ന്യൂഡൽഹി: മതം നോക്കി പൗരത്വം നിർണയിക്കുന്ന പൗരത്വ ഭേദഗതി നിയമ (സിഎഎ) ചട്ടങ്ങളോട് കോൺഗ്രസിന് തണുപ്പൻ പ്രതികരണം. അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയോ മുതിർന്ന നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയോ ഇതുവരെയായി വിഷയത്തില്‍ പ്രതികരിച്ചില്ല. സിഎഎ നടപ്പാക്കില്ലെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും രേവന്ത് റെഡ്ഡിയും സുഖ്‌വീന്ദർ സിങ് സുഖുവും മൗനത്തില്‍.
മാധ്യമവിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ജയ്‌റാം രമേശിന്റെ പ്രതികരണം മാത്രമാണ് വന്നത്. സിഎഎയോട് ആത്മാർഥതയുണ്ടെങ്കിൽ 2020ൽതന്നെ ചട്ടങ്ങൾ നടപ്പാക്കണമായിരുന്നുവെന്നും ചട്ടങ്ങൾക്ക് ഇപ്പോൾ രൂപം നൽകിയത് ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നുമാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയുടെ ചോദ്യത്തോട് പ്രതികരിച്ചത്.
ഖാർഗെ ചൊവ്വാഴ്‌ച പ്രത്യേക വാർത്താസമ്മേളനം വിളിച്ചെങ്കിലും സിഎഎ ചട്ടങ്ങളെക്കുറിച്ച് പ്രതികരിച്ചില്ല. ഭാരത് ജോഡോ ന്യായ് യാത്രയിലുള്ള രാഹുൽ സമൂഹമാധ്യമത്തിൽ പോലും പ്രതികരണത്തിന് തയ്യാറായില്ല. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും മൗനത്തിലാണ്.
സിഎഎ ചട്ടങ്ങൾക്കെതിരായി കേരള സർക്കാരും വിവിധ രാഷ്ട്രീയപാർടികളും ബഹുജന സംഘടനകളും സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോൾ കോൺഗ്രസ് മാത്രം മാറിനിൽക്കുകയാണ്. സിഎഎ നിയമം മോദി സർക്കാർ കൊണ്ടുവന്ന ഘട്ടത്തിലും കോടതിയെ സമീപിക്കാൻ കോൺഗ്രസ് കൂട്ടാക്കിയിരുന്നില്ല.
രാജ്യത്തെ മുസ്ലിം ജനവിഭാഗത്തെ പ്രത്യേകമായി ലക്ഷ്യംവച്ചുള്ള സിഎഎ ചട്ടങ്ങളെ തുറന്ന് എതിര്‍ക്കേട്ട ഘട്ടത്തിലാണ് തണുപ്പന്‍നീക്കം.