വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച….
രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരുവും ശ്രീ രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമായ സ്വാമി വിവേകാനന്ദൻ. സന്യാസിയാകുന്നതിനു മുൻപ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. അദ്ദേഹത്തിന്റെ പല മഹത് വചനങ്ങളും ഭയമില്ലാതെ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടെയും കാതുകളിൽ അലയടിക്കാറുണ്ട്.
സ്വാമി വിവേകാനന്ദന്റെ ജീവിതവും വചനങ്ങളും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ 1863 ജനുവരി 12ന് മകരസംക്രാന്തി ദിവസം വിശ്വനാഥ് ദത്തയുടെയും ഭുവനേശ്വരിയുടെയും പത്തു സന്താനങ്ങളിൽ ആറാമത്തെ സന്താനമായി ജനിച്ചു. അദ്ദേഹം കുട്ടിക്കാലം മുതൽ ആത്മീയതയിലേക്ക് ചായ്‌വുള്ള വ്യക്തിയായിരുന്നു. വളരെ ചെറുപ്പം മുതലേ ധ്യാനം പരിശീലിച്ച വിവേകാനന്ദൻ ബ്രഹ്മസമാജ പ്രസ്ഥാനത്തിൽ ചേർന്നു. ദേശസ്നേഹികളിൽ ഒരാളായ അദ്ദേഹമാണ് ഇന്ത്യൻ തത്ത്വചിന്തകളും വേദാന്തവും യോഗയും പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തിയത്.
1886-ൽ ശ്രീരാമകൃഷ്ണ പരമഹംസൻ സമാധിയായി ശ്രീരാമകൃഷ്ണന്റെ വിയോഗത്തിൽ അദ്ദേഹം മാനസികമായി തകർന്നെങ്കിലും, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും കാണുന്നതിനായി അദ്ദേഹം ഒരു നീണ്ട യാത്ര നടത്താൻ തീരുമാനിച്ചു. ഒരു യഥാർത്ഥ കർമ്മയോഗിയായ അദ്ദേഹത്തിന് ഈ രാജ്യത്തെ യുവാക്കളിൽ പൂർണ വിശ്വാസമുണ്ടായിരുന്നു. യുവാക്കൾക്ക് അവരുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ആത്മീയ ശക്തിയിലൂടെയും ഇന്ത്യയുടെ ഗതി തന്നെ മാറ്റാൻ കഴിയുമെന്ന് അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു.
എനിക്ക് വേണ്ടത് ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ്, അതിനുള്ളിൽ അതേവസ്തുക്കൾ കൊണ്ടുള്ള മനസ്സും ഉണ്ടാകണം… എന്നായിരുന്നു അദ്ദേഹം യുവാക്കൾക്ക് നൽകിയ സന്ദേശം. ഇത്തരം സന്ദേശങ്ങളിലൂടെ യുവാക്കളിൽ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് പകരാൻ അദ്ദേഹം ശ്രമിച്ചിരുന്നു.
ആത്മവിശ്വാസം പുലർത്താൻ അദ്ദേഹം യുവാക്കളെ എപ്പോഴും പ്രചോദിപ്പിച്ചിരുന്നു. അതിനു പ്രധാന കാരണം ആളുകൾക്ക് തങ്ങളിൽ തന്നെയുള്ള വിശ്വാസം അഥവാ ആത്മവിശ്വാസം ഇല്ലെങ്കിൽ ജീവിതം നൽകുന്ന വെല്ലുവിളികളെ അവർ എപ്പോഴും ഭയപ്പെടുമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
ആത്മീയമായോ ശാരീരികമായോ മാനസികമായോ നമ്മെ തളർത്തുന്ന എന്തും വിഷം പോലെ തള്ളിക്കളയണമെന്നും സ്വാമി വിവേകാനന്ദൻ വ്യക്തമാക്കിയിരുന്നു. യോഗയുടെയും ധ്യാനത്തിന്റെയും സഹായത്തോടെ ദുർബലമായ ചിന്തകളെ ശുഭാപ്തിവിശ്വാസമാക്കി മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.
1893-ൽ ചിക്കാഗോയിലെ പാർലമെന്റ് ഓഫ് റിലീജിയൻസിൽ അദ്ദേഹം നടത്തിയ പ്രസംഗം ലോകപ്രശക്തമാണ്… അതുവരെ ലേഡീസ് ആന്‍ഡ് ജന്‍റ്റില്‍മാന്‍ എന്നുമാത്രം കേട്ടുശീലിച്ച അമേരിക്കാരുടെ മുന്‍പില്‍ ആ കാവി വസ്ത്രധാരി ”അമേരിക്കയിലെ എന്‍റെ സഹോദരീ സഹോദരന്‍മാരേ എന്നുപറഞ്ഞാണ് തന്‍റെ പ്രസംഗം ആരംഭിച്ചത്…” മതങ്ങളുടെ മാതാവായ ഹിന്ദുമതത്തിന്‍റെ നാട്ടില്‍നിന്നാണ് ഞാന്‍ വരുന്നതെന്ന് ” പറഞ്ഞാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത് .
ഭാരതത്തിനെ കുറിച്ചുളള തെറ്റായ ധാരണകള്‍ മാത്രമായിരുന്നു അതുവരെ അമേരിക്കന്‍ ജനതക്ക് ഉണ്ടായിരുന്നത്, എന്നാല്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിന് ശേഷം ഭാരത സംസ്ക്കാരത്തെക്കുറിച്ചുളള യാഥാര്‍ത്ഥ്യങ്ങള്‍ അവരെ അത്ഭുതപ്പെടുത്തി, ഭാരത,ഹൈന്ദവ സംസ്ക്കരങ്ങളെ കുറിച്ച് കൂടുതലറിയാന്‍ അവിടുത്തെ ജനത താല്‍പ്പര്യം കാണിച്ചു തുടങ്ങി.
ഈ പ്രസംഗത്തിനുശേഷം അദ്ദേഹം അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. വേദാന്ത തത്ത്വചിന്തയ്ക്ക് പേരുകേട്ട അദ്ദേഹം ഇന്ത്യയുടെ ആത്മീയ അംബാസഡറായി മാറി. 1892-ൽ ബാംഗളൂർ വഴി ഷൊർണൂരിൽ എത്തി. പിന്നീട് രാമേശ്വരം വഴി കന്യാകുമാരിയിൽ എത്തി. കന്യാകുമാരി കടലിൽ കണ്ട ഒരു വലിയ പാറയിലേക്ക് നീന്തി ചെന്ന അദ്ദേഹം 3 ദിവസം (1892 Dec 25 – 26 – 27) അവിടെ ധ്യാനനിരതനായി ഇരുന്നു. ഒരു നവചൈതന്യവുമായാണ് അദ്ദേഹം തിരിച്ചെത്തിയത്. ഈ പാറയാണ് പിന്നീട് വിവേകാനന്ദപ്പാറ ആയി മാറിയത്. ഇവിടെ സ്വാമി വിവേകാനന്ദന്‍റെ സ്മരണാര്‍ത്ഥം വിവേകാനന്ദ സ്മൃതി മണ്ഡപം നിര്‍മ്മിച്ചു.
ഇന്ന് തമിഴ്നാട് സര്‍ക്കാരിന്‍റെ പ്രധാന ടൂറിസമേഖലയണ് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകം. 1985ൽ ഭാരതം സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി (National Youth Day) പ്രഖ്യാപിച്ചു. 1985 മുതൽ ഈ ദിനം ഇന്ത്യയൊട്ടാകെ ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. 1902 ജൂലൈ 4 ന് അന്തരിച്ചു.