വൈദ്യുതി തടസ്സവും അപകടസാധ്യതയും സംബന്ധിച്ച് പരാതികള്‍ അറിയിക്കാന്‍ 9496010692 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാവുന്നതാണെന്ന് കോഴിക്കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. വൈദ്യുതി സംബന്ധമായ അപകടമോ അപകടസാധ്യതയോ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം സെക്ഷന്‍ ഓഫീസുകളിലോ, 9496010101 എന്ന എമര്‍ജന്‍സി നമ്പറിലോ അറിയിക്കണം. പരാതികള്‍ അറിയിക്കാന്‍ 1912 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9496001912 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം
ഇന്ന് കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ